1990കൾ മുതൽ തന്റെ തന്ത്രപരമായ ലക്ഷ്യത്തിൽ അചഞ്ചലനാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു: ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കുക. ഒരുവേള അമേരിക്കപോലും ഫലസ്തീനുമായുള്ള സമാധാന കരാറുകളിലും ഒത്തുതീർപ്പുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോഴും നെതന്യാഹു ഇറാനിൽ ഉറച്ചുനിൽക്കുകയായിരുന്നു.
ഫലസ്തീനുമായുള്ള സമാധാന കരാറിനെ വിമർശിക്കുന്നതിനിടയിലും നെതന്യാഹു ‘ഇറാൻ ഭീഷണി’ നിരന്തരം ഉയർത്തിക്കാട്ടി. ഇറാന്റെ ആണവ അഭിലാഷങ്ങൾ ആഗോളമോ പ്രാദേശികമോ ആയ ഒരു മുൻഗണനയല്ലാതിരുന്നപ്പോഴും അയാൾ ഏതാണ്ട് ഒറ്റക്കുനിന്ന് ഈ മുന്നറിയിപ്പ് നൽകിയിരുന്നു.
2000കളുടെ തുടക്കത്തിൽ, ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന ഏരിയൽ ഷാരോൺ അദ്ദേഹം ‘ഫലസ്തീൻ ഭീകരത’ എന്ന് വിവക്ഷിച്ച മുന്നേറ്റങ്ങളെയും അൽ-അഖ്സ ഇൻതിഫാദയെയും തകർക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോഴും നെതന്യാഹു ഇറാന്റെ ആണവ അഭിലാഷങ്ങളെക്കുറിച്ചാണ് മുന്നറിയിപ്പ് നൽകിയത്. ആഗോളതലത്തിൽ കൈകാര്യം ചെയ്യേണ്ട ഒരു അന്താരാഷ്ട്ര പ്രശ്നമായിട്ടാണ് ഷാരോൺ ഇറാനെ കണ്ടത്, എന്നാൽ ഏകപക്ഷീയമായ ഏറ്റുമുട്ടലായിരുന്നു നെതന്യാഹു ആഗ്രഹിച്ചത്. ഇറാന്റെ ആണവ ഭീഷണിയെ നിർവീര്യമാക്കിയ നേതാവെന്ന് യഹൂദ ചരിത്രത്തിൽ ഓർമിക്കപ്പെടണമെന്നാണ് നെതന്യാഹുവിന്റെ മോഹം.
ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കുനേരെ ആക്രമണം നടത്താനും അവരുടെ ശാസ്ത്രജ്ഞരെ വധിക്കാനും നെതന്യാഹുവും അന്നത്തെ പ്രതിരോധ മന്ത്രി യഹുദ് ബരാക്കും 2010ൽത്തന്നെ ഇസ്രായേൽ സൈന്യത്തോട് ഉത്തരവിട്ടിരുന്നു. യു.എസ് പിന്തുണയില്ലാതെ ഇറാനെ ആക്രമിക്കാനുള്ള സൈനിക ശേഷി ഇസ്രായേലിനില്ലെന്ന് മുന്നറിയിപ്പ് നൽകി ചീഫ് ഓഫ് സ്റ്റാഫ് ഗാബി അഷ്കെനാസി, ഷിൻ ബെറ്റ് തലവൻ യുവാൽ ഡിസ്കിൻ, മൊസാദ് തലവൻ മെയർ ദഗൻ എന്നീ ഉന്നത സുരക്ഷാ മേധാവികൾ പിൻവലിഞ്ഞുനിന്നതിനാലാണ് അത് നടക്കാതെ പോയത്.
ബരാക്കിന്റെ മുന്നറിയിപ്പിനെത്തുടർന്ന് നയതന്ത്ര ശ്രമങ്ങളിലേക്ക് തിരിഞ്ഞ ഒബാമ ഭരണകൂടം തെഹ്റാനുമായി സംയുക്ത സമഗ്ര പ്രവർത്തന പദ്ധതി (ജെ.സി.പി.ഒ.എ)ക്ക് ധാരണയായി. ഇറാനിൽ ബോംബിടുക എന്ന സ്വപ്നം മാറ്റമില്ലാതെ കൊണ്ടുനടന്ന നെതന്യാഹു ഒരു ബോംബിന്റെ കാർട്ടൂൺ പ്രദർശിപ്പിച്ചുകൊണ്ട്, യുറേനിയം സമ്പുഷ്ടീകരണത്തിൽ ഇറാൻ ചുവപ്പുരേഖ കടക്കുമെന്ന് യു.എൻ ജനറൽ അസംബ്ലിയിൽ മുന്നറിയിപ്പ് നൽകി.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇസ്രായേൽ ചാരസംഘടനായ മൊസാദ് ഇറാനിൽനിന്ന് മോഷ്ടിച്ചെടുത്തതായി പറയുന്ന ആണവ ശേഖരം ചൂണ്ടിക്കാട്ടി ആണവ കരാറിൽ നിന്ന് പിന്മാറാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നതിൽ നെതന്യാഹു വിജയം കണ്ടു. ‘‘സഖ്യകക്ഷികളാണെങ്കിൽ പോലും ലോകത്തിലെ ഏക ജൂതരാഷ്ട്രത്തിന്റെ നിയതി അപരിചിതരെ ഏൽപിക്കാനാവില്ല’’ എന്ന തന്റെ പതിവ് മുദ്രാവാക്യം ഉദ്ധരിച്ചുകൊണ്ട് രാഷ്ട്രീയവും സൈനികവുമായ സംവേഗശക്തി നിലനിർത്താൻ, ബാഹ്യ സഹായമില്ലാതെ ഇറാനെ ആക്രമിക്കുന്നതിന് തയാറെടുക്കാൻ നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടു.
അതോടെ ഉന്നം വെച്ചുള്ള കൊലപാതകങ്ങളും സൈബർ ആക്രമണങ്ങളും വർധിച്ചു. ഇറാനെതിരായ ഇസ്രായേലിന്റെ യുദ്ധം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു എന്നതിന്റെ സന്ദേശമായിരുന്നു ഒരു പതിറ്റാണ്ട് മുമ്പേ മൊസാദിന്റെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന ഇറാന്റെ ഉന്നത ആണവ ശാസ്ത്രജ്ഞൻ മൊഹ്സെൻ ഫക്രിസാദയെ 2020ൽ വധിച്ച സംഭവം.
ഇസ്രായേൽ-ഇറാൻ ഏറ്റുമുട്ടലിന് പിന്നെ അവസാനമുണ്ടായില്ല. ഒരു പ്രധാനമന്ത്രിക്കും അവഗണിക്കാൻ കഴിയാത്ത വിധത്തിൽ ഇസ്രായേലിന്റെ ദൈനംദിന രാഷ്ട്രീയ ജീവിതത്തിലേക്ക് നെതന്യാഹു ഒരു ഇറാനിയൻ രേഖ ഉൾച്ചേർത്തു. അച്ചുതണ്ടിന്റെ തലയിൽ-അതായത് ഇറാനിലേക്ക് ആയിരംവട്ടം ആഞ്ഞുകുത്തണമെന്ന് പ്രസ്താവിച്ച് മുൻ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് നെതന്യാഹുവിന്റെ നിലപാട് ഉയർത്തിപ്പിടിച്ചു.
ഹമാസ് നടത്തിയ തൂഫാനുൽ അൽ-അഖ്സ ഓപറേഷൻ ഇസ്രായേലിന്റെ ഭയം വർധിപ്പിച്ചു. ഗസ്സ, ലബനാൻ, സിറിയ, യമൻ, രഹസ്യമായി ഇറാൻ എന്നിങ്ങനെ പല മേഖലകളിലേക്ക് തെൽ അവീവ് ആക്രമണം വ്യാപിപ്പിച്ചു. ദുർബലപ്പെടുത്തിയ സിറിയൻ വ്യോമ പ്രതിരോധവും ഇറാഖ് വഴിയുള്ള ഒരു പുതിയ ഇടനാഴിയും ഉൾപ്പെടെയുള്ള പ്രാദേശിക മാറ്റങ്ങളെ ഇറാനിലേക്ക് കൂടുതൽ ആഴത്തിൽ ആക്രമണം നടത്തുന്നതിനായി അധിനിവേശ രാഷ്ട്രം ചൂഷണം ചെയ്തു.
2010ൽത്തന്നെ ഇറാനെ ആക്രമിക്കാതിരുന്നത് തന്ത്രപരമായ പിഴവായിപ്പോയെന്ന് തെൽ അവീവ് ഇപ്പോൾ കരുതുന്നു: ഇന്ന് ഇറാന്റെ ആണവ കേന്ദ്രങ്ങൾ കൂടുതൽ സമ്പുഷ്ടവും പ്രതിരോധം ശക്തവുമാണ്. ആണവായുധങ്ങൾ നേടിയാൽ, ഇറാനും സഖ്യകക്ഷികളും കൂടുതൽ വീരന്മാരാകുമെന്നും, യഥാർഥമായ ഒരു അസ്തിത്വ ഭീഷണി തടയാൻ ഇസ്രായേലിനെ നിർബന്ധിതമാക്കുമെന്നും ചില ഇസ്രായേലി വിശകലന വിദഗ്ധർ വാദിക്കുന്നു.
നെതന്യാഹു പതിറ്റാണ്ടുകളായി കൊണ്ടുനടക്കുന്ന അഭിനിവേശത്തിന്റെ പരിസമാപ്തിയാണ് നിലവിലെ യുദ്ധം. ഇറാനിലെ ശാസ്ത്രജ്ഞർ, ആണവ കേന്ദ്രങ്ങൾ, ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് കേന്ദ്രങ്ങൾ, സൈനിക ഉദ്യോഗസ്ഥർ എന്നിവരെയാണ് ആക്രമണം ലക്ഷ്യമിടുന്നതെന്ന് ഇസ്രായേലി മാധ്യമങ്ങൾ സമ്മതിക്കുന്നുണ്ടെങ്കിലും നെതന്യാഹുവിന്റെ മോഹങ്ങൾ അതിലുമപ്പുറമാണ്.
ഇസ്രായേലി ധിഷണാകേന്ദ്രങ്ങളും നയരൂപകർത്താക്കളും വ്യക്തമാക്കുന്നതു പ്രകാരം ദീർഘകാല ലക്ഷ്യം ഭരണമാറ്റമാണ്: ഇസ്ലാമിക് റിപ്പബ്ലിക്കിനെ തകർക്കുക, ഒരു ചങ്ങാതിഭരണകൂടത്തെ കുടിയിരുത്തുക, പ്രതിരോധത്തിന്റെ അച്ചുതണ്ട് തകർക്കുക. പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഈക്ക് പ്രായമായതിനാൽ ഭരണസംവിധാനം ദുർബലമാണെന്ന് ചിലർ വാദിക്കുന്നു.
ആഭ്യന്തരമായ അസ്വസ്ഥതകൾ ആളിക്കത്തും വിധത്തിൽ ഇറാന്റെ നേതൃനിരയെത്തന്നെ ഇല്ലാതാക്കിയും എണ്ണ സംഭരണികൾക്കുനേരെ ആക്രമണം അഴിച്ചുവിട്ടും കൂടുതൽ സമൂലമായ നടപടികൾ വേണമെന്നാണ് മറ്റു ചിലരുടെ വാദം. അതീവ അപകടസാധ്യതകളാണുള്ളതെങ്കിലും തെൽ അവീവ് ഇതിനെ ഒരു ചരിത്രപരമായ തുടക്കമായി കാണുന്നു. ഇത് ഇനി ഒരു നിഴൽയുദ്ധമല്ല. ഇതാദ്യമായി, ഇസ്രായേൽ ഇറാനിയൻ പ്രദേശത്തേക്ക് പരസ്യമായി ആക്രമണം നടത്തിക്കൊണ്ട് നേരിട്ടുള്ള പ്രതികാരത്തിന് തുടക്കമിട്ടിരിക്കുന്നു. അധിനിവേശ രാഷ്ട്രത്തിന് പ്രതിരോധവുമായി പാശ്ചാത്യ ശക്തികൾ പാഞ്ഞെത്തിയിട്ടുണ്ട്.
ഇറാന്റെ മറുപടിയെ നേരിടാനും ഇസ്ലാമിക് റിപ്പബ്ലിക്കിനെ തകർക്കാനും വരുംദശകങ്ങളിൽ പശ്ചിമേഷ്യൻ ശക്തി സമവാക്യങ്ങൾ മാറ്റിയെഴുതാനും തങ്ങൾക്കാകുമെന്ന് ഉറച്ചുപറയുകയാണ് ഇസ്രായേൽ. നെതന്യാഹു അതിരുകടന്നേക്കാം. പക്ഷേ, ഇറാൻ ഒറ്റപ്പെട്ടിട്ടില്ല. ഒന്നിലധികം മുന്നണികളിൽ തകർന്നടിഞ്ഞിട്ടും, ഹിസ്ബുല്ല മുതൽ അൻസാറുല്ലയും ഇറാഖി വിഭാഗങ്ങൾ വരെയുമായി പ്രതിരോധത്തിന്റെ അച്ചുതണ്ട് - അണിനിരന്നിരിക്കുന്നു. വിശാലമായ ഒരു ഏറ്റുമുട്ടലിന് മേഖല തയാറെടുക്കുകയാണ്.
നെതന്യാഹു ഒരു ജാലകം കാണുന്നു. തെഹ്റാൻ ഒരു ജാലകം മാത്രമല്ല, ചുറ്റുപിണഞ്ഞു കിടക്കുന്ന ഒരുപാട് ചുവപ്പ് വരകൾകൂടി കാണുന്നു. പശ്ചിമേഷ്യയുടെ മറ്റു ഭാഗങ്ങൾ കാണുന്നത് ഭൂപടം തന്നെ മാറ്റി വരക്കപ്പെട്ടേക്കാവുന്ന ഒരു യുദ്ധത്തെയാണ്.
(ലബനാനിലെ അൽ അഖ്ബാർ പത്രത്തിൽ മാധ്യമ പ്രവർത്തകനാണ് ഫലസ്തീൻ-ഇസ്രായേൽ വിഷയങ്ങളിൽ വിദഗ്ധനായ ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.