കടൽകടക്കാം, കരുതലോടെ

ലക്ഷക്കണക്കിന് മലയാളികൾ തൊഴിൽ കണ്ടെത്തുകയും ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്ത നാടുകളാണ് ഗൾഫ് രാജ്യങ്ങൾ. കഴിവും സന്നദ്ധതയും ഉള്ളവർക്ക് ഇവിടെ ഇനിയും അവസരങ്ങളുടെ കലവറ തന്നെ തുറന്നുകിടക്കുന്നുമുണ്ട്. തട്ടിപ്പുകാരെ ഭയന്ന് നല്ല ജോലി കണ്ടെത്താൻ ശ്രമിക്കാതിരിക്കുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് സമമാണ്.

വിദേശത്തേക്ക് പോകുന്നവർ മാർഗനിർദേശത്തിന് കേന്ദ്ര സർക്കാറിൽ രജിസ്റ്റർ ചെയ്ത അംഗീകൃത ഏജൻറുമാരെ ആശ്രയിക്കണം. അംഗീകൃത ഏജൻറുമാരുടെ വിശദാംശങ്ങൾ അറിയാൻ www.emigrate.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. അംഗീകൃത ഏജൻറുമാർ മുഖേന വിദേശ ജോലിക്ക് പോകുന്നവർ എന്തെങ്കിലും പീഡനങ്ങൾ നേരിടുകയാണെങ്കിൽ ഇന്ത്യൻ എംബസിക്ക് ഇടപെടാൻ എളുപ്പമുണ്ട്. അനധികൃത ഏജൻറുമാർക്ക് പാസ്പോർട്ടും പണവും നൽകരുത്. പോവുന്നതിനുമുമ്പ് താമസിക്കുന്ന സ്ഥലത്തെ ലോക്കൽ പൊലീസ് സ്റ്റേഷനിൽനിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമ്പാദിക്കണം. വിസ സ്റ്റാമ്പിങ്ങിനും വിമാന ടിക്കറ്റിനും കൂടുതൽ പണം നൽകേണ്ട. ജോലി, താമസം, ഭക്ഷണം, അവധി, വിശ്രമസമയം, ഓവർടൈം ഡ്യൂട്ടി അലവൻസ്, മറ്റു സാഹചര്യങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ നേരത്തെ വ്യക്തത വരുത്തണം.

ഏജൻറ് പറയുന്നത് അപ്പടി വിശ്വസിക്കരുത്.

പ്രൊട്ടക്ടർ ഓഫ് എമിഗ്രൻറ് ഓഫിസ് വിദേശയാത്രക്കൊരുങ്ങുന്നവർക്ക് സൗജന്യമായി മാർഗനിർദേശവും പരിശീലനവും നൽകാറുണ്ട്. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പ്രൊട്ടക്ടർ ഓഫ് എമിഗ്രൻറ് ഓഫിസ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ളവർ തിരുവനന്തപുരം നോർക്ക സെൻററിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഓഫിസിലും (ഫോൺ: 0471 2336625,26 മെയിൽ: poetvm@gmail.com വെബ്സൈറ്റ്: poetvm@mea.gov.in) എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലക്കാർ എറണാകുളം പനമ്പിള്ളി നഗറിൽ ആർ.പി.ഒ ബിൽഡിങ്ങിലെ താഴെനിലയിൽ പ്രവർത്തിക്കുന്ന ഓഫിസിലുമാണ് (ഫോൺ: 0484 236187, 2372040 വെബ്: poecochin@mea.gov.in) ബന്ധപ്പെടേണ്ടത്.

ഇത്രയേറെ മനുഷ്യർ പ്രവാസം തേടുകയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് കരുത്തുപകരുകയും ചെയ്യുമ്പോഴും അവരുടെ പരിരക്ഷ ഉറപ്പുവരുത്തുന്നതിൽ ഇന്ത്യ വേണ്ടത്ര കരുതൽ പുലർത്തുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നുതന്നെയാണുത്തരം. ഫിലിപ്പീൻസ് പോലുള്ള രാജ്യങ്ങൾ, പ്രവാസത്തിനൊരുങ്ങുന്ന പൗരജനങ്ങൾക്ക് നൽകുന്ന പരിശീലനം ഗൾഫ് മേഖലയിൽ മുന്നേറാൻ അവർക്ക് നൽകുന്ന ആത്മവിശ്വാസം വലുതാണ്. നമ്മളും ഇക്കാര്യത്തിൽ അടിയന്തരമായ ഇടപെടൽ നടത്തേണ്ടിയിരിക്കുന്നു.

തയാറാക്കിയത്: ഷിഹാബ് അബ്ദുൽ കരീം, കെ. ഹുബൈബ്, സിജു ജോർജ്, എ. മുസ്തഫ, ടി.കെ.മുഹമ്മദ് അലി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.