കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം ലഭിക്കാഞ്ഞതിനാൽ മതിയായ ​ചികിത്സ തേടാനാവാതെ മരണപ്പെട്ട ഫിലോമിനയുടെ മൃതദേഹവുമേന്തി ബാങ്കിനു മുന്നിൽ നടത്തിയ പ്രതിഷേധം (ഫയൽ ചിത്രം)

കരുവന്നൂർ എന്ന ദുഃഖം

കരുവന്നൂർ സഹകരണബാങ്കിൽ നിക്ഷേപകയായിരുന്ന ഫിലോമിന എന്ന വീട്ടമ്മയുടെ ദാരുണ മരണത്തോടെ കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയിലെ ക്രമക്കേടുകൾ വീണ്ടും ചർച്ചയായിരിക്കുന്നു. ബാങ്കിങ് നിയന്ത്രണ നിയമം കേരളത്തിലെ സഹകരണ മേഖലക്ക് വെല്ലുവിളി ഉയർത്തുന്ന ഘട്ടത്തിലാണ് ഈ തട്ടിപ്പ് വിവാദം എന്നത് ആശങ്കജനകമാണ്. ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മറ്റും സഹകരണ ബാങ്കുകളെ വട്ടമിട്ട് കറങ്ങുകയാണ്.

കേരളത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പ്രാഥമിക സഹകരണ ബാങ്കുകൾ ഈ വിവാദത്തെതുടർന്ന് ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകൾ 60 ശതമാനം സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും കൈകളിലാണ്. 35 ശതമാനം കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും കൈകളിലും ബാക്കി അഞ്ചു ശതമാനം ബി.ജെ.പി അടക്കമുള്ള എൽ.ഡി.എഫ്-യു.ഡി.എഫ് ഇതര കക്ഷികളുടെ നിയന്ത്രണത്തിലുമാണ്.

സഹകരണ സംഘങ്ങളിൽ മൊത്തം 2.46 ലക്ഷം കോടി രൂപ നിക്ഷേപം ഉണ്ടെന്ന് സർക്കാർ അവകാശപ്പെടുന്നു. എന്നാൽ, 1600ൽ പരം വരുന്ന പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപം എത്രയുണ്ടെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. അതു കൂടി അറിഞ്ഞാലേ പ്രാഥമിക സഹകരണ ബാങ്കുകളിലെ റിപ്പോർട്ട് ചെയ്യപ്പെട്ട വായ്പ-നിക്ഷേപ തട്ടിപ്പിന്റെ ആഘാതം അറിയാൻ സാധിക്കുകയുള്ളൂ. കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയുടെ വിശ്വാസ്യത നിലനിർത്തേണ്ടത് ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ കെട്ടുറപ്പിന് അത്യന്താപേക്ഷിതമാണ്.

കരുവന്നൂർ നിക്ഷേപ വായ്പാ ത്തട്ടിപ്പിന് സത്വരപരിഹാരം ഉണ്ടായില്ലെങ്കിൽ അത് സാധ്യമാകുമെന്ന് തോന്നുന്നില്ല. പരിഹാര നടപടിയായി കഴിഞ്ഞ ഒരു വർഷക്കാലം സർക്കാർ ഭാഗത്തുനിന്ന് പലതും പറഞ്ഞുകേൾക്കുന്നുണ്ട്. എല്ലാവർക്കും നിക്ഷേപം തിരികെ നൽകാൻ ഒരു പാക്കേജിന് രൂപം നൽകിയിട്ടുണ്ടെന്ന് സഹകരണ മന്ത്രി വ്യക്തമാക്കിയിരുന്നുവെങ്കിലും അതൊന്നും പ്രവൃത്തി പഥത്തിൽ വന്നിട്ടില്ല. കേരള ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഒരു കൺസോർട്ട്യം രൂപവത്കരിക്കുമെന്നും നിക്ഷേപം തിരിച്ചു കൊടുക്കുന്നതിന് പരിഹാരമുണ്ടാക്കുമെന്നും പിന്നീട് പറഞ്ഞുകേട്ടു.

ഇപ്പോൾ കേൾക്കുന്നു അതിന് നിയമ തടസ്സമുണ്ടെന്ന്. ഓണത്തിന് മുമ്പ് കരുവന്നൂർ പ്രതിസന്ധി തീർക്കുമെന്നാണ് മുൻ എം.എൽ.എ കൂടിയായ കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ പറയുന്നത്. എന്നാൽ, അത് എങ്ങനെയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. കൃത്യമായ ഒരു പരിഹാരമാർഗം ഉരുത്തിരിഞ്ഞ് വരാത്ത സാഹചര്യത്തിൽ ഉയർന്നുവരുന്ന ഒരു ചോദ്യമുണ്ട്. ഇത്തരം പ്രതിസന്ധിഘട്ടത്തിൽപെടുന്ന സഹകരണ സംഘങ്ങളെ സഹായിക്കാൻ സർക്കാറിന് നേരിട്ട് സാധ്യമാകുന്ന വ്യവസ്ഥ സഹകരണ നിയമത്തിൽ ഇല്ലേ എന്ന്. ഉണ്ട്, എന്നാണ് അതിനുള്ള ഉത്തരം.

സഹകരണ നിയമത്തിലെ വകുപ്പ് 53 പ്രകാരം സഹകരണ സംഘങ്ങൾക്ക് സർക്കാറിന് നേരിട്ട് വായ്പ അനുവദിക്കാവുന്നതാണ്. അതല്ല, മറ്റുവിധത്തിൽ അത്തരം സ്ഥാപനങ്ങൾ സ്വീകരിക്കുന്ന നിക്ഷേപങ്ങൾ തിരിച്ചുനൽകുന്നതിനും അതിന്മേലുള്ള പലിശക്കും വായ്പ വാങ്ങുന്നതിന് സർക്കാറിന് ഗാരന്റി നൽകാവുന്നതാണ് (വകുപ്പ് 53 (ഇ). ഇത്തരം ഒരു ശാശ്വത പരിഹാരനടപടിയിലേക്ക് സർക്കാർ ഇതുവരെ നീങ്ങിയിട്ടില്ല.

സഹകരണ മേഖലയിലെ തട്ടിപ്പ് തടയാൻ സഹകരണ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് സഹകരണ വകുപ്പ് മന്ത്രി അസംബ്ലിയിൽ വ്യക്തമാക്കിയിരുന്നു. വെട്ടിപ്പും തട്ടിപ്പും നടത്തുന്ന സംഘങ്ങൾക്കെതിരെ സിവിൽ നടപടിക്ക് പുറമെ സമാന്തരമായി ക്രിമിനൽ നടപടി സ്വീകരിക്കാൻ ലക്ഷ്യമിട്ടാണ് ഭേദഗതി എന്നാണ് മന്ത്രി പറയുന്നത്. അതൊക്കെ ഒരുതരം കണ്ണിൽ പൊടിയിടലാണ്.

നിലവിലുള്ള സഹകരണ നിയമം ശക്തവും കാലാകാലങ്ങളിലായി വരുത്തിയ ഭേദഗതികളിലൂടെ ഏറക്കുറെ സമഗ്രവുമാണ്. നിയമത്തിന്റെ അഭാവം കൊണ്ടല്ല സഹകരണ ബാങ്കുകളിൽ നടക്കുന്ന തട്ടിപ്പും വെട്ടിപ്പും തടയാൻ ഫലപ്രദമായി നടപടി സ്വീകരിക്കാൻ കഴിയാത്തത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ട് സകലതും അട്ടിമറിക്കുന്നു.

സംസ്ഥാന ഭരണത്തിൽ ഒരു വകുപ്പിലും സംഭവിക്കാത്ത ഒരു കാര്യം സഹകരണ വകുപ്പിൽ കാലാകാലങ്ങളിലായി നടന്നുവരുന്നുണ്ട്. ഭരണമാറ്റം സംഭവിക്കുമ്പോൾ എൽ.ഡി.എഫ് ആണ് ഭരണത്തിൽ വരുന്നതെങ്കിൽ ഇടതുപക്ഷത്തോട് പ്രത്യേകിച്ച് സി.പി.എമ്മിനോട് ആഭിമുഖ്യം പുലർത്തുന്ന ജോയന്റ് രജിസ്ട്രാർ (ജനറൽ)മാരെ ജില്ലകളിൽ ഭരണവിഭാഗം ജോയന്റ് രജിസ്ട്രാർമാരായി നിയമിക്കുന്നു. അതുപോലെ, താലൂക്ക് അടിസ്ഥാനത്തിലുള്ള സർക്കിൾ ഓഫിസുകളിൽ ഭരണ വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) മാരായും ഇടതുപക്ഷ കൂറുള്ളവരെ നിയമിക്കുന്നു.

പഞ്ചായത്തുതല യൂനിറ്റുകളിൽ സഹകരണ ഇൻസ്പെക്ടർമാരായി സി.പി.എമ്മിനോട് കൂറുള്ളവരെ മാത്രം തിരഞ്ഞുപിടിച്ച് നിയമിക്കുന്നു. യു.ഡി.എഫ് ഭരണത്തിൽ വരുമ്പോൾ അവരും തങ്ങളോട് ആഭിമുഖ്യവും കൂറുമുള്ള ആളുകളെ നിയമിക്കുന്നു. ഈ നടപടി കാരണം പ്രതിപക്ഷ പാർട്ടികളോട് ആഭിമുഖ്യം പുലർത്തുന്നവർ ഓഡിറ്റ് വിഭാഗത്തിലാണ് എത്തിപ്പെടുക.

സംഘങ്ങളുടെ ഓഡിറ്റിൽ എന്ത് ക്രമക്കേടുകൾ കണ്ടു പിടിച്ചാലും ഭരണവിഭാഗത്തിന് റിപ്പോർട്ട് അയക്കാമെന്നല്ലാതെ ഓഡിറ്റ് വിഭാഗത്തിന് നടപടികളെടുക്കാൻ നിയമപരമായി കഴിയുകയില്ല. സംഘം ഭരണപക്ഷത്തോട് ബന്ധപ്പെട്ടതാണെങ്കിൽ റിപ്പോർട്ട് മൂടിവെക്കപ്പെടും, അല്ലെങ്കിൽ നടപടി പരമാവധി വൈകിപ്പിക്കും. 20 വർഷം പഴക്കമുള്ള കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ നടപടി ഉണ്ടാവാതെപോയത് ഇക്കാരണം കൊണ്ടൊക്കെയാണ്. ആവർത്തിച്ചുപറയട്ടെ, നിയമം ശക്തമല്ലാത്തതുകൊണ്ടല്ല, വൃത്തികെട്ട രാഷ്ട്രീയത്തിന്റെ അധാർമിക നിലപാടുകൾ കാരണമാണ് സഹകരണ മേഖലയിൽ അഴിമതിക്കും ക്രമക്കേടുകൾക്കും എതിരെ ഫലപ്രദമായ നടപടി ഉണ്ടാകാത്തത്.

ബാങ്കുകളിൽ നടക്കുന്ന വെട്ടിപ്പും തട്ടിപ്പും തടയാൻ രണ്ട് പരിഹാര നിർദേശങ്ങളാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. സംസ്ഥാനത്തെ 1600 പ്രാഥമിക സഹകരണ ബാങ്കുകളിലും അവയുടെ 4500 ബ്രാഞ്ചുകളിലും തട്ടിപ്പ് തടയാൻ ലക്ഷ്യമിട്ട് ഒരു ഏകീകൃത സോഫ്റ്റ് വെയർ നടപ്പിലാക്കുകയാണ് ആദ്യപടി. സംസ്ഥാനത്തെ സഹകരണ സംഘങ്ങളെല്ലാം ഇപ്പോൾ സ്വന്തം നിലയിൽ സ്ഥാപിച്ച സോഫ്റ്റ് വെയറുകൾ വഴിയാണ് ഇടപാടുകൾ നടത്തിവരുന്നത്. ഇതിന് ഒരു അപവാദമായി പറയാനുള്ളത് മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി കോ-ഓപറേറ്റിവ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളാണ്.

15 വർഷംകൊണ്ട് അവർ വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയർ വഴിയാണ് മലപ്പുറം ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകൾ അവരുടെ ഇടപാടുകൾ നടത്തുന്നത്. ഏകീകൃത സോഫ്റ്റ് വെയർ നടപ്പാക്കാൻ തീരുമാനിച്ചതിന്റെ വെളിച്ചത്തിൽ ടെൻഡർ നടപടികളുമായി സഹകരണ വകുപ്പ് മുന്നോട്ടുപോകുന്നതായി അറിയുന്നു. അതേസമയം, കേരളത്തിലെ സഹകരണ ബാങ്കുകളുടെ മുഴുവൻ ഡേറ്റയും ഒരു ഏകീകൃത സോഫ്റ്റ് വെയറിയിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാറും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സഹകരണ വകുപ്പും, സഹകരണ ബാങ്കുകളും തമ്മിലെ ഉഭയകക്ഷി സമ്മതത്തോടെയുള്ള കരാറിലൂടെ അല്ലാതെ ഏകീകൃത സോഫ്റ്റ് വെയർ നടപ്പാക്കാൻ കഴിയില്ല.

വ്യക്തികളുടെ നിക്ഷേപത്തിന്റെ സ്വകാര്യത സൂക്ഷിക്കേണ്ടത് ബാങ്കുകളുടെ നിയമപരമായ ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റാൻ ഒരു ഏകീകൃത സോഫ്റ്റ് വെയറിന്റെ ഭാഗമായാൽ ബാങ്കുകൾക്ക് സാധ്യമാവുകയില്ല. മറ്റൊന്ന് ഔചിത്യത്തിന്റെയും പ്രോട്ടോകോളിന്റെയും പ്രശ്നമാണ്. സഹകരണ ബാങ്കുകളിൽ സ്ഥാപിക്കുന്ന സോഫ്റ്റ് വെയർ സിസ്റ്റത്തിന്റെ സൂപ്പർവൈസറായ സഹകരണ വകുപ്പ് സോഫ്റ്റ് വെയർ വെണ്ടർ(വിൽപനക്കാരൻ) റോളിലേക്ക് വരാൻ ശ്രമിക്കുന്നത് അനുചിതമാണ്. ശക്തമായ എതിർപ്പു കാരണം നാലഞ്ച് വർഷം മുമ്പ് ഉപേക്ഷിക്കുകയോ മാറ്റിവെക്കപ്പെടുകയോ ചെയ്ത ഏകീകൃത സോഫ്റ്റ് വെയർ പ്രോഗ്രാം കരുവന്നൂർ ബാങ്ക് വിവാദം മറയാക്കി വീണ്ടും നടപ്പാക്കാൻ ശ്രമിക്കുന്നതിൽ ദുരൂഹതയുണ്ട്.

(റിട്ട.സഹകരണ ജോയന്റ് രജിസ്ട്രാറാണ് ലേഖകൻ)

Tags:    
News Summary - Karuvannur is The sadness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.