അപരന്മാരെ അപമാനിക്കുന്ന വർത്തമാന കാലഘട്ടത്തിൽ പുരസ്കാരങ്ങളിലൂടെ മറ്റുള്ളവരെ ആദരിക്കുന്ന ചടങ്ങുകൾ കൗതുകമുണർത്തുന്ന കാഴ്ച തന്നെ. സർവഘടികാരങ്ങളും നിലച്ചുപോയ സന്ദർഭത്തിൽ ഏതോ ഒരു ഘടികാരം മിടിക്കുന്നതിെൻറ സ്വരം ശ്രവിക്കുന്നതുപോലൊരു അനുഭവം. സമയദൈർഘ്യങ്ങളെ മൃദുസ്വരങ്ങൾകൊണ്ട് തിട്ടപ്പെടുത്താനുള്ള നൈപുണ്യം നമുക്ക് കൈമോശം വന്നിരിക്കുന്നു. അട്ടഹാസങ്ങൾക്കും ആക്രോശങ്ങൾക്കുമാണ് നാമിപ്പോൾ ചെവി നൽകാറ്.

ഏതോ പരീക്ഷാഹാളിലകപ്പെട്ട പരീക്ഷാർഥികളെപ്പോലെ സദാ ഭയസംഭ്രമങ്ങളിലൂടെയാണ് നമ്മുടെ ജീവിതം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഏതു നേരത്തും പരിശോധിക്കാനും പിടികൂടാനും ഇൻവിജിലേറ്റർമാരോ ഫ്ലയിങ് സ്ക്വാഡോ ഹാളിലേക്ക് ചാടിക്കയറാം. നമുക്കിടയിൽ ഒരു കുറ്റവാളി കയറി ഒളിച്ചിരിപ്പുണ്ടെന്ന തോന്നൽ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു. നമ്മുടെ നോക്കും വാക്കും ആവർത്തിച്ച് നിരീക്ഷിക്കപ്പെടുന്നു, പരിശോധിക്കപ്പെടുന്നു. ഹൃദയത്തിൽ നിറയുന്ന കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ തുറന്നുപറയുന്നവരെ നാം ട്രോളുകൾ വഴി അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നു.

തിരച്ചിൽ സംഘങ്ങൾ വന്നുകയറുേമ്പാൾ പരീക്ഷാഹാളിലെ ജനങ്ങളെ ഭയാശങ്കകൾ വിഴുങ്ങുന്നു. തെറ്റുവരുത്താതെ വ്യാജാരോപണങ്ങൾ ഉന്നയിച്ച് തന്നെ പരിശോധകർ പിടികൂടുമെന്ന ഭീതി ഒാരോരുത്തരെയും പരിഭ്രാന്തിയിൽവീഴ്ത്തുന്നു. കുറ്റക്കാരെ കണ്ടെത്തുന്നതിനുപകരം നിരപരാധികളെ ഭയപ്പെടുത്തുന്നതിലാണ് ഇൗ റെയ്ഡ് സംഘങ്ങളുടെ ഒൗത്സുക്യം. സംവാദമണ്ഡലങ്ങൾ വിപുലീകരിക്കുന്നതിനുപകരം അഭിപ്രായങ്ങളെ ഇരുമ്പുലക്കയായി ഗണിക്കുകയാണ് ഇന്നത്തെ ചാനൽ അവതാരകർ. ആങ്കർമാരാണ് ഇപ്പോഴത്തെ അധികാരകേന്ദ്രങ്ങൾ. തന്നിൽനിന്ന് വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിക്കുന്നവർക്കുനേരെ അവതാരകൻ വാളോങ്ങുന്നു. എതിരഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് മഹാപാതകമായി വ്യാഖ്യാനിക്കുന്നു. ടെലിവിഷനുകൾ നമ്മെ ഒന്നടങ്കം ബന്ദികളാക്കിയിരിക്കുന്നു.

ഒരു അവതാരകനെ തന്നെ ആദ്യമായി ഇൗ പുരസ്കാരത്തിന് തെരഞ്ഞെടുത്തതിൽ പ്രത്യേക കൃതജ്ഞത അറിയിക്കെട്ട. നിരവധി മാധ്യമപ്രവർത്തകരുടെ വിയർപ്പിെൻറ അടയാളമാണ് ഇൗ പുരസ്കാരം. മാധ്യമമേഖലയിലെ കാരണവന്മാരിൽനിന്ന് ലഭിക്കുന്ന എന്തും അനുഗ്രഹമായി ഞാൻ കണക്കാക്കുന്നു. എെൻറ പ്രാർഥനക്ക് ഉത്തരം ലഭിച്ചതുപോലുള്ള സന്തോഷമാണത്. നാം സർവരും ആദരിക്കുന്ന പ്രഗല്ഭമതിയാണ് കുൽദീപ് നയാർ. ദശലക്ഷക്കണക്കിന് വായനക്കാരുണ്ട് അദ്ദേഹത്തിന്. വിദ്വേഷ പ്രചാരണങ്ങളുടെ ഇരുട്ടിൽ സ്നേഹദീപം കൊളുത്തിയ വ്യക്തിയാണദ്ദേഹം. ഇന്ന് സ്നേഹത്തെക്കുറിച്ച് മിണ്ടാൻ ആരുമില്ല. ഇക്കാലത്ത് സ്നേഹത്തെ സംബന്ധിച്ച ചിന്തപോലും ജനഹൃദയങ്ങളിൽനിന്ന് ഒഴിഞ്ഞുപോയോ എന്ന് ഞാൻ സംശയിക്കുന്നു.

സാധ്യതകൾ ആരായേണ്ട ഘട്ടമാണിത്.  സർവരും പുതിയ സാധ്യതകളും അവസരങ്ങളും തേടുന്നു. ജനങ്ങൾ വലിയ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നു. എന്നാൽ, ഇൗ പ്രതീക്ഷകൾക്കും സാധ്യതകൾക്കും മങ്ങലേൽക്കുന്ന ദൗർഭാഗ്യകരമായ സ്ഥിതിവിശേഷമുണ്ട്. നമ്മുടെ നിലനിൽപ് ഇനി എത്രകാലം എന്ന ചോദ്യം നമ്മെ അസ്വസ്ഥമാക്കുന്നു. എന്നാൽ, അർഥപൂർണമായ ഒരു ജീവിതം നയിക്കേണ്ട രീതിതന്നെ നാം മറന്നുപോയി എന്നതാണ് യാഥാർഥ്യം. നമ്മുടെ ഉൗർജങ്ങളെയും മോഹങ്ങളെയും പുനരുജ്ജ്വലിപ്പിച്ചുകൊണ്ടേ ഇൗ പ്രതിസന്ധിയെ മറികടക്കാനാകൂ.നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കുക. നാം വിശ്വാസമർപ്പിച്ചിരുന്ന രാഷ്ട്രീയ പാർട്ടി അണികളെ നിശിതമായി ചോദ്യംചെയ്യുക, നമ്മുടെ പ്രതീക്ഷകൾ തകർത്ത പാർട്ടികളെ വിചാരണ ചെയ്യുക. മാറ്റം സൃഷ്ടിക്കാൻ പ്രാപ്തിയുള്ളവർ രാഷ്ട്രീയ പാർട്ടികൾ മാത്രമാണെന്ന മൂഢധാരണയിൽ നാം സമൂഹത്തിലെ ഇതരവിഭാഗങ്ങളുമായുള്ള വിനിമയങ്ങൾ അവസാനിപ്പിക്കുകയായിരുന്നു. ഒാരോ ഘട്ടത്തിലും ജനങ്ങളെ വഞ്ചിക്കുകയായിരുന്നു പാർട്ടികൾ. എന്നിട്ടും ജനങ്ങൾ പാർട്ടികൾക്ക് പിറകെ നടക്കുന്നു. കാരണം വല്ലവിധേനയും നേട്ടങ്ങൾ ഉണ്ടാക്കാൻ ഇൗ പാർട്ടികൾ സഹായിക്കുമെന്ന പ്രതീക്ഷയിൽ.

ജീർണതയാണിപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ മുഖമുദ്ര. ഉന്നതരിൽ പലരും പാർട്ടികൾ വിട്ടു. രാഷ്ട്രീയ പ്രവർത്തനത്തിൽ താൽപര്യമെടുക്കുന്ന മഹദ്വ്യക്തികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇത്തരം വ്യക്തികളുടെ അഭാവം പാർട്ടികളുടെ ആത്മവീര്യം ക്ഷയിപ്പിച്ചിരിക്കുന്നു. ഇൗ യാഥാർഥ്യങ്ങൾ പരിഗണിച്ച് പാർട്ടികളെ പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. പുതിയ കാലം ആവശ്യപ്പെടുന്ന രീതിയിൽ പാർട്ടികൾ പുനഃപരിവർത്തനങ്ങൾക്ക് വിധേയമാകണം. ആഭ്യന്തര ഭിന്നതകൾ മാറ്റിവെക്കാൻ നേതാക്കൾ തയാറാകണം. കഴിഞ്ഞ നാലു ദശകമായി നേതാക്കൾ തമ്മിലുള്ള തർക്കവിതർക്കങ്ങളും പോരും ആവോളം കണ്ടവരാണ് ഇന്ത്യൻ ജനത. ഇടതുപക്ഷം, ഗാന്ധിയന്മാർ, അംബേദ്കറിസ്റ്റുകൾ, സോഷ്യലിസ്റ്റുകൾ തുടങ്ങിയ വിഭാഗങ്ങളെല്ലാം മുഖ്യധാരയിൽനിന്ന് പിന്മാറിക്കൊണ്ടിരിക്കുന്നു. ഇൗ പിന്മാറ്റം ബദൽ രാഷ്ട്രീയത്തിെൻറ സാധ്യതകളെയാണ് തകർത്തുകൊണ്ടിരിക്കുന്നത്. ബദൽ രാഷ്ട്രീയ ചിന്തകൾ ശക്തമായി അവതരിപ്പിച്ചു മുഖ്യധാരയിൽ പൂർവാധികം സക്രിയമായി ഇൗ വിഭാഗങ്ങൾ പുനഃപ്രവേശിക്കുേമ്പാഴേ മാറ്റങ്ങൾ സംജാതമാകൂ. പഴയ ഘട്ടത്തെ മറക്കുക, പുതുരാഷ്ട്രീയത്തിനായി കഠിനപരിശ്രമങ്ങൾ ആരംഭിക്കുക. ഇൗ ഇരുണ്ട വർത്തമാനകാലത്തെ സ്വയം മനസ്സിലാക്കാനായി വിനിയോഗിക്കാം. നമ്മുടെ നിസ്സഹായതാവസ്ഥയും ഭീരുത്വങ്ങളും ശരിയായി വിലയിരുത്താൻ ഇൗ ഇരുട്ട് സഹായമാകും. നമുക്ക് തീവ്രമായി സത്യസന്ധരാകാം.

മാധ്യമപ്രവർത്തനം മുൻനിർത്തിയാണ് ഇൗ പുരസ്കാരം എനിക്ക് സമ്മാനിക്കപ്പെട്ടത്. മാധ്യമപ്രവർത്തനരംഗത്ത് കടുത്ത പ്രതിസന്ധി നിലനിൽക്കുന്നു എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? ഇല്ല, അത്തരമൊരു പ്രതിസന്ധിയുടെ അടയാളങ്ങൾ കാണാനാകുന്നില്ല. തലസ്ഥാനനഗരം മുതൽ ജില്ലാ ആസ്ഥാനങ്ങളിൽവരെയുള്ള പത്രാധിപന്മാരൊന്നടങ്കം സംതൃപ്തിയിൽ കഴിയുകയാണ്! പ്രത്യയശാസ്ത്രശാഠ്യമുള്ള പ്രത്യേക പാർട്ടിയുടെ കൊടുങ്കാറ്റിൽ തൂത്തുവാരപ്പെടുന്നതിൽ ആനന്ദം കണ്ടെത്തുകതയാണവർ. മാധ്യമപ്രവർത്തകരെന്ന നിലയിൽ വല്ല േനട്ടവും കൈവരിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിപ്പോൾ മാത്രമാണെന്ന ഭാവം. രാഷ്ട്രീയ പാർട്ടികളിൽ ലയിച്ച് നേട്ടമുണ്ടാക്കുക എന്ന മോഹം ദീർഘകാലമായി താലോലിച്ചുവരുന്ന മാധ്യമങ്ങൾക്ക് ഇപ്പോൾ കനകാവസരങ്ങൾ സിദ്ധിക്കുന്നു. മാളുകൾ, ഹോട്ടലുകൾ, ഖനനപദ്ധതികൾ, വിവിധ വ്യാവസായിക ലൈസൻസുകൾ എന്നിവ സ്വന്തമാക്കിയിട്ടും വിശപ്പടങ്ങാതെ അശാന്തരായിരുന്നു മാധ്യമഗ്രൂപ്പുകൾ. അധികാര രാഷ്ട്രീയത്തിെൻറ ഭാഗമാവുക എന്ന ചിരകാലാഭിലാഷം സഫലമാകാൻ തുടങ്ങിയ ഇൗ ഘട്ടത്തിൽ അവർക്ക് അപാരമായ ശാന്തി അനുഭവിക്കാൻ സാധിക്കുന്നു. അപാരമായ നിർവൃതി അനുഭവിക്കുകയാണിപ്പോൾ ഇന്ത്യൻമാധ്യമങ്ങൾ. സ്വർഗത്തിലേക്കുയരാൻ ഒരു കോണി കിട്ടിയിരുന്നെങ്കിൽ എന്നായിരുന്നു ഒരുകാലത്ത്ജനങ്ങൾ പങ്കുവെച്ചിരുന്ന മോഹചിന്ത. എന്നാൽ, ഇന്ന്  കോണി ഇല്ലാതെതന്നെ സ്വർഗം ഭൂമിയിൽ കണ്ടെത്തിയിരുന്നു.
നിങ്ങൾക്ക് വിശ്വാസം വരുന്നില്ലെങ്കിൽ ഏതെങ്കിലും പത്രമോ ചാനലോ പരിശോധിച്ചുനോക്കുക. ചില പ്രത്യേക രാഷ്ട്രീയ അജണ്ടകളെ സേവിക്കുന്നതിൽ അവ സവിശേഷ താൽപര്യം പ്രകടിപ്പിക്കുന്നത് നിങ്ങൾക്കുതന്നെ അനായാസം ബോധ്യമാകും. രാഷ്ട്രീയക്കൂറ് അവർ പരസ്യമായി പ്രഖ്യാപിക്കുന്നു. ഭരണകൂടത്തെ ചാനൽ അവതാരകർ പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. മാധ്യമപ്രവർത്തകർതന്നെ ഭരണകൂടമായി പരിണമിച്ചിരിക്കുന്നു.

നിങ്ങൾ പോരാടാനാഗ്രഹിക്കുന്നുവെങ്കിൽ ജേണലിസത്തിെൻറ ഇൗ ജീർണതക്കെതിരെയാണ് പോരാടേണ്ടത്. മാധ്യമപ്രവർത്തനത്തെ അവിശുദ്ധ ബന്ധങ്ങളിൽനിന്ന് മോചിപ്പിക്കാൻ നിങ്ങളുടെ സ്ൈഥര്യം പ്രയോജനപ്പെടുത്തണം. അത്തരമൊരു വിമോചന യത്നത്തിന് ഏതായാലും മാധ്യമപ്രവർത്തകരെ കിട്ടിയെന്നുവരില്ല. ഒറ്റപ്പെട്ട ഏതാനും മാധ്യമപ്രവർത്തകർക്ക് എന്തുചെയ്യാനാകും? മാധ്യമ കൂട്ടായ്മകൾ ഒന്നടങ്കം വർഗീയവത്കരിക്കപ്പെട്ടിരിക്കുന്നു. മാധ്യമങ്ങളാകുന്നു ഇപ്പോൾ വർഗീയതയുടെ പ്രധാന പ്രചാരകർ. അവരിൽ പലരെയും ഭരിക്കുന്നത് രക്തദാഹം മാത്രം. ഒരിക്കൽ രാജ്യമൊന്നടങ്കം രക്തപ്രളയത്തിൽ മുങ്ങിയൊടുങ്ങാൻ ഇത് വഴിയൊരുക്കുമെന്ന് എനിക്ക് ആശങ്കയുണ്ട്. ഭീതിദമായ ഇൗസാഹചര്യത്തെ ചെറുത്തുതോൽപിക്കാൻ ബന്ധപ്പെടുന്ന സർവരുമായും നാം ആശയവിനിമയങ്ങൾ നടത്തേണ്ടതുണ്ട്. പത്രങ്ങളും ചാനലുകളും പാർട്ടികളുടെ ശാഖകളായി പ്രവർത്തിക്കുന്ന സ്ഥിതിവിശേഷത്തിന് അറുതിയുണ്ടാകണം. ജനറൽസെക്രട്ടറിമാരേക്കാൾ ചാനൽ അവതാരകർ പാർട്ടിയിൽ സ്വാധീനം നേടുന്ന സാഹചര്യം നമുക്ക് ഭൂഷണമല്ല. വിചിത്രമായ ഇൗ പുത്തൻ രാഷ്ട്രീയ സ്വരൂപങ്ങൾക്കെതിരെ പോരാടാത്തപക്ഷം പുത്തൻ ബദലുകൾ ഉദയം കൊള്ളാൻ പോകുന്നില്ല. പുതിയ പ്രവണത സാധാരണ ജനങ്ങളുടെ ഹൃദയത്തിൽപോലും സ്വാധീനമുളവാക്കിയിരിക്കുന്നു. താങ്കൾ എന്തുകൊണ്ട് ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നു എന്ന് എനിക്കുപോലും ജനങ്ങളിൽനിന്ന് പരാതി കേൾക്കേണ്ടിവന്നത് അതിെൻറ തെളിവാണ്. മഷികൊണ്ടെഴുതുന്നവർ പാർട്ടിയുടെ വക്താക്കളും പ്രചാരകരുമാണിന്ന് സമകാല മാധ്യമപ്രവർത്തനം എന്നാൽ, സമകാല പ്രചാരവേല എന്നായിരിക്കുന്നു.

അതേസമയം, പ്രതീക്ഷകളും പത്രധർമവും കാത്തുസൂക്ഷിക്കുന്നവരെ നാം വിസ്മരിക്കാൻ പാടില്ല. ഒരുപേക്ഷ, സാധ്യതകൾക്ക് മങ്ങലേറ്റാലും പ്രഗല്ഭ മാധ്യമപ്രവർത്തകരുടെ പാരമ്പര്യം നമുക്ക് പ്രചോദനമാകണം പരാജയങ്ങളുടെയും പ്രത്യാശകളുടെയും മധ്യത്തിൽ കഠിനപരിശ്രമം നടത്തുക മാത്രമാണ് പോംവഴി. സമയം ചോർന്നുകൊണ്ടിരിക്കുന്നു. ഇൗ ഹ്രസ്വായുസ്സിൽ അതിവേഗത്തിലാണ് സമയത്തിെൻറ സഞ്ചാരം.

Tags:    
News Summary - kuldeep neyyar award winner and ndtv anchor ravish kumar speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.