ഗുരു പുറത്താക്കപ്പെടുന്ന റിപ്പബ്ലിക്കിന്‍റെ ഭാവി

കേരള നവോത്ഥാന ആധുനികതയുടെ വിധാതാവായ നാരായണഗുരുവിനെ പുറത്താക്കി പകരം അദ്വൈത വേദാന്തിയായ ശങ്കരാചാര്യരെ റിപ്പബ്ലിക് ദിനപരേഡിലെ കേരളത്തിന്‍റെ ഫ്ലോട്ടിൽ സ്ഥാപിക്കാൻ കേന്ദ്ര ഭരണകൂടം നമ്മോട്​ ഉപദേശിച്ചു. ഇതു സത്യത്തിനോ നീതിക്കോ ചരിത്രത്തിനോ നിരക്കുന്നതാണോ എന്നതാണു നിർണായക ചോദ്യം. കേരള മുഖ്യമന്ത്രി തന്നെ ഇതിനെതിരേ കത്തെഴുതിയിട്ടും കേന്ദ്രനിലപാടിൽ മാറ്റമുണ്ടായില്ല. തമിഴ്നാട്ടിലും ബംഗാളിലും ഭരണനേതൃത്വവും ജനങ്ങളും ഇത്തരം കേന്ദ്രീകൃത വർഗീയ സങ്കുചിത അജണ്ടക്കെതിരെ രംഗത്തു വന്നു കഴിഞ്ഞു. കേരളത്തിൽ അത്തരമൊരു ബഹുജന പ്രതിരോധവും പ്രതിഷേധവും ഉണ്ടായതുമില്ല.

യഥാർഥത്തിൽ ഏതാനും ദശകങ്ങളായി, കൃത്യമായി പറഞ്ഞാൽ തീവ്രദേശീയവാദ വലതുപക്ഷം കേന്ദ്രത്തിൽ അധികാരത്തിലേറിയ 2000 ത്തി​െൻറ തുടക്കം മുതലാണ് ഗുരുവും അയ്യങ്കാളിയുമടക്കമുള്ള കേരള നവോത്ഥാന നായകരെ ഹൈന്ദവീകരിക്കാനും സ്വാംശീകരിക്കാനും, അതുവഴി കേരളത്തിലും പരിവാര ശക്തിക്കു പടിപടിയായി രാഷ്ട്രീയാധികാരം നേടിയെടുക്കാനുമുള്ള ശ്രമങ്ങൾ തുടങ്ങിയത്. ബഹുജനങ്ങളെ പ്രത്യേകിച്ചും ഹൈന്ദവേതര ബുദ്ധപാരമ്പര്യങ്ങളാൽ വർണവ്യവസ്ഥക്കു പുറത്ത് അവർണരായി ജീവിച്ച തൊട്ടുകൂടാത്തവരായ പിന്നാക്ക, ദലിത ജനസമുദായങ്ങളെ ഹൈന്ദവീകരിച്ച്​, ബ്രാഹ്മണിക മൂല്യവ്യവസ്ഥയിലേക്കുൾച്ചേർത്ത്​ അവരുടെ വോട്ടും ജനസംഖ്യാബലവും ഉപയോഗിച്ച്​ ന്യൂനപക്ഷങ്ങളെ ഒതുക്കി ഹൈന്ദവ ​െനടുനായകത്വം നിലനിർത്തുന്ന അയോധ്യാനന്തര മണ്ഡൽ വിരുദ്ധ അജണ്ടയായിരുന്നു ഇത്. വലിയ തോതിലെ അപരവത്​കരണവും പകവ്യവഹാരങ്ങളുമാണ്​ ധ്രുവീകരണ ഭരണ തന്ത്രത്തിലൂടെ തികഞ്ഞ ചാതുർവർണ്യ പദ്ധതിയുടെ ഭാഗമായി ഇവിടെ നടപ്പാക്കപ്പെടുന്നത്​.

എന്നാൽ, ബഹുസ്വരവും വർണാശ്രമ വിരുദ്ധവും മാനവികവും സാഹോദര്യപരവും അനുകമ്പ നിറഞ്ഞതുമായ സവിശേഷ ആധുനികത കേരളത്തിൽ വീണ്ടെടുത്തുറപ്പിച്ച ഗുരുവും ശിഷ്യഗണങ്ങളായ മൂലൂരും കറുപ്പനും ആശാനും സഹോദരനും അടങ്ങുന്ന നിരവധി തലമുറകൾ നടത്തിയ സാമൂഹിക സാംസ്കാരിക സമരങ്ങളും രാഷ്ട്രീയ പരിവർത്തനങ്ങളും ഇതിനു തടയായി. കൂടാതെ, അയ്യങ്കാളിയും പൊയ്കയിലപ്പച്ചനും നയിച്ച കേരള ദലിത്​ വിമോചന പ്രസ്ഥാനങ്ങളെടുത്ത ധീരമായ വർണാശ്രമവിരുദ്ധ നിലപാടുകളും കേരളത്തി​െൻറ ഹൈന്ദവീകരണ നീക്കത്തെ ചെറുത്തു. അത്തരം സന്ദർഭങ്ങളിലാണ് ജനായത്ത നൈതിക കരാറായ ഇന്ത്യൻ ഭരണഘടന തന്നെ കുത്സിത കൗടില്യ യുക്തികളിലൂടെ അട്ടിമറിക്കുന്ന ക്ഷുദ്ര ലഹളകളിലേക്ക് കേരളത്തെതന്നെ കൂപ്പുകുത്തിക്കുന്നതിൽ അധീശ ശക്തികൾ തിടുക്കം കാട്ടിയത്. ആധുനിക നാഗരിക റിപ്പബ്ലിക്കിലെ നീതിയുടെ പുസ്​തകത്തെ അട്ടിമറിച്ചാൽ മനുസ്മൃതിയുടെ വാഴ്ച തിരികെയെത്തിക്കാം. അതാണിപ്പോഴത്തെ തിട്ടൂരത്തിലും ഗുരുനിന്ദയിലും നിഴലിക്കുന്നത്. നീതിയുക്​തമായ ഇന്ത്യൻ ഭരണഘടന റദ്ദായാൽ റിപ്പബ്ലിക്കും പരേഡുമെല്ലാം തികച്ചും സൈനിക സായുധ പഥസഞ്ചലനങ്ങൾ മാത്രമാവും.


 



(അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ)

സ്വാംശീകരണ, അപരവത്​കരണ തന്ത്രങ്ങൾ പൊളിഞ്ഞപ്പോഴാണ് ഹൈന്ദവ ദേശീയവാദ പരിവാരവും ഭരണകൂടവും സ്വന്തം വിശ്വരൂപവും തനിനിറവും കാട്ടി മനുഷ്യരുടെ ജാതി മനുഷ്യത്തമാണെന്നു പറഞ്ഞ ഗുരുവിനെ തന്നെ പുറത്താക്കി തികഞ്ഞ വർണാശ്രമിയും സനാതനിയും ബ്രാഹ്മണികമായ വൈദിക വേദാന്ത ഹിന്ദുത്വത്തെ ഇന്ത്യയിലും തെന്നിന്ത്യയിലും ഹിംസാത്മകമായി സ്ഥാപിക്കുകയും ചെയ്ത ആദിശങ്കനെ വീണ്ടും പ്രതിഷ്ഠിക്കാനായുന്നത്. ഹൈന്ദവ വ്യാമോഹത്തിൽ നടക്കുന്ന അവർണ ബഹുജനങ്ങൾ ഈ തികഞ്ഞ ഹിന്ദുത്വ ബ്രാഹ്മണിക അജണ്ട വ്യക്തമായി കണ്ടറിയേണ്ടതുണ്ട്.

ഇത്തരം അധീശ കാര്യപരിപാടികൾ കേരളത്തിൽ ശങ്കരാചാര്യരുടെ പേരിൽ സ്ഥാപിതമായ കാലടിയിലെ സംസ്കൃത സർവകലാശാലയെ ലാവണമാക്കി പരിവാര ഹൈന്ദവ സഖ്യങ്ങൾ വർഷങ്ങളായി നടത്തിപ്പോര​ുന്നു. അതിനെ വിമർശിച്ചെഴുതുകയും സംസാരിക്കുകയും ചെയ്ത ലേഖകനടക്കമുള്ള അധ്യാപകരേയും വിദ്യാർഥികളേയുമെല്ലാം പല കൌടില്യ നാരദ തന്ത്രങ്ങളിലൂടെ ഉപജാപവും വ്യക്തിഹത്യകളും നടത്തി നാടുകടത്ത​ുന്നു. വലതുപക്ഷ ഹിന്ദുത്വ കക്ഷിയുടെ മാത്രമല്ല പല മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടേയും അധികാര പിണിയാളുകളുടേയും പിന്തുണയും ഇതിനുണ്ട്​. ഭരണഘടനയിലെ സാമൂഹ്യ നീതി സംവിധാനത്തിനെതിരായ പകയാണിവരെയെല്ലാം രാഷ്ട്രീയത്തിനും മതത്തിനും പ്രദേശത്തിനും കുറുകെ ഈ മാരക അട്ടിമറിയിൽ ഐക്യപ്പെടുത്തിയത്. 



യാഗയജ്ഞ ഹവനഹോമ സപ്താഹ പട്ടത്താനപരിപാടികളിലൂടെയാണ് ജൈനവും ബൗദ്ധവും ആജീവകവും ദ്രാവിഡവുമായ പ്രാചീന തമിളക ഭാഗമായ കേരളത്തെ സനാതന വൈദിക വർണാശ്രമ ശക്തികൾ അധിനിവേശം ചെയ്തു ഹൈന്ദവീകരിച്ചതെന്ന് ആധുനിക കേരള ചരിത്രത്തെ നിർണയിച്ച ഇളംകുളം കുഞ്ഞൻപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. വർണാന്ധതയുടെ ഇരുട്ടിൽനിന്നും കേരളത്തെ പാശ്ചാത്യ മിഷനറി അധിനിവേശ ആധുനികതയുടെ സന്ദർഭത്തിൽ മോചിപ്പിച്ചത് ഗുരു നടത്തിയ മതേതര മാനവികതയുടെയും ജാതിവിരുദ്ധ സാഹോദര്യ സാമുദായികതയുടേയും അനുകമ്പ നിറഞ്ഞ ജീവിത ബോധനത്തിലൂടെയാണ്. ബുദ്ധനുമായി താരതമ്യം ചെയ്യപ്പെട്ട ലോകോത്തരനായ ആ സാമൂഹ്യ ദാർശനികനെയാണ് പ്രച്ഛന്ന ബുദ്ധനെന്നു കൂടുതൽ യാഥാസ്ഥിതിക ബ്രാഹ്മണ പൌരോഹിത്യം തന്നെ വിളിക്കുന്ന ശങ്കരനെ പകരം വച്ചു മായിക്കാനും മറയ്ക്കാനും കേന്ദ്ര ഭരണകൂട ശക്തികൾ കിണഞ്ഞു പരിശ്രമിക്കുന്നത്. ജനകീയവും ജനായത്തപരവും ബഹുസ്വരവുമായ സാമൂഹിക സാംസ്കാരിക ബോധനവും നൈതികമായ സാമൂഹികമാറ്റവുമാണ് ഗുരു ലോകത്തിനും ഇന്ത്യക്കും മാതൃകയായി കേരളത്തിൽ ത​െൻറ ജീവിതകാലത്ത് തന്നെ സാധ്യമാക്കിയത്. വഴി നടക്കാനും തുണിയുടുക്കാനും അക്ഷരം പഠിക്കാനും അവകാശമില്ലാതിരുന്ന അവർണ ജനതയെ മഹാകവികളും വിശ്വബോധകരും നിയമജ്ഞരും സാമൂഹിക രാഷ്ട്രീയ നേതാക്കളും ചിന്തകരും വ്യവസായികളും സാങ്കേതിക വിദഗ്ധരും ലോകപൌരരുമാക്കി മാറ്റിയാണദ്ദേഹം കണ്ണടച്ചത്. കേരളം ഇരുപതാം നൂറ്റാണ്ടിൽ കൈവരിച്ച സാമൂഹിക സാംസ്കാരിക ബൗദ്ധിക പുരോഗതിയുടെ ആകത്തുക ഗുരു എന്ന രണ്ടക്ഷരമാമാണ്. അംബേദ്കറെന്ന ചതുരക്ഷരി മന്ത്രമായ് ജപിക്കും ഭാവിഭാരതമെന്നെഴുതാനുള്ള നൈതികരാഷ്ട്രീയബോധവും പ്രവാചക ശേഷിയുമുള്ള സഹോദരനെ പോലുള്ള ശിഷ്യരെയാണദ്ദേഹം കേരളത്തിൽ സാധ്യമാക്കിയത്.

കേരളത്തെ ജാതിയുടേയും വർണത്തി​​െൻറയും ഇരുട്ടിലേക്കും തൊട്ടുകൂടായ്മയുടേയും തീണ്ടലി​ന്‍റേയും നരകത്തിലേക്കും കൂപ്പുകുത്തിച്ച ബ്രാഹ്മണികമായ ചാതുർവർണ്യ സ്ഥാപനത്തെ പ്രതീകവത്​കരിക്കുന്ന ആദിശങ്കരനെ പുനഃസ്ഥാപിക്കാനുള്ള കാര്യപരിപാടി കേരളത്തിന്‍റെ കഴുത്തറക്കുന്ന കൊടിയ പാതകമാണ്​. സാമ്പത്തിക സംവരണമെന്നപോലെ ഇതിനെയും തിരുത്താനും ജനകീയ ഇടപെടലാവശ്യമാണ്.

(കാലടി സംസ്കൃത സർവകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകനാണ്​ ലേഖകൻ)

Tags:    
News Summary - future of the republic in which Guru is expelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.