കടപ്പാട്: DEEMUK

ബുൾഡോസ് ചെയ്യപ്പെടുന്ന ഇന്ത്യൻ ജനാധിപത്യം

അനീതിയെ ബുൾഡോസ് ചെയ്യുന്നതാണ് ജനാധിപത്യത്തിന്റെ കാതൽ. എന്നാൽ, വർത്തമാനകാലത്ത് ഇന്ത്യൻ ജനാധിപത്യം ഇതിന്റെ നേരെ വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്. അത് നീതിയെ ബുൾഡോസ് ചെയ്തുകൊണ്ടിരിക്കുന്നു. ഡൽഹിയിലെ ജഹാംഗീർപുരിയിലും മധ്യപ്രദേശിലെ ഖർഗോനിലും മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ ബുൾഡോസ് ചെയ്തത് ഇതിന്റെ തെളിവാണ്. ഉത്തർപ്രദേശ് തെളിച്ച പാതയിലൂടെ ഇപ്പോൾ മധ്യപ്രദേശും ഡൽഹിയും സഞ്ചരിച്ച് തുടങ്ങിയിരിക്കുന്നു. ഇത് ജനാധിപത്യമല്ല, ബുൾഡോസറാധിപത്യമാണ്.

ഈ ബുൾഡോസറാധിപത്യം കുടിയൊഴിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നുമില്ല. അത് വാക്കുകളെയും കിളച്ചുമറിക്കുന്നു. മുസ്ലിംകളെ വംശഹത്യ ചെയ്യണമെന്നും, അവരുടെ ചെയ്തികൾ തങ്ങളിൽ അക്ഷമ ഉളവാക്കുന്നു എന്നും, ഉത്തരവാദപ്പെട്ട നേതാക്കൾ തന്നെ ഒരുളുപ്പും ഇല്ലാതെ പറയുന്നു. മോദിയെ വിമർശിക്കുന്നവർ മാസം തികയാതെ പ്രസവിച്ചവരാണെന്ന്, തമിഴ്നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ വക പ്രസ്താവന വേറെയും. "ബുൾഡോസർ ബാബ" (ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിശേഷണം),"ബുൾഡോസർ മാമ" ( മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ)എന്ന വ്യക്തിവിശേഷങ്ങൾ രാഷ്ട്രീയ വ്യവഹാരത്തിൽ സ്വീകാര്യമായ വിളിപ്പേരുകളായി തീർന്നിരിക്കുന്നു.

അതിൽ ആദിത്യനാഥോ ശിവരാജ്ചൗഹാനോ നീരസം പ്രകടിപ്പിച്ചതായി നമുക്ക് അറിവുമില്ല. കേരളത്തിൽപോലും, ക്രൈസ്തവ - ഇസ്ലാം മതവിഭാഗങ്ങളിൽപെട്ട രണ്ടുപേർ തമ്മിലുള്ള വിവാഹത്തെ "ലൗ ജിഹാദ്" എന്ന് വിശേഷിപ്പിക്കാൻ ഒരുന്നത സി.പി.എം നേതാവ് തയാറായി എന്നത് നാം കാണാതിരുന്നുകൂടാ. പാർട്ടിനയം അതല്ലാതിരുന്നിട്ടും അങ്ങനെ പറയാൻ അദ്ദേഹം ധൈര്യപ്പെട്ടെങ്കിൽ അതിനർഥം ഉള്ളിൽ ചുരമാന്തുന്നത് ഇത്തരം ചിന്തകളാണെന്നാണ്. ഭാഷയേയും മണ്ണുമാന്തി ഉഴുതു മറിച്ചു തുടങ്ങിയിരിക്കുന്നു എന്ന് സാരം.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഈ വർത്തമാനകാല അവസ്ഥ മുൻകൂട്ടി കണ്ടുകൊണ്ടാവാം, "പണ്ടു പണ്ടത്തെ ഭാരതോർവികേവലം കങ്കാളമായി മാറി "എന്ന് ഇടശ്ശേരി പറഞ്ഞത്. സമയവും കാലവും മുന്നോട്ടേ പോകുന്നുള്ളൂവെങ്കിലും, സംസ്കാരത്തിന് പിറകോട്ടു പോകാൻ കഴിയുമെന്നാണ് ഇത് കാണിക്കുന്നത്. ഹിറ്റ്ലറുടെ ജർമനിയും മുസ്സോളിനിയുടെ ഇറ്റലിയും ഇതു പണ്ടേ തെളിയിച്ചതാണ്. പക്ഷേ, ഇവിടെ ചില സുപ്രധാനചോദ്യങ്ങൾക്ക് നാം ഉത്തരം തേടേണ്ടതുണ്ട് : ഇതിലൂടെ നാം ആത്യന്തികമായി എന്താണ് നേടാൻ പോകുന്നത്? ജീവിത സുരക്ഷയോ? ഏകശിലാരൂപമായ ഭാരത സ്വരൂപമോ? അതോ അധികാരം കൈയടക്കലോ?

സുരക്ഷിത ജീവിതമാണെങ്കിൽ ഒരു കാര്യം ഓർത്തു നോക്കൂ- നാം ജീവിക്കുന്നിടത്തു നിന്ന് തൊട്ടടുത്ത ശവപ്പറമ്പിലേക്കുള്ള ദൂരം. ഏറിവന്നാൽ അഞ്ചോ പത്തോ നാഴിക. ഒരുവേള നാം ജീവിക്കുന്നതു തന്നെ ആരുടെയോ പൂർവികരെ അടക്കം ചെയ്ത പറമ്പിലാവും. ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിതന്നെ ശവകുടീരങ്ങളുടെയും തലസ്ഥാനമാണല്ലോ.

മരണത്തെ വിട്ട് ജീവിതത്തിലേക്കു വന്നാൽ, കണ്ണിമചിമ്മുന്ന വർത്തമാന നിമിഷം മാറ്റിവെച്ചാൽ, ശേഷിക്കുന്ന ജീവിതം മുഴുവനും ഓർമയും പ്രതീക്ഷയുമാണെന്ന കാര്യം നാം സൗകര്യപൂർവം വിസ്മരിക്കുന്നു. മാത്രമല്ല, സഹജീവികളെ ആട്ടിപ്പായിച്ചിട്ട് നാം ആരുടെ കൂടെയാണ് ജീവിക്കാൻ പോകുന്നത്. മനുഷ്യൻ മനുഷ്യന്റെ കൂടെ മാത്രമെ ജീവിക്കാനാവൂ. കാരണം ജീവിതം ഒന്നല്ല, പലതാണ്; അത് ഏകവചനമല്ല, ബഹുവചനമാണ്; അത് സ്ഥിരമല്ല, സദാ മാറിക്കൊണ്ടിരിക്കുന്നതാണ്. ഇതെല്ലാം കൊണ്ടാവാം ജോസ്സരമാഗോ പറഞ്ഞത്, ''നമ്മുടെ ഉള്ളിൽ പേരില്ലാത്ത എന്തോ ഒന്നുണ്ട്. ആ എന്തോ ഒന്നാണ് നാം.''

ഒരുപക്ഷേ, നാം വിഭാവനം ചെയ്യുന്നത് ഏകശിലാരൂപത്തിലുള്ള 'നവഭാരത' സൃഷ്ടിയെക്കുറിച്ചാവും. പക്ഷേ, അവിടെയും ചില പ്രശ്നങ്ങളുണ്ട്. പ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ ലെവി സ്ട്രാസ് (Levi Strauss) പറയുന്നത് സാംസ്കാരികമായ ഏകത്വം എന്നൊന്നില്ല എന്നാണ്. ഒരു സംസ്കാരം നിലനിൽക്കുന്നത് മറ്റു സംസ്കാരങ്ങളുമായുള്ള അതിന്റെ കൊടുക്കലിന്റെയും വാങ്ങലിന്റെയും ആഴത്തെ ആശ്രയിച്ചാണത്രേ. ഇതു തന്നെയാണ് മഹാഭാരതവും പറയുന്നത്. ഭാരതത്തിന് പല തുടക്കങ്ങൾ ഉണ്ടെന്നും, വൈവിധ്യമാണ് അതിന്റെ ശക്തിയെന്നും അത് പറഞ്ഞുവെക്കുന്നു. ഒരു ചുവടുകൂടി മുന്നോട്ടു പോയി, അഹിംസയാണ് ഭാരതത്തിന്റെ അടിസ്ഥാന മൂല്യം എന്നും അത് വിളംബരം ചെയ്യുന്നു.

ഇത്തരം ലക്ഷ്യങ്ങളൊന്നും സാധ്യമല്ലെങ്കിൽ, പിന്നെ നാം ചെന്നെത്തുന്നത് 'അധികാരം' എന്ന നാലക്ഷരത്തിലാണ്. അധികാരം പിടിച്ചെടുക്കാനും, പിടിച്ചെടുത്തത് നിലനിർത്താനും നാം എന്തും ചെയ്യാൻ തയാറാകുന്നു. 'നിങ്ങൾക്ക് അധികാരം വേണമെങ്കിൽ നിങ്ങൾ നിർലജ്ജരും ധാർമിക മൂല്യങ്ങൾക്ക് വഴങ്ങാത്തവരുമായിരിക്കണമെന്ന് "മാക്കിയവെല്ലി പറഞ്ഞത് ഓർമയില്ലേ. ഈ മാക്കിയവെല്യൻ തന്ത്രമാണ് ഇന്ത്യൻ ഭരണകൂടം ഇപ്പോൾ പയറ്റുന്നത്.

നമ്മുടെ ഭരണാധികാരികൾ ലജ്ജിക്കുന്നില്ല. എന്തുതന്നെ സംഭവിച്ചാലും അവരുടെ മുഖം വിവർണമാകുന്നില്ല. They don't blush.ജനാധിപത്യം നിലനിൽക്കുന്നത് ഭരണാധികാരികൾ ലജ്ജിക്കുന്നിടത്തോളമാണ്. കാരണം ലജ്ജ ഒരു ജനാധിപത്യ മൂല്യമാണ്. അധികാരം അവരുടെ സ്വത്വത്തെ തല്ലിക്കെടുത്തിയിരിക്കുന്നു. സ്വന്തം സ്വത്വം നഷ്ടപ്പെടുന്ന മനുഷ്യൻ ജീവിച്ചിരിക്കുന്ന കളങ്കമാണ്. ഒരു കെട്ട് ഞരമ്പുകൾ മാത്രം.

അതുകൊണ്ടാണ് അരുതാത്ത കാര്യങ്ങൾ സ്വന്തം മൂക്കിനു താഴെ നടക്കുമ്പോഴും അവർക്ക് പ്രതികരിക്കാനാവാത്തത്. അധികാരം സ്നേഹത്തിന് പകരമാണെന്ന് ഗബ്രിയേൽ ഗാർസ്യാ മാർക്വേസ് പറഞ്ഞത് വെറുതെയല്ല . സ്നേഹിക്കാൻ കഴിവില്ലാത്തതാണ് മനുഷ്യന്റെ ഏറ്റവും വലിയ ദുരവസ്ഥ എന്നദ്ദേഹം തുടർന്നുപറയുന്നു. നാം നേരിടുന്ന ഏറ്റവും വലിയ ദുരന്തത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഇത് ഭരണാധികാരികളുടെ മാത്രം പ്രശ്നവുമല്ല. നമ്മുടെ ബുദ്ധിജീവികളുടെയും അവർ ഉൾപ്പെടുന്ന പൊതുസമൂഹത്തിന്റെയും പ്രശ്നം കൂടിയാണ്. വിപണി സൗഹൃദലോകത്ത് ജീവിക്കുന്ന നമുക്ക് മനുഷ്യത്വവും സഹജീവി സ്നേഹവും തീരെ കമ്മിയായിരിക്കുന്നു. ചുറ്റും നടക്കുന്ന ഒന്നും നമ്മെ അലട്ടുന്നില്ല. നാം മൗനത്തിന്റെ വാഗ്മേയത്തിൽ അഭയം തേടുന്നു.മൗനം ദേവഭാഷയാണല്ലോ. ഇതിൽ അത്ഭുതത്തിന് അവകാശമില്ല എക്കാലവും അനീതിക്കെതിരെ പ്രതികരിച്ചിട്ടുള്ളത് ഒരു ചെറുപക്ഷം മാത്രമാണ്.

വാൽകഷണം : ഒരിക്കൽ ഒരു വിദേശ പത്രപ്രവർത്തകൻ സ്റ്റാലിനോട് ചോദിച്ചു: "സോവിയറ്റ് ജീവിതത്തിന്റെആകെത്തുക എന്താണ്?" അദ്ദേഹം അതിനു നൽകിയ ഉത്തരം ഇതാണ് : " കലർപ്പില്ലാത്ത സന്തോഷം " . ഇതേ ചോദ്യം നമ്മുടെ ഭരണാധികാരികളോട് ചോദിച്ചാൽ എന്തുത്തരമാവും അവർ നൽകുക എന്നത് ആലോചനാമൃതമാണ്.

Tags:    
News Summary - Indian democracy being bulldozed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.