മേടം പിറന്നു. മലയാളിക്ക് വിഷു വന്നു. ശരിക്കും മണ്ണിന്റെ മണമുള്ള ആഘോഷമാണ് വിഷു. എന്നാലിന്നതൊക്കെ മാറി. കാർഷികോത്സവം എന്നതിൽ നിന്നു പാടെ മാറി. ആഘോഷമേതായാലും മലയാളി ഏറ്റെടുത്തോളുമല്ലോ? അതാണ്, മണ്ണും കൃഷിയും പാടെ മറന്നെങ്കിലും വിഷു ആഘോഷത്തെ ചേർത്ത് പിടിക്കുന്നതിലൂടെ തെളിയിക്കുന്നത്. മനുഷ്യനായി ജീവിക്കാൻ ബുദ്ധിമുട്ടുള്ള ഒരു കാലത്ത്, ജീവിക്കാനാകാതെ കുരുന്നുകൾക്ക് ജീവനൊടുക്കേണ്ടിവരുന്ന ഈ കാലത്ത്, നരാധമന്മാർ കുട്ടികളെന്നോ മുതിർന്നവരെന്നോ ഇല്ലാതെ മനുഷ്യ വംശത്തെ ചുട്ടെരിക്കുമ്പോൾ ആഘോഷങ്ങളെ കുറിച്ച് ചിന്തിക്കാനാവുന്നില്ല. കാർഷിക വിളവിറക്കവുമായി ബന്ധപ്പെട്ട ഈ ആഘോഷം ഇന്ന് മതപരതയുമായി കൂടുതൽ അടുത്തു പോയിട്ടില്ലേ? കേരളം വിട്ട് കർണ്ണാടകയിലെ വനത്തോട് ചേർന്ന് ജീവിക്കുന്ന എനിക്കിപ്പോൾ ആഘോഷങ്ങളില്ല. പക്ഷെ, വിഷു ഓർമ്മകളുണ്ട് ഏറെ.
കണിക്കൊന്ന തേടിപ്പോയ കാലം
കുട്ടിയായിരിക്കുമ്പോൾ വീട്ടിൽ വിഷുക്കണിയൊരുക്കിയ ഓർമ്മയുണ്ട്. അതിൽ എന്റെ ജോലി കണിക്കൊന്ന ഒരുക്കലാണ്. വീട്ടിൽ നിന്ന് കുറച്ച് ദൂരെയായി പുഴയോരത്ത് വലിയ കണിക്കൊന്ന മരമുണ്ട്. അതിന്റെ തോലൊക്കെ മരുന്നിനായി ആളുകൾ ചെത്തിയെടുത്തിട്ടുണ്ടാകും. ആ മരത്തിൽ കയറി വിഷുതലേന്ന് സന്ധ്യയോടെയാണ് കൊന്നപ്പൂ പറിക്കാറ്. നേരത്തെ പറിച്ചാൽ മേടചൂടിൽ കണിക്കൊന്ന വാടിപ്പോകും. അത്, വീട്ടിലെത്തിച്ചാൽ പിന്നെ എല്ലാ കാര്യവും അമ്മ ചെയ്യും. അമ്മ ധാന്യങ്ങളും പഴയ കസവ് നേര്യതും ഉരുളിയിൽ വെക്കും. ചക്കവരെയുള്ള കാർഷിക വിഭവങ്ങൾ കാണും. പുലർച്ചെ 3.30ന് നിലവിളക്ക് കത്തിച്ച് വെക്കും. കണ്ണ് പൊത്തിപ്പിടിച്ച് അവിടെ എത്തിക്കും. ആ വെളിച്ചത്തിൽ എല്ലാം കാണാൻ വല്ലാത്ത സൗന്ദര്യമാണ്. തലേദിവസം കണ്ടത് തന്നെയാണെങ്കിലും ആ പ്രഭാതത്തിൽ വല്ലാത്ത ഭംഗിയാണ്. ഇതൊന്നുമല്ല ഞങ്ങൾ കുട്ടികൾക്ക് പ്രധാനം. അത്, വിഷു കൈനീട്ടമാണ്. വീട്ടിൽ വരുമാനം ഉള്ളവർ കുട്ടികൾക്ക് കൈനീട്ടം നൽകും. അതൊരു കുടുക്കയിലിട്ടുവെക്കുന്ന സ്വഭാവം ഉണ്ട്. അത്, പിന്നീട് എപ്പോഴാണ് കുടുക്കയിൽ നിന്നും എടുത്ത് പോകുന്നത് എന്ന് മാത്രം ഓർമ്മ കാണില്ല. അത് അങ്ങനെ തന്നെ വെച്ചിരിക്കണമെന്ന ചിന്തയോടെയാണ് സൂക്ഷിക്കുക. തിരുവിതാംകൂറിൽ വിഷുവിന് മലബാറിന്റെ അത്ര പ്രാധാന്യം ഇല്ല. കണിയും കൈനീട്ടവും തന്നെയാണ് പ്രധാനം. വിഷു കൈനീട്ടം അടുത്തുളള ബന്ധുവീടുകളിലൊക്കപോയി വാങ്ങാറുണ്ട്. അവരെല്ലാം കരുതി വെക്കും കൈനീട്ടത്തിനായുളള നാണയതുട്ടുകൾ.
ഓണത്തിന് തിരുവിതാംകൂറിൽ പ്രാധാന്യം ഏറെയാണ്. ഓണത്തിനാണ് പുതിയ വസ്ത്രങ്ങൾ ധരിക്കുന്നതും സമ്മാനിക്കുന്നതും ബന്ധുവീടുകളിൽ പോകുന്നതുമെല്ലാം. വിഷുവിന് വിഷുക്കോടിയില്ല. അധ്യാപകനായി കണ്ണൂരിലെത്തിയതോടെ മകൾക്കുവേണ്ടി വിഷു ആചരിക്കാറുണ്ടായിരുന്നു. അവൾ കുട്ടിയായിരിക്കുമ്പോൾ മറ്റ് കുട്ടികൾ ആഘോഷിക്കുന്നത് കാണുമ്പോൾ അവൾക്കുവേണ്ടി മലബാർ വിഷുവിന്റെ ഭാഗമായി. പിന്നെ, 10 വർഷത്തോളം ഞാൻ ഉത്തരേന്ത്യയിലായി. അപ്പോൾ, വിഷുവരുന്നതും പോകുന്നതുമൊന്നും അറിയുന്നുണ്ടായിരുന്നില്ല. ഇപ്പോൾ എന്റെ വാസസ്ഥലമായ കർണാടകയിൽ വിഷുവില്ല. ഇവിടെ, കൃഷിയൊക്കെ കഴിഞ്ഞിട്ടാണ് വിഷുവിന് സമാനമായ ‘ഭൂമി ഹബ്ബെ’ എന്ന ആചാരമുള്ളത്. അതിരാവിലെ തന്നെ കൃഷിയിടത്തിൽ പോയി വിളക്ക് കൊളുത്തും. ഭൂമിക്ക് 101 ഇലകൾ കൊണ്ടുള്ള വിഭവം ഉണ്ടാക്കി നൽകും. പിന്നെ, സാധാരണ വിശേഷം എന്ന് ആളുകൾ കരുതുന്ന പായസം, അപ്പം എന്നിവ സമർപ്പിക്കും. ചെറിയ മണ്ഡപം പോലെ ഉണ്ടാക്കും. അത് രാവിലെ തന്നെ കാണാം. അതാണ് ഭൂമി ഹബ്ബെ.
ഭൂമിയോടും ഭക്ഷ്യസംസ്കാരവുമായി ബന്ധപ്പെട്ടാണ് ഓണവും വിഷുവും ആചരിച്ച് വന്നത്. കമ്പോളത്തിന്റെ താൽപര്യത്തിനാണിന്ന് ആഘോഷം. മുൻപ് കൃഷി ചെയ്യാത്ത വീടുകളിലും കൈനീട്ടം കാണും. ഓണം എത്ര പാവപ്പെട്ടവനും എങ്ങനെയെങ്കിലും ആഘോഷിക്കും. അത് ഒരാഴ്ചയൊക്കെ നീണ്ടുനിൽക്കും. തിരുവിതാംകൂറിൽ കുട്ടികൾക്ക് വേറെ തന്നെ ഓണമുണ്ട്. അത്, കർക്കിടകത്തിലെ തിരുവോണത്തിനാണ്. അന്ന് പിള്ളേരുടെ ഓണമായതിനാൽ കുട്ടികൾക്ക് ഇഷ്ടവിഭവങ്ങൾ ആവശ്യപ്പെടാൻ കഴിയും. ഇതിന്റെ തുടർച്ചയായിട്ടാണ് ചിങ്ങത്തിലെ വലിയഓണം വരുന്നത്. ഇന്ന് വിഷു ഏറെക്കുറെ ഹൈന്ദവ ആചാരമായിമാറി. കാർഷികസമൃദ്ധിയൊക്കെ ജനം മറന്നു.
യുദ്ധം നൽകിയ പാഠം
പശ്ചിമേഷ്യൻ യുദ്ധം നമുക്ക് നൽകിയ വലിയ പാഠമുണ്ട്. നമ്മുടെ അടുപ്പ് പുകയില്ലെന്ന് നാം അറിഞ്ഞു. ഈ വേളയിലാണ് വിഷു ആഘോഷം. നിലനിൽക്കാൻ പറ്റുന്നത് കൃഷി ചെയ്യുന്നവർക്ക് മാത്രമായിരിക്കുമെന്ന പാഠമാണ് മുൻപിലുള്ളത്. ഇപ്പോൾ നമുക്ക് യാതൊരു അവകാശവുമില്ലാതെ മറ്റുള്ളവരുടെ വിയർപ്പിന്റെ ഫലമാണ് ഭുജിക്കുന്നത്. ഒരാളുടെ ആഹാരത്തിന്റെ കാൽഭാഗമെങ്കിലും അയാൾക്ക് ഉണ്ടാക്കാൻ കഴിയണം. സ്വന്തമായി കാലുകുത്താൻ മണ്ണുള്ള ഒരാൾ, ഒരു ചെടിചട്ടിയിൽ മണ്ണ് നിറച്ച് എന്തെങ്കിലും ചെയ്യണം. കറിവേപ്പിലയെങ്കിലും ഉണ്ടാക്കാൻ കഴിയണം. അല്ലാത്ത പക്ഷം കടുത്ത ദാരിദ്ര്യത്തിലേക്കായിരിക്കും എത്തിച്ചേരുക. യുദ്ധത്തിന് മുൻപിൽ കാഴ്ചക്കാരായി നിന്നാൽ പോരാ. ഇതാ, ആഗോള താപനം കൂടി വരുമ്പോൾ കൃഷി ചെയ്യാനൊരുങ്ങിയാലും വിളവുണ്ടാകാനിടയില്ല. അടുത്ത വരുന്ന മഴക്ക് ആസിഡ് മഴ ഉണ്ടായേക്കാം. യുദ്ധം അങ്ങനെ പലതും സമ്മാനിക്കും. രോഗമായിട്ടും അത്യുഷ്ണമായിട്ടും എന്തൊക്കൊയോ നമ്മെ തേടി വരാനിരിക്കുന്നു.അപ്പോഴാണ് വിഷു ആഘോഷമെന്ന് മലയാളി മറക്കാതിരുന്നാൽ നന്നായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.