അവകാശവാദങ്ങൾക്കപ്പുറം ഒമ്പതു വർഷമായി കേരളം ഭരിക്കുന്ന സർക്കാറിനും വിദ്യാഭ്യാസ വിദഗ്ധർക്കും ഈ കാലയളവിൽ പൊതുവിദ്യാഭ്യാസ മേഖലയെ മികവിന്റെ പാതയിലേക്ക് പരിവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്ന തുറന്നുപറയലിന്റെ നേർസാക്ഷ്യമാണ് ‘സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി’. 2024-25 അക്കാദമിക വർഷം മുതൽ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ പരീക്ഷകളിൽ തുടർ പഠനത്തിന് യോഗ്യത നേടണമെങ്കിൽ പഠന വിഷയത്തിൽ നിശ്ചിത മാർക്ക് ഉറപ്പുവരുത്തി ക്ലാസ് സ്ഥാനക്കയറ്റം നൽകുന്ന നടപടികളാണ് പ്രധാനമായും പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. പാഠ്യപദ്ധതിയുടെ സമഗ്ര ഗുണമേന്മയും മികവുമാണ് ലക്ഷ്യം വെച്ചെതെങ്കിലും പദ്ധതി സബ്ജക്ട് മിനിമം എങ്കിലും ഉറപ്പുവരുത്തി സ്ഥാനക്കയറ്റമെന്ന ആശയത്തിലേക്ക് ഒതുങ്ങുന്നു. നിരന്തര മൂല്യനിർണയത്തിൽ ജാഗ്രതയും, സംശുദ്ധമായ അർഹതയും കഴിവും മാത്രം പരിഗണിക്കുന്നിടത്തേക്ക് എത്തുന്നത് ഒറ്റ നോട്ടത്തിൽ സ്വീകാര്യമായി തോന്നും. അധ്യാപകർക്കും വിദ്യാർഥികൾക്കുമിടയിൽ ജൈവികമായി രൂപം കൊള്ളേണ്ടുന്ന സമഗ്രവും നിരന്തരവുമായ മൂല്യനിർണയമെന്ന ആശയത്തിന്റെ അന്തസ്സത്തക്ക് നിരക്കാത്തതും, അർഹതയും കഴിവും മാത്രം പരിഗണിക്കണം എന്ന വാദം സാമൂഹിക നീതിയുടെയും ജാഗ്രതയുടെയും ലംഘനവുമായി മാറും.
പൊതുവിദ്യാഭ്യാസത്തിന്റെ മാർഗരേഖയായ സമൂഹചർച്ചയിലൂടെ രൂപംകൊണ്ട പുതിയ പാഠ്യപദ്ധതി നടപ്പിലാക്കിത്തുടങ്ങുന്നതിന് മുമ്പുതന്നെ അതിന്റെ അന്തസ്സത്തയെ ചോദ്യം ചെയ്യുന്നതരം പുതിയ പദ്ധതികൾ ഭരണകൂടം തന്നെ അവതരിപ്പിക്കുമ്പോൾ മികവ് കൈവരിക്കാൻ കഴിയുമോ എന്ന ചോദ്യം സ്വാഭാവികമായും ഉയരും.പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിക്കുമ്പോൾ ഇത്രകാലമായി തുടരുന്ന അപ്രായോഗിക പദ്ധതികളുടെയും പൊതുപണം ദുർവ്യയം ചെയ്യലിന്റെയും പുതിയ പതിപ്പു മാത്രമാണിതെന്ന് വ്യക്തമാണ്.
പാഠ്യപദ്ധതി ഇപ്പോഴും കരട് രൂപത്തിൽനിന്ന് പുറത്തുകടന്നിട്ടില്ലെങ്കിലും പാഠപുസ്തകങ്ങൾ പുറത്തിറങ്ങിക്കഴിഞ്ഞു. സാമൂഹികജ്ഞാന നിർമിതിയും, സംഘ പഠനവും, വിമർശനാത്മക ബോധനവും തത്സമയ വിലയിരുത്തലും കുട്ടികളിൽ ജന്മനായുള്ള സർവഭാഷാ വ്യാകരണവും പൊതുവിദ്യാഭ്യാസത്തെ പുതിയ ലോകത്തിലേക്ക് നയിക്കുകയായിരുന്നു. പക്ഷേ, സമഗ്ര ഗുണമേന്മക്ക് ഇത്തരം നാടകങ്ങൾ മതിയാവില്ല എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തിരിച്ചറിഞ്ഞു എന്നത് അഭിനന്ദനാർഹമാണ്. പദ്ധതി എങ്ങനെയാണ് നടപ്പാക്കുന്നത് എന്നത് പരിശോധിക്കുമ്പോഴാണ് ഇതും മറ്റൊരു വാചകക്കസർത്തു മാത്രമാണ് എന്ന് ബോധ്യപ്പെടുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി, കൈറ്റ്, വിദ്യാകിരണം, സർവശിക്ഷ അഭിയാൻ, ബ്ലോക്ക് റിസോഴ്സ് സെൻററുകൾ, എന്നിങ്ങനെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സ്ഥിരം ജീവനക്കാരും കരാർ ജീവനക്കാരുമടങ്ങുന്ന ഒട്ടനവധി സംവിധാനങ്ങൾ നമുക്കുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾക്ക് കോടിക്കണക്കിന് രൂപയും മനുഷ്യ വിഭവശേഷിയും ചെലവഴിക്കുന്നുമുണ്ട്. എന്നിട്ടും പൊതു വിദ്യാഭ്യാസ മേഖലയിൽ അക്കാദമിക മികവിന് സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന സമിതികൾ അക്കാദമിക മുന്നേറ്റം സാധ്യമാകേണ്ട മേഖലകൾ കണ്ടെത്തി പ്രശ്നപരിഹാരത്തിനുള്ള പദ്ധതികൾ തയാറാക്കണംപോലും!
അടിസ്ഥാന സൗകര്യ വികസനവും പുതിയ പാഠ്യപദ്ധതിയും പുതിയ പാഠപുസ്തകങ്ങളും നടപ്പിലായിത്തുടങ്ങി; ഫിൻലൻഡാണ് മുന്നിലുള്ള മാതൃക. നമ്മൾ അതിവേഗം ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലേക്ക് വളരുന്നുമുണ്ട്. പക്ഷേ, കേവലം എഴുത്തും വായനയും അടിസ്ഥാനഗണിത ശേഷിയും പരീക്ഷിക്കുന്ന അച്ചീവ്മെൻറ് പരീക്ഷകളിൽ മിനിമം നിലവാരം ഉറപ്പിക്കാൻ പ്രത്യേക പരിശീലനം നൽകണം എന്നതാണ് യാഥാർഥ്യം. സമഗ്ര ഗുണമേന്മ പദ്ധതി നടപ്പിലാക്കുമ്പോഴും ദേശീയ പരീക്ഷക്കുമുമ്പ് കേരള തലത്തിൽ ഒരു പ്രത്യേക പരീക്ഷ വിഭാവനം ചെയ്തിട്ടുണ്ട്. കേവലം ഓർമ പരീക്ഷിക്കുന്ന പരീക്ഷകൾ അവസാനിപ്പിക്കണം എന്നുപറയുന്ന പാഠ്യപദ്ധതി നിലനിൽക്കുന്ന സംസ്ഥാനത്ത് കുട്ടികൾക്ക് പരീക്ഷ ഒഴിഞ്ഞ നേരവുമില്ല എന്നതാണ് വസ്തുത. നിശ്ചിത ഇടവേളകളിൽ ക്ലാസ് പരീക്ഷകൾ, പൊതു പരീക്ഷകൾ, ഓൺലൈൻ പരീക്ഷകൾ, വീട്ടിൽനിന്നും എഴുതാൻ സാധിക്കുന്ന പരീക്ഷകൾ, കേരള അച്ചീവ്മെൻറ് പരീക്ഷ, ദേശീയ അച്ചീവ്മെൻറ് പരീക്ഷ തുടങ്ങിയ പരീക്ഷകളാണ് സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി വരുന്നത്. ഇത് സംസ്ഥാനം മുന്നോട്ടുവെക്കുന്ന പാഠ്യപദ്ധതി വിഭാവനം ചെയ്ത പൊതുപരീക്ഷ സമ്പ്രദായങ്ങളെ തള്ളിക്കളയലുമാണ്. പേപ്പർ മിനിമവും, അത് ലഭിക്കാത്തവർക്ക് മധ്യവേനൽ അവധിക്കാലത്ത് പുനർ പരിശീലനം നൽകി ഉറപ്പാക്കലും, അതിനുവേണ്ടി ബി.ആർ.സി പോലുള്ള ഏജൻസികളുടെ സഹായം തേടലുമെല്ലാം ഒരുഭാഗത്ത് നടക്കുമെന്നതിൽ തർക്കമില്ല.
ഒന്നാം ക്ലാസുമുതൽ ഏഴാം ക്ലാസു വരെ അറിവ് നിർമിക്കുകയും തത്സമയ മൂല്യനിർണയത്തിന് വിധേയമാക്കപ്പെടുകയും കൈയിലൊരു ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡുമായി വരുന്ന കുട്ടി എട്ടാം ക്ലാസിൽ പേപ്പർ മിനിമം ലഭിക്കാതെ ക്രാഷ് കോഴ്സിലൂടെ പേപ്പർ മിനിമം നേടുന്ന മഴവില്ലഴക് നമുക്ക് കാണാനിരിക്കുന്നതേയുള്ളൂ. അതോടൊപ്പം തന്നെ പാഠ്യപദ്ധതിയിലെ വികാസപ്രദ വിലയിരുത്തലും ആത്യന്തിക വിലയിരുത്തലും സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ മൂല്യനിർണയത്തിലും ഉണ്ട് എന്നത് ആശ്വാസം തന്നെ. അതിനായി ഓപൺ ബുക്ക് പരീക്ഷ, ഓൺലൈൻ പരീക്ഷ, വീട്ടിൽവെച്ചുള്ള പരീക്ഷ, ശിൽപശാല, സെമിനാർ, തുറന്ന ചോദ്യാവലി തുടങ്ങിയ വിവിധ പദ്ധതികൾ വേറെയുമുണ്ട്. യഥാർഥത്തിൽ സമഗ്ര ഗുണമേന്മ പദ്ധതിയും പാഠ്യപദ്ധതിയും രണ്ട് വഴിക്കാണെന്നുമാത്രം. കുട്ടികൾക്ക് വാട്സ്ആപ് പോലുള്ള ഓൺലൈൻ മാധ്യമങ്ങൾ വഴി നോട്ടുപോലും നൽകരുത് എന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് കോവിഡിനുശേഷം ഒരു ആചാരമായി ഇറക്കുന്നുമുണ്ട്. പാഠപുസ്തകങ്ങളിൽ തെറ്റുകളും ധാരണ പിശകുകളുമുണ്ടെങ്കിലും നമ്മൾ ആകെ മൊത്തം ഡിജിറ്റലായി മാറിയതോടെ അത്തരം പിശകുകളെ സാമാന്യവത്കരിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. കുട്ടികളും രക്ഷിതാക്കളും പി.ടി.എകളുടെ സഹായത്തോടെ സ്വയമായും പരസ്പരമായും വിലയിരുത്തി കൈത്താങ്ങായി വർത്തിക്കുന്നതിനിടയിൽ കാതലായ പ്രവർത്തനം സ്കൂൾതല സമിതികൾ നിറവേറ്റി കാര്യക്ഷമത വർധിപ്പിച്ച് ഗുണമേന്മ ഉറപ്പുവരുത്തൽ.
കുട്ടികളെ ശാക്തീകരിക്കൽ, അറിവിന്റെ കേവലമായ വിലയിരുത്തലിനു പകരം നേടിയ അറിവ് വ്യത്യസ്തമായ സന്ദർഭങ്ങളിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കഴിവും വിരുതും കുട്ടികൾ കൈവരിച്ചോ എന്ന പരിശോധന, അക്കാദമിക് മോണിറ്ററിങ് തുടങ്ങിയ പിടിപ്പത് പണികൾ, അതിനുള്ള സംസ്ഥാനതല പരിശീലനം, മൊഡ്യൂളുകൾ വികസിപ്പിക്കൽ, പരിശീലകരുടെ പരിശീലനം, ഫീൽഡ് തല പരിശീലനം, ഗവേഷണ പ്രവർത്തനങ്ങൾ, പരിശീലന പ്രവർത്തനങ്ങൾ, സാമൂഹിക പിന്തുണ ഉറപ്പുവരുത്തൽ, ഭരണപരമായ പ്രവർത്തനങ്ങൾ, വകുപ്പ് വിലയിരുത്തിയ നൂറ്റമ്പത് കോടി രൂപ ചെലവഴിക്കാനുള്ള സംവിധാനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്തിട്ടുണ്ട്. അത് വിജയകരമായി നടപ്പിലാക്കുകയും ചെയ്യും.
പൊതുവിദ്യാഭ്യാസ മേഖല മികവിന്റെ പാതയിലേക്ക് വളരാൻ ആദ്യം വേണ്ടത് പരസ്പരവിരുദ്ധമായ ഉത്തരവുകളും വികലമായ പദ്ധതികളും പൊതുപണം തട്ടിയെടുക്കാനുള്ള കൗശലങ്ങളും അവസാനിപ്പിക്കുകയാണ്. നല്ല വിദ്യാലയങ്ങളും മിടുക്കരായ അധ്യാപകരും നമുക്കുണ്ട്. ഭരണകൂടം അവർക്ക് പിന്തുണ നൽകുകയും രക്ഷിതാക്കൾ ഒപ്പം നിൽക്കുകയും ചെയ്താൽ പൊതുവിദ്യാഭ്യാസം മികവിന്റെ പാതയിലേക്ക് സ്വാഭാവികമായി തിരിച്ചുവരും.
(കെ.എച്ച്.എസ്.ടി.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.