?????, ????? ??????

ജയിച്ച ഹാദിയയെ തോൽപിക്കുന്നവർ

ഹാദിയ സുപ്രീംകോടതിയിലെത്തി തനിക്ക് പറയാനുള്ളത് ചീഫ് ജസ്​റ്റിസി​​െൻറ മുന്നില്‍ തുറന്നുപറഞ്ഞതോടെ അവസാനിച്ച കേസാണ്​ ഹാദിയയുടേത്. പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയില്‍  പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ സമ്മതപ്രകാരം നടത്തിയ വിവാഹം റദ്ദാക്കാന്‍ കേരള ഹൈകോടതിക്ക് അധികാരമുണ്ടോ എന്ന് മാത്രമേ തങ്ങള്‍ നോക്കുന്നുള്ളൂവെന്നും മറ്റൊന്നിലേക്കും കടക്കുന്നില്ലെന്നും ചീഫ് ജസ്​റ്റിസ് ദീപക് മിശ്ര പിതാവി​​െൻറയും എന്‍.ഐ.എയുടെയും അഭിഭാഷകരെ നിരന്തരം ഓര്‍മിപ്പിക്കുന്നത് അതുകൊണ്ടാണ്. എന്നാല്‍ സുപ്രീംകോടതിക്ക് മുമ്പാകെയുള്ള ഹാദിയയുടെ മൊഴി മുഖവിലക്കെടുത്ത് കേസില്‍ വിധി വന്നാല്‍ അത് എതിരാകുമെന്ന് അറിയാവുന്ന എന്‍.ഐ.എയുടെയും പിതാവി​​െൻറയും അഭിഭാഷകര്‍ ദുര്‍ബല വാദങ്ങളും ദുരാരോപണങ്ങളുമുയര്‍ത്തി കേസിലെ വാദം പരമാവധി വലിച്ചുനീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്​. 

വ്യാഴാഴ്ച ഹാദിയ കേസ് പരിഗണനക്ക് വന്നപ്പോള്‍ ആ​രെങ്കിലും വല്ലതും പറയു​ം മുമ്പെ ഈ കേസില്‍ ഇനിയൊന്നും അവശേഷിക്കുന്നി​െല്ലന്നും കോടതിവിധി പുറപ്പെടുവിക്കേണ്ട കാര്യമേയുള്ളൂ എന്നും സുപ്രീംകോടതി ചീഫ് ജസ്​റ്റിസ് ദീപക് മിശ്രയോട് പറഞ്ഞത് ശഫിന്‍ ജഹാ​​െൻറ അഭിഭാഷകന്‍ കപില്‍ സിബലാണ്. വിധി പറയാനായി മാറ്റിവെക്കാവുന്ന സ്ഥിതിയിലേക്ക് സുപ്രീംകോടതിയില്‍ ഹാദിയ കേസ് പരുവപ്പെട്ട സാഹചര്യത്തിലായിരുന്നു ഇത്. 

ജയിച്ചുനില്‍ക്കുന്ന ഹാദിയ
സുപ്രീംകോടതിയില്‍ ഈ കേസ് എത്തിയ ശേഷം ഇതുവരെ ആരെങ്കിലും വിജയിച്ചതായി പറയാമെങ്കില്‍ അത് ഹാദിയയാണ്. നിയമയുദ്ധം നടത്തിയ രണ്ട് കക്ഷിക​െളക്കാളും കക്ഷിയല്ലാതിരുന്ന ഹാദിയക്കായിരുന്നു കേസിലെപ്പോഴും മേല്‍ക്കൈ. കാരണം, ഇര ഹാദിയ എന്ന സ്ത്രീയാണ് എന്ന് സ്ഥാപിച്ചെടുക്കുന്നതില്‍ അഭിഭാഷകൻ കപില്‍ സിബല്‍ വിജയിച്ചു. എതിര്‍ഭാഗം ഉന്നയിച്ച ആരോപണങ്ങളില്‍ നിന്നെല്ലാം ശ്രദ്ധ മാറ്റി ഒരു സ്ത്രീയുടെ സ്വാതന്ത്ര്യവിഷയമാക്കി അദ്ദേഹം കേസിനെ ഉയര്‍ത്തിക്കൊണ്ടുവന്നു. ഹാദിയയുടെ നേരെ കാതു കൊട്ടിയടച്ച ഹൈകോടതിയില്‍നിന്ന് ഭിന്നമായി ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കുമെന്ന് സുപ്രീംകോടതിയെ കൊണ്ട് പറയിപ്പിക്കുകയാണ് ആദ്യം സിബല്‍ ചെയ്തത്. അഥവാ ഹാദിയ വന്ന് താന്‍ ശഫിന്‍ ജഹാനൊപ്പമല്ലെന്ന് പറഞ്ഞാല്‍ തങ്ങളുടെ കേസി​​െൻറ പ്രസക്തിപോലും നഷ്​ടപ്പെട്ടില്ലേ എന്ന് ഒരിക്കല്‍ സിബൽ ചോദിച്ചത് ഏതു വിധേനയും ഹാദിയയെ കോടതിയില്‍ വരുത്തണമെന്ന വാശിയിലായിരുന്നു. ഒടുവില്‍ അദ്ദേഹം കരുതിയപോലെ ഹാദിയ കോടതിയില്‍ വന്ന് ബെഞ്ചിനെ കണ്ട് കേസ് കീഴടക്കി. ‘ലവ് ജിഹാദ്’ എന്ന് മുന്‍ധാരണയോടുകൂടി ഈ കേസി​​െൻറ വാദം കേള്‍ക്കലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന കോടതിമുറിയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍പോലും കോടതിയില്‍ വന്ന ഹാദിയയെ കണ്ടതോടെ നിലപാടു മാറി. എന്തൊരു കരുത്താണ് ഈ സ്ത്രീക്ക് എന്ന് അവ​െരക്കാള്‍ ഏറെ പ്രായക്കൂടുതലുള്ള വനിത മാധ്യമപ്രവര്‍ത്തകര്‍പോലും അന്ന് അത്ഭുതം കൂറി. അതില്‍പിന്നെ കേസ് ഹാദിയയുടെ വഴിക്കു നീങ്ങുന്നതാണ് കണ്ടത്. 

പിന്‍വലിക്കാനായി കുറെ പരാമര്‍ശങ്ങള്‍
ഹാദിയയുമായുള്ള ശഫിന്‍ ജഹാ​​െൻറ വിവാഹം സാധുവാണെന്ന വിധി സുപ്രീംകോടതിയില്‍ നിന്ന് എത്രയും പെട്ടെന്ന് നേടിയെടുക്കാന്‍ ഇതുവരെയും ശ്രമം നടത്തിക്കൊണ്ടിരുന്നവർക്ക്​ കേസ് ഹാദിയക്ക് അനുകൂലമായി വന്നപ്പോള്‍ അങ്ങേയറ്റം നിരാശയാണുണ്ടായത്. അതി​​െൻറ തെളിവായിരുന്നു കേസില്‍ ഏറ്റവുമൊടുവില്‍ സമര്‍പ്പിക്കപ്പെട്ട സത്യവാങ്​മൂലവും അതിന്മേല്‍  വ്യാഴാഴ്ച നടന്ന വാദം കേള്‍ക്കലും. ഉന്നയിച്ച പ്രധാന ആരോപണം തന്നെ പിന്‍വലിച്ചതിലൂടെ സത്യവാങ്​മൂലം അബദ്ധമായിരുന്നുവെന്ന് സമര്‍പ്പിച്ചവര്‍ തന്നെ ഭാഗികമായി സമ്മതിക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ആഘോഷിച്ച രാഹുല്‍ ഈശ്വറിനെതിരായ പരാമര്‍ശങ്ങളാണ് ഹാദിയയുടെ സത്യവാങ്​മൂലത്തില്‍ നിന്ന് ഉന്നയിച്ചതിലും വേഗത്തില്‍ പിന്‍വലിക്കേണ്ടിവന്നത്. ഹാദിയ കേസ് സുപ്രീംകോടതിയി​െലത്തിയശേഷം ആദ്യമായി ഹാദിയക്ക് നേരിടേണ്ടിവന്ന തോല്‍വിയാണിത്. അഡ്വ. വി.കെ. ബിജുവി​​െൻറ വാദത്തെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിന് എതിരായ പരാമര്‍ശങ്ങള്‍ ഹാദിയക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. മര്‍സൂഖ് ബാഫഖി പിന്‍വലിച്ചുവെന്ന് സുപ്രീംകോടതി അന്നത്തെ ഉത്തരവില്‍ രേഖപ്പെടുത്തിയതോടെ ഈ തോല്‍വി ഹാദിയയുടെ കേസ്​ ചരിത്രത്തി​​െൻറ ഭാഗമായി മാറി. 

വീട്ടുതടങ്കലിലായിരുന്ന ഹാദിയയെ രാഹുല്‍ ഈശ്വര്‍  കണ്ടതും അവളൊരിക്കലും ഹിന്ദുമതത്തിലേക്ക് തിരിച്ചുപോകാനാഗ്രഹിക്കുന്നില്ലെന്ന് മനസ്സിലാക്കി അതി​​െൻറ വിഡിയോ പുറത്തുവിട്ടതും അവളുടെ ജീവന്‍ അപകടത്തിലാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞതും ഈ കേസിലെ പ്രധാന വാദമുഖമാക്കി മാറ്റിയത് ശഫിന്‍ ജഹാ​​െൻറ അഭിഭാഷകരായ കപില്‍ സിബലും ഹാരിസ് ബീരാനുമാണ്. ശഫിന്‍ ജഹാന്‍ സമര്‍പ്പിച്ച സത്യവാങ്​മൂലങ്ങളിലൊന്നി​​െൻറ അടിസ്​ഥാനം തന്നെ രാഹുല്‍ ഈശ്വര്‍ ഹാദിയയുമായി നടത്തിയ കൂടിക്കാഴ്ചയായിരുന്നു. ആ വിഡിയോയും അവര്‍ നടത്തിയ മലയാളം സംഭാഷണത്തി​​െൻറ പരിഭാഷയുമെല്ലാം കൈമാറിയപ്പോഴാണ് ഹാദിയയെ എത്രയും പെട്ടെന്ന് കോടതിയിലേക്ക് വിളിച്ചുവരുത്തേണ്ടതുണ്ടെന്ന് ചീഫ് ജസ്​റ്റിസിനുതന്നെ തോന്നിയത്. അത്തരത്തില്‍ ഹാദിയയുടെ മോചനത്തിനായി ഈ കേസില്‍ ശഫിന്‍ ജഹാ​​െൻറ അഭിഭാഷകര്‍ ഉപയോഗിച്ച രാഹുല്‍ ഈശ്വറിനെ കുറിച്ചാണ്  നേര​േത്ത ശഫിന്‍ ജഹാനുവേണ്ടി തയാറാക്കിയ സത്യവാങ്​മൂലത്തിലെഴുതിയതിന് നേര്‍വിപരീതമായി ഹാദിയയുടെ സത്യവാങ്​മൂലത്തില്‍ എഴുതിപ്പിടിപ്പിച്ചത്. ഇതാണ് രാഹുല്‍ ഈശ്വറി​​െൻറ അഭിഭാഷകന്‍ ചോദിച്ചതും.

വീട്ടുതടങ്കലില്‍ നിന്നുള്ള മോചനത്തിന് സഹായം നല്‍കിയ വ്യക്തിയാണ് രാഹുല്‍. ആ രാഹുല്‍ ഇരയായി മാറിയിരിക്കുകയാണിപ്പോള്‍. ഹാദിയ അറിയുന്നില്ല, ആരാണ് അവരെ സഹായിച്ചതെന്ന് പറഞ്ഞ് ബിജു വാദമുഖങ്ങളിലേക്ക് കടന്നതോടെ ചീഫ് ജസ്​റ്റിസ് ഇടപെട്ടു. വിവാഹവുമായി ബന്ധപ്പെട്ടതല്ലാത്ത ഹാദിയയുടെ സത്യവാങ്​മൂലത്തിലെ ഒരു വിഷയത്തിലേക്കും തങ്ങള്‍ കടക്കില്ലെന്നും വിവാഹവുമായി ബന്ധമില്ലാത്ത ആ സത്യവാങ്​മൂലത്തിലെ ഓരോ ഖണ്ഡികയും തള്ളണമെന്നാണ് തങ്ങളുടെ നിലപാടെന്നും ചീഫ് ജസ്​റ്റിസ് പറഞ്ഞു. ഹാദിയ കേസ് വിധി പറയാനായി മാറ്റിവെക്കാന്‍ പോകുകയാണെന്ന് കൂടി ചീഫ് ജസ്​റ്റിസ് പറഞ്ഞതോടെ കേസ് അവസാനിപ്പിക്കാന്‍ പോകുകയാണെങ്കില്‍ പിന്നെ ഹാദിയയുടെ ഈ സത്യവാങ്​മൂലം തള്ളിക്കളഞ്ഞേക്ക് എന്ന് ശഫി​​െൻറ അഭിഭാഷകന്‍ തന്നെ ആവശ്യപ്പെട്ടു.

നിസ്സഹായനായത് സിബല്‍ മാത്രമല്ല
വിധി പറയാനായി മാറ്റിവെച്ച് തീരാന്‍ പോകുകയായിരുന്ന കേസ് ഏറ്റവുമൊടുവില്‍ സമര്‍പ്പിച്ച ഹാദിയയുടെ സത്യവാങ്​മൂലം കൊണ്ട് മാത്രം നീണ്ടുപോകുകയാണ​ല്ലോ എന്നോര്‍ത്താണ്, എങ്കില്‍ ആ സത്യവാങ്​മൂലം തന്നെ തള്ളിയേക്കൂ എന്ന് കപില്‍ സിബല്‍ പറഞ്ഞത്. വീണ്ടും കുറെ കക്ഷികളെ കേസിലേക്ക് വലിച്ചിട്ട് ഹാദിയ കേസ് വലിച്ചുനീട്ടിക്കൊണ്ടുപോകുകയെന്ന എതിര്‍ഭാഗം അഭിഭാഷകരുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനാണ് ഈ സത്യവാങ്​മൂലം വഴിവെക്കുക എന്ന തിരിച്ചറിവില്‍ നിന്നാണ് സിബൽ ഇങ്ങനെ പറഞ്ഞത്. കക്ഷികള്‍ മുമ്പിൽ കൊണ്ടുതരുന്ന കാര്യങ്ങള്‍ നോക്കി സംസാരിക്കേണ്ടിവരുന്ന ഒരു അഭിഭാഷക​​െൻറ നിസ്സഹായത മുഴുവന്‍ സമര്‍പ്പിച്ച സത്യവാങ്​മൂലം പിന്‍വലിക്കാമെന്ന ആ പ്രഖ്യാപനത്തില്‍ പ്രകടമായിരുന്നു. 

അപ്പോഴേക്കും സത്യവാങ്​മൂലത്തില്‍ തങ്ങളെക്കുറിച്ച് പറഞ്ഞതിനും മറുപടി നല്‍കേണ്ടതുണ്ടെന്ന് പിതാവ് അശോക​​െൻറയും എന്‍.ഐ.എയുടെയും അഭിഭാഷകരായ ശ്യാം ദിവാനും മണീന്ദര്‍ സിങ്ങും ആവശ്യപ്പെട്ടതോടെ വിധി പറയാനായി മാറ്റിവെക്കേണ്ട കേസ് വീണ്ടും കൈവിട്ടുപോയി. വിധി പറയാനായി മാറ്റുക​െയന്ന പഴയ തീരുമാനത്തില്‍നിന്ന് പിന്മാറി പുതിയ സത്യവാങ്​മൂലത്തിന് അവര്‍ക്ക് മറുപടി പറയാനായി കേസ് വീണ്ടും നീട്ടിവെച്ച് ചീഫ് ജസ്​റ്റിസ് ഉത്തരവിട്ടു. തീര്‍പ്പാക്കാമെന്ന് കോടതി പറഞ്ഞ തങ്ങളുടെ വിവാഹക്കാര്യം ഇനി എന്ന് തീര്‍പ്പാക്കുമെന്നറിയാന്‍ ശഫിന്‍ ജഹാനും ഹാദിയക്കും വീണ്ടും നാളുകളെണ്ണേണ്ടിവരും. 

ഇത്തരം കേസുകളില്‍ ഭാവിയില്‍ ഇടപെടുന്നവര്‍ സത്യവാങ്​മൂലങ്ങളിലൂടെ ഇതു പോലെ കോടതിയിലേക്ക് വലിച്ചിഴക്കപ്പെടാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണമെന്നുകൂടി ഹാദിയ കേസ് പഠിപ്പിക്കുകയാണ്. രാഹുല്‍ ഈശ്വര്‍ കോടതിയില്‍ വന്നതുപോലെ സത്യവാങ്​മൂലത്തിലെ പരാമര്‍ശം നീക്കിക്കിട്ടാന്‍ ഹൈദരലി ശിഹാബ് തങ്ങളെ പോലുള്ളവര്‍ കൂടി വരാതിരുന്നാല്‍ ഹാദിയക്കും ശഫിന്‍ ജഹാനും അത്രയും നല്ലത്. ഒരു കാര്യവുമില്ലാതെ ഹൈദരലി തങ്ങളുടെ പേര് സത്യവാങ്​മൂലത്തിലേക്ക് വലിച്ചിഴച്ചത് എന്തിനെന്ന് ഹാദിയ കേസ് പിന്തുടരുന്ന സുപ്രീംകോടതിയിലെ അഭിഭാഷകര്‍ക്കുപോലും മനസ്സിലായിട്ടില്ല. വിവാഹ കേസ് തീര്‍ക്കുകയല്ല, വീണ്ടും വീണ്ടും വലുതാക്കി നീട്ടിക്കൊണ്ടുപോകുകയാണോ നിങ്ങള്‍ക്ക് താല്‍പര്യമെന്ന് സുപ്രീംകോടതി ചോദിച്ചത് ശഫിന്‍ ജഹാനുവേണ്ടി വാദിക്കാനും സഹായിക്കാനുമായി കോടതിയില്‍ വന്നവരോട് കൂടിയാണ്.

Tags:    
News Summary - Hadiya Csea in SC - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.