by ശ്രീനിജ് കെ.എസ്, അയനകൃഷ്ണ ഡി, ശ്രദ്ധ ജെയിൻ, ശ്രീമഞ്ജരി ഗുഹ
ആരോഗ്യമേഖലയിൽ അധികചെലവോ ഉത്തരവാദിത്തമോ ഇല്ലാതെ പ്രതിസന്ധി ഘട്ടങ്ങൾ കൈകാര്യം ചെയ്യാൻ, പരിചരണജോലികളിലെ ചൂഷണവും വാണിജ്യവത്കരണവും കൂടുതൽ ശക്തമാകുന്ന രീതി നവ ലിബറൽ ഭരണക്രമത്തിൽ പ്രകടമാണ്.
2023ൽ ആരോഗ്യ സർവേകൾക്കായി ‘ശൈലി ആപ്’ ആവിഷ്കരിച്ചെങ്കിലും, ഒ.ടി.പി അടിസ്ഥാനത്തിലുള്ള രജിസ്ട്രേഷൻ പ്രക്രിയ വലിയ തടസ്സമായി. ഈ കാരണത്താൽ പല തൊഴിലാളികൾക്കും അപേക്ഷ പൂരിപ്പിക്കാനാകുന്നില്ലായിരുന്നു. ഇത് അവരുടെ ജോലിഭാരം വർധിക്കാൻ കാരണമായി. അശ്വമേധം- കുഷ്ഠരോഗ സർവേ വേളയിൽ പുരുഷ രോഗികളെ നേരിട്ട് പരിശോധിക്കേണ്ടിവരുന്ന സാഹചര്യത്തിൽ ആശാ തൊഴിലാളികൾ ഒരാളെ കൂടെ കൊണ്ടുപോകണമെന്ന് നിർദേശമുണ്ട്. എന്നാൽ, അതിന് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ല. ആശ തൊഴിലാളികൾ ജോലിക്കിടെ മരണപ്പെട്ടാൽ, കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം ലഭിക്കില്ല. ജോലിക്കിടെ അപകടങ്ങളിൽ പെട്ടാലും അവർക്കൊരുവിധ ഔദ്യോഗിക ആരോഗ്യ സഹായവും ഇല്ല. ആശാ വർക്കർമാർക്ക് ശമ്പളമില്ലാത്ത അവധി മാത്രമേ അനുവദിച്ചിട്ടുള്ളൂ. വൈദ്യസഹായം, ആശുപത്രി ചെലവ്, ഇൻഷുറൻസ് എന്നിവയുടെ കാര്യത്തിൽ ആശാ വർക്കർമാർക്ക് മറ്റ് ആരോഗ്യ പ്രവർത്തകരെ അപേക്ഷിച്ച് വലിയ അനീതി നേരിടേണ്ടിവരുന്നു. ആശാ വർക്കർമാർക്കെതിരായ പീഡനങ്ങൾ സംബന്ധിച്ച നിരവധി പരാതികൾ ഉണ്ട്. കോവിഡ് കാലത്ത് വീടുകളിലും ആശുപത്രികളിലും ഇവർക്ക് സുരക്ഷാ മെക്കാനിസങ്ങൾ ഇല്ലാത്ത സാഹചര്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (KAHWA) നടത്തിവരുന്ന സമരത്തിന്റെ ഫലമായി സംസ്ഥാനത്തെ ആശാ വർക്കർമാർക്ക് ഓണറേറിയം രണ്ടുമാസത്തെ കുടിശ്ശികയും ഈ മാസത്തെ ഓണറേറിയവും ഉൾപ്പെടെ മൂന്നുമാസത്തെ ഓണറേറിയം അനുവദിച്ചു. എന്നാൽ, മന്ത്രിയുടെ വാഗ്ദാനങ്ങൾ അംഗീകരിച്ച് സമരത്തിൽനിന്നു പിന്മാറാൻ തയാറല്ലെന്ന് വ്യക്തമാക്കിയ സംഘടന ഫെബ്രുവരി 20ന് തിരുവനന്തപുരത്ത് 14 ജില്ലകളിൽനിന്നുമുള്ള ആശാ പ്രവർത്തകരെ ഉൾപ്പെടുത്തി മഹാസമ്മേളനം സംഘടിപ്പിച്ചിരുന്നു.
2015ൽ നടന്ന 45ാം ഇന്ത്യൻ ലേബർ കോൺഫറൻസിൽ (ILC) ASHA, അംഗൻവാടി, മിഡ് ഡേ മീൽ തൊഴിലാളികളെ ശമ്പളം ലഭിക്കേണ്ട തൊഴിൽ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ശിപാർശ ചെയ്തു. 46ാം ILC (2018) പ്രമേയം അനുസരിച്ച്, ആശാ തൊഴിലാളികൾ സ്വയംസേവകരല്ല, അവർക്കും മറ്റു തൊഴിൽ മേഖലയിലുള്ളവരെപ്പോലെ ശമ്പളം, പെൻഷൻ, ആരോഗ്യ സുരക്ഷ തുടങ്ങി എല്ലാ തൊഴിൽ അവകാശങ്ങളും ലഭിക്കണം. സന്നദ്ധ പ്രവർത്തകരെന്ന നിലയിൽ പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ ജീവനക്കാരെന്ന ആനുകൂല്യം ആശാ വർക്കർമാർക്ക് ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ സേവന-വേതന വ്യവസ്ഥകളില്ലാതെ, അവധി ആനുകൂല്യങ്ങളില്ലാതെ, സ്ഥിരമോ താൽക്കാലികമോ ആയ മറ്റു ജോലികളിൽ ഏർപ്പെടാനോ സാധ്യമല്ലാതെയാണ് കുറഞ്ഞ കൂലിയിൽ ഈ വനിതകൾ ജോലിചെയ്യുന്നത്.
സ്ത്രീപഠനങ്ങൾ ചൂണ്ടിക്കാട്ടുന്നതനുസരിച്ച്, സ്ത്രീകൾ വീടിനകത്തും പുറത്തും ചെയ്യുന്ന ജോലികൾക്കുപുറമേ, സമൂഹത്തിനുവേണ്ടിചെയ്യുന്ന പ്രവർത്തനം അവർക്കുള്ള ‘മൂന്നാംഭാരം’ ആയിമാറുന്നു. സർക്കാർ പദ്ധതികൾ നടപ്പാക്കാൻ സ്ത്രീകളെ കുറഞ്ഞ ശമ്പളത്തോടെയോ ശമ്പളമില്ലാതെയോ ജോലിചെയ്യാൻ നിയോഗിക്കുന്ന രീതി വ്യാപകമാണ്.
ഇവ്വിധം ചൂഷണം ചെയ്യപ്പെടുന്നതിൽ അധികവും താഴ്ന്നവരുമാനമുള്ള കുടുംബങ്ങളിലെ സ്ത്രീകളാണ്. പുരുഷാധിപത്യസമൂഹത്തിൽ, സാമൂഹിക പ്രവർത്തനം വീട്ടുജോലിയുടെ സ്വാഭാവികതുടർച്ചയായാണ് ഗണിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ആശാ പ്രവർത്തകർ ‘തൊഴിലാളികൾ’ ആയല്ല, ‘പ്രവർത്തകർ’ എന്നനിലയിൽ മാത്രമേ അംഗീകരിക്കപ്പെടുന്നുള്ളൂ.
സർക്കാർ നിർദേശിച്ച 10 മാനദണ്ഡങ്ങൾ പൂർത്തിയാക്കിയാൽ മാത്രമാണ് പ്രതിമാസ ഓണറേറിയമായ 7000 രൂപ ഇവർക്ക് ലഭിക്കുക. ഈ തുക 21,000 രൂപയാക്കി ഉയർത്തണം എന്നതാണ് ആശ തൊഴിലാളി സമരത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. 62ാം വയസ്സിൽ യാതൊരു ആനുകൂല്യവുമില്ലാതെ പിരിഞ്ഞുപോകണമെന്ന സർക്കാർ ഉത്തരവിനെയും അവർ ചോദ്യം ചെയ്യുന്നു. പശ്ചിമബംഗാളിലേതുപോലെ വിരമിക്കുന്ന ആശാ തൊഴിലാളികൾക്ക് അഞ്ചുലക്ഷംരൂപ അലവൻസ് നൽകണമെന്നും പെൻഷൻ പദ്ധതിയൊരുക്കണമെന്നും അവർ ആശ്യപ്പെടുന്നു. നിലവിൽ, സ്കീം തൊഴിലാളികളായി കണക്കാക്കപ്പെടുന്നതിനാൽ യാതൊരു ക്ഷേമ ബോർഡ് ഫണ്ടുകളിലേക്കും അവർക്ക് പ്രവേശനമില്ല.
സമരത്തെ പിന്തുണച്ചതിനുള്ള പ്രത്യാഘാതമായി, സമൂഹിക പ്രവർത്തകരായ ജോസഫ് സി. മാത്യു, ഡോ.കെ.ജി. താര എന്നിവർക്കടക്കം പതിനാലോളം ആളുകൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്ത എൽ.ഡി.എഫ് സർക്കാർ ഈ സമരത്തെ വൈരാഗ്യ മനോഭാവത്തോടെയാണ് നേരിടുന്നത്. സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പകരക്കാരെ നിയമിക്കുന്നതിനായി സർക്കാർ അടിയന്തരമായി 11.7 ലക്ഷം രൂപ അനുവദിച്ചത്, സമരത്തെ നിഷ്പ്രഭമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് തൊഴിലാളിസംഘടനകൾ ആരോപിക്കുന്നു. മുതലാളിത്ത സമീപനങ്ങളെ വിമർശിച്ച് മുദ്രാവാക്യം വിളിച്ചിരുന്ന സി.പി.എംതന്നെയാണ് ഇന്ന് സമരഭേദഗതിക്കായി അടിസ്ഥാനരഹിതമായ മാർഗം സ്വീകരിക്കുന്നത് എന്നതാണ് വിരോധാഭാസം.
ആശാ വർക്കേഴ്സിന്റെ ഓണറേറിയം വർധിപ്പിക്കേണ്ടത് കേന്ദ്രസർക്കാറിന്റെ ഉത്തരവാദിത്തമാണെന്നാണ് സി.പി.എം നേതാക്കൾ ആവർത്തിക്കുന്നത്. ഈയിടെ സമരത്തെ അത്യന്തം അവഹേളിച്ച സി.ഐ.ടി.യു നേതാവ് എളമരം കരീം 2014ൽ പ്രതിപക്ഷ എം.എൽ.എയായിരിക്കെ ആശാ വർക്കേഴ്സിന്റെ ഓണറേറിയം 10,000 രൂപയായിവർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ സബ്മിഷൻ സമർപ്പിച്ചിരുന്നു. ഈ ആവശ്യം ഉന്നയിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ 20,000ത്തോളം ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരവും നടത്തി.
ഒരു പുരോഗമനപരമായ ആരോഗ്യ സംവിധാനത്തിനുള്ളിലും അടിമത്ത സമാനമായ തൊഴിൽവ്യവസ്ഥകൾ നിലനിൽക്കുന്നെന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ആശാ വർക്കർമാരുടെ ജീവിതം. കേരളത്തിലെ ആരോഗ്യമേഖലയിൽ നിർണായക സേവനംചെയ്യുന്ന ആശാ വർക്കർമാർക്ക് ന്യായമായ പ്രതിഫലവും തൊഴിൽസുരക്ഷയും ഉറപ്പാക്കൽ സർക്കാറിന്റെ ഉത്തരവാദിത്തമാണ്. രാജ്യത്തിന്റെ ആരോഗ്യസംരക്ഷണത്തിൽ നിർണായക പങ്കുവഹിക്കുന്ന ഈ തൊഴിലാളികൾക്ക് ശരിയായ ശമ്പളവ്യവസ്ഥ, പെൻഷൻ, ഇൻഷുറൻസ്, ക്ഷേമനിധിഫണ്ടുകൾ തുടങ്ങിയ അവകാശങ്ങൾ ലഭ്യമാക്കുന്നതിലൂടെ മാത്രമേ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അവരെ സന്നദ്ധപ്രവർത്തകരായി കണക്കാക്കി തൊഴിൽഅവകാശങ്ങൾ നിഷേധിക്കുന്നത് ആശങ്കാജനകമാണ്. അവരുടെ സേവനം ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതിനൊപ്പം, തൊഴിൽസുരക്ഷയും ആനുകൂല്യങ്ങളും ഉൾപ്പെടെ അടിസ്ഥാനാവകാശങ്ങൾ ഉറപ്പാക്കേണ്ടത് കേരളത്തിലെ പൊതുജനാരോഗ്യരംഗം കൂടുതൽശക്തിപ്പെടുത്തുന്നതിന് അത്യാവശ്യമാണ്.
കടപ്പാട്: ഈ ലേഖനം തയാറാക്കുന്നതിന് പ്രഫ. ജെ.ദേവിക നൽകിയ പിന്തുണക്കും കെ.എച്ച്.ഡബ്ല്യൂ.എയുടെ സഹായത്തിനും അനുഭവങ്ങൾപങ്കുവെച്ച ആശാ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു
(തിരുവനന്തപുരം സി.ഡി.എസിൽ റിസർച് സ്കോളർമാരാണ് ലേഖകർ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.