ലോകത്തെ ആദ്യത്തെ ലഹരിമരുന്ന് വിരുദ്ധ യുദ്ധമായി കണക്കാക്കുന്ന ‘ഒന്നാം ഓപ്പിയം യുദ്ധ’ത്തിന് തൊട്ടുമുമ്പായി 1839 ജൂൺ 25-ന് ചൈനയിലെ ഗുവാങ്‌ഡോങ്ങിലെ ഹ്യൂമെനിൽ, ലിൻ ഴെക്സു ( Lin Zexu ) എന്ന ചൈനീസ് രാഷ്ട്രീയനേതാവ്, ഓപ്പിയം വ്യാപാരം പൂർണ്ണമായും നിർത്തലാക്കിയതിന്റെ ഓർമ്മക്കായാണ് ഐക്യരാഷ്ട്ര ജനറൽ അസംബ്ലി തീരുമാന പ്രകാരം 1989 മുതൽ എല്ലാ വർഷവും ജൂൺ 26 അന്താരാഷ്ട്ര മയക്കു മരുന്ന് വിരുദ്ധ ദിനമായി ആചരിക്കുന്നത്. ലഹരിമുക്തമായ അന്താരാഷ്ട്ര സമൂഹം കെട്ടിപ്പടുക്കലും, മയക്കുമരുന്ന് ഉപയോഗത്തിനും കടത്തിനും എതിരെ സഹകരണവും പ്രവർത്തനങ്ങളും ശക്തിപ്പെടുത്തലുമാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.
നമ്മുടെ ശരീരത്തെയും മനസ്സിനെയും ദോഷകരമായി ബാധിക്കുന്ന രാസവസ്തുക്കളാണിവ. മയക്കുമരുന്ന് ഉപയോഗം തലച്ചോറിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുകയും, ഉപയോക്താക്കൾ ക്രമേണ അതിൻറെ അടിമകളാത്തീരുകയും ചെയ്യുന്നു. കഞ്ചാവ്, ഹെറോയിൻ, കൊക്കെയ്ൻ, എൽ.എസ്.ഡി, എം.ഡി.എം.എ (എക്സ്റ്റസി) തുടങ്ങി പലതരം മയക്കുമരുന്നുകൾ ഇന്ന് നമ്മുടെ സമൂഹത്തിൽ വ്യാപകമാണ്. ഓരോന്നിനും അതിന്റേതായ ദൂഷ്യഫലങ്ങളുണ്ട്.
കൂട്ടുകാരുടെ സമ്മർദ്ദം (Peer Pressure)വും എന്താണെന്നറിയാനുള്ള ജിജ്ഞാസയും കാരണമാണ് കുട്ടികളും ചെറുപ്പക്കാരും പലപ്പോഴും ആദ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നത്.
പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള താൽപര്യവും ഇവ ഉപയോഗിച്ചാൽ കൂടുതൽ ശ്രദ്ധിക്കപ്പെടും, ആത്മവിശ്വാസവും കരുത്തും സർഗസിദ്ധിയും കൂടും എന്നൊക്കെയുള്ള അബദ്ധദ്ധാരണകളും മാനസിക സമ്മർദ്ദം: പഠനത്തിലെ ബുദ്ധിമുട്ടുകൾ, കുടുംബ പ്രശ്നങ്ങൾ, പ്രണയ നൈരാശ്യം തുടങ്ങിയവ മൂലമുള്ള മാനസിക സമ്മർദ്ദം അതിജീവിക്കാൻ സഹായിക്കുമെന്ന അന്ധവിശ്വാസവും ഇതിന് കാരണമാവുന്നുണ്ട്. മയക്കുമരുന്നുകൾ ഇപ്പോൾ എളുപ്പത്തിൽ ലഭ്യമാകുന്നു എന്നു കൂടി വരുമ്പോൾ ചെറുപ്പക്കാർ ഈ വലയിൽ വീഴാൻ സാധ്യത കൂടുതലാണ്. സിനിമകളുടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും വ്യാപനത്തോടെ ലഹരിയിലേക്കുള്ള യുവതയുടെ കുത്തൊഴുക്ക് പതിന്മടഞ്ഞു വർദ്ധിച്ചിട്ടുണ്ട്.
ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ കഴിയാതെ വരുമ്പോഴും നേരംപോക്കിന് വേണ്ടിയും വേദനകൾ മാറ്റാനെന്ന വ്യാജേനയും മറ്റുമാണ് മുതിർന്നവർ ലഹരിയിലേക്ക് തിരിയുന്നത്. മദ്യത്തിന് അടിമയായ ആളുകൾ പലപ്പോഴും അതിൻറെ ലഹരി മതിയാവാതെ വരുമ്പോൾ പുത്തൻ രാസ ലഹരികൾക്ക് അടിമയാകാറുണ്ട്.
മയക്കുമരുന്നിന് അടിമയാകുന്നവർ അവരവർക്ക് മാത്രമല്ല, കുടുംബത്തിനും സമൂഹത്തിനും വലിയ ദോഷങ്ങളാണ് വരുത്തിവെക്കുന്നത്. പണ്ടുകാലത്തെ പോലെയല്ല ന്യൂജൻ തലമുറയുടെ മയക്കുമരുന്ന് ഉപയോഗം. പുതിയ തലമുറയിൽ സിറിഞ്ച് ഉപയോഗിച്ച് ഇഞ്ചക്ട് ചെയ്തു മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ് അധികപേരും. ഇതിലൂടെ അവർ അറിയാതെ പല മാരകരോഗങ്ങളും ക്ഷമിച്ചുവരുത്തുകയാണ്. ഈയിടെ സിറിഞ്ച് ഉപയോഗിച്ച് മയക്കുമരുന്ന് ഉപയോഗിച്ച 15 പേർക്ക് എയ്ഡ്സ് രോഗം സ്ഥിരീകരിച്ചതായ റിപ്പോർട്ട് വന്നിരുന്നു.
* തലച്ചോറിന്റെ പ്രവർത്തനം തകരാറിലാകുന്നു.
* കരൾ, വൃക്ക, ഹൃദയം തുടങ്ങിയ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുന്നു.
* രോഗപ്രതിരോധ ശേഷി കുറയുന്നു.
* വിവിധതരം അണുബാധകൾ (പ്രത്യേകിച്ച് ഇൻജക്ഷൻ വഴി ഉപയോഗിക്കുന്നവരിൽ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ്).
* ഭക്ഷണത്തോടുള്ള താല്പര്യം കുറയുന്നു, ശരീരഭാരം കുറയുന്നു.
* ഉറക്കമില്ലായ്മ, ശാരീരിക ബലഹീനത.
* മാനസിക ദൂഷ്യഫലങ്ങൾ:
* വിഷാദം, ഉത്കണ്ഠ.
* ഓർമ്മക്കുറവ്, ശ്രദ്ധക്കുറവ്.
* ഭ്രാന്തമായ ചിന്തകൾ (Paranoia), മതിഭ്രമം (Hallucinations).
* പെട്ടെന്നുള്ള ദേഷ്യം, അക്രമവാസന.
* ആത്മഹത്യാ പ്രവണത.
* സാമൂഹികവും കുടുംബപരവുമായ ദൂഷ്യഫലങ്ങൾ:
* പഠനത്തിൽ പിന്നോട്ട് പോകുന്നു, ജോലി നഷ്ടപ്പെടുന്നു.
* കുടുംബബന്ധങ്ങൾ വഷളാകുന്നു, കുടുംബത്തിൽ വഴക്കുകൾ കൂടുന്നു.
* സാമ്പത്തിക പ്രതിസന്ധി.
* മോഷണം, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യത.
* സാമൂഹിക ഒറ്റപ്പെടൽ.
മയക്കുമരുന്ന് നിർമാർജനം ചെയ്യുക എല്ലാവരുടെയും ആവശ്യം ആണെങ്കിലും പലപ്പോഴും അതിന് വേണ്ടി മുന്നിട്ടിറങ്ങുന്ന ഏജൻസികൾക്ക് ആവശ്യമായ സഹായസഹകരണങ്ങൾ നൽകാൻ പൊതുജനങ്ങൾ തയ്യാറാകുന്നില്ല എന്നത് ദുഃഖകരമാണ്.
മയക്കുമരുന്ന് പിടികൂടുന്ന സമയത്ത് സാക്ഷിയാകാൻ വേണ്ടി പൊതുജനങ്ങൾ മുന്നോട്ടു വരാത്തത് പലപ്പോഴും പ്രതികൾക്ക് അനുകൂലമാകാറുണ്ട്. കോടതിയിൽ കേസ് വിചാരണക്ക് വരുന്ന സമയത്ത് പ്രതിഭാഗം വക്കീൽ ഡിറ്റക്ഷൻ സമയത്തെ സാക്ഷികളുമായി ബന്ധപ്പെട്ട ഉന്നയിക്കുന്ന പല ചോദ്യങ്ങളും കോടതികളിൽ പൊലീസുകാരുടെ പ്രവർത്തിയെ കുറിച്ച് സംശയങ്ങൾക്ക് ഇട നൽകാറുണ്ട്. ജനവാസമുള്ള മേഖലകളിൽ നിന്നും മയക്കുമരുന്ന് പിടി കൂടുമ്പോൾ പൊലീസ് അല്ലാത്ത സാക്ഷികളെ എന്തുകൊണ്ട് ഉൾപ്പെടുത്തിയിട്ടില്ല എന്ന ചോദ്യം സംശയത്തിന്റെ ആനുകൂല്യത്താൽ ശിക്ഷയിൽ നിന്ന് ഇളവ് നേടാൻ പ്രതികൾക്ക് അവസരം നൽകുന്നു.
വിദേശരാജ്യങ്ങളിൽ നിന്ന് പോലും മലയാളികളായ പലരും മയക്കുമരുന്ന് ഇറക്കുമതി ചെയ്തു വരുന്നുണ്ട്. അങ്ങനെയാണ് ഹൈബ്രിഡ് കഞ്ചാവുകൾ തായ്‌ലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. ലഹരി മരുന്നുകളുടെ വിൽപ്പനയും വ്യാപനവും തടയുന്നതിനും, ലഹരിക്ക് എതിരെ വ്യാപകമായ ബോധവൽക്കരണം നടത്തുന്നതിനും, ലഹരിക്കടിപ്പെട്ടവർക്ക് ആവശ്യമായ ചികിത്സ നൽകുന്നതിനും സർക്കാർ തയ്യാറാവേണ്ടതുണ്ട്. ലഹരി വിപത്തിനെതിരായ പോരാട്ടം ശക്തമാക്കിയില്ലെങ്കിൽ യുവതലമുറ വഴിതെറ്റുമെന്നുള്ള കാര്യത്തിൽ സംശയമില്ല.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 20ലധികം ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ കൈകാര്യം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. സ്കൂളുകൾ, മദ്രസകൾ, പിടിഎ കൂട്ടായ്മകൾ, ക്ലബ്ബുകൾ, തുടങ്ങിയ കൂട്ടായ്മകൾ സംഘടിപ്പിച്ച വിവിധ പരിപാടികളിൽ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഓൺലൈനായും ഓഫ് ലൈൻ ആയും ബോധവൽക്കരണം നടത്തിയെങ്കിലും അവയെല്ലാം വെറും ചടങ്ങുകൾ മാത്രമായാണ് അനുഭവപ്പെട്ടത്. ഈ പരിപാടികളിൽ ഒന്നുപോലും ടാർഗറ്റ് ചെയ്യേണ്ടവരിലേക്ക് എത്തുന്നില്ല എന്നതാണ് യാഥാർത്ഥ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സർക്കാർ തലത്തിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ടാർഗറ്റ് ചെയ്തുകൊണ്ട് കൃത്യമായ ആസൂത്രം തോടെ ചെയ്താൽ മാത്രമേ ഇവയ്ക്ക് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ.
* 'നോ' പറയാൻ പഠിക്കുക: കൂട്ടുകാർ മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിച്ചാൽ ധൈര്യമായി 'നോ' എന്ന് പറയാൻ പഠിക്കുക. നിങ്ങളുടെ ജീവിതം നിങ്ങളുടേതാണ്. തെറ്റായ വഴികളിലേക്ക് തിരിയാൻ ആർക്കും നിങ്ങളെ നിർബന്ധിക്കാൻ കഴിയില്ല.
* ശരിയായ സൗഹൃദങ്ങൾ തിരഞ്ഞെടുക്കുക: നല്ല കൂട്ടുകാരുമായി മാത്രം കൂട്ടുകൂടുക. തെറ്റായ വഴിക്ക് പോകുന്നവരെ ഒഴിവാക്കുക.
* മാനസിക പിരിമുറുക്കങ്ങളെ നേരിടാൻ പഠിക്കുക: യോഗ, വ്യായാമം, ധ്യാനം തുടങ്ങിയവ ശീലമാക്കുക. ഇഷ്ടമുള്ള കാര്യങ്ങളിൽ ഏർപ്പെടുക.
* കുടുംബവുമായി തുറന്നു സംസാരിക്കുക: എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ മാതാപിതാക്കളോടോ വിശ്വസിക്കാവുന്ന മറ്റ് മുതിർന്നവരോടോ തുറന്നു സംസാരിക്കുക.
* തെറ്റിദ്ധാരണകൾ തിരുത്തുക: മയക്കുമരുന്ന് ഉപയോഗം ഒരു ഹീറോയിസമായി കരുതുന്ന പ്രവണത തെറ്റാണ്. അത് നിങ്ങളെ അടിമയാക്കുകയും ജീവിതം നശിപ്പിക്കുകയും ചെയ്യും.
* വിവിധതരം വിനോദങ്ങളിൽ ഏർപ്പെടുക: കളികളിൽ ഏർപ്പെടുക, പുസ്തകങ്ങൾ വായിക്കുക, പാട്ടു കേൾക്കുക, കലാരംഗത്ത് പ്രവർത്തിക്കുക. ആരോഗ്യകരമായ ഹോബികൾ വളർത്തിയെടുക്കുക.
* സഹായം തേടാൻ മടിക്കരുത്: ആരെങ്കിലും മയക്കുമരുന്നിന് അടിമയായിട്ടുണ്ടെന്ന് സംശയം തോന്നിയാൽ, അവരെ കളിയാക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യാതെ സഹായം തേടാൻ പ്രേരിപ്പിക്കുക. പോലീസ്, ഡോക്ടർമാർ, കൗൺസിലർമാർ, ലഹരിവിമുക്ത കേന്ദ്രങ്ങൾ എന്നിവയുടെ സഹായം തേടാം.
പൊലീസ് സേന മയക്കുമരുന്ന് കേസുകൾ കണ്ടെത്തുന്നതിനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും സജീവമായി പ്രവർത്തിക്കുന്നുണ്ട്. 'യോദ്ധാവ്' പോലുള്ള പദ്ധതികൾ മയക്കുമരുന്നിനെതിരെ ശക്തമായ ബോധവൽക്കരണം നൽകുന്നുണ്ട്. സംശയകരമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കാൻ മടിക്കരുത്. മയക്കുമരുന്ന് വിൽപ്പനയുമായോ മറ്റോ ബന്ധപ്പെട്ട എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ 9995966666 എന്ന നമ്പറിൽ പോലീസിനെ അറിയിക്കാവുന്നതാണ് . നിങ്ങളുടെ ഒരു വിളി ഒരുപക്ഷേ ഒരു ജീവിതത്തെ രക്ഷിച്ചേക്കാം.
മയക്കുമരുന്ന് എന്ന ഈ വിപത്തിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ടത് നമ്മുടെയെല്ലാം കടമയാണ്. ഓരോരുത്തരും അവരവരുടെ വീടുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ഈ വിപത്തിനെ തുടച്ചുനീക്കാൻ പ്രതിജ്ഞയെടുക്കണം. ആരോഗ്യകരവും സന്തോഷകരവുമായ ഒരു നാളേക്കായി മയക്കുമരുന്ന് രഹിത സമൂഹം നമുക്ക് കെട്ടിപ്പടുക്കാം.
(റിട്ട. ഡിവൈ.എസ്.പിയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.