സംവാദങ്ങൾ ഭരണഘടനയെ ശക്തിപ്പെടുത്തട്ടെ

"ഭരണഘടന വെറും അഭിഭാഷകരുടെ രേഖയല്ല, അതൊരു ജീവവാഹനമാണ്, അതിന്റെ ആത്മാവ് എപ്പോഴും കുടികൊള്ളുന്നത് യുഗങ്ങളിലാണ്''

-ഡോ.ബി.ആർ. അംബേദ്കർ

പരമ്പരാഗതമായി അവകാശങ്ങളും അവസരങ്ങളും നിഷേധിക്കപ്പെട്ടവരെ ശാക്തീകരിക്കാനാണ് പുരോഗമനോന്മുഖമായ ഭരണഘടനകൾ നിലകൊള്ളുന്നത്. അതായത്, ദുർബലർക്ക് മുൻകാലങ്ങളിൽ നിഷേധിക്കപ്പെട്ട അവകാശങ്ങൾ വീണ്ടെടുക്കാനും അവസരങ്ങൾ നൽകാനും ഭരണഘടനകൾ ബാധ്യസ്ഥമാണ്. തൊഴിലാളി വർഗത്തിന്റെ പ്രാതിനിധ്യം സംബന്ധിച്ച് ഒരു പൊതുയോഗത്തിൽ അഭിപ്രായപ്രകടനം നടത്തിയ സജിചെറിയാന് മന്ത്രിപദം രാജിവെക്കേണ്ടി വന്നു, കേസുകളും പിന്നാലെയുണ്ട്.

ഇത്തരം അഭിപ്രായരൂപവത്കരണം ജനങ്ങളിൽ നിന്നാരംഭിച്ച് പാർലമെന്റിൽ അവസാനിക്കണോ അതോ പാർലമെന്റിൽ ആരംഭിച്ച് ജനവിധിയിൽ അവസാനിക്കണോ എന്നത് വേറെ കാര്യം. എന്നാൽ, കർശനമായ വിലയിരുത്തലുകളോ വിമർശനങ്ങളോ ഉണ്ടാകുമ്പോൾ തകരാൻ സാധ്യതയുള്ള ഒരു രേഖയല്ല ഇന്ത്യൻ ഭരണഘടന. മറിച്ച്, എതിർവീക്ഷണങ്ങളെ ആകർഷിക്കാനും നിയമനിർമാതാക്കൾ, നിയമജ്ഞർ, ഭരണനിർവാഹകർ എന്നിവരിൽ നിന്ന് അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വരുന്ന സൃഷ്ടിപരമായ വിമർശനങ്ങളിൽ നിന്ന് മികച്ച കീഴ് വഴക്കങ്ങൾ സ്വീകരിക്കാൻ കഴിയുന്ന ഒരു വഴക്കമുള്ള രേഖയാണ്. നിലവിലുള്ളതും ഉയർന്നുവരുന്നതുമായ അപര്യാപ്തതകളും അവയുടെ തിരുത്തലുകളും അവലോകനം ചെയ്യുന്നതിനും പ്രതിഫലിപ്പിക്കുന്നതിനുമുള്ള മതിയായ വ്യവസ്ഥകളുള്ള,ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും ഉൾക്കൊള്ളാൻ ശേഷിയുള്ള രേഖ.

ഇത്രമാത്രം സങ്കീർണമായ രേഖ വികസിപ്പിക്കുമ്പോൾ ന്യായമായും സംഭവിക്കാവുന്ന പോരായ്മകൾ നമ്മുടേതുപോലുള്ള ഒരുവലിയ രാജ്യത്തിനായുള്ള രേഖ രൂപപ്പെടുത്തുന്നതിൽ വന്നിട്ടുണ്ടായിരിക്കാം - എന്നാൽ, ഭരണഘടന നിർമാതാക്കളുടെ മഹനീയ ലക്ഷ്യത്തെ അടിസ്ഥാനമാക്കി ഈ അപൂർണതകളെല്ലാം പരിഹരിക്കാനും കാലാനുസൃതമായി പുതിയമാറ്റങ്ങൾ ഉൾക്കൊള്ളാനും സാധിക്കും. പ്രത്യയശാസ്ത്രങ്ങളും അവയുടെ സംവിധാനങ്ങളും മാതൃകകളും മനുഷ്യനന്മയുടെ മികവ് ലക്ഷ്യംവെച്ചപ്പോൾ, അവയുടെ പ്രമാണങ്ങളെല്ലാം നിലനിൽക്കുകയും കാലഘട്ടങ്ങളെ അതിജീവിക്കുകയും ചെയ്തു, അവയിൽ ചിലതെല്ലാം മികച്ചുനിൽക്കുകയുംചെയ്തു എന്നുവേണം പറയാൻ. ഇത്തരത്തിൽ ഇന്ത്യൻ ഭരണഘടനയും അതിന്റെ അടിസ്ഥാനമൂല്യങ്ങളും ജനാധിപത്യമെന്ന മഹത്തായ പ്രത്യയശാസ്ത്രത്തിന്റെ അനുഗുണമായ മികവിനുതകുന്നവാഗ്ദാനങ്ങൾനൽകാൻ ശ്രമിച്ചിട്ടുണ്ട്, ആ വാഗ്ദത്ത മികവിന്റെ പിൻബലത്തിൽ, ഭരണഘടന 70 വർഷത്തിലേറെയായി നിലനിൽക്കുന്നു. മികവ് എന്ന പരമമായലക്ഷ്യം പൂവണിഞ്ഞോ എന്നത് ഒരുസംവാദവിഷയമാണ്.

എന്നാൽ, വളരുകയും പ്രവൃത്തിപഥത്തിൽ ഇനിയും വികാസം പ്രാപിക്കുകയും ചെയ്യേണ്ട ഏതൊരു ജനാധിപത്യഭരണഘടനയും രേഖയുടെ അസ്തിത്വം മാത്രം ഉറപ്പാക്കി നിലനിൽക്കുന്നതിൽ പരിമിതപ്പെടുത്തപ്പെടരുത്, പകരം അത് ജനാധിപത്യത്തെ കെട്ടിപ്പടുക്കുന്നതിനുള്ള പ്രചോദനോന്മുഖമായ ആശയവും മാർഗരേഖകളും നിയമങ്ങളും കാലാനുസൃതമായി കൂടുതൽ വിഭാവനം ചെയ്യണം. അപ്പോഴാണ് ആ പ്രമാണം മികച്ചതും കരുത്തുറ്റതുമാകുന്നത്. അംബേദ്കർ സൂചിപ്പിച്ചപോലെ, അതിന്റെ ആത്മാവ് ചലനാത്മകമാണ്. അതിനാൽ അതിലെ വകുപ്പുകളുംചട്ടങ്ങളും ഒരിക്കലും നിശ്ചലമോ അസ്തിത്വത്തിൽമാത്രം പരിമിതപ്പെടുന്നതോ ആയഒന്നായിരിക്കരുത്. ഉദാഹരണത്തിന്, സ്ത്രീകൾ, തൊഴിലാളികൾ,ദുർബലവിഭാഗങ്ങൾഎന്നിവരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാനുള്ള ഭരണനിർവഹണ, നിയമ, സാമൂഹികരംഗങ്ങളിലെ ചർച്ചകൾ നമ്മെ നയിക്കേണ്ടത് ക്രിയാത്മകമായ വ്യവസ്ഥകളും നടപടിക്രമങ്ങളും നിയമവ്യവസ്ഥയിൽ ഭരണഘടനഭേദഗതികൾ വഴി ഉറപ്പാക്കുന്നതിലേക്കാണ്. ആയതിനാൽ ഇത്തരം പ്രമാണങ്ങൾ കേവലം ആരാധിക്കപ്പെട്ടാൽ മാത്രം ഒരു സംവിധാനത്തിന്റെ മികവ്എന്ന മഹനീയ ലക്ഷ്യം യാഥാർഥ്യമാകില്ല. മറിച്ച്, വ്യത്യസ്തവുമായ വീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുമ്പോഴും അവ മേന്മയിലേക്കുള്ള സൂചകങ്ങളായി അവലോകനങ്ങളിലും പുനഃപരിശോധനകളിലും അംഗീകരിക്കുമ്പോഴും മാത്രമെ ഭരണഘടനാമികവ് എന്നത് പ്രവർത്തനമണ്ഡലത്തിൽ സജീവവും ബോധപൂർവവുമായ മാർഗരേഖയായി വർത്തിക്കപ്പെടുകയുള്ളൂ.

രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും നിയമവ്യവസ്ഥയും ഭരണനിർവഹണ വിഭാഗങ്ങളും ഉൾപ്പെടെയുള്ള സർക്കാറിന്റെഎല്ലാ ഉപഘടകങ്ങളും തൊഴിലാളിവർഗത്തിന്റെയും സ്ത്രീകൾ ഉൾപ്പെടെയുള്ള അവശവിഭാഗങ്ങളുടെയും അവകാശങ്ങൾ പുനരാഖ്യാനംചെയ്യാനും, ചൂഷണം അവസാനിപ്പിക്കാനുതകുന്ന സംവാദങ്ങളെ നിയമവ്യവസ്ഥയുടെ സജീവമായ പരിരക്ഷയിൽ കൊണ്ടുവരാനും ശ്രമിക്കണം. ഇത്തരം ചൂഷണസാഹചര്യങ്ങളെ മറികടക്കാൻ ആവശ്യമായ മൂല്യബോധത്തെയും ധാർമികതയെയും സംബന്ധിച്ചും അവനിലനിർത്താനാവശ്യമായ മുൻകരുതലുകളെ സംബന്ധിച്ചും ഭരണഘടനയുടെ ആമുഖത്തിൽ വളരെയേറെ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. ആയതിനാൽ സജി ചെറിയാൻ നടത്തിയ അഭിപ്രായ പ്രകടനവും തുടർന്നുണ്ടായ ചർച്ചകളും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലെ വാഗ്വാദമായി ഒതുങ്ങാതെ നമ്മുടെ ജനാധിപത്യത്തെയും അതിന്റെ ആണിക്കല്ലായ ഭരണഘടനയെയും കൂടുതൽ ശ്രേഷ്ഠതയിലേക്ക് ഉയർത്തും വിധത്തിൽ വികസിപ്പിക്കേണ്ടതുണ്ട്. ഭരണഘടനയെ കേവലം ഒരുചരിത്രരേഖ എന്നതിലുപരി ഒരുമഹനീയ രേഖയാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് തുടക്കമിടാൻ നമ്മുടെ സാമാജികർക്ക് സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

(കേരള സ്റ്റേറ്റ് സിവിൽ സർവിസ് അക്കാദമിയിൽ പരിശീലകനാണ് ലേഖകൻ)

Tags:    
News Summary - Let the debates strengthen the constitution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.