മല്ലികാർജുൻ ഖാർഗെ, ഡി.കെ. ശിവകുമാർ, സിദ്ധരാമയ്യ, എം. വീരപ്പ മൊയ് ലി എന്നിവർ കോൺഗ്രസിന്റെ മേക്കദാട്ടു പദയാത്രയിൽ

ഖാർഗെയുടെ വരവും കർണാടക കോൺഗ്രസിലെ ഉണർവും

ഭാരത് ജോഡോ യാത്ര കർണാടകയിൽ ആവേശത്തിരയിളക്കി കടന്നു പോയതിന് പിന്നാലെയാണ് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷനായി മല്ലികാർജുന ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽനിന്നുള്ള നേതാവ് പാർട്ടിയുടെ അധ്യക്ഷപദമേറിയത് സംസ്ഥാന കോൺഗ്രസ് ഘടകത്തിന് നൽകുന്നത് വലിയ ഊർജംതന്നെയാണ്.

കർണാടകയിൽ പാർട്ടി അവസാനമായി അധികാരത്തിലേറിയ 2013ൽ 122 സീറ്റുണ്ടായിരുന്നുവെങ്കിൽ 2018ലെ തെരഞ്ഞെടുപ്പിലത് 78 ആയി ചുരുങ്ങി. നിലവിലെ സഭ കാലാവധി പൂർത്തിയാക്കാൻ ആറുമാസം ബാക്കിയിരിക്കെ 69 ആണ് കോൺഗ്രസിന്റെ കക്ഷിനില.

224 നിയമസഭ മണ്ഡലങ്ങളിൽ 150 എണ്ണം ലക്ഷ്യമിട്ട് ബി.ജെ.പി സർവസന്നാഹങ്ങളും ഒരുക്കിക്കഴിഞ്ഞ സംസ്ഥാനത്ത് ഭരണത്തിൽ തിരിച്ചെത്തണമെങ്കിൽ കോൺഗ്രസിന് ചില്ലറ പ്രയത്നംപോരാ.

അഴിമതിയും വർഗീയതയും ന്യൂനപക്ഷ-ദലിത് വിരുദ്ധതയുമടക്കം നിരവധി വിഷയങ്ങൾ ബൊമ്മൈ സർക്കാറിനെതിരെ ആയുധമായുണ്ടെങ്കിലും ഇവ ഫലപ്രദമായി പ്രചാരണത്തിലെത്തിക്കാൻ കോൺഗ്രസിന് കഴിയുമോ എന്നുറപ്പില്ല. ഈ സാഹചര്യത്തിലാണ് ഖാർഗെയുടെ വരവ്.

1968- 69 കാലത്ത് എസ്. നിജലിംഗപ്പയാണ് ഇതിനുമുമ്പ് കർണാടകയിൽനിന്ന് കോൺഗ്രസ് അധ്യക്ഷപദവി വഹിച്ചിട്ടുള്ളത്. അക്കാലത്ത് കലബുറഗി എം.എസ്.കെ മില്ലിൽ നിയമോപദേശകനായിരിക്കെ, ചുമട്ടുതൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ച ഖാർഗെ 1969ലാണ് കോൺഗ്രസിൽ ചേരുന്നത്.

ജാതി- സമുദായ സമവാക്യങ്ങളിലേക്ക് ദലിത് നേതാവായ ഖാർഗെയുടെ അധ്യക്ഷസ്ഥാനം കൂടിയെത്തുമ്പോൾ അകമേ ബാലൻസ്ഡ് ഫീലാണ് കർണാടക കോൺഗ്രസിന്. ഇത് പ്രചാരണങ്ങളിൽ കോൺഗ്രസിന് മുൻതൂക്കം നൽകുമെന്നതിൽ സംശയമില്ല.

വൊക്കലിഗ നേതാവാണ് കെ.പി.സി.സി അധ്യക്ഷനായ ഡി.കെ. ശിവകുമാർ. സിദ്ധരാമയ്യയാകട്ടെ പിന്നാക്കവിഭാഗമായ കുറുബ നേതാവും. പ്രമുഖ വോട്ടുബാങ്കായ ലിംഗായത്തുകളുടെ പ്രതിനിധിയാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായ എം.ബി. പാട്ടീൽ. ഖാർഗെയുടെ അധ്യക്ഷപദവി ദലിത് വോട്ടുകളുടെ ഏകീകരണത്തിന് വഴിവെച്ചേക്കുമെന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രി പദവിക്കടുത്തുവരെ എത്തിയിട്ടും മൂന്നുവട്ടം ഖാർഗെ പിന്തള്ളപ്പെട്ട ചരിത്രം ദലിതുകൾക്കിടയിൽ നോവായി ഒരു വശത്തുണ്ട്. കർണാടകയിൽ 101 ജാതി വിഭാഗങ്ങളിലായി 24 ശതമാനം വരുന്നതാണ് ദലിത് വോട്ട് ബാങ്ക്. ദലിത്- പിന്നാക്ക വോട്ടുകളുടെ ഏകീകരണത്തിനായി സിദ്ധരാമയ്യ മുമ്പ് അഹിന്ദ മൂവ്മെന്റ് (പിന്നാക്ക-ദലിത്- ന്യൂനപക്ഷ മൂവ്മെന്റ്) ആരംഭിച്ചിരുന്നു.

ഈ മൂവ്മെന്റിന്റെ പേരിലാണ് ജെ.ഡി-എസിൽനിന്ന് അദ്ദേഹം പുറത്താവുന്നത്. പിന്നീട് കോൺഗ്രസിലെത്തിയപ്പോഴും അഹിന്ദ വോട്ടുകളുടെ ഏകീകരണത്തിന് ശ്രമിച്ചിരുന്നു. എന്നാൽ, ഓരോ തെരഞ്ഞെടുപ്പ് കഴിയുംതോറും പല കാരണങ്ങളാൽ കോൺഗ്രസിൽനിന്ന് ദലിത് വോട്ടുകൾ അകലുകയാണ്.

സമൂഹത്തിൽ നേരിടുന്ന കടുത്ത വിവേചനം ചൂണ്ടിക്കാട്ടി ദാവൻകരെയിൽ 200ലേറെ കുടുംബങ്ങളിൽനിന്ന് 400ലേറെ പേർ ബുദ്ധമതം സ്വീകരിച്ചത് കഴിഞ്ഞയാഴ്ചയാണ്. ദലിത് ബാലൻ ക്ഷേത്രത്തിൽ പ്രവേശിച്ചതിന് അവന്റെ കുടുംബത്തിന് ക്ഷേത്രപൂജാരി പിഴയിട്ടതും ക്ഷേത്രപരിസരം ശുദ്ധകലശം നടത്തിയതും സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്ത സംഭവമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ദുരഭിമാനക്കൊലയിൽ നാല് ജീവനുകളാണ് പൊലിഞ്ഞത്. അയിത്തവും ദലിത് വിവേചനവും പാരമ്യത്തിൽ നിൽക്കെ ബി.ജെ.പി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ദലിത് വീടുകളിൽ സന്ദർശനം നടത്തുന്നുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ ദലിത് വീടുകളിൽ അന്തിയുറങ്ങി അന്നത്തെ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രകടിപ്പിച്ച സീസണൽ ദലിത് പ്രേമം തന്നെയാണ് ഇതും.

ഇടതു ദലിതരെന്നും വലതു ദലിതരെന്നും ദലിതരെ ഗണം തിരിക്കാവുന്ന കർണാടകയിൽ വലതു ദലിതർ കോൺഗ്രസിനൊപ്പവും ഇടതു ദലിതർ ബി.ജെ.പിക്കൊപ്പവുമാണുള്ളത്. എന്നാൽ, ബി.ജെ.പിയെ പിന്തുണക്കുന്ന ദലിതരിൽ ഒരുവിഭാഗം സംവരണം ആവശ്യപ്പെട്ട് ഡിസംബറിൽ വൻ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

ബി.ജെ.പിയും കോൺഗ്രസും നേർക്കുനേർ മത്സരിക്കുന്ന ഗുൽബർഗ, ബിദർ, റായ്ച്ചൂർ, കൊപ്പാൽ, യാദ്ഗിർ, ബെള്ളാരി ജില്ലകളുൾക്കൊള്ളുന്ന കല്യാൺ കർണാടക മേഖലയിലെ ഏഴു ജില്ലകളും പിന്നാക്ക വിഭാഗങ്ങളുടെ ശക്തികേന്ദ്രങ്ങളാണ്.

കല്യാൺ കർണാടക മേഖലയുടെ വികസനത്തിന് ഗവർണർക്ക് മുൻകൈയെടുക്കാൻ അനുമതി നൽകുന്ന ഭരണഘടനയുടെ 371 ജെ വകുപ്പുപ്രകാരം പ്രത്യേക പദവി നേടിക്കൊടുക്കുന്നതിന് യു.പി.എ സർക്കാറിൽ മന്ത്രിയായിരിക്കെ നിർണായക പങ്കുവഹിച്ചിട്ടുണ്ട് ഖാർഗെ. കിറ്റൂർ കർണാടക (പഴയ ബോംബെ-കർണാടക) മേഖലയിലും അദ്ദേഹത്തിന്റെ സ്വാധീനം പ്രകടമാണ്.

തോൽവിയറിയാതെ ഇത്രയും കാലം തെരഞ്ഞെടുപ്പുകളെ നേരിട്ട ഖാർഗെക്ക് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മാത്രമാണ് അടിപതറിയത്. ഖാർഗെയുടെ തണലിൽ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച് അദ്ദേഹത്തിന്റെ ബൂത്ത് ഏജന്റായി പ്രവർത്തിച്ച്, ഒടുവിൽ ഓപറേഷൻ താമരയിലൂടെ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയ ഡോ. ഉമേഷ് യാദവാണ് അട്ടിമറി ജയം നേടിയത്.

കർണാടകയിൽ 27 സീറ്റുകളിൽ 25ഉം ബി.ജെ.പി വിജയിച്ച ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെ.ഡി-എസും ഓരോ സീറ്റിലൊതുങ്ങി. കോൺഗ്രസിന്റെ ഒാരോ കാമ്പയിനും ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നുണ്ട്. സകലമാന സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ച് അതേ ഇടങ്ങളിൽ മറു പരിപാടികൾ നടത്തുകയാണ് ബി.ജെ.പി ഇപ്പോൾ ചെയ്യുന്നത്.

രാമനഗരയിലെ പദയാത്രക്ക് മറുപടിയായി ബി.ജെ.പി ഘോഷയാത്ര നടത്തി. ദാവൻകരെയിലെ സിദ്ധരാമോത്സവത്തിന് പിന്നാലെ റാലി സംഘടിപ്പിച്ച ബി.ജെ.പി, ഭാരത് ജോഡോ സങ്കൽപയാത്ര ഇളക്കിമറിച്ച ബെള്ളാരിയിൽ ജന സങ്കൽപ് യാത്രയും സംഘടിപ്പിച്ചു.

നിയമസഭ കക്ഷി നേതാവായ സിദ്ധരാമയ്യയുടെയും കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെയും അധികാര വടംവലിയാണ് കർണാടക കോൺഗ്രസ് നേരിടുന്ന പ്രധാന പ്രതിസന്ധി. നിലവിൽ വിഭാഗീയത പ്രകടമല്ലെങ്കിലും തെരഞ്ഞെടുപ്പ് അടുക്കുംതോറും ഭിന്നതക്ക് സാധ്യതയേറെയാണ്.

കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ ഖാർഗെക്ക് അതീവ നിർണായകമാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പ്. സ്വന്തം തട്ടകത്തിലെങ്കിലും കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് അദ്ദേഹത്തിനുണ്ടാക്കിയേക്കാവുന്ന അപമാനം ചെറുതാവില്ല. പദവി ഏറ്റെടുത്തശേഷം അദ്ദേഹം നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളികളിലൊന്നും അതുതന്നെയാണ്.

Tags:    
News Summary - Kharge's arrival and revival in Karnataka Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT