ഹിന്ദുസ്താൻ ഹമാരാ ഹെ

രാജ്യത്തെ തുല്യ അവകാശങ്ങളും അധികാരങ്ങളുമുള്ള മനുഷ്യരുടെ അവകാശങ്ങൾ കവരുവാനും ആട്ടിപ്പുറത്താക്കാനും  ഒരുങ്ങുന്നവർക്കുള്ള മറുപടി വിഖ്യാത കവി റാഹത്ത് ഇൻഡോറി പണ്ടേ എഴുതിവെച്ചിട്ടുണ്ട്. ''എല്ലാവരുടെയും രക്തകണങ്ങൾ അലിഞ്ഞുണ്ടായതാണീ മണ്ണ്‌; ഹിന്ദുസ്താൻ ആരുടെയും അച്ഛെൻറ വകയല്ല!''

നട്ടുച്ച ഇടവേള നേരത്ത് ദാഹം സഹിക്കവയ്യാതെ കൂജയിൽ നിന്ന് വെള്ളമെടുക്കാൻ ചെല്ലുന്ന അംബേദ്കറോട് ''മാറി നിൽക്കെടാ അയിത്തക്കാരാ നീ ആ വെള്ളം അശുദ്ധമാക്കി'' എന്ന് സത്താറയിലെ സ്കൂളിലെ മേൽജാതിക്കാരായ വിദ്യാർഥികളും ജീവനക്കാരും ആക്രോശിച്ച സംഭവമുണ്ട്. ഒരു പ്യൂൺ വന്ന് ഉയരത്തിൽ നിന്ന് അൽപം വെള്ളം കൈയിലേക്ക് ഒഴിച്ചു കൊടുത്തുവെന്നും ആ വെള്ളത്തിന് വല്ലാത്ത കയ്പാണ് അനുഭവപ്പെട്ടതെന്നും പിൽക്കാലത്ത് അദ്ദേഹം എഴുതി.

മറ്റൊരിക്കൽ പൊതു കിണറ്റിൽ നിന്ന് വെള്ളം കുടിക്കാൻ തുനിയവേ നാട്ടുകാർ വളഞ്ഞു വെച്ച് ആക്രമിച്ച സംഭവവുമുണ്ട്. ഇതെല്ലാം നടന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു. അന്ന് ഇന്ത്യ ബ്രിട്ടീഷ് അധിനിവേശകരുടെ ഭരണത്തിൻ കീഴിലും സാമൂഹിക വ്യവസ്ഥ ജാതി-ജന്മിത്ത ക്രൂരതകളുടെ പിടിയിലുമായിരുന്നു. രാജ്യം അടിമച്ചങ്ങല പൊട്ടിച്ചെറിയുകയും ഡോ. അംബേദ്കറുടെ നേതൃത്വത്തിലെ സമിതി ഇന്ത്യയെ ഒരു പരമാധികാര,സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനിക്കാനുതകുന്ന ഉജ്ജ്വലമായ ഒരു ഭരണഘടന തയാറാക്കുകയും ചെയ്തു.

ആ രാജ്യമിന്ന് സ്വാതന്ത്ര്യലബ്ധിയുടെ 75 വർഷം പിന്നിട്ടതിന്റെ ആഹ്ലാദാരവങ്ങളിലാണ്. നാടൊട്ടുക്ക് രണ്ടു നാൾ മുമ്പേ മൂവർണക്കൊടികളുയർന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ വേഷമണിഞ്ഞ കുട്ടികളുടെ റാലികളും കലാപരിപാടികളും സ്കൂളുകളിലെമ്പാടും പൊലിമ വിതറുന്നു.വടിയും വട്ടക്കണ്ണടയുമണിഞ്ഞ് ഗാന്ധിജിയായോ വെള്ളത്തൊപ്പിയും നെഞ്ചിലൊരു കുഞ്ഞുപൂവും ധരിച്ച ചാച്ചാ നെഹ്റുവായോ വേഷമിടേണ്ടിയിരുന്ന ഒരു കുഞ്ഞ് വീങ്ങിയ മുഖവുമായി മരിച്ചുകിടക്കുന്നു- ഇന്ദ്രാ മേഘ്‍വാൾ എന്ന ആ ഒമ്പതു വയസ്സുകാരനു പേർ. തൊണ്ടപൊട്ടിപ്പോകുന്ന ഉത്തരേന്ത്യൻ ഉഷ്ണദിനത്തിൽ ദാഹിച്ച നേരം സ്കൂളിലെ കുടിവെള്ളപ്പാത്രത്തിൽ നിന്ന് അൽപമെടുത്തു കുടിച്ചതിന് അധ്യാപകൻ അടിച്ചു കൊന്നതാണ്.

ദലിത് വിഭാഗത്തിൽ നിന്നൊരു വിദ്യാർഥി വെള്ളം കുടിച്ചെന്നത് മരണകാരണമായ അപരാധമായിത്തീരുന്നുവെങ്കിൽ സ്വാതന്ത്ര്യത്തിനും സ്ഥിതിസമത്വത്തിനും രാജ്യ നിഘണ്ടുവിൽ എന്താണ് അർഥം വെച്ചിരിക്കുന്നത്? നമ്മുടെ മാലിന്യങ്ങളൊഴുകുന്ന ഓവുചാലുകൾ വൃത്തിയാക്കാനിറങ്ങുന്ന മനുഷ്യർ ജീവനറ്റ് തിരിച്ചുകയറുന്ന അവസ്ഥക്ക് അന്ത്യം കുറിക്കാതെ എ.ഐ, ഫൈവ് ജി എന്നെല്ലാം വിളിച്ചുകൂവുന്നതിൽ എന്തുണ്ടർഥം.

മൂവർണക്കൊടി വാങ്ങാത്തതിന്റെ പേരിൽ ദാരിദ്ര്യപ്പരിഷകൾക്ക് റേഷൻ ധാന്യം വിലക്കുന്ന, മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം ചോദ്യം ചെയ്ത് ജനങ്ങളെ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്കയക്കുന്ന, ദേശക്കൂറിൽ സംശയിച്ച് വീടുകൾ തകർത്തുകളയുന്ന സ്വാതന്ത്ര്യ പരമാധികാര രാജ്യമല്ല രക്തവും മാംസവും ജീവനും ജീവിതവും നൽകിയ ആയിരക്കണക്കിന് ധന്യാത്മാക്കൾ വിഭാവനം ചെയ്തത്.മുറിവിൽ വീണ്ടുമേൽക്കുന്ന ആഘാതങ്ങൾ നൽകുന്ന വേദന പോലെ ഒരിക്കൽ വിഭജിക്കപ്പെട്ട രാജ്യത്ത് പിന്നെയും പിന്നെയും നടമാടുന്ന വർഗീയ ധ്രുവീകരണവും മനസ്സുകളുടെ വിഭജനവുമാണ് മാനവ വിഭവശേഷിയിൽ മുന്നിൽ നിൽക്കുന്ന രാജ്യത്തിന്റെ സ്വൈരം നശിപ്പിക്കുന്നത്, ജനതയുടെ സ്ഥൈര്യം തകർക്കുന്നത്. ഇന്ത്യയെ ഇന്ത്യയല്ലാതാക്കാനുള്ള കുത്സിത ശ്രമങ്ങൾ പലകോണുകളിൽ പലകാലങ്ങളായി നടക്കുന്നുണ്ട്.

ഇന്ത്യയെന്ന ആശയത്തെ അതേപടി നിലനിർത്താനും വൈവിധ്യങ്ങളും ആശയബാഹുല്യങ്ങളും വിമർശനങ്ങളും കൊണ്ടു കൂടുതൽ മനോഹരമാക്കാനുമുള്ള നിർമാണാത്മക പ്രതിരോധം കൊണ്ടുമാത്രമെ അത്തരം ശ്രമങ്ങളെ ചെറുക്കാനാവൂ. രാജ്യത്തിന്റെ പല കോണുകളിൽ വിദ്യാർഥികളും സ്ത്രീകളും കർഷകരും ആരോഗ്യപ്രവർത്തകരും അംഗൻവാടിത്തൊഴിലാളികളുമെല്ലാം നടത്തുന്നുണ്ട് ആ ചെറുത്തുനിൽപ്പ്. അത് നമുക്കോരോരുത്തർക്കും വേണ്ടിയാണെന്ന് തിരിച്ചറിഞ്ഞ് രാജ്യം ഏറ്റെടുക്കുന്ന നാൾ സ്വാതന്ത്ര്യത്തിന് വേണ്ടി ആയിരങ്ങൾ നടത്തിയ ജീവാർപ്പണം സാർഥകമാവും. 

Tags:    
News Summary - Hindustan Hamara He

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.