???? ????? ?????? ????????? ???, ???????? ???? ?????? ????? ????????

ജനങ്ങൾ ഭരണഘടനയെ തിരിച്ചറിയുന്നു

പൗരത്വമെന്ന വിലപ്പെട്ട മനുഷ്യാവകാശത്തെ വിധ്വംസകമായി പുനർനിർവചിക്കുന്നതിനാലാണ് പൗരത്വ ഭേദഗതി നിയമം ഇത്രമേൽ ശക്​തമായി എതിർക്കപ്പെടുന്നത്. ദേശവ്യാപകമായി നടപ്പാക്കുമെന്ന് സർക്കാർ ആവർത്തിച്ച് പ്രഖ്യാപിക്കുന്ന ദേശീയ പൗരപ്പട്ടികയുമായി ചേർത്തു കാണുമ്പോൾ ഭേദഗതി നിയമത്തി​െൻറ വിനാശകരമായ സാധ്യതകൾ തെളിഞ്ഞുവരും. അസമിൽ പൂർത്തിയാക്കിയ പട്ടികയിൽ പ്രത്യക്ഷത്തിൽ പ്രകടമായ വൈകല്യങ്ങൾ വീണ്ടുവിചാരത്തിന് സർക്കാറിനെ േപ്രരിപ്പിക്കുന്നില്ല. ഉത്തരവാദിത്തം സുപ്രീംകോടതിയുടെമേൽ ചുമത്തി ഒഴിയാൻ ശ്രമിക്കുമ്പോഴും സ്വന്തം നിലയിൽ തെറ്റുകൾ ആവർത്തിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. 2021ൽ നടക്കാനിരിക്കുന്ന ദശവാർഷിക സെൻസസിനു പുറമെ തയാറാക്കപ്പെടുന്ന ദേശീയ ജനസംഖ്യ രജിസ്​റ്റർ മറ്റൊരു വിപത്താണ്. പൗര പട്ടികക്ക് ആധാരമാക്കപ്പെടുന്നതാണ് ജനസംഖ്യ രജിസ്​റ്റർ.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ അഭൂതപൂർവമായ പ്രതിഷേധത്തെ ഭരണകൂടം നേരിടുന്ന രീതി ജനാധിപത്യവിരുദ്ധമാണ്. ഭരണഘടനാപരമായ പദവിയിലിരിക്കുന്ന ഗവർണറും സംയുക്ത സേനാമേധാവിയും ഒരേ സ്വരത്തിലാണ് പ്രതിഷേധത്തിനെതിരെ പ്രതികരിച്ചത്. രണ്ടും അപകടകരമായ രീതിയിൽ അനുചിതമാണ്. വർഗീയതക്കും ഏകാധിപത്യത്തിനുമെതിരെ ജനാധിപത്യബോധത്തോടെ പ്രതികരിച്ച വിദ്യാർഥികളെ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടിയിരുന്നത്. കാമ്പസുകളെ പ്രകമ്പനം കൊള്ളിക്കുന്ന പ്രതിഷേധം അടിച്ചാൽ അടങ്ങുന്നതല്ല.

അടിയന്തരാവസ്ഥയിലൂടെ വിജയകരമായി കടന്നുപോന്ന ജനതക്ക് ഭരണകൂടത്തെ ഭയപ്പെട്ട് കഴിയാനാവില്ല. അന്നെന്നപോലെ ഇന്നും സംരക്ഷകർ നിർവീര്യരാക്കപ്പെടുന്ന അവസ്ഥയുണ്ട്. ഭീരുത്വം മുഖമുദ്രയാകുമ്പോൾ രാജ്യം ഭയത്തി​െൻറ കരിമ്പടത്തിൽ ചുരുണ്ടുകൂടുന്നു. ഭരണകൂടം ദുർബലമാകുമ്പോൾ അധികാരത്തി​െൻറ പരിധി സ്വേച്ഛാപരമായി വികസിപ്പിക്കുന്ന ജുഡീഷ്യറി ഭരണകൂടത്തി​െൻറ അധികാരപ്രകടനത്തിനു മുന്നിൽ പത്തി താഴ്ത്തുന്നു. നീതിപൂർവകമായ വിധികളല്ല, ‘സന്തോഷിപ്പിക്കുന്ന’ വിധികളാണ് കോടതിയിൽനിന്ന് നിരന്തരം ഉണ്ടാകുന്നത്.

മൂന്ന് അയൽരാജ്യങ്ങളിൽ നിന്നെത്തുന്ന പീഡിതർക്ക് അഭയവും പൗരത്വവും നൽകുന്നതിനുദ്ദേശിക്കപ്പെട്ട മാനവികമായ നിയമനിർമാണമായി പൗരത്വ ഭേദഗതി നിയമം വാഴ്ത്തപ്പെടുന്നുണ്ട്. മാനവികതയിൽ വിഭാഗീയത ഉണ്ടാകരുത്. മൂന്ന് മുസ്​ലിംരാജ്യങ്ങളിൽനിന്ന് നിഷ്കാസിതരായെത്തുന്ന മുസ്​ലിംകൾക്ക് അഭയമില്ലെന്ന പ്രഖ്യാപനമാണ് പൗരത്വ ഭേദഗതി നിയമം. ആർക്കെങ്കിലും പൗരത്വം നൽകാൻ നിയമഭേദഗതി ആവശ്യമുണ്ടായിരുന്നില്ല. നൽകാനുള്ളതല്ല, നിഷേധിക്കാനുള്ളതാണ് ഭേദഗതി. പുറത്തുനിന്നു വന്നവർ മാത്രമല്ല ഇവിടെ ഉള്ളവരും നാളെ ഇല്ലാത്തവരായി പ്രഖ്യാപിക്കപ്പെടും.

ദുരുപദിഷ്​ടനിയമത്തി​െൻറ നാനാവശങ്ങൾ ഇതിനകം ദേശവ്യാപകചർച്ചക്ക് വിധേയമായിട്ടുണ്ട്. നിയമത്തെ മലിനമാക്കുന്ന രാഷ്​ട്രീയവും ചർച്ചചെയ്യപ്പെടുന്നുണ്ട്. ഭരണഘടനാവിരുദ്ധമാണ് നിയമം എന്നതാണ് ഏറ്റവും പ്രധാന ആക്ഷേപം. അനുഛേദം 14 സമസ്ത മനുഷ്യർക്കും പൗരത്വം അടിസ്ഥാനമാക്കാതെ ഉറപ്പു നൽകുന്ന മൗലികാവകാശമാണ് തുല്യത. ഈ അവകാശം അനുഭവിക്കാൻ ഒരാൾ ഇന്ത്യൻ പൗരൻ ആകണമെന്നില്ല. ആറു പേർക്ക് നൽകുന്നത് ഏഴാമതൊരാൾക്ക് നിഷേധിക്കുമ്പോൾ അത് വിവേചനവും തുല്യതയുടെ നിരാസവുമാകുന്നു. രണ്ടും ഭരണഘടന അനുവദിക്കുന്നില്ല. ജന്മംകൊണ്ട് സ്വായത്തമാകുന്നതും വാസംകൊണ്ട് ആർജിക്കപ്പെടുന്നതുമായ വിശിഷ്​ടമായ രാഷ്​​ട്രാംഗത്വമാണ്​ പൗരത്വം. അതിനെ മതാടിസ്ഥാനത്തിൽ നിർണയിക്കുകയോ നിഷേധിക്കുകയോ ചെയ്യുമ്പോൾ ഹിറ്റ്​ലറുടെ ജൂതവിരോധത്തെയാണ് നാം അറിഞ്ഞോ അറിയാതെയോ ഉൾക്കൊള്ളുന്നത്. വിഷം അറിഞ്ഞു കഴിച്ചാലും അറിയാതെ കഴിച്ചാലും ഫലം ഒന്നുതന്നെ.

മതനിരപേക്ഷ റിപ്പബ്ലിക്കിനെ ഹിന്ദു രാഷ്​ട്രമായി പ്രഖ്യാപിക്കാനുള്ള നികൃഷ്​ടമായ നീക്കത്തിലെ ശ്രദ്ധേയമായ ആദ്യത്തെ ചുവടുവെപ്പാണിത്. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും നിയമത്തെ എതിർക്കുന്നത്. പാർലമ​െൻറി​െൻറ അവിവേകത്തെ ജനം അംഗീകരിക്കണമെന്ന് നിർബന്ധമില്ല. ദുരുപദിഷ്​ടമായ നിയമത്തെ തെരുവിലും കോടതിയിലും എതിർക്കാം. തെറ്റു തിരുത്താൻ തെരുവിലെ പ്രതിഷേധം സർക്കാറിനെ േപ്രരിപ്പിച്ചുകൂടെന്നില്ല. അൽജീരിയ മുതൽ സിംബാബ്​വെ വരെ 2019 തെരുവിലെ പ്രക്ഷോഭങ്ങളുടെ വർഷമായിരുന്നു. അറബ് വസന്തത്തി​െൻറ അറിയാത്ത തുടർച്ചയാണത്. വിക്കിപീഡിയ അത്തരം 79 പ്രക്ഷോഭങ്ങൾ തരംതിരിച്ചിട്ടുണ്ട്. ദേശീയ പൗര രജിസ്​റ്ററി​െൻറ കാര്യത്തിലും തടങ്കൽപാളയങ്ങളുടെ നിർമാണത്തിലും പ്രധാനമന്ത്രിക്ക് നിലപാട് മയപ്പെടുത്തേണ്ടി വന്നത് പ്രക്ഷോഭത്തി​െൻറ ആദ്യവിജയമാണ്. അന്താരാഷ്​​ട്ര തലത്തിൽ നഷ്​ടപ്പെടുന്ന പ്രതിച്ഛായയും സൃഷ്​ടിക്കപ്പെടുന്ന സമ്മർദവും അവഗണിച്ച് സർക്കാറിന് പിടിച്ചുനിൽക്കാനാവില്ല.

വ്യക്തികളെ മാത്രമല്ല, രാഷ്​ട്രങ്ങളെയും മതാടിസ്ഥാനത്തിൽ തരംതിരിച്ചിരിക്കുന്നുവെന്നത് ഈ നിയമത്തി​െൻറ അശ്ലീലത വർധിപ്പിക്കുന്നു. പീഡിപ്പിക്കപ്പെടുന്നവർ മൂന്ന് രാജ്യങ്ങളിൽ മാത്രമാണോ? ശ്രീലങ്കയും മ്യാന്മറും ചൈനയും അവഗണിക്കാവുന്ന രാജ്യങ്ങളാണോ? മൂന്ന് അയൽരാജ്യങ്ങളെ മുസ്​ലിം മുദ്ര നൽകി അപകീർത്തിപ്പെടുത്താനുള്ള ശ്രമവും ഈ നിയമത്തിലുണ്ട്. പീഡിപ്പിക്കപ്പെടുന്ന ശരണാർഥികൾക്ക് മതമില്ല. അവരെ സ്വീകരിക്കുന്നവർക്കും മതം ഉണ്ടാകാൻ പാടില്ല. മാനവികതയായിരിക്കണം അവരെ നയിക്കുന്ന മതവും വേദവും. അതങ്ങനെയായിരുന്നെങ്കിൽ മ്യാന്മറിൽനിന്നുള്ള റോഹിങ്ക്യകളെയും ചൈനയിൽനിന്നുള്ള ഉയിഗൂറുകളെയും നാം ആദ്യം പരിഗണിക്കുമായിരുന്നു. മുസ്​ലിം മർദകരെ കണ്ടെത്തുന്ന നിയമം മുസ്​ലിം മർദിതരെ തിരിച്ചറിയുന്നില്ല.

തെരുവിലെ പ്രക്ഷോഭത്തി​െൻറ ഭരണഘടനാപരമായ സാധുതയും സാധ്യതയും ജുഡീഷ്യറി കാണുന്നില്ല. അതുകൊണ്ടാണ് തെരുവിൽ നിൽക്കുന്നവർ കോടതിയെ സമീപിക്കേണ്ടെന്ന് ചീഫ് ജസ്​റ്റിസ് പറഞ്ഞത്. ഗുണഭോക്താവി​െൻറ സദ്സ്വഭാവം നീതിയുടെ പ്രദാനത്തിനു മാനദണ്ഡമാക്കാനാവില്ല. നീതിക്കുവേണ്ടി കലഹിക്കുന്നതിനൊപ്പം ജുഡീഷ്യറിയുടെ വാതിലിൽ മുട്ടുന്നതിനുമുള്ള അവകാശം ജനങ്ങൾക്കുണ്ട്. നീതിയുടെ വാതായനം അവർക്കായി തുറക്കപ്പെടണം. മണ്ഡൽ പ്രക്ഷോഭത്തെ സുപ്രീംകോടതിയുടെ ഇടപെടൽ തണുപ്പിച്ചതുപോലെ ഇവിടെയും സന്ദർഭോചിതമായ ഇടപെടൽ തെരുവുകളെയും കാമ്പസുകളെയും ശാന്തമാക്കുമായിരുന്നു. അതിനു പകരം പ്രക്ഷോഭകരുടെ ശരീരത്തി​െൻറയും മനസ്സി​​െൻറയും ശുദ്ധി പരിശോധിച്ച കോടതി ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയത്. നടപ്പായിട്ടില്ലാത്ത നിയമം എന്തിനു ​​സ്​റ്റേ ചെയ്യണമെന്ന സാങ്കേതിക ജഡിലമായ ചോദ്യം കോടതി ചോദിക്കാൻ പാടില്ലായിരുന്നു.

പൗരത്വം നൽകുന്നതിനും നിഷേധിക്കുന്നതിനും ആദ്യമായി മതം മാനദണ്ഡമായിരിക്കുന്നു. ഇനിയങ്ങോട്ട് എല്ലാ കാര്യങ്ങളും ഇങ്ങനെയാകാം. ഭരണഘടനാപരമായി അസാധ്യമെന്ന് കരുതുന്നതെല്ലാം അനായാസം സാധിച്ചെടുക്കുന്ന സർക്കാറാണ് ഇപ്പോൾ കേന്ദ്രത്തിലുള്ളത്. ഹിന്ദുരാഷ്​ട്രമെന്ന സവർക്കറുടെ സ്വപ്നം ആർ.എസ്​.എസി​െൻറ ശതാബ്​ദി വർഷമായ 2025ൽ സാധിതമാക്കാനുള്ള പരിശ്രമത്തിൽ അവർ പ്രതിബന്ധങ്ങളെ ഒന്നൊന്നായി തട്ടിനീക്കും. പ്രതിബന്ധങ്ങളെ ശക്തിപ്പെടുത്തേണ്ട കാലമാണിത്. പ്രളയജലത്തി​െൻറ കുത്തൊഴുക്കിന് ആരും ചാല് കീറേണ്ടതില്ല. ജനകീയപ്രതിഷേധത്തി​െൻറ മുന്നേറ്റത്തിന് നിയതമായ നേതൃത്വം ആവശ്യമില്ല. 1977ൽ ജനങ്ങൾ വിവേകപൂർവം പോളിങ് ബൂത്തിലേക്ക് നീങ്ങിയത് ആരുടെയും പിന്നാലെയായിരുന്നില്ല. കാലത്തി​െൻറ വിളി ആദ്യം കേൾക്കുന്നത് നേതാക്കളല്ല, ജനങ്ങളാണ്. ഭരണഘടനയുടെ സ്രഷ്​ടാക്കളായ നമ്മൾ ജനങ്ങൾ ഭരണഘടനയെ തിരിച്ചറിയുന്ന വിശിഷ്​ടമായ സന്ദർഭമാണിത്.

Tags:    
News Summary - Indian Citizen and Indian Constitution -Malayalam Articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.