വിരൽത്തുമ്പിലെ സാങ്കേതിക മുന്നേറ്റങ്ങൾ മാനവരാശിയുടെ പുതിയൊരു സുവർണ്ണകാലത്തെയാണ് അടയാളപ്പെടുത്തുന്നത്. എന്നാൽ, ഈ വൻ കുതിച്ചുചാട്ടത്തിന് പിന്നിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ശൃംഖലകളും ഡേറ്റാ സെന്ററുകളും സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം വളരെ വലുതാണ്. ഡിജിറ്റൽ ലോകത്തെ ചലിപ്പിക്കാൻ ഡാറ്റാ സെന്ററുകൾ അനിവാര്യമാണെങ്കിലും, അവ ഭൂമിയിലെ പ്രകൃതിവിഭവങ്ങൾക്ക് കടുത്ത ഭീഷണിയുയർത്തുന്നു. നിർമിതബുദ്ധി നൽകുന്ന തെറ്റായ വിവരങ്ങളെക്കുറിച്ചും പകർപ്പവകാശ ലംഘനങ്ങളെക്കുറിച്ചും ചർച്ചകൾ നടക്കാറുണ്ടെങ്കിലും, സാങ്കേതിക മുന്നേറ്റം വരുത്തിവെക്കുന്ന പാരിസ്ഥിതികാഘാതങ്ങൾ ഗൗരവമായി ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയത് ഏറെ വൈകിയാണ്.
വൻകിട സ്ഥാപനങ്ങളും കമ്പനികളും തങ്ങളുടെ വിലപ്പെട്ട വിവരങ്ങൾ സൂക്ഷിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുമായി ഉയർന്ന ശേഷിയുള്ള സെർവറുകളും നെറ്റ്‌വർക്കിംഗ് ഉപകരണങ്ങളും കേന്ദ്രീകൃതമായി ക്രമീകരിച്ചിരിക്കുന്ന സംവിധാനത്തെയാണ് 'ഡാറ്റാ സെന്റർ' എന്ന് വിളിക്കുന്നത്. നിലവിൽ ലോകത്താകമാനം എഴുപത് ലക്ഷത്തിലേറെ ഡാറ്റാ സെന്ററുകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
ജനറേറ്റീവ് എ.ഐ യുടെയും സോഷ്യൽ മീഡിയയുടെയും വരവോടെ ഉത്പാദിപ്പിക്കപ്പെടുന്ന ഡാറ്റയുടെ അളവ് കുതിച്ചുയർന്നു. ഇതോടെ ആഗോള സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി ഡാറ്റാ സെന്ററുകൾ മാറി. 1990-കളിൽ ചെറിയ മുറികളിൽ തുടങ്ങിയ ഇവ ഇന്ന് നൂറുകണക്കിന് ഏക്കറുകളിൽ വ്യാപിച്ചുകിടക്കുന്ന കൂറ്റൻ സമുച്ചയങ്ങളായി വളർന്നു. ലോകത്തെ ആകെ ഡാറ്റാ സെന്ററുകളിൽ വലിയൊരു പങ്കും അമേരിക്കയിലാണ്; പ്രത്യേകിച്ച് വിർജീനിയ 'ഡാറ്റാ സെന്ററുകളുടെ ആഗോള തലസ്ഥാനം' എന്നാണ് അറിയപ്പെടുന്നത്.
ഡാറ്റാ സെന്ററുകൾ പ്രകൃതിക്ക് ഏറ്റവും വലിയ ഭീഷണിയാകുന്നത് ഉയർന്ന ഊർജ്ജ ഉപഭോഗത്തിലൂടെയാണ്. സാധാരണ കമ്പ്യൂട്ടിംഗിനെ അപേക്ഷിച്ച് സങ്കീർണ്ണമായ എ. ഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഭീമമായ തോതിൽ വൈദ്യുതി ആവശ്യമാണ്. ഒരു സാധാരണ ഗൂഗിൾ സെർച്ചിന് ആവശ്യമായതിനേക്കാൾ പത്തിരട്ടിയോളം വൈദ്യുതിയാണ് ഒരു ജനറേറ്റീവ് എ. ഐ പ്രോംപ്റ്റിന് മറുപടി നൽകാൻ വേണ്ടിവരുന്നത്.
അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ കണക്കനുസരിച്ച്, 2030-ഓടെ ആഗോളതലത്തിൽ ഡാറ്റാ സെന്ററുകളുടെ ആകെ ഊർജ്ജ ഉപഭോഗം 900 ടെറാവാട്ട് അവറിന് (TWh) മുകളിലേക്ക് ഉയർന്നേക്കാം. പല വികസിത രാജ്യങ്ങളിലെയും ആകെ വാർഷിക വൈദ്യുതി ഉപഭോഗത്തിന് തുല്യമാണിത്. തടസ്സമില്ലാത്ത പ്രവർത്തനത്തിനായി ഡീസൽ ജനറേറ്ററുകളെ ആശ്രയിക്കുന്നതും, കൽക്കരിയും പ്രകൃതിവാതകവും ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയെ വലിയ തോതിൽ ആശ്രയിക്കുന്നതും ആഗോള കാർബൺ ഉദ്‌വമനം കുത്തനെ വർദ്ധിപ്പിക്കുന്നു.
സെർവറുകൾ തുടർച്ചയായി പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന കടുത്ത ചൂട് കുറയ്ക്കാനും തണുപ്പിച്ചു നിർത്താനും വൻതോതിൽ ശുദ്ധജലം ആവശ്യമാണ്. വൻകിട ഡാറ്റാ സെന്ററുകളിൽ കൂളിംഗ് ടവറുകൾ വഴിയുള്ള പ്രവർത്തനങ്ങൾക്ക് ദിവസേന ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളം ബാഷ്പീകരിക്കപ്പെട്ടു പോകുന്നു. ലളിതമായ ഓരോ ഡിജിറ്റൽ ഇടപാടുകൾക്കും AI തിരച്ചിലുകൾക്കും പിന്നിൽ ഗണ്യമായ അളവിൽ ശുദ്ധജലം പരോക്ഷമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഡാറ്റാ സെന്ററുകൾ കേന്ദ്രീകരിച്ചിരിക്കുന്ന പല പ്രദേശങ്ങളിലും ഭൂഗർഭജലനിരപ്പ് താഴുന്നതും പ്രാദേശികമായി കുടിവെള്ള ലഭ്യത കുറയുന്നതും വരുംവർഷങ്ങളിൽ രൂക്ഷമായ ജലപ്രതിസന്ധിക്ക് വഴിവെച്ചേക്കാം.
വൈദ്യുതി തടസ്സം ഒഴിവാക്കാൻ ഉപയോഗിക്കുന്ന ഭീമൻ ലിഥിയം-അയേൺ ബാറ്ററികളും മറ്റ് യു.പി.എസ് ഉപകരണങ്ങളും വലിയ തോതിലുള്ള ഇ-മാലിന്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഡാറ്റാ സെന്റർ നിർമ്മാണത്തിനും അവയിലെ ഹാർഡ്‌വെയറുകൾക്കുമായി ടൺ കണക്കിന് ചെമ്പും അപൂർവ്വ ലോഹങ്ങളുമാണ് ഉപയോഗിക്കുന്നത്. ഏതാനും വർഷങ്ങൾ കൂടുമ്പോൾ ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കേണ്ടി വരുന്നത് ഇലക്ട്രോണിക് മാലിന്യങ്ങളുടെ അളവ് വീണ്ടും വർദ്ധിപ്പിക്കുന്നു.
ഇന്ത്യയിലും ഡാറ്റാ സെന്ററുകളുടെ വളർച്ച അതിവേഗത്തിലാണ്. 2020-ൽ 500 മെഗാവാട്ടിന് അടുത്തായിരുന്ന ഇന്ത്യൻ ഡാറ്റാ സെന്റർ ശേഷി, ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഗിഗാവാട്ട് തലത്തിലേക്ക് കുതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, നോയിഡ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഇവയിൽ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ ഇന്ത്യയുടെ മുന്നേറ്റത്തിനൊപ്പം ഈ ഡാറ്റാ സെന്ററുകൾക്കാവശ്യമായ ഊർജ്ജവും ജലവും കണ്ടെത്തുക എന്നത് രാജ്യത്തെ നഗരങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയായി മാറും.
പാരിസ്ഥിതിക നാശത്തിന്റെ തോത് കുറയ്ക്കാൻ ഡാറ്റാ സെന്ററുകളെ 'ഹരിത ഡാറ്റാ സെന്ററുകൾ' (Green Data Centers) ആക്കി മാറ്റേണ്ടത് അനിവാര്യമാണ്.
പുനരുപയോഗ ഊർജ്ജം: സോളാർ, കാറ്റ്, ജലവൈദ്യുതി തുടങ്ങിയ ഹരിതോർജ്ജ സ്രോതസ്സുകളിലേക്ക് ഡാറ്റാ സെന്ററുകളുടെ പ്രവർത്തനം പൂർണ്ണമായി മാറ്റുക.
ലിക്വിഡ് കൂളിംഗ് വിദ്യ: പരമ്പരാഗത എയർ കണ്ടീഷനിംഗിന് പകരം നേരിട്ടുള്ള ലിക്വിഡ് കൂളിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് വഴി ജലത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം വലിയ തോതിൽ കുറയ്ക്കാം.
കാര്യക്ഷമമായ രൂപകൽപ്പന: അമിത ഊർജ്ജം ആവശ്യമില്ലാത്ത, കുറഞ്ഞ റിസോഴ്സുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചെറുകിട ഭാഷാ മോഡലുകൾ വികസിപ്പിക്കുക.
കർശനമായ നിയമങ്ങൾ: ഊർജ്ജക്ഷമത ഉറപ്പാക്കുന്ന മാനദണ്ഡങ്ങളും കൃത്യമായ ഇ-മാലിന്യ സംസ്കരണ നയങ്ങളും സർക്കാർ തലത്തിൽ നിർബന്ധമാക്കുക.
സ്വീഡനിലെ ഫാലുനിൽ നിർമിച്ച പരിസ്ഥിതിസൗഹൃദ ഡാറ്റാ സെന്ററുകൾ പോലുള്ള മാതൃകകൾ ലോകം പിന്തുടരേണ്ടതുണ്ട്. ബദൽ ഊർജ്ജ മാർഗ്ഗങ്ങളിലേക്കും സുസ്ഥിര രൂപകൽപ്പനകളിലേക്കും സാങ്കേതിക ലോകം ചുവടുമാറ്റിയാൽ മാത്രമേ ഡിജിറ്റൽ വിപ്ലവത്തിന്റെ നേട്ടങ്ങൾ പ്രകൃതിയെ നശിപ്പിക്കാതെ വരുംതലമുറയ്ക്കായി നിലനിർത്താൻ സാധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.