പരസ്പരബന്ധിതമായി ജീവിക്കുന്ന മനുഷ്യർക്ക് ഇൻഷുറൻസ് എന്നത് ഒരു സംരക്ഷണ കവചമാണ്. പുരോഗമനപരമായി ചിന്തിക്കുന്ന ഒരു രാജ്യത്ത് പരമാവധി ജനങ്ങൾക്ക് ഈ കവചം ഒരുക്കേണ്ട ധാർമിക ഉത്തരവാദിത്തം ഭരണകൂടത്തിൽ നിക്ഷിപ്തമാണ്. അതിനു വേണ്ട ചെലവ് വഹിക്കാൻ ഭരണകൂടം തയാറാകാത്തതുകൊണ്ടാണ് ജനങ്ങളിൽ നിന്നുതന്നെ അതിനുവേണ്ട വിഭവം കണ്ടെത്തി അത് നിർവഹിക്കപ്പെടുന്ന രീതി പിന്തുടരുന്നത്. അതിനായി വലിയ സ്ഥാപനങ്ങൾ രൂപപ്പെടുകയും വലിയ വ്യവസായമായി ഇത് പരിണമിക്കുകയും ചെയ്തു. ഇവിടെ വിപണനം നടത്തുന്നത് ഒരു ഉൽപന്നമല്ല, മറിച്ച്, വാഗ്ദാനമാണ് എന്നതുകൊണ്ടുതന്നെ അതിന്റെ കൃത്യതയാർന്ന നടത്തിപ്പിന് ഭരണകൂട നിയന്ത്രണം അനിവാര്യമാണ്. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തിനപ്പുറം ഒരു പതിറ്റാണ്ട് തികയും മുമ്പ് ലൈഫ് ഇൻഷുറൻസ് വ്യവസായം ദേശസാത്കരിച്ചത്. തുടർന്ന് 1972ൽ ജനറൽ ഇൻഷുറൻസ് ദേശസാത്കരണവും നടന്നു. സർക്കാറിനുവേണ്ടി, പരിമിതികൾക്കകത്തു നിന്നുകൊണ്ട് പരമാവധി ജനങ്ങളിലേക്ക് ഇൻഷുറൻസ് സംരക്ഷണം ഒരുക്കാൻ പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനങ്ങൾക്ക് കഴിഞ്ഞു.
വൈദേശിക ശക്തികൾ മൂന്നാം ലോക രാജ്യങ്ങളിലേക്ക് കടന്നുവന്ന ചരിത്രപരമായ സന്ദർഭങ്ങൾ നമുക്കു മുന്നിലുണ്ട്. അവരുടെ താൽപര്യങ്ങൾ ഒരു കാലത്തും ഈ രാജ്യങ്ങളുടെ വികാസമോ ജനങ്ങളുടെ ക്ഷേമമോ ആയിരുന്നില്ല, മറിച്ച്, തദ്ദേശീയർക്ക് അവകാശപ്പെട്ട വിഭവം അവരറിയാതെ കവർന്നെടുക്കുന്നതിലായിരുന്നു. ഇതിനെതിരെ വലിയ മുന്നേറ്റങ്ങൾ ഉയർന്നുവന്നെങ്കിലും സാമ്രാജ്യത്വ ശക്തികളുടെ വിപുലമായ കടന്നാക്രമണം മൂലം ലോക ധനമൂലധന ശക്തികൾക്ക് സാമ്പത്തികമായി വിഹരിക്കാനുള്ള മേച്ചിൽപുറമായി ഈ രാജ്യങ്ങൾ മാറുകയായിരുന്നു. ഇന്ത്യയിൽ പ്രസ്തുത പ്രക്രിയ അരങ്ങേറിയത് ഇൻഷുറൻസ് വ്യവസായത്തിന്റെ പശ്ചാത്തലത്തിൽ കൃത്യമായി മനസ്സിലാക്കാനാകും. ഒരിക്കൽ ദേശസാത്കരിക്കപ്പെട്ട് അതിന്റെ പ്രവർത്തനം ശരിയായ ദിശയിൽ മുന്നോട്ടുപോകുന്ന ഘട്ടത്തിൽ ഇന്ത്യൻ ഇൻഷുറൻസ് വ്യവസായത്തെ സ്വകാര്യവത്കരിക്കുന്നതിനുള്ള നീക്കത്തെ ജനങ്ങളെ മുൻനിർത്തി തൊണ്ണൂറുകളുടെ അവസാനം വരെ തൊഴിലാളികൾ എതിർത്തു തോൽപിച്ചു. പിന്നീട് നവലിബറൽ നയങ്ങളോട് പ്രതിപത്തിയുള്ള സർക്കാറിന്റെ നേതൃത്വത്തിൽ 1999ൽ ദേശ-വിദേശ കുത്തകകൾക്കായി ഈ വ്യവസായം വീണ്ടും തുറന്നുകൊടുത്തു. കൃത്യമായ നിയന്ത്രണങ്ങളോടെ മാത്രമേ ഈ സ്ഥാപനങ്ങൾക്ക് ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കാൻ കഴിയൂ എന്ന വാദം മുൻനിർത്തി തുറന്നുകൊടുത്ത ഈ വ്യവസായത്തിൽ പിന്നീട് നാം കണ്ടത് അവരുടെ പടിപടിയായ വളർച്ചക്കുള്ള കേന്ദ്ര സർക്കാറിന്റെ ഒത്താശയാണ്. അപ്പോഴും പൊതുമേഖലാ സ്ഥാപനങ്ങൾ അവയിൽ നിക്ഷിപ്തമായ കർത്തവ്യം ഏറ്റവും ശ്രേഷ്ഠമായ അർഥത്തിൽ മുന്നോട്ടു കൊണ്ടുപോകാനും ജനങ്ങളുടെ വിശ്വാസം ആർജിച്ചു വളരാനും ബദ്ധശ്രദ്ധ പുലർത്തി.
ഇൻഷുറൻസിന്റെ വ്യാപനം ത്വരിതപ്പെടുത്താനുതകും എന്നുപറഞ്ഞ് നടപ്പാക്കിയ പരിഷ്കാരങ്ങളത്രയും പൊള്ളയായിരുന്നു എന്ന് ഈ കാലഘട്ടത്തിലെ അനുഭവം പരിശോധിച്ചാൽ മനസ്സിലാക്കാനാകും. രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗ്രാമങ്ങളിൽ ഇൻഷുറൻസിന്റെ സന്ദേശം എത്തിക്കാനും വ്യവസായത്തെ വളർത്താനും മുന്നിൽ ഉണ്ടായിരുന്നത് പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രമാണ്. ലൈഫ്/ആരോഗ്യ ഇൻഷുറൻസിലേക്ക് ജനങ്ങളെ ആകർഷിക്കാൻ കഴിയുക അവരുടെ മിച്ച വരുമാനം വർധിക്കുമ്പോൾ മാത്രമാണ്. ആഗോളവത്കരണ, ഉദാരവത്കരണ നടപടികളുടെ ഭാഗമായി സാധാരണക്കാരുടെ വരുമാനവും സമ്പാദ്യവും വലിയതോതിൽ ഇടിവ് രേഖപ്പെടുത്തിയ കാലഘട്ടത്തിൽ പോലും സമ്പന്ന രാഷ്ട്രങ്ങളുടേതിനു തത്തുല്യമായതോ അതിൽ കൂടുതലോ നിരക്കിലേക്ക് ഇന്ത്യയുടെ ഇൻഷുറൻസ് വ്യാപനം കൈപിടിച്ചുയർത്തിയത് ഈ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനമാണെന്ന് കാണാം.
സ്വകാര്യ കമ്പനികളുടെ പ്രവർത്തനം ലാഭ കേന്ദ്രീകൃതമായതുകൊണ്ടുതന്നെ പട്ടണങ്ങളിലെ സുനിശ്ചിത വരുമാനക്കാർക്കിടയിൽ മാത്രം അവരുടെ ബിസിനസ് വിപുലീകരണ പ്രക്രിയ ഒതുങ്ങുന്നു. സർക്കാർ നേരത്തേ ഉദ്ദേശിച്ച ഇൻഷുറൻസ് വ്യാപനത്തിൽ ഇക്കൂട്ടർക്ക് കാര്യമായ പങ്കുവഹിക്കാൻ കഴിയില്ല എന്നതിന്റെ തെളിമയാർന്ന ഉദാഹരണമാണിത്.
ഇങ്ങനെയൊക്കെയാണെങ്കിലും ഇൻഷുറൻസ് വ്യവസായത്തിൽ സർക്കാർ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നു. പ്രധാനപ്പെട്ട മൂന്ന് നിയമങ്ങളായ ഇൻഷുറൻസ് ആക്ട് 1938, എൽ.ഐ.സി ആക്ട് 1956, ഐ.ആർ.ഡി.എ ആക്ട് 1999 എന്നിവയിൽ സമഗ്രമായ പരിഷ്കരണങ്ങൾ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇൻഷുറൻസ് നിയമ ഭേദഗതി ബില്ല് കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കി. എല്ലാവർക്കും ഇൻഷുറൻസ് എല്ലാവർക്കും സുരക്ഷ എന്ന അർഥം വരുന്ന സബ് കാ ബീമാ സബ് കീ രക്ഷാ എന്ന് പേരിട്ട ഈ ഭേദഗതിയിലെ പ്രധാനപ്പെട്ട ഇനമാണ് സ്വകാര്യ ഇൻഷുറൻസ് കമ്പനികളിലെ വിദേശനിക്ഷേപ പരിധി നിലവിലെ 74 ശതമാനത്തിൽ നിന്നും 100 ശതമാനം ആക്കുന്നു എന്നത്. ഇൻഷുറൻസ് മേഖല കാലാനുസൃതമായി പരിഷ്കരണത്തിന് വിധേയമാക്കുന്നതിനും അതിനായി മാറ്റങ്ങൾ കൊണ്ടുവരുന്നതിനും ആരും എതിരല്ല.
എന്നാൽ, അത്തരം മാറ്റങ്ങൾ വസ്തുനിഷ്ഠ സാഹചര്യങ്ങൾക്ക് അനുസൃതമാകണം എന്നതും അതിന്റെ ഗുണഭോക്താക്കൾ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾ ആകണമെന്നതും നിർബന്ധമാണ്. ഇവിടെ സർക്കാർ അതിനായി ഉയർത്തുന്ന വാദങ്ങൾ ശരിയല്ല എന്നത് ഈ മേഖലയിലെ പ്രധാനപ്പെട്ട ട്രേഡ് യൂനിയനുകൾ ഒന്നടങ്കം പറയുകയാണ്. പ്രസ്തുത സംഘടനകളെ ഏകോപിപ്പിച്ചു മുന്നോട്ടുപോകുന്നതിൽ ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ സമർഥമായ പങ്കുവഹിച്ചുപോരുന്നു. വിദേശ നിക്ഷേപതോത് 1999ൽ പ്രവർത്തനം ആരംഭിച്ച സ്വകാര്യ ഇൻഷുറൻസ് കമ്പനികളിലെ വിദേശനിക്ഷേപ പരിധി ആദ്യമുണ്ടായിരുന്ന 26 ശതമാനത്തിൽനിന്ന് 74ശതമാനം വരെ ആക്കി ഉയർത്തിയത് മേഖലയിലെ തൊഴിലാളികളുടെ എതിർപ്പിനെ മറികടന്നുകൊണ്ടാണ്. ഇപ്പോൾ അത് 100 ശതമാനം ആക്കുന്നത് എല്ലാ സ്വകാര്യ കമ്പനികളിലും കൂടി ആകെ വന്ന വിദേശനിക്ഷേപം 32.67 ശതമാനം (2024 മാർച്ച് 31 പ്രകാരം) മാത്രമാണെന്ന കേന്ദ്ര ധനകാര്യ സഹമന്ത്രി പാർലമെന്റിൽ നടത്തിയ വെളിപ്പെടുത്തലിനു ശേഷമാണെന്നത് കേന്ദ്ര സർക്കാറിന്റെ വാക്കിലെയും പ്രവൃത്തിയിലെയും വൈരുധ്യത്തെ എടുത്തുകാട്ടുന്നു. നാല് കമ്പനികൾ ഒഴികെ ഒരു കമ്പനിയിലും 74 ശതമാനം വിദേശ നിക്ഷേപമില്ലെന്നു മാത്രമല്ല, ആറ് കമ്പനികൾ വിദേശനിക്ഷേപത്തിന്റെ സഹായമില്ലാതെയാണ് പ്രവർത്തിക്കുന്നതും.
അതായത്, ഇപ്പോഴുള്ള സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് അവയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന് മൂലധന അപര്യാപ്തത ഒരു പ്രശ്നമല്ലെന്നു സാരം. വിദേശ നിക്ഷേപവുമായി വന്ന കമ്പനികളിൽ ഒമ്പതു കമ്പനികൾ ഇതിനോടകം തന്നെ നമ്മുടെ നാട്ടിലെ പ്രവർത്തനം നിർത്തി അവരുടെ മൂലധനവുമായി തിരികെ പോയിട്ടുണ്ട് എന്നതും ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. മാത്രമല്ല, ഇന്ത്യയിൽ വിദേശനിക്ഷേപ പരിധി 74ശതമാനം ഉണ്ടായിരുന്ന കാലഘട്ടത്തേക്കാൾ മെച്ചപ്പെട്ട ഇൻഷുറൻസ് വ്യാപന നിരക്ക്, വിദേശ നിക്ഷേപ പരിധി 26 ശതമാനം മാത്രമായിരുന്നപ്പോൾ ഉണ്ടായിരുന്നു. അതിനാൽ, വിദേശ നിക്ഷേപ തോത് വർധിക്കുന്നത് ഇൻഷുറൻസ് വ്യാപനത്തിനു സഹായകരമാണെന്ന വാദം ശരിയല്ല. ഈ യാഥാർഥ്യങ്ങളെ പരിശോധിക്കാതെ വിദേശ മൂലധനത്തിന് നമ്മുടെ നാട്ടിലെ ജനങ്ങളുടെ സമ്പാദ്യത്തിൽ കൂടുതൽ നിയന്ത്രണത്തിനുള്ള അവസരം ഒരുക്കുന്നത് മൂലധന ശക്തികളോടുള്ള വിധേയത്വം ഒന്നുകൊണ്ട് മാത്രമാണ്.
ആഭ്യന്തര സമ്പാദ്യം ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകമാണ്. ക്ഷേമരാഷ്ട്ര സങ്കൽപത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന നമ്മുടെ രാജ്യത്തെ ആഭ്യന്തര സമ്പാദ്യം സർക്കാറിന്റെ നിയന്ത്രണത്തിൽ തന്നെ ഉണ്ടാകേണ്ടതുമാണ്. ഈ സാഹചര്യത്തിലാണ് വിദേശ നിക്ഷേപ പരിധി നൂറുശതമാനം ആക്കുന്നതിലൂടെ വിദേശ കമ്പനിക്ക് ഇന്ത്യൻ ഇൻഷുറൻസ് വ്യവസായത്തിലേക്ക് കടമ്പകളില്ലാതെ കടന്നുവരാനുള്ള അവസരം ഒരുക്കുന്നത്. വിദേശ സ്ഥാപനത്തിന് ഇന്ത്യൻ കമ്പനിയുടെ പങ്കാളിത്തമില്ലാതെ സ്വന്തം കമ്പനി തുടങ്ങാൻ ആകുമെന്നത് മത്സരാധിഷ്ഠിത കമ്പോളത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. കാരണം, ലാഭം മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന വൻകിട കോർപറേറ്റുകളോട് മത്സരിക്കുമ്പോൾ അവർ കേന്ദ്രീകരിക്കുന്ന നഗരങ്ങളിലെ സമ്പന്നർ മാത്രമായിരിക്കും മറ്റ് സ്വകാര്യ ഇന്ത്യൻ കമ്പനികളുടെയും ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.