ശ്മശാനങ്ങളെ കല്ലെറിയുന്നവര്‍

ഹാജി കലീമുല്ല ഖാന്‍ എന്ന മനുഷ്യനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുവേള അറിഞ്ഞിരിക്കും. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ച സ്വാത്വിക കര്‍ഷകനാണയാള്‍. ലഖ്നോവില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള അദ്ദേഹത്തിന്‍െറ മാമ്പഴത്തോട്ടത്തില്‍ മുന്നൂറിലധികം ജനുസ്സില്‍പെട്ട ഫലങ്ങള്‍ വളര്‍ന്ന് പരിലസിക്കുന്നു. അവയില്‍ പലതും അയാള്‍ സ്വയം വികസിപ്പിച്ചെടുത്തതാണ്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റ ഉടന്‍ കലീമുല്ല ഒരു പ്രത്യേക ഇനം മാമ്പഴം വികസിപ്പിച്ചെടുത്തു. അതിനയാള്‍ കൊടുത്ത പേര് നരേന്ദ്ര മോദി എന്നായിരുന്നു. മോദിയുടെ പേരില്‍ മാത്രമല്ല, സചിന്‍ ടെണ്ടുല്‍കര്‍, അഖിലേഷ് യാദവ്, ഐശ്വര്യറായ് എന്നിവര്‍ അടക്കം പല പേരുകളിലുള്ള പഴങ്ങള്‍ കലീമുല്ലയുടെ തോട്ടത്തില്‍ ഒരൊറ്റ ഒട്ടുമാവില്‍ കായ്ച്ച് കുലച്ച് നില്‍ക്കുന്നു. ഹാജി കലീമുല്ലയുടെ തോട്ടവും ഒട്ടുമാവും ഒരു വലിയ പ്രതീകമാണ്.

ഇന്ത്യാരാജ്യത്തെയും അതിന്‍െറ ഹൃദയഭൂമിയായ ഉത്തര്‍പ്രദേശിനെയും അവ പ്രതീകവത്കരിക്കുന്നു. പല പാരമ്പര്യങ്ങളാലും മതധാരകളാലും പുഷ്ടിപ്പെടുകയും പുഷ്കലമാവുകയും ചെയ്ത ഒരു സംസ്കൃതിയെ അവ അടയാളപ്പെടുത്തുന്നു. സ്നേഹത്തിന്‍െറയും വിട്ടുവീഴ്ചയുടെയും പൊറുക്കലിന്‍െറയും അപാരസൗരഭ്യം അവ അയവിറക്കുന്നു. ഭൂതത്തിന്‍െറ അരുതായ്മകളെ സ്നേഹത്തിന്‍െറ മധുരത്താല്‍ മറക്കാനാവുമെന്ന ശുഭാപ്തിവിശ്വാസത്തെ അത് അടിവരയിടുന്നു.  യമുനയുടെ പിറകോട്ട് പോയാല്‍ അക്ബറിന്‍െറയും ഷാജഹാന്‍െറയും മഹാമനസ്കതയുടെയും സമത്വബോധത്തിന്‍െറയും പരിലാളനകള്‍ അതേറ്റുവാങ്ങിയതായി കാണാം. എന്തിന്, മതഭ്രാന്തനായി ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ചിത്രീകരിക്കുന്ന ഒൗറംഗസീബിന്‍േറതായി ഈയിടെ വെളിപ്പെട്ട രാജകല്‍പനകളില്‍ ഈ പാരമ്പര്യത്തിന് പരിക്കേല്‍ക്കരുതെന്ന് ശഠിച്ചതിന് ഏറെ ഉദാഹരണങ്ങളുണ്ട്. തന്‍െറ സാമ്രാജ്യത്തിലെ ക്ഷേത്രങ്ങള്‍ക്കും ബ്രാഹ്മണര്‍ക്കും പോറലേല്‍ക്കാതെ നോക്കണമെന്ന് ഹിന്ദുവായ തന്‍െറ സൈനികതലവന്‍െറ കീഴിലുള്ള പട്ടാളക്കാരെ അദ്ദേഹം ഉദ്ബോധിപ്പിക്കുന്നതാണ് ഇതിലൊരു ശാസന.

മാറുന്ന ഭൂമിശാസ്ത്രം
വിഭജനത്തിന്‍െറ മുറിവുകളെയും ഏറെ കലാപങ്ങളെയും അതിജീവിച്ച ഈ ഒരുമയുടെ വികാരം അഭൂതപൂര്‍വമായ വെല്ലുവിളികളെയാണ് ഇന്ന് അഭിമുഖീകരിക്കുന്നത്. വര്‍ഗീയതയുടെ വൈറസുകള്‍ പടിഞ്ഞാറന്‍ യു.പിയെ എത്ര മാരകമായാണ് ഗ്രസിച്ചിരിക്കുന്നതെന്ന് വിവരിക്കവെ ‘ഹിന്ദു’ ദിനപത്രം ലേഖിക വിദ്യ സുബ്രഹ്മണ്യം ഇങ്ങനെ എഴുതി: മുസഫര്‍ നഗര്‍ കലാപം അരങ്ങേറിയത് ഭൂമിശാസ്ത്രപരമായി പടിഞ്ഞാറന്‍ യു.പിയിലാണ്. പക്ഷേ, അതിന്‍െറ വിഷം ഏറെ ദൂരം പ്രസരിക്കപ്പെട്ടിരുന്നു. അഖ്ലാഖ് സംഭവവും ‘ലവ് ജിഹാദി’നെ ചുറ്റിപ്പറ്റിയുള്ള ക്ഷുദ്രസംവാദങ്ങളുമെല്ലാം മുസഫറിന്‍െറ അനുരണനങ്ങളായിരുന്നു. ഭൂരിപക്ഷ സമുദായാംഗങ്ങളുമായുള്ള ഏതു സംഭാഷണവും ന്യൂനപക്ഷ ഭര്‍ത്സനത്തിലും വര്‍ഗീയ ജല്‍പനങ്ങളിലുംചെന്നാണ് അവസാനിക്കുന്നത്. ഈ ആഖ്യാനത്തില്‍ അതിര്‍ത്തിയില്‍ പൊരുതുന്ന പട്ടാളക്കാരനും കശ്മീരും മാട്ടിറച്ചിയും കടന്നുവരുന്നു. തെരഞ്ഞെടുപ്പില്‍ ആരു വിജയിച്ചാലും ഭൂരിപക്ഷ മനസ്സില്‍ ആഴത്തില്‍ വേരിറക്കിയിരിക്കുന്ന ഈ വിനാശവ്യവഹാരം പിഴുതെറിയാനാവില്ല (ദ ഹിന്ദു, ഫെബ്രു. 24)

നിര്‍ഭാഗ്യവശാല്‍ ഈ വിഷത്തീ ആളിക്കത്തിക്കാനാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയും അതിന്‍െറ അമരത്തിരിക്കുന്നവരും ഉത്സാഹിക്കുന്നത്. തങ്ങളെ എതിരിടുന്ന കോണ്‍ഗ്രസ്-എസ്.പി-ബി.എസ്.പി കക്ഷികളെ ‘കസബ്’ എന്ന് പരിഹസിച്ച് അമിത് ഷാ പൊട്ടിച്ച അമിട്ടും മുസ്ലിം ശ്മശാനങ്ങളെ പരാമര്‍ശിച്ച് നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയും ഈ ശ്രമത്തിന്‍െറ ഭാഗമായിരുന്നു. ഒരു പ്രധാനമന്ത്രിയില്‍നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അവിവേകമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി തൊടുത്തുവിട്ടത്. അത് കേട്ടുനിന്നത്, അപരവിരോധത്താല്‍ മനസ്സ് ഘനീഭവിച്ച പരിവാര്‍ജീവികള്‍ക്ക് പകരം എല്ലാ പ്രഭാതത്തിലും ‘ഓള്‍ ഇന്ത്യന്‍സ് ആര്‍ മൈ ബ്രദേഴ്സ് ആന്‍ഡ് സിസ്റ്റേഴ്സ്’ എന്ന് ഉരുവിടുന്ന നഴ്സറി കുട്ടികളായിരുന്നുവെങ്കില്‍, മോദിജിയെ അവര്‍ ഹര്‍ഷാരവങ്ങള്‍ക്ക് പകരം ‘ഷെയിം! ഷെയിം!’ വിളികളാല്‍ അഭിഷേകം ചെയ്യുമായിരുന്നു.
അഖിലേഷ് സര്‍ക്കാറിന് ക്ഷേമപ്രവര്‍ത്തനങ്ങളിലോ വികസനത്തിലോ ഒരു താല്‍പര്യവുമില്ല, ഒരു പ്രത്യേക വിഭാഗത്തിന്‍െറ ക്ഷേമം ഉറപ്പാക്കുന്നതില്‍ മാത്രമാണ് അവര്‍ക്ക് തിടുക്കം -മോദിയുടെ പരിദേവനങ്ങള്‍ ഇങ്ങനെ പോകുന്നു. കേട്ടാല്‍തോന്നും മുലായം സിങ്ങിന്‍െറ പുന്നാരമകന്‍ മുസ്ലിംകളെ പാലും തേനുമൂട്ടുകയായിരുന്നുവെന്ന്. യഥാര്‍ഥത്തില്‍ ഏറെ കഠോരമായ അനുഭവങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷം മുസ്ലിംകള്‍ക്ക് അഖിലേഷില്‍ നിന്നുണ്ടായത്. മുസഫര്‍നഗര്‍ കലാപവേളയില്‍ പൊലീസ് തീര്‍ത്തും പക്ഷപാതപരമായാണ് പെരുമാറിയത്.

4000ത്തോളം ന്യൂനപക്ഷ സമുദായക്കാര്‍ ഭവനരഹിതരായെങ്കിലും അവരുടെ പുനരധിവാസത്തിന് അഖിലേഷ് ഒന്നും ചെയ്തില്ളെന്ന് മാത്രമല്ല, അനധികൃത കൈയേറ്റക്കാരെന്ന് മുദ്രകുത്തി അഭയസ്ഥലങ്ങളില്‍നിന്നുപോലും പുകച്ച് പുറത്തുചാടിക്കാനാണ് മെനക്കെട്ടത്. കാര്യം ഇങ്ങനെയെങ്കിലും മോദിജിക്ക് അഖിലേഷിന്‍െറ മുസ്ലിംപ്രീണനത്തിന് മതിയായ തെളിവുണ്ട്. മുസ്ലിം ശ്മശാനങ്ങള്‍ക്ക് ചുറ്റുമതില്‍ പണിയാന്‍ സര്‍ക്കാര്‍ ഗ്രാന്‍റ് അനുവദിച്ചതാണ് മോദിയെ ചൊടിപ്പിച്ചത്. വലിയ ശ്മശാനമായ മീറത്ത് ഖബര്‍സ്ഥാന് ഈയിനത്തില്‍ കിട്ടിയത് 20 ലക്ഷം രൂപയാണ്.  മനുഷ്യക്കടത്ത് തുടങ്ങിയ പാര്‍ട്ട്ടൈം കലാപരിപാടികളിലൂടെ ബി.ജെ.പി വനിതാനേതാക്കളടക്കം സമ്പാദിക്കുന്നതിലും എത്രയോ തുച്ഛമായ എമൗണ്ട്! ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്‍െറ പ്രധാനമന്ത്രിയെ ഹാലിളക്കിയത്. ഹിന്ദു സഹോദരങ്ങള്‍ പുണ്യനഗരിയായി വിശ്വസിക്കുന്ന വാരാണസിയുടെയും വിശുദ്ധനദിയായ ഗംഗയുടെയും ഉദ്ധാരണത്തിന് ശതകോടികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചെലവിടുന്നത്.

എല്ലാവരുടെയും നികുതിപ്പണമുള്‍ക്കൊള്ളുന്ന ഖജനാവില്‍നിന്ന് ഇങ്ങനെ ശതകോടികള്‍ ചെലവഴിക്കുമ്പോള്‍ യു.പി ജനസംഖ്യയില്‍ 25 ശതമാനത്തിലധികം വരുന്ന ന്യൂനപക്ഷത്തിന്‍െറ ശ്മശാനങ്ങള്‍ക്ക് ചുറ്റുമതില്‍ പണിയുന്നത് എങ്ങനെ അക്ഷന്തവ്യമായ അപരാധമാകും? നേപ്പാള്‍ പര്യടന വേളയില്‍ ക്ഷേത്രോദ്ധാരണത്തിന് പ്രധാനമന്ത്രി മോദി കോടികളുടെ സഹായമാണ് പ്രഖ്യാപിച്ചത്. ബംഗ്ളാദേശില്‍നിന്നത്തെുന്ന ഹിന്ദു അഭയാര്‍ഥികള്‍ക്ക് വന്‍ സഹായനിധി (ഒരാള്‍ക്ക് ചുരുങ്ങിയത് അഞ്ചുലക്ഷത്തിന്‍െറ ബാങ്ക് നിക്ഷേപം) രൂപവത്കരിച്ചതും ഇതേ നികുതിപ്പണം ഉപയോഗിച്ചുതന്നെ. ഭൂരിപക്ഷപ്രീണനം എന്ന പ്രയോഗംപോലും നമ്മുടെ വ്യവഹാരത്തിന് പുറത്തായതിനാല്‍ ഇവിടെ ആരും കുണ്ഠിതപ്പെടേണ്ടതില്ല. പക്ഷേ, കലീമുല്ലയുടെ പൂര്‍വികരും അഖ്ലാഖും കാര്‍ഗിലില്‍ വീരമൃത്യുവടഞ്ഞ ജവാന്മാരുമടക്കം തക്ബീര്‍ധ്വനികളുമായി പാക് സൈനികരെ കബളിപ്പിച്ച് ഇന്ത്യന്‍ പട്ടാളത്തിലെ മുസ്ലിം യോദ്ധാക്കള്‍ അന്ന് നടത്തിയ ആക്രമണം മാധ്യമപ്രശംസ പിടിച്ചുപറ്റിയതാണ്. അന്ത്യവിശ്രമംകൊള്ളുന്ന ശവക്കല്ലറകള്‍ക്കു ചുറ്റും നാല് വെട്ടുകല്ല് വെക്കുന്നത് എങ്ങനെ ഗംഗയില്‍ പോയി കുളിച്ചാലും കഴുകിക്കളയാന്‍ പറ്റാത്ത അപരാധമാകും?
മോദിയുടെ ഗീര്‍വാണം ഏറ്റുപിടിച്ച സാക്ഷി മഹാരാജ്  പറഞ്ഞു; ഇന്ത്യയില്‍ ഇനിയും ഖബര്‍സ്ഥാന് സ്ഥലമനുവദിച്ചുകൂടാ. എല്ലാ മതസ്ഥരും ഹിന്ദു ആചാരപ്രകാരം മൃതദേഹങ്ങള്‍ ദഹിപ്പിക്കേണ്ടിയിരിക്കുന്നു.

ജൂനിയര്‍ സംഗീത് സോം
പശ്ചിമ യു.പിയിലെ ഒരു തെരുവിലൂടെ യാത്രചെയ്യവെ മോദി അനുകൂലികളായ ഒരു വിഭാഗം ജാട്ട് ചെറുപ്പക്കാര്‍ വിദ്യ സുബ്രഹ്മണ്യത്തിന് ഒരു 16കാരനെ പരിചയപ്പെടുത്തി. മുസ്ലിംകളോടുള്ള കലി മറച്ചുവെക്കാന്‍ ആഗ്രഹിക്കാത്ത ആ ചെറുപ്പക്കാര്‍ പറഞ്ഞു; ഇവനാണ് ഞങ്ങളുടെ ഹീറോ. ഇവനെ ഞങ്ങള്‍ ‘ജൂനിയര്‍ സംഗീത് സോം’ എന്നാണ് വിളിക്കാറ്. മുസഫര്‍നഗര്‍ കലാപം ആളിക്കത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച സംഗീത് സോം ലവ് ജിഹാദിന്‍െറയും മാട്ടിറച്ചിയുടെയും പേരുപറഞ്ഞ് ന്യൂനപക്ഷ വിരോധത്തിന്‍െറ തീ കെട്ടുപോകാതെ സൂക്ഷിക്കുന്ന പരിവാര്‍ പ്രഭൃതിയാണ്. വ്യവസായിക അടിസ്ഥാനത്തില്‍ സോമുമാരെ ഉല്‍പാദിപ്പിക്കുന്ന ഹാച്ചറിയായി യു.പി രാഷ്ട്രീയം മാറുന്നുവെങ്കില്‍ അത് മതേതര ഇന്ത്യയുടെ ചരമക്കുറിപ്പായിരിക്കുമെന്നതില്‍ സംശയമില്ല.

ഒരര്‍ഥത്തില്‍ സംഘ്പരിവാര്‍പോലും ഇവിടെ പ്രത്യേകമായൊരു വൈതരണിയിലാണ്. സംഘ്പരിവാര്‍ വേദികളില്‍ താരപരിവേഷം ലഭിക്കണമെങ്കില്‍ മുരടന്‍ ദലിത്-ന്യൂനപക്ഷ വിരോധം ഉല്‍പാദിപ്പിക്കണമെന്നായിരിക്കുന്നു. അതിനാല്‍ സംഗീത് സോമുമാരും സാക്ഷി മഹാരാജന്മാരും തൊട്ട് നമ്മുടെ ശോഭ-ശശികല ദ്വയങ്ങള്‍ വരെ വിഷംചീറ്റുന്നതില്‍ മത്സരിച്ചുകൊണ്ടിരിക്കുന്നു. അവാന്‍റ് ഗാര്‍ഡ് കലയുടെ പ്രതാപകാലത്ത് ആസ്വാദകരില്‍ പരമാവധി ഉള്‍ക്കിടിലമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കലാകാരന്മാര്‍ മത്സരിച്ച ഒരുഘട്ടമുണ്ടായിരുന്നു. ദാലിയെപ്പോലുള്ളവര്‍ അന്നുണ്ടാക്കിയ ചില നിര്‍മിതികള്‍ ഭീകരങ്ങളായിരുന്നു. ഒരു ‘ഡസന്‍ മെറ്റമോര്‍ഫോസിസി’ലൂടെ നിതംബങ്ങളായി മാറുന്ന സ്ത്രീസ്തനങ്ങളും പുരോഹിതന്‍െറ മൃതദേഹം വലിച്ചുകൊണ്ടുപോകുന്ന കഴുതയുമെല്ലാം അന്ന് അത്യാധുനിക കലയുടെ നിദര്‍ശനങ്ങളായി വിപണനം ചെയ്യപ്പെട്ടു. പിയറോ മന്‍സോണിയെന്ന ഇറ്റാലിയന്‍ കലാകാരന്‍ പക്ഷേ ഇക്കാര്യത്തില്‍ എല്ലാവരെയും തോല്‍പിച്ചുകളഞ്ഞു.

സ്വന്തം ഖരമാലിന്യം ‘കലാകാരന്‍െറ ശുദ്ധ വിസര്‍ജ്യം’ എന്ന് ലേബലൊട്ടിച്ച് പുറത്തിറക്കിയാണ് അന്ന് അദ്ദേഹം  ഞെട്ടിച്ചത്. പരിവാര്‍ പ്രഭൃതികളുടെ അവസ്ഥ ഇതാണ്. ‘ലൈംലെറ്റി’ല്‍ നില്‍ക്കണമെങ്കില്‍ ഏറ്റവും വലിയ ന്യൂനപക്ഷ ദലിത് വിരോധം ഉല്‍പാദിപ്പിച്ചേ മതിയാവൂ. ദലിത്വിരുദ്ധ ആക്രമണങ്ങളെ പട്ടിയെ കല്ളെറിയുന്നതിനോട് വി.കെ. സിങ് താരതമ്യം ചെയ്യുമ്പോള്‍ മുന്ന കുമാര്‍ ശര്‍മ ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കുന്ന ഹിന്ദു യുവാക്കള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നു.  ഒരു ഇഫ്താര്‍ സംഘടിപ്പിച്ച കുറ്റത്തിന് ആര്‍.എസ്.എസിനെപ്പോലും അദ്ദേഹത്തിന്‍െറ നേതൃത്വത്തിലുള്ള ഹിന്ദു മഹാസഭ പിണ്ഡംവെച്ച് പടിക്ക് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നു.

നിയമം ഇത്തരം ഉഗ്രജീവികളുടെ കാര്യത്തില്‍ സദാ നിസ്സഹായത നടിക്കുന്നു. ചിലപ്പോഴെല്ലാം സുഖവാസത്തിന് ഏതാനും നാള്‍ ഇവര്‍ ജയിലില്‍ പോകാറുണ്ടെങ്കിലും പൊലീസും അധികാരികളും ഇവരോട് ഭക്ത്യാദരപൂര്‍വമാണ് പെരുമാറാറുള്ളത്. ഇവരെ ഭയന്ന് സെക്കുലര്‍ ഭരണകൂടങ്ങള്‍ ന്യൂനപക്ഷക്ഷേമത്തിനും ശാക്തീകരണത്തിനുമുള്ള മുഴുവന്‍ പദ്ധതികളും അലമാരയിലേക്ക് തള്ളുന്നു. ന്യൂനപക്ഷങ്ങളുടെ ദ്രുതഗതിയിലുള്ള ‘ദലിത്’വത്കരണത്തിനാണ് ഇത് കാരണമാകുന്നത്.

ഹിന്ദുമത പാരമ്പര്യത്തിനു തന്നെ തീരാത്ത കളങ്കമാണ് ഇത്തരക്കാരുണ്ടാക്കുന്നത്. ജാതിസമ്പ്രദായത്തില്‍ അധിഷ്ഠിതമായ അപമാനവീകരണത്തിന്‍െറ പാപഭാരം പേറുമ്പോഴും എന്തിനെയും ഉള്‍ക്കൊള്ളാനും സ്വാംശീകരിക്കാനുമുള്ള കരുത്തായിരുന്നു ഹിന്ദുമതത്തിന്‍െറ ശക്തിയായി ലോകം അംഗീകരിച്ചത്. ആ ചരിത്രത്തിന് പോറലേല്‍പിക്കുന്ന ഹിന്ദുത്വവാദികള്‍ ഒരായിരം തെരഞ്ഞെടുപ്പുകളില്‍ ജയിച്ചാലും തീരാത്ത കളങ്കമാണ് ഇവിടെ സ്വന്തം പിന്മുറക്കാര്‍ക്ക് കൈമാറുന്നത്.

Tags:    
News Summary - mango planter haji kalimullah khan narendra modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.