വേണം കേരളത്തിന് ഒരു സകാത് ഹൗസ്

ഇസ്‍ലാം മത വിശ്വാസികളിൽ നിഷ്കർഷിക്കപ്പെട്ടിരിക്കുന്ന നിർബന്ധിത ദാനകർമമാണ് സകാത്. സദ്പ്രവൃത്തികൾക്ക് കൂടുതൽ പുണ്യംകൽപിക്കപ്പെടുന്ന റമദാൻ മാസത്തിലാണ് വിശ്വാസികൾ കൂടുതലായി ഇത് നിർവഹിക്കാറ്. സച്ചരിതരായ ഖലീഫമാരിൽ മൂന്നാമനായ ഉസ്മാൻ ബിൻ അഫ്ഫാൻ റമദാൻ വരുമ്പോൾ ജനങ്ങളോട് കണക്കുകളെല്ലാം ശരിയാക്കി സകാത് നൽകാൻ തയാറാകണമെന്ന് കൽപിക്കുമായിരുന്നു. സകാത് വ്യവസ്ഥയുടെ സുവർണ കാലമായിരുന്നു അത്.

എന്നാൽ, ഇന്ന് സകാത് വ്യവസ്ഥ അലങ്കോലപ്പെട്ട് കിടക്കുകയാണ്. വ്യക്തിപരമായി നിർവഹിക്കപ്പെടേണ്ട ഒരു ഭിക്ഷാദാനം എന്ന ചിന്തയാണ് പലർക്കും. സാമ്പത്തികശേഷിയുള്ളവർ സമ്പത്തിന്റെ തോതനുസരിച്ച് നിർണിത വിഭാഗങ്ങൾക്ക് വിതരണം ചെയ്യേണ്ട നിർബന്ധ ബാധ്യതയാണിത്. സകാത്തിന്റെ മതപരവും സാമൂഹികവുമായ പ്രാധാന്യവും സംഭരണ-വിതരണ രീതികളും ഖുർആനിലും നബിചര്യയിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സംഘടിത സകാത് വിതരണത്തിന് പ്രത്യേകം ഉദ്യോഗസ്ഥർതന്നെ വേണമെന്നും ഖുർആൻ അനുശാസിച്ചിട്ടുണ്ട്.

യാചന നിർമാർജനം ചെയ്ത് യാചകനെ ദായകനാക്കി മാറ്റുന്ന വിതരണ ശൈലിയാണ് ഇസ്ലാം അവലംബിക്കുന്നത്. നിങ്ങൾ സകാത് നൽകുമ്പോൾ അവരെ സ്വയം പര്യാപ്തരാക്കുക എന്ന ഖലീഫ ഉമറിന്റെ പ്രഖ്യാപനം ഇക്കാര്യം വ്യക്തമാക്കുന്നു. ഒരാൾക്ക് സ്വർണവ്യാപാരമാണ് വഴങ്ങുന്നതെങ്കിൽ അയാൾക്ക് ജ്വല്ലറി സ്ഥാപിച്ച് കൊടുക്കണമെന്നാണ് ശാഫിഈ മദ്ഹബിലെ ആധികാരിക വക്താവായ ഇമാം നവവി പ്രസ്താവിച്ചത്. സമ്പത്തിന്റെ രണ്ടര ശതമാനം മുതൽ അഞ്ചും പത്തും ശതമാനം വരെയാണ് സകാത് നൽകേണ്ടത്. ഏതെല്ലാം ഇനങ്ങൾക്ക്, എത്ര തോതിൽ എന്ന വിശദാംശങ്ങളെല്ലാം കർമശാസ്ത്ര ഗ്രന്ഥങ്ങളിലുണ്ട്.

ഇവ നിർദിഷ്ട രീതിയിൽ നടക്കുകയാണെങ്കിൽ സാമൂഹികാവശ്യങ്ങൾ ഒരു പരിധിവരെ പരിഹരിക്കപ്പെടും. മലയോര മേഖലകളിലും ചേരിപ്രദേശങ്ങളിലും ദുരിതപൂർണ ജീവിതം നയിക്കുന്ന ദരിദ്രകുടുംബങ്ങൾ, വിധവകൾ, അനാഥർ, മാരകരോഗികൾ, കടക്കെണിയിൽപെട്ട് വലയുന്നവർ, പ്രവാസജീവിതം മതിയാക്കി വെറുംകൈയോടെ മടങ്ങിയവർ, ശരീരം തളർന്ന് ജീവിതകാലം മുഴുവൻ വീൽചെയറിലും മുച്ചക്രവാഹനങ്ങളിലും തള്ളിനീക്കുന്നവർ, അർബുദം, വൃക്ക രോഗം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ മാറാരോഗങ്ങളിൽ വീർപ്പുമുട്ടി കഴിയുന്നവർ എന്നിവരെയെല്ലാം പരിഗണിക്കാൻ വ്യക്തിപരമായ സകാത് വിതരണത്തിന് ഒരിക്കലും സാധ്യമല്ല.

ഭവനനിർമാണം, സ്വയംതൊഴിൽ ഉപകരണങ്ങൾ, കുടിവെള്ള പദ്ധതികൾ, പെൻഷൻ, സ്കോളർഷിപ് എന്നീ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സകാത് ആസൂത്രിതവും കാര്യക്ഷമവുമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്ന സകാത് ഹൗസ് പോലുള്ള സംവിധാനത്തിനു കഴിയും. കൊടുക്കാൻ അർഹരായവരിൽനിന്ന് വ്യവസ്ഥാപിതമായി ശേഖരിച്ച് ശാസ്ത്രീയമായ രീതിയിൽ അത് ശരിയായ അവകാശികൾക്ക് വിതരണം ചെയ്യുകയാണ് സകാത് ഹൗസുകൾ ചെയ്യുന്നത്.


കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ബൈത്തുസ്സകാത് കേരള' മുന്നോട്ടുവെക്കുന്നത് ഇത്തരമൊരു മാതൃകയാണ്. വേണ്ടത്ര ജനസ്വീകാര്യത നേടിയെടുക്കാൻ ബൈത്തുസ്സകാത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. അത് സാധിക്കണമെങ്കിൽ വ്യാപകമായ ബോധവത്കരണം വേണ്ടതുണ്ട്. പ്രമുഖ വ്യക്തികളെ സന്ദർശിച്ച് സംഘടിത സകാത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, സകാത് സെമിനാറുകൾ സംഘടിപ്പിക്കുക, പ്രാദേശിക സകാത് കമ്മിറ്റികളെ അഫിലിയേറ്റ് ചെയ്യുക എന്നിവയെല്ലാം ഇതിനാവശ്യമാണ്.

'ബൈത്തുസ്സകാത് കേരള'യുടെ പ്രവർത്തനങ്ങൾ പ്രതീക്ഷ നൽകുന്നു എന്നറിയിക്കുന്നതിൽ സന്തോഷമുണ്ട്. 1250 വീടുകൾ പൂർണമായും 3438 വീടുകൾ ഭാഗികമായും നിർമിക്കാനും 2855 വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്കോളർഷിപ് നൽകാനും 4322 പേർക്ക് ചികിത്സാ സഹായമെത്തിക്കാനും 1855 പേരെ കടമുക്തരാക്കാനും 2341 പേർക്ക് തൊഴിൽപദ്ധതികൾ ആവിഷ്കരിക്കാനും 280 കുടിവെള്ള പദ്ധതികൾ സ്ഥാപിക്കാനും 2150 പേർക്ക് റേഷൻ നൽകാനും ഇതിനകം കഴിഞ്ഞിട്ടുണ്ട്. സകാത് ഹൗസുകളുടെ ലോകവേദികളുമായി ബന്ധപ്പെടാനും അവരുടെ പ്രവർത്തന രീതികൾ മനസ്സിലാക്കാനും 'ബൈത്തുസ്സകാത് കേരള' ശ്രമിച്ചിട്ടുണ്ട്. സഹൃദയരായ സഹോദരങ്ങളുടെ സഹകരണമുണ്ടെങ്കിൽ സമൂഹത്തിന്റെ സാമ്പത്തിക പുരോഗതിയിൽ ഗുണകരമായ പങ്കുവഹിക്കാൻ ഇനിയും സാധിക്കുമെന്നാണ് പ്രതീക്ഷ.

('ബൈത്തുസ്സകാത് കേരള' ചെയർമാനാണ് ലേഖകൻ)

Tags:    
News Summary - Kerala needs a Zakat House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT