വെള്ളായണി കാർഷിക കോളജിലെ ഭീമമായ ഫീസ് വർധന താങ്ങാനാവാതെ, പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് പുതുപ്പാടി സ്വദേശി വി.എസ്. അർജുൻ എന്ന വിദ്യാർഥിക്ക് ടി.സി വാങ്ങി മടങ്ങേണ്ടിവന്നു. വിഷമകരമാണെങ്കിലും ആ വാർത്ത കേട്ടമാത്രയിൽ ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു. കാരണം, നമുക്കുമുന്നിൽ രക്തം പുരണ്ട രണ്ട് ഓർമകളുണ്ട്: രജനി എസ്. ആനന്ദിന്റെയും അതുല്യയുടെയും. ഫീസ് അടക്കാനും പഠനം തുടരാനും കഴിയാതെ വന്നപ്പോൾ നമ്മുടെ വ്യവസ്ഥിതി മരണത്തിലേക്ക് തള്ളിവിട്ട രണ്ട് വിദ്യാർഥിനികൾ. മരണവഴി തിരഞ്ഞെടുക്കാതിരിക്കാൻ ധീരത കാണിച്ച അർജുൻ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോൽക്കാതിരിക്കട്ടെ.
ഉന്നത വിദ്യാഭ്യാസം സ്വപ്നം കണ്ട്, പലവിധ പ്രതിസന്ധികളെയും തരണം ചെയ്ത് അടൂർ എൻജിനീയറിങ് കോളജിൽ പഠിക്കാനെത്തിയതാണ് രജനി എസ്. ആനന്ദ്. ദലിത് സമൂഹത്തിൽ നിന്നുള്ള ആ വിദ്യാർഥിനിയുടെ കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമായിരുന്നു ഹോസ്റ്റൽ ഫീസും മറ്റ് ചെലവുകളും. സർക്കാർ സ്റ്റൈപ്പൻഡ് അപര്യാപ്തമായിരുന്നു. വിദ്യാഭ്യാസ വായ്പക്കായി ബാങ്കുകൾ കയറിയിറങ്ങിയെങ്കിലും അതും നിഷേധിക്കപ്പെട്ടു. ഫീസ് കുടിശ്ശികയുടെ പേരിൽ കോളജ് അധികൃതർ രജനിക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി) നിഷേധിച്ചു. സൗജന്യ പഠനം വാഗ്ദാനം ചെയ്ത മറ്റൊരു കോളജിൽ ചേരാനുള്ള അവസാന വഴിയായിരുന്നു ആ ടി.സി. എല്ലാ വാതിലുകളും അടഞ്ഞപ്പോൾ, ആ പെൺകുട്ടി മരണത്തിൽ അഭയം തേടി. രജനിയുടെ മരണം കേരളത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. വിദ്യാഭ്യാസ വായ്പാ നയങ്ങളിൽ ചില മാറ്റങ്ങൾക്ക് കാരണമായി.
അതുല്യ, രജനി എസ്. ആനന്ദ്
പക്ഷേ, ആ മരണം കേരളത്തെ ഒന്നും പഠിപ്പിച്ചില്ല എന്ന് തെളിയിക്കുന്നതായിരുന്നു ബംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയായിരുന്ന കോന്നി സ്വദേശിനി അതുല്യ 2023ൽ ആത്മഹത്യ ചെയ്ത സംഭവം. അതുല്യക്ക് പഠനം തുടരാൻ വിദ്യാഭ്യാസ വായ്പ ആവശ്യമായിരുന്നു. ബാങ്കുകൾ വായ്പ നിഷേധിച്ചതിന് കാരണം സിബിൽ സ്കോറിലെ പ്രശ്നങ്ങളായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു കുട്ടിക്ക് പഠിക്കാനുള്ള പണമില്ലെങ്കിൽ മരണമാണ് ശരണം എന്ന ചിന്തക്ക് അടിവരയിട്ട് അതുല്യയും വിട്ടുപോയി. ഈ പശ്ചാത്തലത്തിലാണ് അർജുന്റെ പഠനം മുടങ്ങിയത് നാം ചർച്ച ചെയ്യേണ്ടത്.
കേരള കാർഷിക സർവകലാശാലയിലെ ബി.എസ്സി അഗ്രികൾചർ, ഫോറസ്ട്രി കോഴ്സുകൾക്ക് സെമസ്റ്റർ ഫീസ് 15,750 രൂപയിൽനിന്ന് ഒറ്റയടിക്ക് 48,000 രൂപയാക്കിയ ഉത്തരവ് സെപ്റ്റംബർ ഒമ്പതിന് ഇറങ്ങുന്നു. അനുബന്ധ ഫീസുകൾ കൂടി ചേരുമ്പോൾ വാർഷിക ഫീസ് ഒരു ലക്ഷം രൂപ കവിയുന്നു. വിദ്യാർഥികൾ ഈ കൊള്ളയെക്കുറിച്ച് അറിയുന്നത് പ്രവേശന സമയത്താണ്.
ഈ ഫീസ് വർധനയുടെ ഭീകരത മനസ്സിലാക്കാൻ മറ്റ് പ്രഫഷനൽ കോഴ്സുകളുമായി ഒന്ന് താരതമ്യം ചെയ്താൽ മതി. ഏറ്റവും ഡിമാൻഡുള്ള, ഏറ്റവും ചെലവേറിയതെന്ന് നാം കരുതുന്ന എം.ബി.ബി.എസ് പഠനത്തിന് സർക്കാർ മെഡിക്കൽ കോളജുകളിലെ വാർഷിക ഫീസ് 23,150 രൂപയാണ്. ബി.ഡി.എസിന് 20,840 രൂപയും ബി.വി.എസ് സിക്ക് 24,013 രൂപയുമാണ്. എന്നാൽ, കാർഷിക സർവകലാശാലയിലെ ബി.എസ്സി അഗ്രികൾചറിന് ഇപ്പോൾ വേണ്ടത് അതിന്റെ മൂന്നിരട്ടിയിലധികം തുകയാണ് (ഏകദേശം 72,000 രൂപ ട്യൂഷൻ ഫീ മാത്രം, മറ്റ് ഫീസുകൾ പുറമെ). പി.ജി കോഴ്സുകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. പി.ജി മെഡിക്കലിന് 57,890 രൂപ ഫീസുള്ളപ്പോൾ, കാർഷിക സർവകലാശാലാ പി.ജിക്ക് 75,000 രൂപയാണ് ഫീസ്.
സാമ്പത്തിക പ്രതിസന്ധിയാണ് സർവകലാശാലയുടെ ന്യായീകരണം. 226 കോടിയുടെ ബാധ്യതയുണ്ടെന്നും, സർക്കാർ സഹായം വർധിപ്പിച്ചാൽ ഫീസ് കുറക്കാമെന്നും വൈസ് ചാൻസലർ പറയുന്നു. സർവകലാശാലയുടെ കെടുകാര്യസ്ഥതയുടെയും ധൂർത്തിന്റെയും ഭാരം പാവപ്പെട്ട വിദ്യാർഥികളുടെ തലയിൽ കെട്ടിവെക്കുന്ന ഈ നയം ക്രൂരതയാണ്.
വിഷയം വാർത്തയായപ്പോൾ പതിവുപോലെ അധികാരികൾ ‘ഇടപെടലു’മായി രംഗത്തെത്തി.
‘ടി.സി വാങ്ങിയ വിദ്യാർഥിയെ തിരികെ എത്തിക്കും’ എന്ന് കൃഷിമന്ത്രി പി. പ്രസാദ് പ്രഖ്യാപിച്ചു. ഇതൊരു താൽക്കാലിക പ്രശ്നപരിഹാര ശ്രമം മാത്രമാണ്. അർജുൻ എന്ന വിദ്യാർഥിയുടെ പ്രശ്നം പരിഹരിച്ചാൽ തീരുന്നതാണോ ഈ അനീതി? ‘‘ഇത് എന്റെ മാത്രം പ്രശ്നമല്ല, ഫീസിളവ് എല്ലാവർക്കും ബാധകമാക്കണം. എനിക്ക് മാത്രമായി ഇളവ് വേണ്ട’’ എന്ന അർജുന്റെ പ്രതികരണം അധികാരികളുടെ നിലപാടിന് നേരെയുള്ള ഒന്നാന്തരം പ്രഹരമാണ്.
വിദ്യാർഥിക്ക് ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പിന് അർഹതയുണ്ടെന്നും ഫീസ് നൽകേണ്ടതില്ലെന്നും അറിയിച്ചിരുന്നുവെന്ന് കോളജ് ഡീൻ പറയുന്നു. സ്കോളർഷിപ് കിട്ടുമെങ്കിൽ അത് പ്രവേശന സമയത്ത് ഉറപ്പുവരുത്താതെ, വിദ്യാർഥി പഠനം ഉപേക്ഷിക്കാൻ തീരുമാനിച്ച ശേഷം സർവകലാശാല നൽകുന്ന ഈ വിശദീകരണം ആരെ ബോധ്യപ്പെടുത്താനാണ്?
ഈ പ്രശ്നം കാർഷിക സർവകലാശാലയിൽ മാത്രം ഒതുങ്ങുന്നതല്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലൊന്നാകെ നിലനിൽക്കുന്ന ഗുരുതര പ്രതിസന്ധിയാണ്.
ലക്ഷങ്ങൾ ഫീസ് വാങ്ങുമ്പോഴും, പല സർക്കാർ/എയ്ഡഡ് കോളജുകളിലും ആവശ്യത്തിന് അധ്യാപകരോ പഠന സൗകര്യങ്ങളോ ഇല്ല. പഠിച്ചിറങ്ങുന്നവരുടെ സ്ഥിതിയും ദയനീയമാണ്. പിഎച്ച്.ഡി കഴിഞ്ഞവർപോലും 15,000 രൂപക്ക് കരാർ ജോലി ചെയ്യേണ്ടിവരുന്നു. ഗവേഷകർക്ക് ഫെലോഷിപ് തുകകൾ മാസങ്ങളോളം കുടിശ്ശികയാകുന്നു. ഈ വിഷയങ്ങളിലൊന്നും സർക്കാറോ സർവകലാശാലകളോ വിദ്യാർഥി സംഘടനകളോ ക്രിയാത്മകമായ ഒരു ശ്രമവും നടത്തുന്നില്ല എന്ന് പറയേണ്ടിവരുന്നു.
അർജുൻ തലകുനിക്കാൻ തീരുമാനിക്കാഞ്ഞതുകൊണ്ട് ഒരു ദുരന്തം ഒഴിവായി. പക്ഷേ, എന്നും ഈ ഭാഗ്യം ലഭിക്കണമെന്നില്ല. ഇത്രയേറെ ആത്മഹത്യകളും കൊഴിഞ്ഞുപോക്കുകളും കണ്ടിട്ടും ഭരണകൂടത്തിന്റെ മനസ്സ് മാറുന്നില്ലെങ്കിൽ, നാം ചോദിക്കേണ്ടത് ഇതാണ്: നിങ്ങൾക്ക് വേണ്ടത് വിദ്യാർഥികളെയോ, അതോ രക്തസാക്ഷികളെയോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.