അധികാരത്തിന്റെ ധാർമികാതിർത്തികൾ: യുദ്ധക്കൊതിയും സുവിശേഷത്തിലെ മുന്നറിയിപ്പും

ആഗോള രാഷ്ട്രീയ ഭൂപടത്തിൽ ഇന്ന് മുഴങ്ങിക്കേൾക്കുന്നത് രണ്ട് വ്യത്യസ്ത സ്വരങ്ങളാണ്. ഒന്ന്, ആയുധബലത്തിലും ഓഹരി വിപണിയിലെ വളർച്ചയിലും അഭിരമിക്കുന്ന കേവല രാഷ്ട്രീയത്തിന്റെ കരുത്ത്. മറ്റൊന്ന്, അതിർത്തികൾക്കും അധികാരങ്ങൾക്കും അപ്പുറം മനുഷ്യജീവന്റെ വിലയെക്കുറിച്ച് സംസാരിക്കുന്ന ധാർമികതയുടെ സ്വരം. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും കത്തോലിക്കാ സഭാ തലവൻ ലിയോ പതിനാലാമൻ മാർപാപ്പയും തമ്മിലുള്ള വാക്പോര് കേവലം രണ്ട് വ്യക്തികൾ തമ്മിലുള്ളതല്ല. മറിച്ച് അവ ലോകം എങ്ങോട്ട് സഞ്ചരിക്കണം എന്നതിനെക്കുറിച്ചുള്ള രണ്ട് ദർശനങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ്.

അധികാരത്തിന്റെ ആത്മരതിയും ദൈവനിന്ദയും

താൻ പടച്ചുവിട്ട ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമിതമായ ഒരു ചിത്രത്തിൽ ക്രിസ്തുവിനോളം വലിയവനായി സ്വയം അവരോധിക്കാൻ ശ്രമിച്ച ട്രംപിന്റെ നടപടി ആധുനിക ഭരണാധികാരികളിൽ കാണുന്ന 'സർവാധിപത്യത്തിന്റെ വ്യാമോഹത്തിന്റെ' ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. പിന്നീട് താനൊരു ഡോക്ടറുടെ വേഷത്തിലായിരുന്നു എന്ന ന്യായീകരണം ഭരണാധികാരിയുടെ ഈഗോയെ വെളിപ്പെടുത്തുന്നു. വിശുദ്ധമായ പുസ്തകങ്ങളെയും ബിംബങ്ങളെ സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് പുതുമയുള്ള കാര്യമല്ല എന്നാൽ, അവ എന്നും ചരിത്രത്തിൽ സംഭവിക്കാറുണ്ട്. ഇവ വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് മാത്രമല്ല, അത് അധികാരത്തിന്റെ ലഹരിയിൽ സംഭവിക്കുന്ന തിരിച്ചറിവില്ലായ്മ കൂടിയാണ്. സമാധാനത്തിന് വേണ്ടി നിലകൊള്ളുന്ന മാർപാപ്പയെ 'ദുർബലൻ' എന്ന് വിളിക്കുമ്പോൾ, ട്രംപ് വിസ്മരിക്കുന്നത്.സഭയുടെ കരുത്ത് അതിന്റെ സൈനിക വ്യൂഹത്തിലല്ല, മറിച്ച് അത് ഉയർത്തിപ്പിടിക്കുന്ന സത്യത്തിലാണെന്നതാണ്.


നിരപരാധികൾക്കെതിരെയുള്ള യുദ്ധം ഒരു കുറ്റകൃത്യമാണ്

ഇറാനിലെയും വെനിസ്വേലയിലെയും അമേരിക്കൻ ഇടപെടലുകളെ മാർപാപ്പ എതിർക്കുന്നത് രാഷ്ട്രീയ താൽപര്യങ്ങൾ കൊണ്ടല്ല. യുദ്ധം എപ്പോഴും ഇരയാക്കുന്നത് പാവപ്പെട്ടവനെയും നിരപരാധിയെയുമാണ്. ഒരു രാജ്യം മറ്റൊരു രാജ്യത്തിന് മേൽ നടത്തുന്ന കടന്നുകയറ്റം, അത് എന്ത് കാരണത്തിന്റെ പേരിലായാലും, ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിതം തകർക്കുന്നതാണ്. പട്ടിണി പാവങ്ങളെയും കുടിയേറ്റക്കാരെയും അടിച്ചമർത്തുന്നതും അവരെ കുറ്റവാളികളായി ചിത്രീകരിക്കുന്നതും സഭയുടെ ദൃഷ്ടിയിൽ ഒരു ധാർമിക കുറ്റകൃത്യമാണ്. സഭയുടെ പക്ഷം എന്നും പാർശ്വവത്കരിക്കപ്പെട്ടവന്റെയും അശരണന്റെയും പക്ഷത്താണ്. അതുകൊണ്ടാണ് വെനിസ്വേലയിലെ കടന്നുകയറ്റത്തെയോ ഇറാനിലെ യുദ്ധാഹ്വാനത്തെയോ സഭക്ക് അംഗീകരിക്കാൻ കഴിയാത്തത്. അധികാരം നിലനിർത്താൻ ചോരപ്പുഴകൾ ഒഴുക്കുന്നവർ ചരിത്രത്തിന് മുന്നിൽ കുറ്റവാളികളാണ്.

വാളെടുക്കുന്നവന്റെ അന്ത്യം

ഗെത്സെമനിയിലെ തോട്ടത്തിൽ വെച്ച് അക്രമത്തെ തടഞ്ഞുകൊണ്ട് യേശു പറഞ്ഞ വാചകം അധികാരവർഗത്തിന് എന്നും ഒരു താക്കീതാണ്: 'വാളെടുക്കുന്നവൻ വാളാൽ തന്നെ നശിക്കും' ഈ പ്രവാചക സ്വരത്തിന് ഇന്നും പ്രസക്തിയുണ്ട്. ആയുധങ്ങൾ കൊണ്ട് സമാധാനം കൊണ്ടുവരാമെന്ന് വിശ്വസിക്കുന്നവർ തങ്ങൾ കുഴിക്കുന്ന കുഴിയിൽ തന്നെ ഒടുവിൽ വീഴും. യുക്രെയ്നിലും ഗാസയിലും ഇറാനിലും ഒഴുക്കപ്പെടുന്ന നിരപരാധികളുടെ രക്തത്തിന് ഭരണാധികാരികൾ മറുപടി പറയേണ്ടി വരും. ആയുധക്കച്ചവടക്കാരുടെയും യുദ്ധക്കൊതിയന്മാരുടെയും പ്രാർഥനകൾ ദൈവം കേൾക്കില്ലെന്നും അവരുടെ കൈകൾ രക്തപങ്കിലമാണെന്നുമുള്ള പാപ്പയുടെ നിരീക്ഷണം ഒരു രാഷ്ട്രീയക്കാരന്റെ വിമർശനമല്ല, മറിച്ച് മാനവികതയുടെ നിലവിളിയാണ്.

ധാർമികതയുടെ അപ്രമാദിത്വം

താൻ ഒരു രാഷ്ട്രീയക്കാരനല്ലെന്നും സുവിശേഷം പ്രഘോഷിക്കാനാണ് താൻ നിയുക്തനായിരിക്കുന്നതെന്നും വ്യക്തമാക്കിയ മാർപാപ്പക്ക്, വൈറ്റ് ഹൗസിലെ ഭീഷണികളെ ഭയമില്ല. ലോകനേതാക്കൾ അധികാരത്തിനായി മതത്തെയും വിശ്വാസത്തെയും ആയുധമാക്കുമ്പോൾ, സഭ അവിടെ ധാർമികമായ അതിർവരമ്പുകൾ നിശ്ചയിക്കുന്നു. രാഷ്ട്രീയ തീരുമാനങ്ങൾ ഒരിക്കലും നീതിക്കും അന്യായത്തിനും അപ്പുറമാകാൻ പാടില്ല.

അധികാരത്തിന്റെ ചെങ്കോലുകൾ ഒരു ദിവസം മണ്ണടിയും, എന്നാൽ, നീതിക്ക് വേണ്ടി ഉയരുന്ന ശബ്ദങ്ങൾ എന്നും നിലനിൽക്കും. ട്രംപിനെപ്പോലെയുള്ളവർ സ്വന്തം പ്രതിച്ഛായയെ ആരാധിക്കുമ്പോൾ, സഭ ലോകത്തിന്റെ മുറിവേറ്റ ഹൃദയങ്ങളെയാണ് ചേർത്തുപിടിക്കുന്നത്. വാൾ കൊണ്ട് ലോകത്തെ കീഴടക്കാൻ നോക്കുന്നവർക്ക് മുമ്പിൽ, സ്നേഹത്തിന്റെ കുരിശ് ഉയർത്തിപ്പിടിക്കുന്ന സഭയുടെ ദൗത്യം തുടരുക തന്നെ ചെയ്യും. അധികാരമദത്താൽ അന്ധരായവർ സ്വന്തം ആയുധങ്ങളാൽ തന്നെ തകരുന്ന കാഴ്ച ചരിത്രത്തിന്റെ നീതിയായി നാം കാണും.

Tags:    
News Summary - The Moral Limits of Power: Warmongering and the Warning in the Gospel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-05 07:39 GMT