ഒന്നുമില്ലെങ്കിലും അദ്ദേഹത്തി​െൻറ പേര്​ ഖാൻ എന്നല്ലേ

ഇന്ത്യയിൽ ജീവിക്കുന്നവരിൽ ഏറ്റവും പ്രശസ്​തനായ മുസ്​ലിം എന്നു​ വേണമെങ്കിൽ ഷാറൂഖ്​ ഖാനെക്കുറിച്ച്​ പറയാനാവും. രാജ്​, രാഹുൽ എന്നിങ്ങനെ അസംഖ്യം കഥാപാത്രങ്ങൾക്ക്​ വെള്ളിത്തിരയിൽ ജീവൻ പകർന്നാണ്​ ബോളിവുഡി​െൻറ മായാലോകത്ത്​ അദ്ദേഹം അതിശയക്കുതിപ്പ്​ തുടങ്ങിയത്​. മറ്റു​ ജനപ്രിയ അഭിനേതാക്കളുടേതെന്നപോലെ ഷാറൂഖി​െൻറ മതസ്വത്വവും പ്രേക്ഷകർക്കോ അദ്ദേഹത്തിനുതന്നെയോ അതിപ്രാധാന്യമുള്ള ഘടകമായിരുന്നില്ല. എന്നാൽ, നമ്മൾ ജീവിക്കുന്ന അത്യന്തം വർഗീയവത്​കൃതമായ ഇക്കാലത്ത്​ പൊതുസമൂഹം മുസ്​ലിംകളായി കണക്കാക്കുന്ന മനുഷ്യരെ അവരുടെ മതവേരുകളിലേക്കു മാത്രമായി ചുരുക്കിയാണ്​ വിലയിരുത്തുന്നത്​. എ​െൻറതന്നെ ഒരു അനുഭവം പറയാം- ഒരു ഇന്ത്യൻ മാധ്യമപ്രവർത്തകയായാണ്​ ഞാൻ എന്നെ കാണുന്നത്​.

വ്യക്തിപരമായ ഒരു അനുഭവം ചർച്ചചെയ്യവെ ഒരു ബ്രിട്ടീഷ്​ ജേണലിസ്​റ്റ്​ ഈയിടെ ചോദിച്ചു ഒരു 'മുസ്​ലിം മാധ്യമപ്രവർത്തക' എന്ന നിലയിൽ നിങ്ങൾക്ക്​ എന്തു തോന്നുന്നുവെന്ന്​. ഒ​​രു ക്രിസ്​ത്യൻ ജേണലിസ്​റ്റ്​ എന്ന നിലയിൽ എന്തു തോന്നുന്നുവെന്ന്​ ആളുകൾ താങ്കളോട്​ ചോദിക്കാറുണ്ടോ എന്ന മറുചോദ്യമായിരുന്നു എ​െൻറ മറുപടി. ഷാറൂഖ്​ ത​െൻറ സ്വത്വത്തി​െൻറ സ്വാഭാവികത പ്രകടമാക്കുന്നതിൽ ഒട്ടും സ​ങ്കോചം കാണിച്ചില്ല; അഭിമുഖങ്ങളിൽ 'ഇൻഷാ അല്ലാഹ്​' എന്നു പ്രയോഗിക്കാനും ആരാധകരോടും എന്തെങ്കിലും വിഷമതകൾ നേരിട്ടവരോടും ട്വിറ്ററിൽ പ്രതികരിക്കവെ 'അല്ലാഹു​ താങ്കളെ അനുഗ്രഹിക്ക​ട്ടെ'യെന്ന്​ പറയാനുമൊന്നും. എല്ലാറ്റിനുമുപരി മതപരമായ മുൻവിധിയെക്കുറിച്ച്​ ശക്തമായ സന്ദേശം നൽകുന്ന മൈ ​നെയിം ഈസ്​ ഖാൻ എന്ന സിനിമയിൽ നായകവേഷമണിയുകയും ചെയ്​തു.

ത​െൻറ പത്​നി ഹിന്ദുമതവിശ്വാസിയാണെന്നും ഇരു മതങ്ങളുടെയും നന്മകളെ ഉയർത്തിപ്പിടിക്കുന്ന ത​െൻറ വീട്​ ഇന്ത്യയുടെ പ്രതിനിധാനമാണെന്നും അദ്ദേഹം അഭിമുഖങ്ങളിൽ പറയാറുണ്ട്​. ആഡംബരക്കപ്പലിലെ മയക്കുമരുന്ന്​ കേസ്​ എന്ന്​ ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്ന സംഭവത്തിൽ മകൻ ആര്യൻ ഖാൻ അറസ്​റ്റിലായതിനെ തുടർന്ന്​ ഷാറൂഖ്​ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേ​രുകൾ എണ്ണിപ്പറഞ്ഞ്​ അഖിൽ കട്യാൽ എന്നൊരാൾ ട്വിറ്ററിൽ കുറിച്ചിട്ട വരികൾ ഇപ്പോൾ വ്യാപകമായി പങ്കുവെക്ക​പ്പെടുന്നുണ്ട്​. അതിങ്ങനെയാണ്​- 'രാഹുൽ, രാജ്​, ചാർളി, മാക്​സ്​, സുരിന്ദർ, ഹാരി, ദേവ്​ദാസ്​, വീർ, രാം, മോഹൻ, കബീർ, അമർ, സമർ, റിസ്​വാൻ, റഈസ്​, ജഹാംഗീർ... ഇതുകൊണ്ടായിരിക്കും ചില ആളുകൾക്ക്​ അദ്ദേഹത്തെ ഉൾക്കൊള്ളാൻ പറ്റാത്തത്​, ഷാറൂഖ്​ ഖാനിൽ മുഴുവൻ ഹിന്ദുസ്​ഥാനും കുടികൊള്ളുന്നുവല്ലോ.' തീർച്ചയായും എല്ലാവരും ഇങ്ങനെ ചിന്തിക്കുന്നുണ്ടാവണമെന്നില്ല. സമൂഹമാധ്യമങ്ങൾ ആഖ്യാനങ്ങളും തരംഗങ്ങളും നിർണയിക്കുന്ന ഈ കാലത്ത്​ ഷാറൂഖ്​ ഖാനും മകൻ ആര്യനും നിർദാക്ഷിണ്യം വേട്ടയാടപ്പെട്ടു.

ആര്യ​െൻറ ജാമ്യാപേക്ഷ പരിഗണനക്കു​ വന്ന ഒക​്​ടോബർ 13ന്​ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായ ആശയങ്ങളിലൊന്ന്​ ജാമ്യമല്ല ജയിൽ നൽകൂ (No Bail Only Jail) എന്നായിരുന്നു. ഈ വർഷം ഒക്​ടോബർ രണ്ടിന്​ ഗാന്ധിജയന്തിനാളിൽ രാഷ്​ട്രപിതാവിനുള്ള ആശംസയേക്കാളേറെ തന്ത്രപരമായി പ്രചരിക്കപ്പെട്ടത്​ ഗാന്ധി ഘാതകനായ നാഥുറാം ഗോദ്​സെക്കുള്ള സ്​തുതികളായിരുന്നു എന്നതാണ്​ സമൂഹമാധ്യമ ലോകത്തെ യാഥാർഥ്യം. താരത്തെ ഉന്നംവെച്ച്​ നടന്ന പ്രചാരവേലകൾ ഉടനടി ഫലംകണ്ടു. ഒരു ഓൺലൈൻ കാമ്പയിനെ തുടർന്ന്​ നവ വിദ്യാഭ്യാസ രംഗത്തെ വമ്പൻ കമ്പനിയായ ബൈജൂസ്​ ഷാറൂഖ്​ അഭിനയിക്കുന്ന പരസ്യങ്ങളെല്ലാം നിർത്തിവെച്ചുവെന്നറിയുന്നു.

ആ നടനെ സംബന്ധിച്ചിടത്തോളം സമ്പത്തി​െൻറ പാരാവാരത്തിലെ ഒരു തുള്ളി മാത്രമായിരിക്കാം ആ പരസ്യക്കരാർ. പക്ഷേ, ഹിന്ദി ഹൃദയഭൂമിയിൽ മുസ്​ലിംകളുടെ വരുമാനത്തെയും ജീവിതമാർഗത്തെയും ലക്ഷ്യമിട്ട്​ നടക്കുന്ന കാമ്പയി​െൻറ സംഘടിത പ്രചാരണത്തി​െൻറ ഭാഗമാണിതെന്ന്​ കരുതാനാവില്ലേ​​? രാജ്യത്ത്​ സ്വൈരമായി സഞ്ചരിക്കുന്നതിൽനിന്നും കച്ചവടങ്ങൾ നടത്തുന്നതിൽനിന്നും മുസ്​ലിംകളെ ഒഴിവാക്കണമെന്ന്​ ആഗ്രഹിക്കുന്ന തീവ്രഹിന്ദുത്വ പ്രത്യയശാസ്​ത്രക്കാരെയും അവരുടെ പിണിയാളുകളെയും വല്ലാതെ അലട്ടുന്ന പ്രശ്​നമാണ്​ സിനിമാമേഖലയിൽ വർധിതമായ മുസ്​ലിം പ്രാതിനിധ്യം.

ഹിന്ദു സ്​ത്രീയെ വിവാഹംചെയ്​ത ഷാറൂഖ്​ ഖാൻ, മേഖലയിലെ ഉയർന്ന നായികമാർക്കൊപ്പം ആടിപ്പാടുന്ന ഒരു നടനുമാണ്​. ലവ്​ ജിഹാദ്​ എന്ന ആഖ്യാനം ഹിന്ദുത്വ ഭരണകൂടത്തി​െൻറ മനസ്സിലെ ഒഴിയാബാധയായി നിൽക്കുന്നൊരു കാലത്ത്​ ഹിന്ദുത്വവുമായി പറ്റിച്ചേർന്ന്​ നിൽക്കുന്നവർക്ക്​ ഖാൻമാരുടെ വിജയങ്ങൾപോലും അസഹ്യമായിരിക്കും. സിനിമാരംഗത്തെ ഇത്ര മുമ്പനൊന്നുമല്ലാത്ത മറ്റൊരു ഖാൻ, കരീന കപൂറിനെ വിവാഹം ചെയ്​ത സെയ്​ഫ്​ അലി ഖാൻ അവരുടെ മകന്​ തൈമൂർ എന്ന്​ ​നാമകരണം ചെയ്​തതി​െൻറ പേരിൽ ദിവസങ്ങളോളം​ അതിഭയാനകമാംവിധത്തിൽ അവഹേളിക്കപ്പെട്ടിരുന്നു. തീർച്ചയായും നമ്മൾ പരിധികൾ ലംഘിച്ചുകഴിഞ്ഞിരിക്കുന്നു. ഹിന്ദി സംസാരിക്കുന്ന മേഖലയിൽ മുസ്​ലിം അഭിനേതാക്കൾക്ക്​ ഹിന്ദു പുരാണ കഥാപാത്രങ്ങളുടെ ഓർമയുണർത്തുന്ന ഭാഗങ്ങൾപോലും അവതരിപ്പിക്കൽ അസാധ്യമാവുന്നു. ഇത്​ വലിയ ഒരു മാറ്റമാണ്​.

1988-90 കാലത്ത്​ വിജയകരമായി സംപ്രേഷണം ചെയ്​ത മഹാഭാരതം ടി.വി പരമ്പരയുടെ തിരക്കഥയെഴുതിയത്​ വിഖ്യാത ഉർദു കവി റാഹി മസൂം റാസയായിരുന്നു. മുസ്​ലിം തിരക്കഥാകൃത്തിനെ ഒഴിവാക്കണമെന്ന ആവശ്യത്തിന്​ നിർമാതാവ്​ ബി.ആർ. ചോപ്ര വഴങ്ങിയിരുന്നുവെങ്കിൽ അത്തരമൊന്ന്​ സാധ്യമാവുകതന്നെയില്ലായിരുന്നു. പരമ്പരാഗതമായി ബോളിവുഡിൽ നിത്യഹരിത ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്​ മുസ്​ലിംകൾ. അതിനു പുറമെ അഭിനയരംഗത്തും സംവിധാനനിർമാണ മേഖലകളിലും ഉയരങ്ങളിലെത്തി. പഴയകാലത്തെ ഏറ്റവും മനോഹരമായ പല പാട്ടുകളും സാഹിർ ലുധിയാൻവി, ശകീൽ ബദായുനി, കൈഫി ആസ്​മി, മജ്​റൂഹ്​ സുൽതാൻ പുരി തുടങ്ങിയവരാൽ വിരചിതമാണ്​. ഉർദു കവികളിലേറെ പേരും അവരുടെ തൂലികാനാമത്തിനൊപ്പം നാടി​െൻറ പേരും ചേർത്തുവെച്ചു. ഇപ്പോഴും ഗാനരചനാശാഖയിൽ അതികായനായി ജാവേദ്​ അഖ്​തറുണണ്ട്​.

ഹിന്ദി സിനിമാഗാനങ്ങളെ ഇത്രയേറെ പരിവർത്തിപ്പിച്ചെടുത്തൊരാളായി എ.ആർ. റഹ്​മാനും. അതായത്​, ആത്യന്തികമായി മതേതര സ്വഭാവം തുടരുന്ന ഒരു മേഖലയിലാണ്​ ഷാറൂഖ്​ അരങ്ങുകുറിച്ചതും ആകാശത്തോളം വളർന്നതും. ഇതാദ്യമായല്ല അദ്ദേഹം വേട്ടയാടപ്പെടുന്നതും അവഹേളിക്കപ്പെടുന്നതും, പക്ഷേ മകൻ കുരുക്കിലായ ഈ കേസാവും സൂപ്പർതാരപദവിയിലെത്തിയശേഷം അദ്ദേഹത്തി​െൻറ ജീവിതത്തിലുണ്ടായ ഏറ്റവും പ്രയാസകരമായ അധ്യായം. ആര്യനെ കൃത്യമായി ഉന്നംവെച്ച്​ ആസ​ൂത്രിതമായി നടത്തിയ എൻ.സി.ബി റെയ്​ഡിലൂടെ പിടികൂടിയതാണെന്ന്​ കരുതാം.

അയാൾ മയക്കുമരുന്ന്​ രാജാവായതുകൊണ്ടല്ല, മറിച്ച്​ അവ​െൻറ പിതാവ്​ ബോളിവുഡിലെ രാജാവായി അറിയപ്പെടുന്നതുതന്നെയാണ്​ കാരണം. പാശ്ചാത്യ രാജ്യങ്ങളിൽ അഭിനേതാക്കളും സിനിമാപ്രവർത്തകരും ഭരണകൂടങ്ങൾക്കും വംശീയതക്കും വിദ്വേഷ രാഷ്​ട്രീയത്തിനുമെതിരായി നിരന്തരം ശബ്​ദിക്കാറുണ്ട്​. ഇന്ത്യയിലാവ​ട്ടെ ഏതെങ്കിലും താരങ്ങൾ ഏതെങ്കിലുമൊരു വിഷയവുമായി ഐക്യപ്പെട്ടാൽ അവർക്കുമേൽ ചാപ്പയടിക്കും, ഒരു ദാക്ഷിണ്യവുമില്ലാതെ അപഹസിക്കും, അതിനുമപ്പുറമുള്ള കടുത്ത ​പ്രത്യാഘാതങ്ങളുമുണ്ടാവും. ഈയടുത്ത കാലത്ത്​ ഗംഭീര സിനിമാപ്രവർത്തകനായ അനുരാഗ്​ കശ്യപിനെയും നടി താപ്​സി പന്നുവിനെയുംപോലെ ബി.ജെ.പിക്കും ആർ.എസ്​.എസിനുമെതിരായ അനിഷ്​ടങ്ങളെ തുറന്നുപറയുന്നവർക്കെതിരെ ആദായ നികുതി റെയ്​ഡുകളും മറ്റും നടത്തിയത്​ അവസാനത്തെ ഉദാഹരണമാണ്​. ഷാറൂഖ്​ ഖാൻ രാഷ്​ട്രീയ നിലപാടുകളൊന്നുമെടുക്കാറില്ല. പക്ഷേ, അദ്ദേഹം ഭരണകൂടങ്ങൾക്ക്​ മുന്നിൽപ്പോയി താണുകേണു വണങ്ങാനും നിൽക്കാറില്ല. എന്തൊക്കെ ചെയ്​താലും ഇല്ലെങ്കിലും അദ്ദേഹം വലിയ താരമാണ്, പോരാത്തതിന്​ മുസ്​ലിമുമാണ്​- ഈ കാലത്ത്​ അലോസരമുണ്ടാവാൻ അത്രമതി. അയാളൊരിക്കലും എന്തെങ്കിലും രാഷ്​ട്രീയ ഏറ്റുമുട്ടലുകൾക്ക്​ പോയിട്ടുണ്ടാവില്ല. പക്ഷേ, ഇപ്പോഴത്​ അദ്ദേഹത്തെ തേടിവന്നിരിക്കുന്നു. അതിനെ നേരിടേണ്ടിയും വരും. ഒന്നുമില്ലെങ്കിലും അദ്ദേഹത്തി​െൻറ പേര്​ ഖാൻ എന്നല്ലേ.

Tags:    
News Summary - his name is khan - Saba Naqvi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.