ഡി​ജി​റ്റ​ൽ ആ​സ​ക്തി​യും മോ​ച​ന​വും

കുട്ടികളുടെ വർധിച്ചുവരുന്ന ഡിജിറ്റൽ ഉപഭോഗം ഇന്ന് വലിയൊരു സാമൂഹിക ഉത്കണ്ഠയായി മാറിയിരിക്കുകയാണ്. ഈ പ്രവണത നിയന്ത്രിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കർണാടക സർക്കാർ അടുത്തിടെ നടത്തിയ നീക്കം ദേശീയതലത്തിൽത്തന്നെ ശ്രദ്ധേയമായ ചർച്ചകൾക്ക് തുടക്കമിട്ടു. ഡിജിറ്റൽ ഇടങ്ങൾ കേവലമായ വിനോദത്തിനപ്പുറം മാരകമായ ലഹരിയായി മാറുന്ന സാഹചര്യമാണ് ഇത്തരമൊരു നിയമനിർമാണത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.

സി.ബി.എസ്.ഇയുടെ നാഷനൽ കൗൺസിൽ അടുത്തിടെ നടത്തിയ സർവേ പ്രകാരം, 14 മുതൽ 16 വരെ പ്രായമുള്ള കുട്ടികളിൽ 82.2 ശതമാനവും സ്മാർട്ട്ഫോൺ ഉപയോഗത്തിൽ വൈദഗ്ധ്യമുള്ളവരാണ്. എന്നാൽ, ഇതിൽ കേവലം 57 ശതമാനം പേർ മാത്രമാണ് പഠനാവശ്യങ്ങൾക്കായി ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്. ബാക്കിയുള്ളവരിൽ ഭൂരിഭാഗവും പ്രധാനമായും സോഷ്യൽ മീഡിയ ഉപയോഗത്തിനായാണ് സ്മാർട്ട്ഫോണുകളെ ആശ്രയിക്കുന്നത്. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളിൽ 74 ശതമാനത്തോളം പേർ പ്രതിദിനം രണ്ടുമുതൽ നാലുമണിക്കൂർ വരെ സ്മാർട്ട്ഫോണുകൾക്കും ടാബ്‍ലറ്റുകൾക്കും മുന്നിൽ ചെലവഴിക്കുന്നു എന്നത് അതീവ ഗൗരവ സാഹചര്യമാണ്. കുട്ടികളിലെ ഈ അമിതമായ ഡിജിറ്റൽ ഉപയോഗം അവരുടെ ശാരീരിക-മാനസിക ആരോഗ്യത്തെയും സാമൂഹിക ഇടപെടലുകളെയും ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പാണ് ഈ കണക്കുകൾ നൽകുന്നത്.

ചെറുപ്രായത്തിൽത്തന്നെ ഡിജിറ്റൽ ഉപകരണങ്ങൾ സ്വന്തമാക്കാനുള്ള പ്രവണത കുട്ടികളിൽ വർധിച്ചുവരുകയാണ്. അതോടൊപ്പം, പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങൾ അനിയന്ത്രിതമായി കാണുന്ന ശീലവും കുട്ടികളിൽ ഏറിവരുന്നു. ഈ പശ്ചാത്തലത്തിൽ, സുരക്ഷിതമായ ഡിജിറ്റൽ സംസ്കാരം വളർത്തിയെടുക്കുന്നതിന് കർശനമായ മാർഗനിർദേശങ്ങൾ അനിവാര്യമാണ്. എന്നാൽ, ഇവിടെ ഉയരുന്ന സുപ്രധാനമായ ഒരു ചോദ്യം, നിയന്ത്രണങ്ങൾ കൊണ്ടും വിലക്കുകൾ കൊണ്ടും മാത്രം പരിഹരിക്കാവുന്ന ഒരു പ്രശ്നമാണോ ഡിജിറ്റൽ ലഹരി എന്നതാണ്.

രക്ഷ ഇന്റർനെറ്റിലൂടെ

ഡിജിറ്റൽ സാങ്കേതികവിദ്യ മനുഷ്യസംസ്കാരത്തിന്റെ ഗതിയെത്തന്നെ മാറ്റിമറിച്ച ഒരു വിപ്ലവമാണ്. തീയുടെ കണ്ടുപിടിത്തത്തിനുശേഷം ഭൂമുഖത്തുണ്ടായ ഏറ്റവും വലിയ വിസ്ഫോടനമായാണ് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ആവിർഭാവം വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ന് ഡിജിറ്റൽ സാങ്കേതികവിദ്യ കൂടാതെ മനുഷ്യജീവിതം അസാധ്യമാണെന്ന സ്ഥിതിവിശേഷമാണ്. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഇഷ്ടാനുസൃതം വേണ്ടെന്നുവെക്കാനോ ഡിജിറ്റൽ ലോകത്തുനിന്ന് വിട്ടുനിൽക്കാനോ സാധിക്കാത്ത സാഹചര്യം.

ഇന്റർനെറ്റിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങൾ ഒരു വലിയ വലക്കണ്ണികളിലെന്നപോലെ പരസ്പരം ബന്ധിക്കപ്പെടുകയും ‘ആഗോള ഗ്രാമം’ എന്ന സങ്കൽപം യാഥാർഥ്യമാവുകയും ചെയ്തു. ഭൗതികമായ അതിരുകൾക്കപ്പുറം വ്യക്തികളെയും സമൂഹങ്ങളെയും ഈ സാന്ദ്രമായ ഡിജിറ്റൽ വലക്കണ്ണികൾ കൂട്ടിയിണക്കുന്നു. ഇന്റർനെറ്റും ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന അതിന്റെ ശൃംഖലകളും വിനിമയത്തിനും വിജ്ഞാനോൽപാദനത്തിനും ഗവേഷണത്തിനും സോഷ്യൽ എൻജിനീയറിങ്ങിനും ഭരണനിർവഹണത്തിനും അത്യന്താപേക്ഷിതമായ ഉപാധിയായി മാറി.

ഡിജിറ്റൽ വിപ്ലവത്തോടെ പരമ്പരാഗതമായ ബഹുജന സമ്പർക്ക മാധ്യമങ്ങൾ സോഷ്യൽ മീഡിയക്കും നിർമിത ബുദ്ധിക്കും വഴിമാറി. പരമ്പരാഗത മാധ്യമങ്ങളുടെ സവിശേഷതയായിരുന്ന ഏകമുഖ പ്രക്ഷേപണ രീതി (One-way communication) സംവേദാത്മകവും പങ്കാളിത്തപരവുമായി. വിവരങ്ങൾ കേവലം സ്വീകരിക്കുന്ന നിഷ്ക്രിയരായ കാഴ്ചക്കാരിൽനിന്ന്, വിവരങ്ങൾ സ്വയം നിർമിക്കുകയും തത്സമയം പ്രചരിപ്പിക്കുകയും ചെയ്യുന്ന സജീവമായ ഒരു ‘ഡിജിറ്റൽ സമൂഹ’ത്തിലേക്കുള്ള പരിവർത്തനമാണ് സോഷ്യൽ മീഡിയയുടെ ഈ കാലഘട്ടം അടയാളപ്പെടുത്തുന്നത്. ഡിജിറ്റൽ ലോകത്ത് കാണാൻ കഴിയുന്ന വൈവിധ്യമാർന്ന റീൽസുകളുടെ പ്രളയം ഇതിന്റെ ഉത്തമ അടയാളമാണ്. അതുകൊണ്ടാണ് കൺസ്യൂമറും പ്രൊഡ്യൂസറുമായ ഈ നവമാധ്യമ ഉപഭോക്താക്കളെ ‘പ്രോസ്യൂമർ’ (Prosumer) എന്ന് വിളിക്കുന്നത്.

ഡിജിറ്റൽ ആസക്തി

ഏറ്റവും ഭീതിദമായ വസ്തുത, സമൂഹത്തിൽ ഡിജിറ്റൽ വ്യാപ്തി വികസിക്കുന്തോറും കുട്ടികളുടെ സുരക്ഷിതത്വവും മാനസികാരോഗ്യവും വലിയ ഭീഷണി നേരിടുന്നു എന്നതാണ്. ഉറക്കക്കുറവ്, ഏകാഗ്രതയില്ലായ്മ, പെരുമാറ്റ വൈകല്യങ്ങൾ, ആശങ്ക, മാനസിക സമ്മർദം, സാമൂഹിക ഒറ്റപ്പെടൽ, വിഷാദം എന്നിവ ഇതിന്റെ പാർശ്വഫലങ്ങളായി മനഃശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടുന്നു.

ഇതിന്റെ മറ്റൊരു ഭീകരമായ വശമാണ് ‘ഡിജിറ്റൽ നാർസിസിസം’ അഥവാ സ്വാത്മപ്രേമം. ഡിജിറ്റൽ നാർസിസിസത്തിന്റെ വികൃതമായ ഒരു രൂപമാണ് ‘ഹൈപ്പർ വിസിബിലിറ്റി’- സ്വയം പരസ്യപ്പെടുത്തി പൊതുശ്രദ്ധ നേടാനുള്ള അമിതമായ ആഗ്രഹം. സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധ നേടാനായി മറ്റുള്ളവരെ അപമാനിക്കാനും അവഹേളിക്കാനുമുള്ള ഉന്മാദകരമായ പ്രവണതയാണിത്.

വ്യക്തിഹത്യയും മാനസിക പീഡനവുമാണ് സൈബർ ലോകത്തെ പ്രധാന ചതിക്കുഴികൾ. അപമാനപ്പെടുത്തുന്ന സന്ദേശങ്ങളിലൂടെ നിരന്തരം പിന്തുടർന്ന് ഭീഷണിപ്പെടുത്തുന്ന ‘സൈബർ സ്റ്റോക്കിങ്ങും’ (Cyber Stalking), അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന ‘സൈബർ ബുള്ളിയിങ്ങും’ (Cyber Bullying) ഇരകളെ വലിയ മാനസിക സംഘർഷങ്ങളിലേക്കും വിഷാദത്തിലേക്കും തള്ളിവിടുന്നു. സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യം വെച്ച് നടത്തുന്ന വ്യാജ സൗഹൃദങ്ങളിലൂടെയുള്ള ‘സൈബർ ഗ്രൂമിങ്ങും’ (Cyber Grooming), ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിക്കുന്ന രീതികളും ഗുരുതരമായ സാമൂഹിക വിപത്തുകളാണ്. അടുത്തിടെ നമ്മുടെ മനസ്സാക്ഷിയെ നടുക്കിയ ഓൺലൈൻ പീഡനങ്ങളും ആത്മഹത്യകളും ഈ ഡിജിറ്റൽ സംസ്കാരത്തിനുള്ളിൽ വളർന്നുവരുന്ന മാരകരോഗത്തിന്റെ അടയാളങ്ങളാണ്.

കുട്ടികളിലും കൗമാരക്കാരിലും ആസക്തിക്ക് അടിപ്പെടാനുള്ള സാധ്യത കൂടുതലാണെങ്കിലും യുവാക്കളും മുതിർന്നവരുമൊക്കെ ഇന്റർനെറ്റിന്റെ ചുഴിയിൽ അകപ്പെടുന്ന കാഴ്ച നമ്മുടെ കൺമുന്നിലുണ്ട്. ഇക്കാര്യത്തിൽ രക്ഷിതാക്കളും മറ്റു മുതിർന്നവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സാമൂഹിക സല്ലാപങ്ങൾക്കും വിനോദത്തിനുമായി ഇന്റർനെറ്റിന്റെ ലോകത്ത് സദാസമയവും വ്യാപരിക്കുന്നവർ ഡിജിറ്റൽ ആസക്തിയുടെ ലക്ഷണങ്ങൾ കാണിക്കുന്നവരാണെന്ന് തിരിച്ചറിയണം.

ജാഗ്രതയും നിയന്ത്രണവും

സ്കൂളുകളും കലാലയങ്ങളുമൊക്കെ ആശയ വിനിമയത്തിനും പഠനത്തിനുമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളെ പൂർണമായും ഇതിൽനിന്ന് അകറ്റിനിർത്തുക സാധ്യമല്ല. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ അസാമാന്യ വൈദഗ്ധ്യമുള്ള ഇന്നത്തെ തലമുറയെ ‘സ്ക്രീനേജേഴ്സ്’ (Screenagers) അല്ലെങ്കിൽ ‘ഡിജിറ്റൽ നേറ്റീവ്സ്’ എന്ന് വിശേഷിപ്പിക്കാം. ഇന്റർനെറ്റ് ദശലക്ഷക്കണക്കിന് ആളുകളെ ശാക്തീകരിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാൽ, ഈ സാങ്കേതികവിദ്യയെ ‘മാനവികവത്കരിക്കുക’ എന്നതാണ് ഇന്നത്തെ ദൗത്യം. ഇതിനായി ഡിജിറ്റൽ സാക്ഷരതയും ബോധവത്കരണവും അനിവാര്യമാണ്. കേവലം ഒരു ആപ്പ് ഉപയോഗിക്കാൻ പഠിപ്പിക്കുന്നതിലുപരി, അൽഗോരിതങ്ങൾ നമ്മെ എങ്ങനെ സ്വാധീനിക്കുന്നു എന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ മനഃശാസ്ത്രപരമായ കെണികൾ എന്താണെന്നും കുട്ടികളെ ബോധ്യപ്പെടുത്തണം.

ഇന്റർനെറ്റും ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നതിന്റെ ഗുണദോഷവശങ്ങളെക്കുറിച്ച് കുട്ടികളെ ചെറുപ്പം മുതലേ പഠിപ്പിക്കേണ്ടതുണ്ട്. എങ്കിൽ നിയന്ത്രിതമായി ഉപയോഗിക്കുന്നത് അവർക്ക് ശീലമാകും. അതുപോലെ, ‘ഡിജിറ്റൽ ഉപവാസം’ (Digital Fasting) അഥവാ നിശ്ചിത സമയങ്ങളിൽ ഡിജിറ്റൽ ഉപകരണങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന ശീലം വളർത്തിയെടുക്കാൻ ശ്രദ്ധിക്കണം. ഡിജിറ്റൽ യുഗത്തിലെ സ്വാതന്ത്ര്യം എന്നത് അനിയന്ത്രിതമായ ഉപയോഗമല്ല, മറിച്ച് ഉത്തരവാദിത്തത്തോടെയുള്ള നിയന്ത്രണമാണ്. ഡിജിറ്റൽ യന്ത്രങ്ങളാൽ നയിക്കപ്പെടുന്ന യന്ത്രങ്ങളാകാതെ മനുഷ്യരായി ജീവിക്കാനുള്ള അറിവും വിവേകവുമുള്ള ഭാവിതലമുറയെ വളർത്തിയെടുക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയും ഉത്തരവാദിത്തവും.

(കേരള സർവകലാശാല സോഷ്യോളജി വിഭാഗം മുൻ പ്രഫസറും അധ്യക്ഷനുമായിരുന്ന ലേഖകൻ, വികസ്വര രാജ്യങ്ങളിലെ വിവര വിനിമയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തുന്ന ‘വേൾഡ് സയൻസ് പ്രോജക്ടിന്റെ’ ഇന്ത്യയിലെ കോഓഡിനേറ്ററാണ്).  

Tags:    
News Summary - Article About Digital addiction and liberation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.