വെനിസ്വേലൻ പ്രസിഡന്റ് നികളസ് മദൂറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയതിനെക്കുറിച്ചുള്ള വിവരണങ്ങളില്‍ മിക്ക വിശകലന വിദഗ്ധർക്കും വിട്ടുപോയ ഒരു കാര്യമുണ്ട്. ഔദ്യോഗികമായി നാർക്കോ-ടെററിസം (മയക്കുമരുന്ന് ഭീകരവാദം) എന്ന കുറ്റപത്രം മദൂറോക്കെതിരെ നിലവിലുണ്ടെങ്കിലും, ഈ നാടകത്തിൽ അമേരിക്കയുടെ യഥാ൪ഥ ലക്ഷ്യം ചൈനയായിരുന്നു!
ഒരുകാര്യം ഉറപ്പാണ്: വെനിസ്വേലയിൽ നമ്മൾ കണ്ടത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. അത് വരാനിരിക്കുന്ന വലിയൊരു കാര്യത്തിന്റെ തുടക്കം മാത്രമാണ്. ഇത് അനുയായികളെ തൃപ്തിപ്പെടുത്താനുള്ള ട്രംപിന്റെ നമ്പർ മാത്രമാണെന്ന് കരുതുന്നവർക്ക് തെറ്റി. ഇത് ശീതയുദ്ധത്തിന് ശേഷമുള്ള അമേരിക്കയുടെ ഏറ്റവും നിർണായകമായ വിദേശനയം മാറ്റമാണ്. ഇറാഖിലും അഫ്ഗാനിസ്താനിലും ഇപ്പോൾ യുക്രെയ്നിലും അമേരിക്ക തങ്ങളുടെ സമ്പത്തും വിശ്വാസ്യതയും നഷ്ടപ്പെടുത്തിക്കൊണ്ടിരുന്നപ്പോൾ, സ്വന്തം വീട്ടുമുറ്റത്ത് (ലാറ്റിൻ അമേരിക്കയിൽ) അഗാധമായ ചില മാറ്റങ്ങൾ സംഭവിച്ചു. ചൈന ലാറ്റിൻ അമേരിക്കയെ ആക്രമിച്ചില്ല. പകരം, വിലക്കു വാങ്ങി!
2000ത്തിൽ ലാറ്റിൻ അമേരിക്കയുമായുള്ള ചൈനയുടെ വ്യാപാരം തുച്ഛമായിരുന്നു, ഏകദേശം 12 ബില്യൺ ഡോളർ. 2024 ആയപ്പോഴേക്കും അത് 518 ബില്യൺ ഡോളറിലെത്തി. 24 വർഷത്തിനുള്ളിൽ 40 മടങ്ങ് വർധന! ഇന്ന് ബ്രസീൽ, ചിലി, പെറു, ഉറുഗ്വേ, അർജന്റീന എന്നിവരുടെ പ്രധാന വ്യാപാര പങ്കാളി ചൈനയാണ്.
2024 നവംബറിൽ ചൈന പെറുവിൽ ചാൻകെ (Chancay) തുറമുഖം ഉദ്ഘാടനം ചെയ്തു. ഇതൊരു ചെറിയ പദ്ധതിയല്ല. 3.5 ബില്യൺ ഡോളർ ചെലവഴിച്ച, ചൈനീസ് സർക്കാർ കമ്പനിയായ COSCOക്ക് ഭൂരിപക്ഷം ഓഹരിയുള്ള ഒരു വമ്പൻ ആഴക്കടൽ തുറമുഖമാണിത്. പാനമ കനാലിന് താങ്ങാൻ കഴിയാത്തത്ര വലിയ കപ്പലുകളെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള അത്യാധുനിക ക്രെയിനുകൾ ഇവിടെയുണ്ട്. ചാൻകെ തുറമുഖം ഷാങ്ഹായിൽനിന്ന് ദക്ഷിണ അമേരിക്കയിലേക്ക് നേരിട്ടുള്ള ഒരു കടൽപാത ഒരുക്കുന്നു, ഇത് വടക്കേ അമേരിക്കൻ തുറമുഖങ്ങളെ പൂർണമായും ഒഴിവാക്കുന്നു. ചൈനയില്‍നിന്ന് സൗത്ത് അമേരിക്കയിലേക്ക് കടല്‍ വഴിയുള്ള ചരക്കുനീക്ക ചെലവ് 20 ശതമാനം കുറഞ്ഞു. പെറുവിലെ ചൈനീസ് അംബാസഡർ ഇതിനെ ‘ദക്ഷിണ അമേരിക്കയുടെ ഷാങ്ഹായ്’ എന്നാണ് വിശേഷിപ്പിച്ചത്.
മറ്റൊരു പ്രധാന കാര്യം: ചാൻകെയെ അറ്റ്ലാന്റിക് തീരവുമായി ബന്ധിപ്പിക്കുന്ന റെയിൽവേ പാതയെക്കുറിച്ച് ചൈനയും ബ്രസീലും ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് യാഥാ൪ഥ്യമായാല്‍ പാനമ കനാലിന് ഒരു ബദലാകും. ദക്ഷിണ അമേരിക്കക്ക് കുറുകെ ചൈനയുടെ നിയന്ത്രണത്തിലുള്ള ഒരു ഭൂഖണ്ഡാന്തര പാത.
ബ്രസീലിന്റെ ഊർജ മേഖലയിൽ ചൈനയുടെ സ്റ്റേറ്റ് ഗ്രിഡ് കോർപറേഷൻ 12.5 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2,000 കിലോമീറ്ററിലധികം നീളമുള്ള വൈദ്യുതി ലൈനുകൾ നിർമിച്ചുകഴിഞ്ഞു. ഇതുവഴി സാവോ പോളോയിലേക്കും റിയോ ഡി ജനീറോയിലേക്കും വൈദ്യുതി എത്തിക്കുന്ന ഗ്രിഡിന്റെ നിർണായക ഭാഗങ്ങൾ നിയന്ത്രിക്കുന്നത് ചൈനയാണ്.
പിന്നീട് വരുന്നത് ലിഥിയം ആണ്. ബൊളീവിയ, അർജന്റീന, ചിലി എന്നിവയുൾപ്പെട്ട ‘ലിഥിയം ട്രയാംഗിളി’ലാണ് ലോകത്തിലെ ലിഥിയം ശേഖരത്തിന്റെ 60 ശതമാനവും. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾ നിർമിക്കാൻ ആവശ്യമായ ലോഹമാണിത്. ഇലോൺ മസ്കിന്റെ ഇ.വി സാമ്രാജ്യം പോലും ഇതിനെ ആശ്രയിച്ചിരിക്കുന്നു. അടുത്തിടെ വരെ, ബൊളീവിയയിലെ സർക്കാർ ലിഥിയം കമ്പനി ചൈനയുടെ CATL-മായും റഷ്യയുടെ യുറേനിയം വണ്ണുമായും (Uranium One) ബില്യൺ ഡോളറിന്റെ കരാറുകളിൽ ഏർപ്പെട്ടിരുന്നു. ദക്ഷിണ അമേരിക്കൻ ലിഥിയം ഇല്ലാതെ അമേരിക്കയുടെ ഹരിത ഊർജ വിപ്ലവം സാധ്യമല്ല. ടെസ്ല, ഫോർഡ്, ജി.എം കമ്പനികള്‍ക്കെല്ലാം ഈ വിഭവങ്ങൾ ആവശ്യമാണ്.
അമേരിക്കയുടെ തന്ത്രപ്രധാനമായ വീട്ടുമുറ്റത്ത് ചൈന ഒരു വിഭവ-നിർമാണ സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുന്നു എന്ന് വാഷിങ്ടൺ തിരിച്ചറിയുന്നു. പടിഞ്ഞാറൻ അർധഗോളത്തിൽ അമേരിക്കയുടെ ആധിപത്യം ഉറപ്പിച്ചിരുന്ന 200 വർഷം പഴക്കമുള്ള ‘മൺറോ സിദ്ധാന്തം’ (Monroe Doctrine) തകർക്കപ്പെട്ടിരിക്കുന്നു. അത് ടാങ്കുകൾ കൊണ്ടല്ല, മറിച്ച് ഷിപ്പിങ് കണ്ടെയ്നറുകളും പവർ ലൈനുകളും കൊണ്ടാണ്. ഇനി അത് അനുവദിക്കില്ലെന്ന് ട്രംപ് തീരുമാനിച്ചുകഴിഞ്ഞു. അതുകൊണ്ടാണ് മദൂറോയുടെ അറസ്റ്റിനുശേഷം ട്രംപ് പറഞ്ഞത്: ‘‘ഞങ്ങൾ അതിനെ (മണ്‍റോ സിദ്ധാന്തത്തെ) മറികടന്നുകഴിഞ്ഞു. അവരിപ്പോൾ ഇതിനെ ഡോൺറോ സിദ്ധാന്തം (Donro Doctrine) എന്ന് വിളിക്കുന്നു.’’ ഇത് വെറും വാചകക്കസർത്ത് മാത്രമല്ല. അമേരിക്കൻ വിദേശനയത്തിന്റെ വലിയൊരു മാറ്റത്തെയാണ് ട്രംപ് തന്റെ ശൈലിയിൽ വ്യക്തമാക്കിയത്.
‘ഡോൺറോ സിദ്ധാന്തം’ എന്നാൽ?
ഒന്ന്: പടിഞ്ഞാറൻ അർധഗോളത്തിനാണ് (ലാറ്റിൻ അമേരിക്ക) ഇപ്പോൾ പ്രഥമ പരിഗണന. ട്രംപിന്റെ 2025ലെ ദേശീയ സുരക്ഷാ നയത്തില്‍ യൂറോപ്പിനേക്കാളും ഏഷ്യയേക്കാളും പ്രാധാന്യം ലാറ്റിൻ അമേരിക്കക്ക് നൽകിയിട്ടുണ്ട്. ചൈന, റഷ്യ, ഇറാൻ എന്നിവരെ ഭീഷണികളായി ഇതിൽ കണക്കാക്കുന്നു.
രണ്ട്: ഇത് നയതന്ത്രമല്ല, സാമ്പത്തിക സമ്മർദമാണ്. 2025 ഏപ്രിലിൽ ട്രംപ് ‘ലിബറേഷൻ ഡേ’ പ്രഖ്യാപിച്ചു, മിക്ക ഇറക്കുമതികൾക്കും 10 ശതമാനം താരിഫ് ഏർപ്പെടുത്തി. ചൈനയുമായി സാമ്പത്തിക ബന്ധം പുലർത്തുന്ന ലാറ്റിനമേരിക്ക൯ രാജ്യങ്ങൾ പിഴ ഒടുക്കേണ്ടി വരും. സന്ദേശം വ്യക്തമാണ്: ഒന്നുകിൽ ചൈനയുമായി വ്യാപാരം നടത്താം, അല്ലെങ്കിൽ ഞങ്ങളുമായി. ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക.
മൂന്ന്: സൈനിക ശക്തി പ്രയോഗിക്കാനും മടിക്കില്ല. വെനിസ്വേല അതിന്റെ തെളിവാണ്. മൺറോ സിദ്ധാന്തത്തിന്റെ വ്യാപ്തി ആർട്ടിക് മുതൽ അന്റാർട്ടിക്ക വരെ ട്രംപ് വിപുലീകരിച്ചു. പാനമ കനാലിന് മേലുള്ള ചൈനീസ് സ്വാധീനം കുറക്കണമെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അന്ത്യശാസനം നൽകി. പാനമ അത് അനുസരിക്കുകയും ചെയ്തു.
നാല്: ‘കാരറ്റ് ആൻഡ് സ്റ്റിക്’ (നയപരമായ പ്രീണനവും ശിക്ഷയും) സമീപനം. ബൊളീവിയയിലെ പുതിയ പ്രസിഡന്റ് ചൈനയുമായും റഷ്യയുമായുമുള്ള ലിഥിയം കരാറുകൾ റദ്ദാക്കി. പകരമായി വാഷിങ്ടൺ അവർക്ക് വായ്പകളും സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്തു.
മെക്സികോയാണ് ഇതിന്റെ പ്രധാന കേന്ദ്രം. കാർട്ടലുകളെയും മയക്കുമരുന്നിനെയും നേരിടാനെന്ന പേരിൽ മെക്സികോക്കുള്ളിൽ സൈനിക നടപടിക്കുപോലും ട്രംപ് തയാറായേക്കാം. എന്നാൽ, യഥാർഥ ലക്ഷ്യം ചൈനയാണ്. ബ്രസീൽ മറ്റൊരു വെല്ലുവിളിയാണ്. അവർ ചൈനയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തയാറല്ല. രണ്ട് വൻശക്തികളും തങ്ങളുടെ പക്ഷത്തേക്ക് ചേരാൻ ആവശ്യപ്പെടുമ്പോൾ ബ്രസീലിന് എത്രത്തോളം നിഷ്പക്ഷത പാലിക്കാൻ കഴിയുമെന്നത് ചോദ്യചിഹ്നമാണ്. ചൈനക്ക് ഈ മേഖല വിട്ടുപോകാൻ കഴിയില്ല. കാരണം അവരുടെ സമ്പദ്വ്യവസ്ഥക്ക് ബ്രസീലിലെ ഇരുമ്പയിരും ചിലിയിലെ ചെമ്പും ബൊളീവിയയിലെ ലിഥിയവും ആവശ്യമാണ്. അമേരിക്ക ലാറ്റിൻ അമേരിക്കയെ തങ്ങളുടെ പക്ഷത്തേക്ക് നിർബന്ധപൂർവം മാറ്റിയാൽ, അത് ചൈനയുടെ വിഭവലഭ്യതയെ തടയും. ഇത് ബെയ്ജിങ്ങിന് അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ട് ചൈന പ്രതികരിക്കും. വെനിസ്വേലയിലെ ആക്രമണത്തിന് തൊട്ടുപിന്നാലെ ചൈന തായ്വാൻ തുറമുഖങ്ങളെ വളയുന്ന സൈനികാഭ്യാസം നടത്തി. അമേരിക്ക തങ്ങളുടെ താൽപര്യങ്ങൾക്കായി ബലം പ്രയോഗിച്ചാൽ ചൈനയും അത് ചെയ്യുമെന്ന സന്ദേശമാണിത്.
ലോകം ഒരു ദീർഘകാല പോരാട്ടത്തിലേക്കാണ് നീങ്ങുന്നത്. ഇത് ഒരുപക്ഷേ നേരിട്ടുള്ള യുദ്ധമാകില്ല, മറിച്ച് സാമ്പത്തിക യുദ്ധവും അട്ടിമറികളും പ്രോക്സി രാഷ്ട്രീയവും നിറഞ്ഞ ഒരു ‘രണ്ടാം ശീതയുദ്ധം’ ആയിരിക്കും.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.