2018ലെ പ്രളയകാല കേരളം

നേരം അർധ​രാത്രി; മലമുകളിൽ ശക്തമായ മഴ തിമിർത്തുപെയ്യുന്നു. അണക്കെട്ടിലെ ജലനിരപ്പ് അപകടകരമായ വേഗത്തിൽ ഉയരുകയാണ്. ഷട്ടറുകൾ എപ്പോൾ തുറക്കണം,, എത്ര ഉയർത്തണം, എന്ന നിർണായക തീരുമാനം ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഡാമിലെ ഉദ്യോഗസ്ഥന് എടുത്തേ മതിയാകൂ. ​അദ്ദേഹത്തിന്റെ കൺമുന്നിലെ കമ്പ്യൂട്ടർ സ്ക്രീനിൽ നിലവിലെ ജലനിരപ്പിന്റെ കണക്കുണ്ട്. ​പക്ഷേ, ആ ഒരു വിവരം കൊണ്ടുമാത്രം തീരുമാനമെടുക്കാൻ കഴിയുമോ? ​അണക്കെട്ടിലേക്ക് വെള്ളമൊഴുകിയെത്തുന്ന വൃഷ്ടിപ്രദേശത്താകെ ഇപ്പോൾ എത്ര മഴ പെയ്യുന്നുണ്ട്? അടുത്ത ഒന്നോ രണ്ടോ ദിവസങ്ങളിൽ എത്ര വെള്ളം ഇനിയും ഒഴുകിയെത്തും? സമീപത്തെയോ മുകളിലെയോ മറ്റ് അണക്കെട്ടുകളിൽ നിന്ന് ഇതിനകം വെള്ളം തുറന്നുവിട്ടിട്ടുണ്ടോ? രണ്ടിടത്തുനിന്നുമുള്ള വെള്ളം താഴെ നദിയിലെ ഒരേ ഭാഗത്ത് ഒരേസമയമെത്തി കരകവിയുമോ?

, താഴെയുള്ള നദിക്ക് ഈ വെള്ളമെല്ലാം ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടോ? ഈ വെള്ളമെല്ലാം അവിടെയെത്തുമ്പോൾ കടൽ ശാന്തമായിരിക്കുമോ, അതോ വേലിയേറ്റം കാരണം വെള്ളം തിരിച്ചടിക്കുമോ? ​ഈ ചോദ്യങ്ങൾക്കുള്ള വിവരങ്ങൾ കേരളത്തിൽ ഇല്ല എന്നതല്ല പ്രശ്നം. ​ആ വിവരങ്ങളെല്ലാം പല തട്ടുകളിലായി, പല വകുപ്പുകളിലായി ചിതറിക്കിടക്കുന്നു എന്നതാണ്. ​2018-ലെ മഹാപ്രളയ ശേഷം കേരളത്തിന്റെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ നൂറിലധികം സ്വയംനിയന്ത്രിത കാലാവസ്ഥാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഉപഗ്രഹ വിവരങ്ങളും ഒഴുക്കിന്റെ കണക്കുകളും വിശകലനം ചെയ്ത് അണക്കെട്ടുകളിലെ സ്ഥിതി തത്സമയം നിരീക്ഷിക്കാൻ സി.ഡബ്ല്യു.ആർ.ഡി.എമ്മിന്റെ പ്രത്യേക സംവിധാനങ്ങളുമുണ്ട്.

​വൈദ്യുതി ബോർഡിനും ജലവിഭവ വകുപ്പിനും അണക്കെട്ടിലെ സംഭരണശേഷിയെക്കുറിച്ചും തുറന്നുവിടുന്ന വെള്ളത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. കാലാവസ്ഥാ വകുപ്പ് മഴ പ്രവചിക്കുന്നു; സമുദ്ര നിരീക്ഷണ കേന്ദ്രം കടലിലെ തിരമാലകളുടെയും വേലിയേറ്റ-വേലിയിറക്കങ്ങളുടെയും വിവരങ്ങൾ നൽകുന്നു. ​അതുകൊണ്ട് വിവരങ്ങൾ ഇല്ല എന്നതല്ല, മലമുതൽ കടൽവരെയുള്ള ഈ വിവരങ്ങളെ ഒരൊറ്റ തീരുമാനത്തിന്റെ വിവിധ കണ്ണികളായി കോർത്തെടുക്കാൻ നമുക്ക് കഴിയുന്നുണ്ടോ എന്നതാണ് ചോദ്യം.

പ്രളയം പഠിപ്പിച്ച പാഠം

​2018 ആഗസ്റ്റിലെ പ്രളയത്തെക്കുറിച്ച് കേന്ദ്ര ജല കമീഷൻ നടത്തിയ പഠനം ഇവിടെ ഓർക്കുന്നത് നന്നായിരിക്കും. ​പമ്പ, മണിമല, അച്ചൻകോവിൽ, മീനച്ചിൽ നദീതടങ്ങളിൽ ആ ദിവസങ്ങളിൽ പെയ്തിറങ്ങിയത് ഏകദേശം 1.63 ബില്യൺ ക്യുബിക് മീറ്റർ വെള്ളമായിരുന്നു. എന്നാൽ ഇതിൽ ഭൂരിഭാഗവും ചെന്നെത്തേണ്ട വേമ്പനാട്ട് കായലിന് ഉൾക്കൊള്ളാൻ കഴിഞ്ഞത് 0.6 ബില്യൺ ക്യുബിക് മീറ്റർ വെള്ളം മാത്രമാണ്. അന്ന് തോട്ടപ്പള്ളി സ്പിൽവേയിലൂടെ പുറന്തള്ളാൻ കഴിഞ്ഞതാകട്ടെ സെക്കൻഡിൽ വെറും 630 ഘനമീറ്റർ വെള്ളവും. ബാക്കി വന്ന ഒഴുക്കാണ് കുട്ടനാട്ടിലും സമീപപ്രദേശങ്ങളിലും വലിയ വെള്ളപ്പൊക്കമുണ്ടാക്കിയത്.

​തോട്ടപ്പള്ളി സ്പിൽവേ രൂപകൽപ്പന ചെയ്തിരുന്നത് സെക്കൻഡിൽ ഏകദേശം 1,800 ഘനമീറ്റർ വെള്ളം ഒഴുക്കാനായിരുന്നുവെങ്കിലും, അടിഞ്ഞുകൂടിയ മണ്ണും പോളയുമെല്ലാം അതിന്റെ ഒഴുക്കുശേഷി ഗണ്യമായി കുറച്ചു. ​ഇവിടെയാണ് നാം വലിയൊരു പാഠം പഠിക്കേണ്ടത്. ​അണക്കെട്ടിൽ നിന്ന് വെള്ളം കൃത്യമായി പുറത്തുവിട്ടതുകൊണ്ടുമാത്രം നാട് സുരക്ഷിതമാകണമെന്നില്ല. ആ വെള്ളത്തിന് നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടി, നദികളും കായലുകളും കടന്ന് സുരക്ഷിതമായി കടലിലെത്താൻ കഴിയണം. ​വെള്ളത്തിന് വകുപ്പുകളുടെ അതിരുകൾ അറിയില്ലല്ലോ. 

മഴത്തുള്ളിയുടെ ഡിജിറ്റൽ യാത്ര

​ഇവിടെയാണ് സാങ്കേതികവിദ്യയുടെ യഥാർഥ സാധ്യത തെളിയുന്നത്. ​ഇതിനായി പുതിയൊരു കൂറ്റൻ ഡാറ്റാബേസ് ഉണ്ടാക്കുകയോ നിലവിലെ രീതികൾ അടിമുടി മാറ്റുകയോ വേണ്ടതില്ല. മറിച്ച്, പല വകുപ്പുകളിലായി ഉള്ള വിവരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പൊതു ശൃംഖല ഉണ്ടാക്കുകയാണ് വേണ്ടത്. ​ഒരു മഴമാപിനി സ്ഥിതി ചെയ്യുന്നത് ഏത് വൃഷ്ടിപ്രദേശത്താണ്? ​ആ വെള്ളം ഏത് അണക്കെട്ടിലേക്കാണ് ചെന്നെത്തുന്നത്? ​അവിടെനിന്ന് തുറന്നുവിട്ടാൽ അത് നദിയുടെ ഏത് ഭാഗത്തേക്കാണ് ഒഴുകുന്നത്?  ​ആ യാത്രയിൽ മറ്റ് ഏതൊക്കെ കൈവഴികളിൽ നിന്നുള്ള വെള്ളം ഇതിനൊപ്പം ചേരും? ​ഏതൊക്കെ നാടുകളിലൂടെ കടന്നുപോയി, എത്ര മണിക്കൂർ കൊണ്ട് കുട്ടനാട്ടിലോ കടലിലോ എത്തും? ​ആ സമയം അവിടെയുള്ള കടലിന്റെയും കായലിന്റെയും ഒഴുക്കുശേഷി എന്തായിരിക്കും? ​ഈ ചോദ്യങ്ങളെല്ലാം കമ്പ്യൂട്ടറുകൾക്ക് എളുപ്പത്തിൽ വായിച്ചെടുക്കാവുന്ന രീതിയിൽ പരസ്പരം ബന്ധിപ്പിച്ചാൽ, പലയിടത്തായി ഉറങ്ങിക്കിടക്കുന്ന വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് തീരുമാനമെടുക്കാൻ സഹായിക്കുന്ന ഒരു ലൈവ് നെറ്റ്‌വർക്കായി മാറും.

​ഇവിടെ ഒരു കാര്യം പ്രത്യേകം ഓർക്കണം. നിർമിത ബുദ്ധി സങ്കേതങ്ങൾ ആദ്യം വരേണ്ട ഒന്നല്ല; കൃത്യമായ ഡാറ്റ, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ജലശാസ്ത്ര മാതൃകകൾ, വിവരങ്ങളുടെ വിശ്വാസ്യത, ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധന-ഇവയെല്ലാം ഉറപ്പുവരുത്തിയ ശേഷം മാത്രമേ നിർണായക ഘട്ടത്തിൽ എ.ഐയുടെ സഹായം തേടാവൂ. അടിസ്ഥാന വിവരങ്ങൾ കൃത്യമല്ലെങ്കിൽ തെറ്റായ തീരുമാനങ്ങൾ വേഗത്തിൽ എടുക്കാൻ മാത്രമേ എ.ഐ സഹായിക്കൂ.

​തീരുമാനമെടുക്കുന്നവർക്കും വേണം സുരക്ഷ

​മഹാദുരന്തങ്ങളുടെ നടുവിൽ നിന്ന് തീരുമാനമെടുക്കുന്ന ഒരു ഉദ്യോഗസ്ഥനെ "അന്ന് എന്തിനാണ് ഷട്ടർ തുറന്നത്?”, “എന്തുകൊണ്ട് കുറച്ചുകൂടി നേരത്തെ തുറന്നില്ല?” എന്നിങ്ങനെ കോടതിയിലോ മാധ്യമങ്ങളിലോ പൊതുവേദിയിലോ വിചാരണ ചെയ്യാൻ എളുപ്പമാണ്. ​പക്ഷേ, ആ പാതിരാത്രിയിൽ അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്ന വിവരങ്ങൾ എന്തൊക്കെയായിരുന്നു? ​ഏത് പ്രവചനത്തെ വിശ്വസിച്ചാണ് അദ്ദേഹം ആ തീരുമാനമെടുത്തത്? ഏത് മാപിനിയാണ് അപ്പോൾ തകരാറിലായിരുന്നത്?

​ഒരു സംയോജിത സംവിധാനമുണ്ടായാൽ, ആ നിമിഷത്തിൽ ലഭ്യമായ വിവരങ്ങളും അതിന്റെ അടിസ്ഥാനത്തിൽ കൈക്കൊണ്ട തീരുമാനങ്ങളും കൃത്യമായി സമയക്രമത്തിൽ സ്വയം രേഖപ്പെടുത്തപ്പെടും. ഇത് ഉത്തരവാദിത്തം കൂട്ടുക മാത്രമല്ല, ലഭ്യമായ ഏറ്റവും മികച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആത്മാർഥമായി തീരുമാനമെടുത്ത ഉദ്യോഗസ്ഥന് നിയമപരമായ വലിയൊരു സംരക്ഷണം കൂടിയാകും. ​ഡാമിന്റെ ഷട്ടർ തുറക്കാനുള്ള അധികാരം കമ്പ്യൂട്ടറുകൾക്കോ റോബോട്ടുകൾക്കോ വിട്ടുകൊടുക്കുക എന്നതല്ല ഇതിന്റെ അർത്ഥം. അവസാന തീരുമാനം മനുഷ്യന്റേത് തന്നെയായിരിക്കണം. സാങ്കേതികവിദ്യ മനുഷ്യന് കൂട്ടായി നിന്നാൽ മതി.

പമ്പയിൽ നിന്ന് തുടങ്ങാം

​ഇതൊരു വലിയ പദ്ധതിയായി ഒറ്റയടിക്ക് സംസ്ഥാനമാകെ നടപ്പാക്കേണ്ടതില്ല. പമ്പാ നദീതടത്തെ ഒരു പരീക്ഷണ മാതൃകയായി എടുക്കാം. ​മലമുകളിലെ മഴയും കാടും അണക്കെട്ടുകളും മുതൽ താഴെ കുട്ടനാടും തോട്ടപ്പള്ളിയും അറബിക്കടലും വരെയുള്ള, പ്രളയനിവാരണത്തിന് ആവശ്യമായ എല്ലാ സാഹചര്യങ്ങളും പമ്പയിലുണ്ട്. ​ദുരന്തനിവാരണ അതോറിറ്റി, കെ.എസ്.ഇ.ബി, ജലവിഭവ വകുപ്പ്, സി.ഡബ്ല്യു.ആർ.ഡി.എം എന്നിവയിലെ വിദഗ്ദ്ധരെയും സാങ്കേതിക സ്ഥാപനങ്ങളെയും ഒന്നിപ്പിച്ചു നിർത്തി ഈ പരീക്ഷണം തുടങ്ങാം. ​പരീക്ഷണത്തിന്റെ ലക്ഷ്യം ലളിതമായിരിക്കണം:

“ഇപ്പോൾ കക്കിയിൽ നിന്നോ ആനത്തോടിൽ നിന്നോ ഇത്ര വെള്ളം വിട്ടാൽ, അത് എവിടെയെല്ലാം എത്ര സമയം കൊണ്ട് എത്തും? വഴിയിൽ അതിനോട് എത്ര വെള്ളം കൂടി ചേരും? കുട്ടനാട്ടിൽ അത് എത്തുമ്പോഴത്തെ അവസ്ഥ എന്തായിരിക്കും?” ​ഈ ചോദ്യത്തിന് വിശ്വസനീയമായ ഉത്തരം നൽകാൻ ആ സംവിധാനത്തിന് കഴിയുന്നുണ്ടെങ്കിൽ, അടുത്ത നദീതടങ്ങളിലേക്ക് ഈ മാതൃക വ്യാപിപ്പിക്കാം. ​കേരളത്തിൽ മികച്ച ശാസ്ത്രജ്ഞരുണ്ട്, സാങ്കേതികവിദ്യയുണ്ട്, ഉപഗ്രഹ വിവരങ്ങളുണ്ട്, അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥരുമുണ്ട്. അതിനാൽ, പുതിയ വിവരങ്ങൾ എങ്ങനെ കൂട്ടിവെക്കാം എന്നതല്ല ഇനി നമ്മുടെ ചിന്ത. കൈവശമുള്ള വിവരങ്ങളെ പരസ്പരം സംസാരിക്കാൻ എങ്ങനെ പഠിപ്പിക്കാം എന്നതാണ്. ​കാലാവസ്ഥാ വ്യതിയാനം ദിനംപ്രതി രൂക്ഷമാകുന്ന ഈ കാലത്ത്, ഒരു വലിയ ദുരന്തവും നാടിനെ രക്ഷിക്കുന്ന നല്ലൊരു തീരുമാനവും തമ്മിലുള്ള വ്യത്യാസം ഒരുപക്ഷേ ആ ചിന്തയിലായിരിക്കും.

Tags:    
News Summary - From Raindrop to Sea: Is Our Data Connected?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.