പരിഹാരം തേടുന്ന അസ്വാസ്​ഥ്യങ്ങൾ

ഒരുപക്ഷേ, സമീപകാല ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെയാണ് കശ്മീർ കടന്നുപോകുന്നത്. ശൈത്യകാലം അതിെൻറ ലക്ഷണങ്ങൾ പ്രകടമാക്കാൻ തുടങ്ങിയെങ്കിലും ജനകീയ പ്രതിഷേധങ്ങളുടെ ഉഷ്ണം സംസ്​ഥാനമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്നു.

വിഘടനവാദികൾ ഹർത്താൽ നടത്തിയും കടകളടപ്പിച്ചും ഇന്ത്യാവിരുദ്ധ റാലികൾ സംഘടിപ്പിച്ചും ജനങ്ങളുടെ പ്രതിഷേധവികാരം മുതലെടുക്കുന്നു. ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്നുളവായ സംഘർഷാന്തരീക്ഷം അയവില്ലാതെ നിലനിൽക്കുന്നു എന്ന് ചുരുക്കം. ജനമുന്നേറ്റത്തിന് കടിഞ്ഞാണിടാൻ ഭരണകർത്താക്കളുടെ പൂർണ പിന്തുണയോടെ ഓരോ മുക്കിലും മൂലയിലും സുരക്ഷാവിഭാഗം നിലയുറപ്പിച്ചിരിക്കുന്നു. തത്ത്വദീക്ഷയില്ലാത്ത വെടിവെപ്പുകളിൽ ഇതിനകം 90 പേർ മൃതിയടഞ്ഞു.

കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷവും യുവജനങ്ങളും കുട്ടികളും...പതിനായിരങ്ങൾ പരിക്കേറ്റ് ചികിത്സയിൽ. കണ്ണ് പോയവർ, കരചരണങ്ങൾ നഷ്ടപ്പെട്ടവർ. തിരക്കേറിയ ആശുപത്രികളിലും പുറത്തുമായി രോഗികളെ പരിചരിക്കുന്ന വിശ്രമമില്ലാത്ത ജോലികളിൽ മുഴുകി ഓരോ കുടുംബവും. റാലികളിൽ പങ്കെടുത്തതിന് ഏതാനും സർക്കാർ ഉദ്യോഗസ്​ഥരെ അധികൃതർ പിരിച്ചുവിടുകയുണ്ടായി. പ്രക്ഷോഭ സംഘാടകരെ അറസ്​റ്റ് ചെയ്യുന്നതിന് വിപുല നടപടികളും സന്നാഹങ്ങളുമൊരുക്കിയ അധികൃതർ ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതും വിലക്കുകയുണ്ടായി. കശ്മീർ റീഡർ ഉൾപ്പെടെയുള്ള പത്രങ്ങൾ നിരോധിക്കപ്പെട്ടു. പബ്ലിക് സേഫ്ടി ആക്ട് പ്രകാരമായിരുന്നു ഭൂരിപക്ഷം അറസ്​റ്റുകളും. ഈ ചട്ടപ്രകാരം അറസ്​റ്റ് ചെയ്യപ്പെട്ടവരെ വിചാരണയില്ലാതെ അധികൃതർക്ക് ഒരുവർഷം വരെ തടവിൽ സൂക്ഷിക്കാം.

മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയും പരിവാരവും ഒക്ടോബർ അവസാനവാരം ശ്രീനഗറിനോട് വിടപറഞ്ഞിരുന്നു. ശീതകാല തലസ്​ഥാനമായ ജമ്മുവിലാണ് അവർ നവംബർ ഏഴുമുതൽ ഔദ്യോഗിക കൃത്യനിർവഹണം ആരംഭിച്ചത്. എന്നാൽ, പതിവിൽനിന്ന് വ്യത്യസ്​തമായി ഇത്തവണ ജമ്മുവിൽ വേണ്ടത്ര ഔദ്യോഗിക സന്നാഹങ്ങൾ ഒരുക്കിയിട്ടില്ല. മുഖ്യമന്ത്രി പദവിയിൽ ഏഴുമാസം പൂർത്തീകരിച്ച മഹ്ബൂബക്ക് ഒട്ടും ജനസമ്മതിയില്ലാത്ത പി.ഡി.പി–ബി.ജെ.പി രാഷ്ട്രീയമുന്നണിയുടെ അടിത്തറ തെല്ലും ബലപ്പെടുത്താൻ സാധിച്ചിട്ടില്ല. മാത്രമല്ല, മുന്നണിക്കെതിരായ രോഷം ദിനേന വ്യാപകമാവുകയുമാണ്.

2010ലെ പ്രക്ഷുബ്ധാവസ്​ഥയിൽ അന്നത്തെ മുഖ്യമന്ത്രി ഉമർ അബ്ദുല്ലക്ക് കേന്ദ്രസർക്കാർ തുറന്ന പിന്തുണ നൽകിയ രീതിയിൽ തനിക്ക് മോദി സർക്കാറിെൻറ സഹായം സദാ ലഭ്യമാകുമെന്ന ശുഭാപ്തി മഹ്ബൂബക്ക് കരുത്ത് പകരുന്നുണ്ടാവണം. ബുർഹാൻ വാനി വധിക്കപ്പെട്ടതിനെ തുടർന്ന് ഒരുലക്ഷം അർധ സൈനിക വിഭാഗങ്ങളെയാണ് കേന്ദ്രം കശ്മീരിൽ വിന്യസിച്ചത്. രണ്ട് ബ്രിഗേഡ് പട്ടാളക്കാർ വിന്യസിക്കപ്പെട്ടു. അവിടെ സേനാവിന്യാസം എന്ന ആശയത്തോട് പി.ഡി.പിയിൽ എതിർപ്പുണ്ടെങ്കിലും സേനാ വിന്യാസത്തെ ന്യായീകരിക്കുന്നതിൽ മുഖ്യമന്ത്രിക്ക് ഒട്ടും സങ്കോചമില്ലെന്ന് സൂചിപ്പിക്കുന്നുണ്ട് അവരുടെ പ്രസ്​താവനകൾ.

താൻ നയിച്ച സർവകക്ഷി പ്രതിനിധിസംഘം കശ്മീരിൽ നടത്തിയ ദൗത്യം വിഫലമായശേഷം ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കശ്മീരിൽ കാലുകുത്താൻ മടിക്കുന്നു. സമാധാന സ്​ഥാപനത്തോടുള്ള സർക്കാറിെൻറ പ്രതിബദ്ധതയാണ് തെൻറ സന്ദർശനങ്ങൾ സൂചിപ്പിക്കുന്നതെന്ന രാജ്നാഥ് സിങ്ങിെൻറ അവകാശവാദത്തെ വിഘടനവാദികൾ പുച്ഛിച്ചുതള്ളുകയായിരുന്നു. പാർലമെൻററി സംഘത്തിെൻറ പര്യടനങ്ങളെ സർക്കാർ പര്യടനമായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നാണ് അവരുടെ വിമർശം. അതോടെ അടിച്ചമർത്തൽ നടപടികൾ ഈർജിതപ്പെടുത്തുകയായിരുന്നു അധികൃതർ.

കശ്മീരിൽ ജനജീവിതം സാധാരണഗതിയിലാകുന്നു, അനിഷ്ട സംഭവങ്ങൾ അരങ്ങേറുന്നില്ല, വാഹന ഗതാഗതം പുന$സ്​ഥാപിച്ചു തുടങ്ങിയ മട്ടിൽ പൊലീസ്​ വക്താവ് ദിനേന പുറത്തുവിടുന്ന വാർത്താകുറിപ്പുകൾ യാഥാർഥ്യങ്ങളുടെ തമസ്​കരണമാണ്. വൻ സൈനിക ബന്തവസ്സിൽ ജനങ്ങളെ ഒന്നടങ്കം വരിഞ്ഞുമുറുക്കിയശേഷം സർവവും മംഗളകരം എന്ന് വീരവാദം മുഴക്കുന്നതിലെ വൈരുധ്യം സാധാരണക്കാർക്കുപോലും അനായാസം ബോധ്യപ്പെടാതിരിക്കില്ല.
 ഒക്ടോബറിൽ മുൻ വിദേശകാര്യമന്ത്രി യശ്വന്ത് സിൻഹയും ചില പ്രമുഖരും കശ്മീർ സന്ദർശിക്കുകയുണ്ടായി.

വിഘടനവാദികളെ കണ്ട് സമാധാനസംഭാഷണം നടത്തുകയായിരുന്നു പ്രധാന ലക്ഷ്യം. ചില ചുവടുവെപ്പുകൾ നടത്താൻ സംഘത്തിനു സാധിച്ചു. ജനങ്ങളുമായുള്ള ഉറ്റ സമ്പർക്കത്തിന് കേന്ദ്ര–സംസ്​ഥാന സർക്കാറുകൾ ക്രിയാത്മക നീക്കം ആരംഭിക്കണമെന്ന് സംഘം ശിപാർശ ചെയ്തു. ശിപാർശ ഒരുമാസം പിന്നിട്ടെങ്കിലും അവയിലൊന്നുപോലും പരിഗണിക്കപ്പെട്ടില്ല എന്നതാണ് നിർഭാഗ്യകരമായ യാഥാർഥ്യം.

സുരക്ഷാനില കൂടുതൽ വഷളാക്കിക്കൊണ്ടിരിക്കുന്ന തീവ്രവാദിഗ്രൂപ്പുകൾ അവരുടെ റിക്രൂട്ട്മെൻറുകൾ വർധിപ്പിച്ചുകൊണ്ടുമിരിക്കുന്നു. പൊലീസിൽനിന്ന് ആയുധങ്ങൾ തട്ടിയെടുക്കുന്ന സംഭവങ്ങളും വർധിച്ചു. സെപ്റ്റംബർ 29ന് നടന്ന സർജിക്കൽ സ്​ട്രൈക്കിനുശേഷം  നിയന്ത്രണരേഖ അശാന്തമാണ്. ഓരോ ദിവസവും ഒരു സൈനികനെങ്കിലും വെടിയേൽക്കുന്നു. അതിർത്തിയിൽനിന്ന് നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചു. മേഖലയിൽ സൈന്യം നിരന്തര ഷെൽവർഷം തുടരുമ്പോൾ ഈ കുടുംബങ്ങളുടെ തിരിച്ചുവരവിന് വിദൂര സാധ്യതപോലുമില്ല.

പാകിസ്​താനുമായി നയതന്ത്രചർച്ചകൾ നിലച്ചതിെൻറയും ജനങ്ങളുമായി ഉറ്റ സമ്പർക്കത്തിന് ഭരണകർത്താക്കൾ തയാറാകാത്തതിെൻറയും പരിണതിയായാണ് ഇപ്പോഴത്തെ ദുരവസ്​ഥ വിലയിരുത്തപ്പെടുന്നത്.

കറൻസികളുടെ അസാധുവാക്കൽ ഉണർത്തിവിട്ട സാമ്പത്തിക പ്രതിസന്ധി ദേശീയ തലത്തിൽ കശ്മീർ പ്രശ്നത്തിെൻറ പ്രാധാന്യം കുറച്ചിരിക്കാം. എന്നാൽ, പ്രശ്നം കൂടുതൽ രൂക്ഷനിലയിൽ തുടരുകയാണ്, സാമ്പ്രദായിക പോംവഴികൾക്കുപകരം ബദൽ മാർഗങ്ങൾ അവലംബിച്ചുകൊണ്ടേ ഈ ദു$സ്​ഥിതിക്ക് പരിഹാരം കണ്ടെത്താനാകൂ എന്ന് രാഷ്ട്രത്തെ ഓർമിപ്പിച്ചുകൊണ്ട്.

Tags:    
News Summary - irritations wait for solution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.