ഈ വിഷമുക്തി ചികിത്സ നീണ്ടുനിന്നെങ്കിൽ

പൊലീസിനെ വർഗീയമുക്​തമാക്കുമെന്ന്​, സ്ഥാനമേറ്റ ആദ്യ ആഴ്​ചതന്നെ ഡി.കെ. ശിവകുമാർ ശക്​തമായ ഭാഷയിൽ പ്രഖ്യാപിച്ചു. പൊലീസ്​ സ്​റ്റേഷനുകൾ സംഘ്​പരിവാർ കാര്യാലയങ്ങൾ കണക്കെ പ്രവർത്തിക്കുന്ന രീതിക്ക്​ മാറ്റംവന്നതി​ന്റെ സൂചനകളും പ്രകടമാണ്​. ആരംഭശൂരത്വമായി ഇത് അവസാനിക്കാതിരുന്നാൽ രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കർണാടക നൽകുന്ന സംഭാവനകൾ വിലമതിക്കാനാകാത്തതാകും. വർഗീയ വിദ്വേഷപ്രചാരണങ്ങൾ വഴി മുതലെടുപ്പിന്​ ശ്രമിക്കുന്നവരെ എങ്ങനെ അമർച്ച ചെയ്യണമെന്നകാര്യത്തിൽ കേരളത്തിനും ഇവിടെ ചില മാതൃകകൾ ഉണ്ട്

ജനാധിപത്യത്തിലെ പഴുതുകൾ ഉപയോഗിച്ച് സമഗ്രാധിപത്യം സ്ഥാപിച്ചെടുക്കുകയെന്ന ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും അടവുകൾക്ക്​ സമീപകാലത്ത്​ ഏറ്റവും കനത്ത തിരിച്ചടി നൽകിയത്​ കർണാടകയിലെ ജനങ്ങളാണ്​.

സംഘ്​പരിവാർ മുന്നോട്ടുവെക്കുന്ന അതിവർഗീയ ഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ടല്ല, അതിശക്​തമായ സംഘ്പരിവാർ വിരുദ്ധ നിലപാടുയർത്തിയും ജനകീയപ്രശ്നങ്ങൾ സജീവമാക്കിയും മാത്രമേ അതിജയിക്കാനാകൂ എന്ന്​ കോൺഗ്രസ്​ പാർട്ടിയെ ബോധ്യപ്പെടുത്താനും അവിടത്തെ ജനങ്ങൾക്ക്​ സാധിച്ചു.

സമാധാനജീവിതത്തിന് ഭംഗംവരുത്തിയാൽ ബജ്​രംഗ്ദളിനെയും നിരോധിക്കുമെന്നതടക്കമുള്ള വാഗ്ദാനങ്ങൾ സമാധാനകാംക്ഷികളായ ജനങ്ങൾ സ്വീകരിച്ചു. വിദ്യാഭ്യാസ മേഖല, സാംസ്​കാരിക രംഗം, പൊലീസ്​ എന്നിങ്ങനെ സമസ്​ത മേഖലകളും വർഗീയതയിൽ മുക്കി തെന്നിന്ത്യയിലെ ഗുജറാത്താക്കി മാറ്റാനുള്ള ബി.ജെ.പി അജണ്ടയെ അവർ തിരസ്​കരിച്ചു.

സിദ്ധരാമയ്യ മുഖ്യമന്ത്രിയും ഡി.കെ. ശിവകുമാർ ആഭ്യന്തര വകുപ്പി​ന്റെ ചുമതല കൈയാളുന്ന ഉപമുഖ്യമന്ത്രിയുമായി കോൺഗ്രസ്​ സർക്കാർ അധികാരമേറ്റിട്ട്​ ഒരുമാസം പോലുമായിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോഴൊരു പ്രോഗ്രസ്​ കാർഡ്​ തയാറാക്കി റാങ്ക്​ നൽകുന്നതിൽ അർഥമില്ല.

എന്നിരിക്കിലും, ജനവിധിയിലെ വർഗീയവിരുദ്ധതയുടെ പൊരുൾ തിരിച്ചറിഞ്ഞ്​ പ്രവർത്തിക്കുന്ന ഒരു ഭരണകൂടത്തെയാണ്​ ആദ്യദിനങ്ങളിൽ കാണാനാവുന്നത്​ എന്ന സന്തോഷം പങ്കുവെക്കാതിരിക്കാനാവുന്നില്ല.

പൊലീസിനെ വർഗീയമുക്​തമാക്കുമെന്ന്​, സ്ഥാനമേറ്റ ആദ്യ ആഴ്​ചതന്നെ ഡി.കെ. ശിവകുമാർ ശക്​തമായ ഭാഷയിൽ പ്രഖ്യാപിച്ചു. പൊലീസ്​ സ്​റ്റേഷനുകൾ സംഘ്​പരിവാർ കാര്യാലയങ്ങൾ കണക്കെ പ്രവർത്തിക്കുന്ന രീതിക്ക്​ മാറ്റംവന്നതി​ന്റെ സൂചനകളും പ്രകടമാണ്​.

ആരംഭശൂരത്വമായി ഇത് അവസാനിക്കാതിരുന്നാൽ രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കർണാടക നൽകുന്ന സംഭാവനകൾ വിലമതിക്കാനാകാത്തതാകും. വർഗീയ വിദ്വേഷപ്രചാരണങ്ങൾ വഴി മുതലെടുപ്പിന്​ ശ്രമിക്കുന്നവരെ എങ്ങനെ അമർച്ച ചെയ്യണമെന്നകാര്യത്തിൽ കേരളത്തിനും ഇവിടെ ചില മാതൃകകൾ ഉണ്ട്.

വിദ്വേഷപ്രചാരണം തടയാൻ ഹെൽപ് ലൈൻ

ജൂൺ രണ്ടിന് ദക്ഷിണകന്നട ജില്ലയിൽ മംഗളൂരുവിലെ സോമേശ്വര ബീച്ചിൽ സഹോദര സമുദായക്കാരായ പെൺ സുഹൃത്തുക്കളുമായി സംസാരിച്ചുവെന്നാരോപിച്ച്​ കാസർകോട് സ്വദേശികളെ തീവ്രഹിന്ദുത്വ സംഘടനാപ്രവർത്തകർ ആക്രമിച്ചു. കുറെക്കാലമായി ഒരു അവകാശമെന്നമട്ടിൽ അവർ നടത്തി വരുന്നതാണ്​ ഇത്തരം അതിക്രമം.

എന്നാൽ, പതിവിന് വിപരീതമായി ഏഴ് ആക്രമികളെയും പൊലീസ്​ പിടികൂടി. വിട്ടയക്കണമെന്ന ആവശ്യവുമായി സംഘ്പരിവാർ പ്രവർത്തകർ സ്റ്റേഷനിൽ എത്തി ബഹളംവെച്ചുവെങ്കിലും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അറസ്​റ്റിൽ തുടർ നടപടികളുമുണ്ടാകുമെന്ന നിലപാടിൽ ഉറച്ചുനിന്നു പൊലീസ്.

സംഗതി അവിടംകൊണ്ടും തീർന്നില്ല, പ്രവർത്തകർക്കെതിരെ കോൺഗ്രസ് സർക്കാർ വ്യാജകേസുകൾ ചുമത്തുകയാണെന്നും ഇവരെ സഹായിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന അഭിഭാഷകരടങ്ങിയ ഹെൽപ് ലൈൻ തുടങ്ങുമെന്നും പ്രഖ്യാപിച്ച്​ യുവമോർച്ച ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ എം.പി മുന്നോട്ടുവന്നു.

അത്​ കേട്ട്​ വിരണ്ട്​ പിന്മാറുകയല്ല, വർഗീയ ചേരിതിരിവ് ഉണ്ടാക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താൻ സർക്കാർ ‘പീസ് ഫുൾ കർണാടക’ ഹെൽപ്​ ലൈൻ സജ്ജമാക്കുമെന്ന പ്രഖ്യാപനവുമായാണ്​ വ്യവസായമന്ത്രി എം.ബി. പാട്ടീൽ ഇതിനോട് പ്രതികരിച്ചത്. വിദ്വേഷരചനകൾക്ക്​ കുപ്രസിദ്ധനായ ചക്രവർത്തി സുലിബലെ എന്നയാൾക്ക് മുന്നറിയിപ്പും നൽകി.

കഴിഞ്ഞ കാലങ്ങളിലേതുപോലെ ഹലാൽ, ബാങ്കുവിളി, ഹിജാബ് തുടങ്ങിയ കാര്യങ്ങളിൽ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക് ഇനിയുള്ള കാലം ജയിലിൽ കിടക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. മുസ്‍ലിം സ്ത്രീകൾ കുട്ടികളെ പ്രസവിക്കുന്ന യന്ത്രങ്ങളാണെന്ന് അപഹസിക്കുന്ന വാട്സ്ആപ് സ്റ്റാറ്റസ് പങ്കുവെച്ച റായ്ചൂരിലെ ആർ.എസ്.എസ് പ്രവർത്തകനെ കഴിഞ്ഞദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പാഠം ഒന്ന്​: ഭരണഘടന

കർണാടകയിലെ ബി.ജെ.പി ഭരണകാലം ഏറ്റവുമധികം നാശംവിതച്ചത്​ വിദ്യാഭ്യാസമേഖലയിലായിരുന്നു. പാഠപുസ്​തകങ്ങൾ തിരുത്തിയും ഹിജാബ്​ നിരോധിച്ചുമെല്ലാം അടുത്തടുത്തിരിക്കുന്ന കുട്ടികളെ ശത്രുക്കളാക്കിമാറ്റി വർഗീയ സർക്കാർ. വിഷമയമായി മാറിയ ആ അന്തരീക്ഷത്തെ ഭരണഘടന കൊണ്ട്​ ചികിത്സിക്കാൻ മുന്നോട്ടുവരുന്നു സിദ്ധരാമയ്യ സർക്കാർ.

സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കുന്ന പദ്ധതി നടപ്പിലാക്കാൻ സാമൂഹിക ക്ഷേമവകുപ്പാണ്​ നിർദേശിച്ചിരിക്കുന്നത്​. ഭരണഘടനാമൂല്യങ്ങൾ എല്ലാവരിലേക്കും എത്തിക്കേണ്ടത് സർക്കാറിന്റെ ചുമതലയാണെന്ന് പ്രഖ്യാപിച്ച വകുപ്പ് മന്ത്രി എച്ച്.സി. മഹാദേവപ്പ ഈ അധ്യയനവർഷം മുതൽ വകുപ്പിന് കീഴിലുള്ള 850 റസിഡൻഷ്യൽ സ്കൂളുകളിൽ നിർദേശം നടപ്പാക്കുമെന്നറിയിച്ചു.

വകുപ്പി​ന്റെ യോഗങ്ങളിൽ ഭരണഘടന ആമുഖം വായിക്കുന്നത് തുടങ്ങിക്കഴിഞ്ഞു. ‘ഇന്ത്യ മതനിരപേക്ഷ ജനാധിപത്യ രാജ്യമാണെന്നും അതിലെ പൗരജനങ്ങൾക്കെല്ലാം തുല്യനീതി നൽകുന്നുവെന്നും അവരവരുടെ മതവിശ്വാസമനുസരിച്ച് ജീവിക്കാമെന്നും’ പ്രഖ്യാപിക്കുന്ന ഭരണഘടനയുടെ ആമുഖം വായിച്ച് ഉദ്യോഗസ്​ഥർ ജോലിയും വിദ്യാർഥികൾ പഠനവും തുടങ്ങുമ്പോൾ അത് രാജ്യഭാവിക്ക് നൽകുന്ന കരുത്തും സംഘ്പരിവാറിനേൽപിക്കുന്ന ആഘാതവും ഏറെ വലുതാണ്.

സംഘ്പരിവാർ ആശയങ്ങൾ അടിച്ചേൽപിച്ച പാഠപുസ്തകങ്ങളിൽ മാറ്റംവരുത്താൻ വിദഗ്ധസമിതി രൂപവത്കരിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്​. വിവാദഭാഗങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് നാൽപതോളം എഴുത്തുകാർ മുഖ്യമന്ത്രി സിദ്ദരാമയ്യയെ കണ്ടിരുന്നു. പുസ്തകങ്ങളിലൂടെ കുട്ടികളുടെ മനസ്സിനെ മലിനമാക്കുന്നതും വെറുപ്പ് പരത്തുന്നതും തടയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വേണ്ട മാറ്റങ്ങൾ വരുത്തുമെന്നാണ് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പയുടെയും പ്രതികരണം.

അവസാനിക്കുമോ, പശുവി​ന്റെ പേരിലെ കൊല?

കർഷകദുരിതവും ആൾക്കൂട്ടക്കൊലയുമായിരുന്നു ബി.ജെ.പി സർക്കാർ നടപ്പാക്കിയ ഗോവധ നിരോധന നിയമത്തിന്റെ പരിണിതഫലം. പശുക്കളെ കശാപ്പ് ചെയ്യാൻ പാടില്ലെന്നും 13 വയസ്സ് പൂർത്തിയായതോ സാരമായ രോഗമുള്ളതോ ആയ കാളകളെ മാത്രമേ മാംസത്തിനായി അറുക്കാവൂ എന്നും വ്യവസ്ഥ ചെയ്യുന്ന നിയമം 2020ലാണ് കൊണ്ടുവന്നത്.

ലംഘിക്കുന്നവർക്ക് അഞ്ചുമുതൽ ഏഴ് വർഷം വരെ തടവും അഞ്ചുലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. പ്രായംചെന്ന പശുകളെ വിൽക്കാനോ ചത്ത പശുക്കളെ സംസ്കരിക്കാനോ നിയമം മൂലം കർഷകർ ഏറെ ബുദ്ധിമുട്ടുന്നു. വരുമാനവും നിലച്ചു. ഇതിനാൽ നിയമം പുനഃപരിശോധിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. വെങ്കിടേശ് കഴിഞ്ഞ ദിവസമാണ് പറഞ്ഞത്.

നിയമം കർണാടകക്ക് വൻ സാമ്പത്തികാഘാതം സൃഷ്ടിച്ചതായും ബി.ജെ.പി സർക്കാറിന്റെ ധനകാര്യ റിപ്പോർട്ടിൽ തന്നെ ഇക്കാര്യമുണ്ടെന്നും ഹിജാബ് നിരോധനമടക്കമുള്ളവ സംസ്ഥാനത്തിന്റെ സാമ്പത്തിക- സാമൂഹിക പുരോഗതിക്ക് എതിരാണെന്ന് കണ്ടാൽ ഒഴിവാക്കുമെന്നും ഗ്രാമവികസനമന്ത്രി പ്രിയങ്ക് ഖാർഗെയും പറയുന്നു.

ഗോശാലകളിലുള്ള പശുക്കളെ ഏറ്റെടുത്ത്​ സംരക്ഷിക്കുന്ന പദ്ധതി എന്ന പേരിൽ ബി.ജെ.പി സർക്കാർ നടപ്പാക്കിയ ‘പുണ്യകോടി ദത്ത് യോജന’ വൻ പരാജയമായിരുന്നു. കർണാടകയിൽ 178 ഗോശാലകളിലായി ആകെ 23,155 പശുക്കളാണുള്ളത്.

ഇതുവരെയായി ആകെ 200 എണ്ണത്തിനെ മാത്രമേ ദത്തെടുത്തിട്ടുള്ളൂ. മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈ ദത്തെടുത്ത 11 എണ്ണവും മൃഗസംരക്ഷണ വകുപ്പ് മന്ത്രിയെടുത്ത 31 എണ്ണവുമടക്കമാണിത്.

ഗോമാതാവിനെ ഓർത്ത്​ കണ്ണീരൊഴുക്കുന്ന ബി.ജെ.പി എം.എൽ.എമാർപോലും പശുക്കളെ ദത്തെടുക്കാൻ തയാറായിരുന്നില്ല. പശുവി​ന്റെ പേരിൽ മറ്റുള്ളവരെ തല്ലാനും ശരിപ്പെടുത്താനും നടക്കുന്ന തിരക്കിനിടയിൽ വർഗീയ- ഗുണ്ടാ സംഘ്​ നേതാക്കൾക്കും ഇതിനൊന്നും നേരമുണ്ടായിരുന്നില്ല.

Tags:    
News Summary - karnataka-If the treatment of this problem lasts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.