പശ്ചിമേഷ്യൻ ചരിത്രത്തിലെ അതിനിർണായക ഘട്ടത്തിലൂടെയാണ് ഇറാന് കടന്നുപോകുന്നത്. പുറമെനിന്നുള്ള യുദ്ധഭീഷണിയും അകത്തുള്ള സാമ്പത്തിക തകര്‍ച്ചയും ഇറാൻ ഭരണകൂടത്തെ മുമ്പെങ്ങുമില്ലാത്തവിധം സമ്മര്‍ദത്തിലാക്കിയിരിക്കുന്നു. 2024 ഏപ്രിലില്‍ ഡമസ്കസിലെ ഇറാനിയന്‍ നയതന്ത്ര കാര്യാലയത്തിനു നേരെ നടന്ന ആക്രമണത്തിനു പിന്നാലെ ‘തന്ത്രപരമായ ക്ഷമ’ അവസാനിപ്പിച്ച ഇറാന് നടത്തിയ ‘ട്രൂ പ്രോമിസ്’ ഓപറേഷനുകളോടെ ഇസ്രായേലുമായി നേരിട്ടുള്ള പോരാട്ടത്തിന് തുടക്കമായിരുന്നു. ഒക്ടോബറില്‍ ഇറാന് നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഒക്ടോബര്‍ 26ന് ഇസ്രായേല്‍ ഇറാന്റെ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണം സ്ഥിതിഗതികള്‍ അതി ഗുരുതരമാക്കി.
ഇസ്രായേലിന് അമേരിക്ക നല്കുന്ന അചഞ്ചലമായ പിന്തുണയാണ് ഈ പ്രതിസന്ധിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഇപ്പോഴിതാ ഏതു നിമിഷവും ആക്രമണം നടന്നേക്കുമെന്ന സാഹചര്യമായിരിക്കുന്നു.
യുദ്ധഭീഷണിക്കൊപ്പംതന്നെ ഇറാന്റെ ആഭ്യന്തര സാഹചര്യവും കലുഷിതമാണ്. വാഷിങ്ടണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഇറാന്റെ വരുമാന സ്രോതസ്സുകളെ പൂർണമായും തകര്‍ത്തിരിക്കുകയാണ്. ഇറാനിയന്‍ റിയാല്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്നനിലയിലാണ്. നാണയപ്പെരുപ്പം 40 ശതമാനത്തിന് മുകളിലെത്തിയത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. അവശ്യസാധന വില കുതിച്ചുയര്‍ന്നതോടെയാണ് ജനങ്ങൾ തെരുവിലിറങ്ങിയതെങ്കിലും രണ്ടാഴ്ചക്കുള്ളില്‍ പ്രക്ഷോഭകരുടെ മുദ്രാവാക്യം ‘ഏകാധിപതിക്ക് മരണം’ എന്നായി. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം രണ്ടായിരത്തിലേറെ പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു, 18,000-ത്തിലധികം ആളുകളെ സുരക്ഷാ സേന തടവിലാക്കിയിട്ടുണ്ട്. പ്രതിഷേധം നേരിടുന്നതിന്റെ ഭാഗമായി ഭരണകൂടം രാജ്യത്ത് പൂർണമായ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ‘‘ഇതു കേവലം വിലക്കയറ്റത്തിന് എതിരെയുള്ള പ്രതിഷേധമല്ല, മറിച്ച് ഇറാന്റെ ഭരണവ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടതിന്റെ തെളിവാണ്’’ എന്ന് ഇന്റര്‍നാഷനല്‍ ക്രൈസിസ് ഗ്രൂപ്പിലെ അനലിസ്റ്റ് അലി വായെസ് നിരീക്ഷിക്കുന്നു.
‘‘സമാധാനപരമായി പ്രതിഷേധിക്കുന്ന ഇറാന് ജനതയെ ഭരണകൂടം കൊന്നൊടുക്കിയാല്‍ അമേരിക്ക അവരെ രക്ഷിക്കാന്‍ ഇറങ്ങും’’ എന്ന ട്രംപിന്റെ പ്രസ്താവന സൈനിക ഇടപെടലിന്റെ വ്യക്തമായ സൂചനയാണ്. ആക്രമണങ്ങളുണ്ടാവുന്ന പക്ഷം ഇസ്രായേലിനും പശ്ചിമേഷ്യയിലെ യു.എസ് സൈനിക ബേസുകൾക്കും നേരെ തിരിച്ചടിയുണ്ടാവുമെന്ന് ഇറാനും പ്രഖ്യാപിച്ചിരിക്കുന്നു. രാഷ്ട്രീയ വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതുപോലെ, ഇറാന്റെ ആണവ കേന്ദ്രങ്ങളെയും എണ്ണ ശുദ്ധീകരണശാലകളെയും ലക്ഷ്യം വെക്കാന്‍ ഇസ്രായേല്‍ പദ്ധതിയിടുമ്പോള്‍, അതു പശ്ചിമേഷ്യയെ ഒരു പൂര്‍ണതോതിലുള്ള യുദ്ധത്തിൽ കൊണ്ടെത്തിക്കും.
ട്രംപിന്റെ തന്ത്രങ്ങള്‍ പ്രധാനമായും മൂന്നു ഘടകങ്ങളിലൂന്നിയതാണ്. ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങള്‍ക്കും ആണവ നിലയങ്ങള്‍ക്കും നേരെ വ്യോമാക്രമണം നടത്താന്‍ വൈറ്റ് ഹൗസ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്റര്‍നെറ്റ് നിരോധം മറികടക്കാന്‍ സ്റ്റാര്‍ലിങ്ക് ഉള്‍പ്പെടെ സാങ്കേതിക വിദ്യകള്‍ പ്രതിഷേധക്കാര്‍ക്ക് ലഭ്യമാക്കാന്‍ യു.എസ് ശ്രമിക്കുന്നു. അമേരിക്കയില്‍ കഴിയുന്ന ഇറാന്റെ മുന്‍ രാജകുടുംബാംഗങ്ങളുമായും പ്രതിപക്ഷ നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തുന്ന കാര്യം ട്രംപ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
വെടിയുണ്ടകള്‍ക്ക് പുറമെ, ഒരു ‘സാമ്പത്തിക മിസൈല്‍’ കൂടിയാണ് ട്രംപ് ഇറാനുനേരെ തൊടുത്തിരിക്കുന്നത്. ഇറാനുമായി വ്യാപാരത്തിലേര്‍പ്പെടുന്ന ലോകത്തിലെ ഏതൊരു രാജ്യത്തിനും അമേരിക്കയുമായുള്ള വ്യാപാരത്തില്‍ 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ആഗോള വിപണിയെ ഞെട്ടിച്ചിട്ടുണ്ട്. ഇറാന്റെ ഏക വരുമാന മാര്‍ഗമായ എണ്ണ കയറ്റുമതി പൂർണമായും തടയാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ചൈന ഉള്‍പ്പെടെ രാജ്യങ്ങള്‍ ഇറാന്റെ എണ്ണ വാങ്ങുന്നത് തടയിടാനാണ് ഈ താരിഫ് ഭീഷണി. ഇത് ഇറാന് ഭരണകൂടത്തിന്റെ സാമ്പത്തിക സ്രോതസ്സിനെ പൂർണമായും തകര്‍ക്കും.
‘‘ഇറാന് ഇന്ന് ഒരു പ്രതിസന്ധിയിലല്ല, മറിച്ച് പല പ്രതിസന്ധികളുടെ സങ്കീര്‍ണമായ ഒരു വലയത്തിലാണ്. ഇസ്രായേലിനെ പ്രതിരോധിക്കുക, തകരുന്ന സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുക, ജനകീയ പ്രക്ഷോഭങ്ങളെ നിയന്ത്രിക്കുക എന്നീ മൂന്നു കാര്യങ്ങള്‍ ഒരേസമയം കൈകാര്യം ചെയ്യുക എന്നത് ഏതൊരു ഭരണകൂടത്തിനും അസാധ്യമായ ദൗത്യമാണ്’’- അല്‍ ജസീറയുടെ രാഷ്ട്രീയ വിശകലന വിദഗ്ധൻ മര്വാന് ബിഷാര പറയുന്നു.
ട്രംപിന്റെ നീക്കങ്ങളെ വിശകലനം ചെയ്യുന്ന വിദഗ്ധര്‍ രണ്ട് പ്രധാന ലക്ഷ്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്: ജനകീയ പ്രക്ഷോഭത്തെ ഉപയോഗപ്പെടുത്തി ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടത്തെ താഴെയിറക്കി തങ്ങള്‍ക്ക് താൽപര്യമുള്ള ഒരു പുതിയ സര്‍ക്കാറിനെ കൊണ്ടുവരുക, ഇറാന്റെ ആണവ പദ്ധതികളും മിസൈല്‍ പരീക്ഷണങ്ങളും പൂർണമായും അവസാനിപ്പിക്കുന്ന തരത്തിലുള്ള കടുത്ത ഉപാധികളോടെ പുതിയൊരു കരാറിന് ഇറാനെ നിര്‍ബന്ധിക്കുക.
‘‘ട്രംപിന്റെ നീക്കങ്ങള്‍ പ്രവചനാതീതമാണ്. അദ്ദേഹം ഒരു വശത്ത് ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിടുന്നുണ്ടെങ്കിലും, മറുവശത്ത് യുദ്ധത്തിന് തയാറെടുത്തു നില്‍ക്കുകയാണ്’’- മര്വാന് ബിഷാര പറയുന്നു. ഇറാനിലെ പ്രതിസന്ധി പരിഹരിക്കപ്പെടണമെങ്കില്‍ ഉപരോധങ്ങളില്‍ ഇളവ് നല്കുന്ന ഒരു പുതിയ ആണവ കരാറും, പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്ന നയതന്ത്ര ചര്‍ച്ചകളും അനിവാര്യമാണ്. അല്ലാത്തപക്ഷം, ഈ പ്രക്ഷുബ്ധത ലോകത്തിന് നല്‍കുക വലിയൊരു യുദ്ധത്തിന്റെ കയ്പുള്ള ഫലങ്ങളായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.