മുജാഹിദ് വേദിയിൽ ഞാൻ നിർവഹിച്ചത് ജനാധിപത്യവാദിയുടെ ചുമതല -ജോൺ ബ്രിട്ടാസ്

മതനിരപേക്ഷത, മൈത്രി, സഹവർത്തിത്വം തുടങ്ങിയ കാര്യങ്ങളിൽ കേരളം രാജ്യത്തിന് മാതൃകയാണ്. എന്നാൽ, നമ്മുടെ നാട്ടിലേക്ക് ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ വിഷവും വിദ്വേഷവും കടത്തിവിടാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ വക്താക്കളെ കരുതിയിരിക്കണമെന്ന സന്ദേശത്തിനാണ് കോഴിക്കോട് മുജാഹിദ് സമ്മേളനത്തിൽ സംസാരിക്കവെ ഞാൻ അടിവരയിട്ടത്. പുതിയ കൺകെട്ടുകളുമായി ഇറങ്ങിയവർക്ക് അത് സഹിക്കാൻ കഴിയാത്തതുകൊണ്ട് ചിലർ രംഗത്തുവന്നിരിക്കുകയാണ്.

ഞാൻ സംസാരിച്ചതിന്റെ സാരാംശം ഇതാണ്:

ജനാധിപത്യം അർഥപൂർണമാകണമെങ്കിൽ എല്ലാവിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം അനിവാര്യം. ജനാധിപത്യത്തിന്റെ നെടുംതൂണുകൾ ഓരോന്ന് എടുത്താലും ന്യൂനപക്ഷപ്രാതിനിധ്യം തീർത്തും നിസ്സാരമാണ്. വലിയൊരു ശൂന്യത കാണാം.

സംഘ്പരിവാറിന്റെ വക്താക്കളെ ഉൾക്കൊള്ളാൻ നിങ്ങൾ ശ്രമംനടത്തുന്നു. നിങ്ങളെ ഉൾക്കൊള്ളാൻ അവർ തയാറാകുമോ? ഇല്ലെങ്കിൽ അത് ചോദിക്കേണ്ടതില്ലേ?

നിങ്ങളോട് സംവദിക്കാൻവരുന്ന പരിവാർനേതാക്കൾ തൊട്ടപ്പുറത്തേക്കിറങ്ങി മറ്റൊരു ന്യൂനപക്ഷത്തിന്റെ വേദികളിൽപോയി എന്താണ് പറയുന്നത്? നിങ്ങളെയും അവരെയും തമ്മിൽ തല്ലിക്കാനുള്ള ഹീനമായ ശ്രമങ്ങൾ പരസ്യമായല്ലേ അരങ്ങേറുന്നത്?

അയോധ്യ കഴിഞ്ഞപ്പോൾ പല മാധ്യമങ്ങളും നിരീക്ഷകരും പറഞ്ഞു, ധ്രുവീകരണനാളുകൾ കഴിഞ്ഞു എന്ന്. അത് അവസാനിക്കുന്നില്ല എന്ന് ഞങ്ങൾ അന്നേ പറഞ്ഞു. അത് ശരിവെക്കുന്നതല്ലേ കാശിക്കും മഥുരക്കും മേൽ ഉരുണ്ടുകൂടുന്ന കാർമേഘങ്ങൾ?

ആർ.എസ്.എസിന്റെ തനതായസംസ്കാരം സംവാദംകൊണ്ടു മാറ്റാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ? (എന്റെ തൊട്ടുമുമ്പേ സംസാരിച്ച മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറേഷിയെ ഉദ്ദേശിച്ചുള്ള ചോദ്യം. അതുകൊണ്ടാണ് ഇംഗ്ലീഷിൽ അത് ആവർത്തിച്ചത്. ഖുറേഷിയും ഏതാനും മുസ്‍ലിം ബുദ്ധിജീവികളും ആർ.എസ്.എസ് മേധാവിയുമായി സംവാദം തുടങ്ങിവെച്ചെങ്കിലും അത് എവിടെയും എത്തിയില്ല എന്നുമാത്രമല്ല, അന്തരീക്ഷം വഷളാകുകമാത്രമാണ് ചെയ്തത്).

ഈ പറഞ്ഞതൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ എന്നാണ് പലരുടെയും കണ്ടെത്തൽ. എന്നാൽ, ഇന്ത്യയുടെ യാഥാർഥ്യങ്ങളാണ് ഇവയൊക്കെ. ഇക്കാര്യങ്ങൾ ഉറക്കെ പറഞ്ഞ് ജാഗ്രതപ്പെടുത്തി മാത്രമേ കേരളത്തിന്റെ മതനിരപേക്ഷതയും മൈത്രിയും സംരക്ഷിക്കാൻ കഴിയൂ. കാതും കണ്ണും തുറന്നുവെച്ച് കൺകെട്ടുകാരുടെ വിദ്യകളെ പ്രതിരോധിച്ച് ഏതുതരത്തിലുള്ള വർഗീയതയും ശക്തിയായി തുറന്നുകാട്ടേണ്ടത് അനിവാര്യമാണ്.

ഇനി സംഘ്പരിവാർ നേതാക്കൾ പതിവായി ഉയർത്തുന്ന ദേശഭക്തിയുടെയും ദേശീയ ഐക്യത്തിന്റെയും സൗഹാർദത്തിന്റെയും ചില സൂക്തങ്ങൾ കാണാം!!

‘‘ഗോലീ മാറോ സാലോ കോ” - അവന്മാരുടെ മേൽ വെടിയുണ്ട ഉതിർക്കൂ (പൗരത്വഭേദഗതി നിയമത്തിനെതിരെ സമരംചെയ്യുന്ന മുസ്‍ലിംകളെ ഉദ്ദേശിച്ച് ഒരു കേന്ദ്രമന്ത്രി).

“മര്യാദക്ക് ജീവിച്ചില്ലെങ്കിൽ പാകിസ്താനിൽ പോയിക്കോണം.”

“മുഗളന്മാർ ചെയ്ത ക്രൂരതകൾക്ക് എണ്ണിയെണ്ണി കണക്കുചോദിക്കും.”

“അയോധ്യ സൂചനമാത്രം, കാശിയും മഥുരയും ബാക്കി.”

“ഇവന്മാർ പെറ്റുപെരുകിക്കൊണ്ടിരിക്കുന്നു.”

“ഗുജറാത്ത് കലാപം പാഠം പഠിപ്പിക്കൽ.”

“ബിൽക്കീസ് ബാനു കേസിൽ ശിക്ഷ ഇളവിന് അർഹതനേടിയവർക്ക് സ്വീകരണം ഇനിയും ഞങ്ങൾ നൽകും.”

“ഹിന്ദുവീടുകളിൽ കത്തി മൂർച്ചകൂട്ടി വെക്കണം, അവർക്കായി.”

അങ്ങനെ നീണ്ടുപോകുന്നു സൂക്തങ്ങളുടെ പട്ടിക.

ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ മറ്റൊന്നുകൂടി വന്നിട്ടുണ്ട്...

അയൽസംസ്ഥാനമായ കർണാടകയിലെ ബി.ജെ.പി അധ്യക്ഷൻ നളിൻകുമാർ കട്ടീലിന്റെ വക.

“റോഡ്, കാന എന്നീ പ്രശ്നങ്ങളല്ല ലവ് ജിഹാദ് പ്രശ്നങ്ങളിലാണ് പാർട്ടി പ്രവർത്തകർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.”

ഇന്ത്യൻവർത്തമാനം ഇതായിരിക്കെ ഫാഷിസ്റ്റ് പ്രവണതകളെ ചൂണ്ടിക്കാണിക്കുകയും എതിർക്കുകയും ചെയ്യാതെ മതനിരപേക്ഷ-ജനാധിപത്യചേരിക്ക് മുന്നോട്ടുപോകാനാവില്ല. മാനായി വരുന്ന മാരീചന്മാരെ തിരിച്ചറിയണമെന്ന ജാഗ്രതപ്പെടുത്തലായിരുന്നു കോഴിക്കോട്ടെ എന്റെ പ്രസംഗം. എന്റെ വാക്കുകളെ എതിർക്കുന്നവരേ, ഞാൻ ചെയ്തത് ഒരു മതനിരപേക്ഷ വിശ്വാസിയുടെ കടമയാണ്. ഒരു ജനാധിപത്യവാദിയുടെ ചുമതലയാണ്.

Tags:    
News Summary - john brittas in Kozhikode Mujahid Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.