1987 വരെ വൈദ്യുതി മിച്ച സംസ്ഥാനമായിരുന്ന കേരളം ഇപ്പോൾ 50 മുതൽ 60 മില്യൺ യൂനിറ്റ് കറൻറ് മറ്റു സംസ്ഥാനങ്ങളിൽനിന്ന് വാങ്ങിക്കൊണ്ടിരിക്കുകയാണ്. വൈദ്യുതി ബോർഡിെൻറതന്നെ സൂചനയനുസരിച്ച് നാലു രൂപ 11 പൈസയാണ് ഒരു യൂനിറ്റിെൻറ വില. ഇങ്ങനെ നോക്കിയാൽ ഒരു വർഷത്തേക്ക് സംസ്ഥാനം 50X10 ലക്ഷം X 4.11 രൂപ X 365 ദിവസം = 7500 കോടി രൂപ പുറെമനിന്ന് വൈദ്യുതി വാങ്ങുന്നതിനായി ചെലവഴിച്ചുകൊണ്ടിരിക്കുകയാണ്. ഇൗ സാഹചര്യത്തിൽ കഴിഞ്ഞ 20 വർഷത്തെ കണക്കെടുത്താൽ, സംസ്ഥാനത്ത് 200 മെഗാവാട്ട് പോലും ഉൽപാദനശേഷി കൂടിയിട്ടില്ല എന്ന് മനസ്സിലാക്കാം. വൈദ്യുതി ബോർഡിലുള്ള 1500ലേറെ സിവിൽ എൻജിനീയർമാരുടെ ഒരു വർഷത്തെ പ്രവർത്തനഫലമായി, 10 മെഗാവാട്ട് വൈദ്യുതി പോലും കൂട്ടിച്ചേർക്കപ്പെടുന്നില്ല എന്ന് സാരം. നമ്മുടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണല്ലോ കെ.എസ്.ആർ.ടി.സിയിലെ പെൻഷൻപോലും അനേക മാസങ്ങളായി മുടങ്ങിക്കിടക്കുന്നത്. ബജറ്റ് തയാറാക്കിക്കൊണ്ടിരിക്കുന്ന ഇൗ സന്ദർഭത്തിൽ വന്നുകൊണ്ടിരിക്കുന്ന സൂചനകളനുസരിച്ച് സർക്കാറിെൻറ ഫോൺവിളിയും കാർ വാങ്ങലും മറ്റും നിയന്ത്രിക്കുമെന്നറിയുന്നു. ഇത്തരം തൊലിപ്പുറ ചികിത്സ ചെയ്യുന്നതിനു പകരം സംസ്ഥാനത്തിനു പുറത്തേക്കുള്ള 7500 കോടിയുടെ ഇൗ ഒഴുക്ക് എങ്ങനെ നിയന്ത്രിക്കാം എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കില്ലേ?
ഇപ്പോൾതന്നെ ചെറുതും വലുതുമായ ഒരു ഡസൻ ജല വൈദ്യുതി പദ്ധതികളിലായി 200 മെഗാവാട്ട് ശേഷി മുടങ്ങിക്കിടക്കുകയാണ്. ഇൗ പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയാൽ, ചുരുങ്ങിയത് 1000 കോടി രൂപ പ്രതിവർഷം ലാഭിക്കാം. മേൽ പറഞ്ഞ പ്രോജക്ടുകളിൽ 50 മുതൽ 80 വരെ ശതമാനം പണി പൂർത്തിയായതുകൊണ്ടുതന്നെ, ബാക്കിയുള്ള പണി പൂർത്തിയാക്കാൻ ഒരുവിധ തടസ്സവുമില്ല. ഇൗ പ്രോജക്ട് സൈറ്റുകളിൽ നിയോഗിച്ചിരിക്കുന്ന ആയിരത്തോളം വരുന്ന സിവിൽ എൻജിനീയർമാർക്ക് വേണ്ട നിർദേശങ്ങളും പിന്തുണയും നൽകണമെന്നു മാത്രം.
മുടങ്ങിക്കിടക്കുന്ന പ്രോജക്ടുകളിൽ ഏറ്റവും വലുതാണ് 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം. 2007ൽ നിർമാണം തുടങ്ങിയ ഇൗ പ്രോജക്ട് 2011 മാർച്ചിൽ പൂർത്തീകരിക്കേണ്ടതായിരുന്നു. അടുത്ത കാലത്തെ റിപ്പോർട്ടുകൾ അനുസരിച്ച് ഇൗ പ്രോജക്ടുകളിൽ ഇതുവരെ ഉണ്ടായ നഷ്ടം 2900 കോടി രൂപയാണ്. 60 മെഗാവാട്ട് ശേഷിയുള്ള ഒരു പ്രോജക്ടിൽ മാത്രം 2900 കോടിയുടെ നഷ്ടം വന്നിട്ടുണ്ടെങ്കിൽ, മറ്റനേകം പ്രോജക്ടുകളിലായി ചുരുങ്ങിയത് 10,000 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിന് ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഇത് നടക്കുന്നതുകൊണ്ട് പ്രതിവർഷം ആയിരം കോടിയിൽ താഴെയാണ് ഇൗ ചോർച്ച. അതുകൊണ്ട് ആസൂത്രകരുടെയോ രാഷ്ട്രീയ നേതൃത്വത്തിെൻറയോ ശ്രദ്ധയിൽ ഇൗ ഭീമമായ നഷ്ടം വന്നിട്ടില്ല. ഇൗ ചോർച്ച തടയേണ്ടത് നമ്മുടെ സംസ്ഥാനത്തിെൻറ സാമ്പത്തിക സുസ്ഥിരതക്ക് അനിവാര്യമാണ്.
ഇക്കഴിഞ്ഞ നവംബർ 29ന് ഹൈകോടതി, ഇൗ വിഷയത്തിൽ സമർപ്പിക്കപ്പെട്ട ഒരു പൊതുതാൽപര്യ ഹരജി പ്രകാരം വൈദ്യുതി ബോർഡിന് നോട്ടീസ് അയക്കുകയും തുടർന്ന് മൂന്നര വർഷമായി തീർത്തും നിലച്ചുകിടന്ന പള്ളിവാസൽ പ്രോജക്ട് പുനരുജ്ജീവിപ്പിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ദ്രുതഗതിയിലുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. അതേതുടർന്നാണ് ഇൗ ജനുവരി 22ന്, വൈദ്യുതി ബോർഡ് മൂന്നാറിൽ ഒരു ഭൂമിപൂജ സംഘടിപ്പിച്ചത്. എന്നാൽ, ജനുവരി 22ന് നിയമസഭ കൂടുന്നതുകൊണ്ട് പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഇൗ ചടങ്ങ് നടത്തിയത് എന്നറിയുന്നു. ചുരുക്കം ചില ഉദ്യോഗസ്ഥർ പെങ്കടുത്ത ഇൗ ഭൂമിപൂജകൊണ്ടുമാത്രം നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനാവില്ല എന്ന് വ്യക്തം. ടണലിെൻറ നിർമാണത്തിനാവശ്യമായ കോടിക്കണക്കിന് രൂപ വിലവരുന്ന ടണൽ ഡ്രില്ലിങ് മെഷീൻ, പ്രത്യേകമായ മക്കിങ് ട്രാൻസ്പോർട്ട് എന്നിവയും ഇൻടേക്കിൽ പണി തുടങ്ങാനാവശ്യമായ പൈലിങ് റിഗ്, അനുബന്ധ ഉപകരണങ്ങൾ എന്നിവയും സ്ഥലത്തെത്താൻ ഇനിയും അനേക മാസങ്ങൾ എടുക്കും.
മൂന്നാറിലെ 580 മീറ്റർ ടണൽ തുരക്കലും ഇൻടേക്കിലെ ജോലിയും മഴക്കാലത്ത് ചെയ്യാൻ പറ്റില്ല. ജനുവരി ഒന്നു മുതൽ മേയ് 15 വരെ 135 പ്രവൃത്തി ദിനങ്ങളേ 2018ൽ ലഭിക്കൂ. ഇൗ പരിമിതമായ പ്രവൃത്തി ദിനങ്ങളിൽനിന്ന് ഒരു മാസം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇേപ്പാൾ ഒരു മെഷിനറിയും മൂന്നാറിൽ എത്താത്തതുകൊണ്ട് നിലവിലുള്ള കെ.എസ്.ഇ.ബി ടീമിെൻറ ആസൂത്രണം പാളി എന്നും വിലയേറിയ ഒരു വർഷം കൂടി നഷ്ടമായി എന്നും വ്യക്തം.
ഏറ്റവും പുതിയ വിവരമനുസരിച്ച് പള്ളിവാസൽ പ്രോജക്ടിെൻറ കാലാവധി മൂന്നു വർഷത്തേക്കുകൂടി നീട്ടിക്കൊടുത്തിരിക്കുകയാണ്. ഇൗ രംഗത്തെ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ഒന്നര വർഷംകൊണ്ട് ഇൗ ജോലികൾ പൂർത്തിയാക്കാം. അഞ്ചര കിലോമീറ്റർ ടണൽ അടിക്കേണ്ടിയിരുന്നിടത്ത് ഇനി അര കിലോമീറ്റർ മാത്രമേ ബാക്കിയുള്ളൂ. അതായത്, 2011 വരെയുള്ള നാലുവർഷം കൊണ്ട് അഞ്ച് കിലോ മീറ്റർ ടണൽ പണി തീർന്നു. ഒരു വർഷംകൊണ്ട് ഒരു കിലോമീറ്ററിലേറെ ടണൽ പണി തീർക്കാം എന്ന് വ്യക്തം. ഇൗ സാഹചര്യത്തിലാണ് 580 മീറ്റർ ടണൽ പണി തീർക്കാൻ വൈദ്യുതി ബോർഡ് ഇനിയും മൂന്നു വർഷംകൂടി കരാർ നീട്ടിക്കൊടുക്കുന്നത്. ഇത് കേട്ടുകേൾവിയില്ലാത്തതും അസ്വീകാര്യവുമായ നടപടിയാണ്.
പള്ളിവാസൽ പ്രോജക്ടിലെ ഏറ്റവും മർമപ്രധാനമായ വിഷയം അവിടത്തെ ജനറേറ്ററുകളും പെൻസ്റ്റോക് പൈപ്പുകളും തുരുമ്പുപിടിച്ചു നശിക്കുന്നു എന്നതാണ്. വൈദ്യുതി ബോർഡ് ഇൗ കാര്യത്തിൽ ഒരു നടപടിയും എടുക്കുന്നില്ല. ജനറേറ്ററുകളുടെ നിർമാതാക്കളായ ചൈനീസ് കമ്പനിയെ വിളിച്ച് അവ മെച്ചപ്പെടുത്തിയെടുക്കാനാണ് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർക്ക് താൽപര്യം എന്നറിയുന്നു. 2010ൽ മെഷീനറികൾ ഇറക്കുമതി ചെയ്തതുകൊണ്ട്, പിന്നീടുള്ള രണ്ടു വർഷത്തിൽ അവയുടെ ഗാരൻറി പീരിയഡ് കഴിഞ്ഞു. ഇനി ആര് വിളിച്ചാലും ചൈനീസ് കമ്പനി പ്രതികരിക്കണമെന്നില്ല എന്നർഥം. 780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി പവർ ഹൗസിലെ ആറു ഭീമൻ ജനറേറ്ററുകൾ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന വൈദ്യുതി ബോർഡിലെ വിദഗ്ധരായ ഇലക്ട്രിക്കൽ എൻജിനീയർമാർക്ക് ഇത് നിസ്സാരമായ കാര്യമാണ്. എത്രയുംവേഗം പള്ളിവാസലിലെ പുതിയ പവർഹൗസ് സിവിൽ ടീമിൽനിന്ന് എടുത്തുമാറ്റി, ജനറേഷൻ വിഭാഗത്തിന് കൊടുക്കുക എന്നത് മാത്രമാണ് ഇൗ പ്രശ്നത്തിനുള്ള പരിഹാരം.
ചെങ്കുളം ഡാമിെൻറ പരിസരത്തും മീൻകട്ടിലും സ്റ്റോക്ക് ചെയ്തിരിക്കുന്ന നൂറുകണക്കിന് പെൻസ്റ്റോക്ക് പൈപ്പുകൾ ഉടനെ ബ്ലാസ്റ്റ് ചെയ്ത് പെയിൻറ് ചെയ്യണം. അതിനുശേഷം പ്രസ്തുത പൈപ്പുകളുടെ ഭിത്തിക്കനം പരിശോധിച്ച് രേഖപ്പെടുത്തി പുനർനിർമാണം തുടങ്ങണം. നിലവിൽ, സൈറ്റിൽ ഘടിപ്പിച്ചിരിക്കുന്ന പൈപ്പുകളും പെയിൻറ് ടച്ചപ്പ് ചെയ്ത് സംരക്ഷിക്കണം. ഇൗ കാര്യങ്ങൾ നിരീക്ഷിക്കാൻ ജനറേഷൻ വിഭാഗത്തിലെ എൻജിനീയർമാരെ ചുമതലപ്പെടുത്തണം.
സവിശേഷ ശ്രദ്ധ ആകർഷിക്കുന്ന മറ്റൊരു ചെറിയ പ്രോജക്ടാണ് കണ്ണൂർ ജില്ലയിലെ ചന്ദനക്കാമ്പാറയിലുള്ള മൂന്ന് മെഗാവാട്ടിെൻറ വഞ്ചിയം പ്രോജക്ട്. 1993 ൽ നിർമാണം തുടങ്ങിയ ഇൗ പ്രോജക്ട് 25 വർഷം കടന്നുപോയിട്ടും പൂർത്തിയായിട്ടില്ല. വിവരാവകാശ നിയമപ്രകാരം വൈദ്യുതി ബോർഡിൽ അേന്വഷിച്ചപ്പോൾ അറിഞ്ഞത് വളരെ വിചിത്രമായ വിവരങ്ങളാണ്. വൈദ്യുതി ബോർഡും കോൺട്രാക്ടറും തമ്മിൽ തർക്കം ഉണ്ടായപ്പോൾ, സുപ്രീംകോടതി വരെ കേസ് നടത്തി. 2006ൽ എല്ലാ കേസുകളും തീർന്നു. ഇപ്പോൾ പ്രോജക്ട് റിപ്പോർട്ട് പുനഃപരിശോധിക്കുകയാണ്. കാരണം, ഡാമിനും പവർ ഹൗസിനും വേണ്ടി നിർണയിച്ച സ്ഥലം, പ്രസ്തുത ഡെവലപ്പറുടെ കൈവശമാണത്രേ. എന്നാൽ, ഇൗ സ്ഥലം അക്വയർ ചെയ്തുകൂേട എന്ന ചോദ്യത്തിന് ഉത്തരമില്ല.
ഇൗ ജനുവരി ഒന്നിന് വൈദ്യുതി മന്ത്രി എം.എം.മണി തിരുവല്ലയിൽ പറഞ്ഞതുപ്രകാരം 26 പ്രോജക്ടുകൾ വിവിധ ഘട്ടങ്ങളിൽ നിലച്ചിരിക്കുകയോ അത്യധികം വൈകിയിരിക്കുകയോ ആണ്. ഇൗ പ്രോജക്ടുകളുടെ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തണം. എങ്കിൽ മാത്രമേ അത്തരം പ്രോജക്ടുകൾ സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള താൽപര്യവും സമ്മർദവും ഉണ്ടാവുകയുള്ളൂ. ചുരുങ്ങിയത് രണ്ടു ദശാബ്ദമായി ഇൗ രംഗത്തെ അഴിമതിയും കെടുകാര്യസ്ഥതയും തുടരുന്നതുകൊണ്ട് ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട പദ്ധതികളെക്കുറിച്ച വിശദാംശങ്ങൾ ആരുടെ പക്കലുമില്ല. ഇനി ഇൗ വിഷയത്തിൽ എടുക്കാവുന്ന ഏക നടപടി, സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിൽനിന്നും മുനിസിപ്പാലിറ്റികളിൽനിന്നും വിവരശേഖരണം നടത്തുക എന്നതുമാത്രമാണ്. ഒാരോ പ്രദേശത്തും വിവിധ ഘട്ടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട, ചെറുതും വലുതുമായ പദ്ധതികളുടെ സമ്പൂർണ പട്ടിക അപ്രകാരം തയാറാക്കാം. പ്രസ്തുത വിവരങ്ങളുടെ അടിസ്ഥാനത്തിൽ സത്വര നടപടികൾ സ്വീകരിച്ചാൽ ഇൗ സർക്കാറിെൻറ കാലത്തുതന്നെ ചുരുങ്ങിയത് 300 മെഗാവാട്ട് ഉൽപാദനശേഷി വർധിപ്പിക്കുകയും ചെയ്യാം.
(പള്ളിവാസൽ പദ്ധതിയുടെ മുൻ പ്രോജക്ട് മാനേജറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.