വാക്കിന് വിലങ്ങിടുന്ന ഫാഷിസ്റ്റ് ഭീരുത്വം

ആക്രമിച്ച് കീഴ്‌പ്പെടുത്താന്‍ വരുന്നവരെ ആയുധത്തിന്റെ പിന്‍ബലമില്ലാതെ വിറപ്പിച്ചുനിര്‍ത്താന്‍തക്ക പ്രഹരശേഷി വാക്കുകള്‍ക്കുണ്ട്. ജവഹർലാൽ നെഹ്റുവാകട്ടെ, ബാലഗംഗാധര തിലകനാവട്ടെ, മൗലാന മുഹമ്മദലിയാവട്ടെ, ആസാദാവട്ടെ സർവസജ്ജരായ സാമ്രാജ്യത്വ എതിരാളികളെ വാക്കുകൾകൊണ്ട് നിരായുധരാക്കിയ ദേശീയ നേതാക്കളാണ്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം അധികാരിവര്‍ഗത്തിന്റെ തെറ്റായ നയങ്ങള്‍മൂലം പൗരസമൂഹത്തിന്റെ അസ്തിത്വം അപകടത്തിലാകുമ്പോള്‍ അതിനെ ചോദ്യംചെയ്യാന്‍ നമുക്ക് ആത്മബലം നല്‍കുന്നതും അനുയോജ്യമായ വാക്കുകളും പദപ്രയോഗങ്ങളുമാണ്. അതിനുള്ള സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കുന്ന ഒരു ഭരണഘടനയാണ് രാജ്യത്തുള്ളത്. ആ ഭരണഘടനയെ നോക്കുകുത്തിയാക്കി അവകാശങ്ങൾ നിഷേധിക്കാൻ നരേന്ദ്ര മോദി സര്‍ക്കാർ നടത്തുന്ന ഒരുമ്പെടലിനെ ഫാഷിസ്റ്റ് ഭീരുത്വം എന്നേ വിശേഷിപ്പിക്കാനാവൂ.

പാർലമെന്റിലും പൊതുവേദിയിലും വർഷങ്ങളായി മുഴങ്ങിക്കേൾക്കുന്ന അഴിമതി, അപമാനം, അടിമ, ഏകാധിപത്യം, മുതലക്കണ്ണീര്‍ തുടങ്ങിയ വാക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് ആർക്കെങ്കിലും സംശയമുണ്ടോ? തങ്ങളുടെ പ്രവർത്തനങ്ങളുമായി സർക്കാറിന് അതിൽ താദാത്മ്യം തോന്നുന്നുണ്ടാകണം. അവ വിമർശിക്കപ്പെട്ടുകൂടല്ലോ. പ്രസംഗവേദിയിലോ പത്രമാധ്യമങ്ങളിലോ പുസ്തകങ്ങളിലോ നാടകങ്ങളിലോ സർക്കാറിനെ വിമര്‍ശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായി ചിത്രീകരിച്ച് യു.എ.പി.എ ചുമത്തി ജയിലിലടക്കുകയോ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയോ ചെയ്യുന്ന ഭരണകൂടം പാർലമെന്റിൽപോലും എതിർവാക്കുകളുയരുന്നില്ല എന്ന് ഉറപ്പുവരുത്താനാണ് നോക്കുന്നത്.

നിങ്ങള്‍ ഒന്നും പറയേണ്ട ഞങ്ങള്‍ എല്ലാം തീരുമാനിക്കും, അത് അനുസരിച്ചുകൊള്ളുക എന്നാണ് അവർ പാർലമെന്റ് അംഗങ്ങളോടും അതുവഴി രാജ്യത്തെ ജനങ്ങളോടും പറയുന്നത്. ജനാധിപത്യത്തിലെ സകല പൗരാവകാശങ്ങളെയും ഹനിക്കുന്നതിനു തുല്യമാണിത്. ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കാന്‍വേണ്ടി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ന്യൂനപക്ഷങ്ങള്‍ക്കുനേരെ രാജ്യവ്യാപകമായി നടക്കുന്ന സംഘടിത ആക്രമണങ്ങളുടെയും പൊതുമേഖല സ്ഥാപനങ്ങളെ കോർപറേറ്റുകള്‍ക്ക് തീറെഴുതുന്നതിന്റെയും തുടർച്ചതന്നെ.

പ്രകീര്‍ത്തനങ്ങള്‍ മാത്രമാണ് അവര്‍ക്കു വേണ്ടത്. ജര്‍മന്‍ ഭരണാധികാരിയായിരുന്ന ഹിറ്റ്‌ലര്‍ തന്റെ ക്രൂരതയെ വിമര്‍ശിക്കുന്നവരെ നിഷ്ഠുരമായി കൊലപ്പെടുത്തുകയാണ് ചെയ്തിരുന്നത്. ഇന്ത്യയില്‍ ഫാഷിസ്റ്റ് വിരുദ്ധ ചേരിയിലുള്ള ജനപ്രതിനിധികളെയും പൗരന്മാരെയും പൂര്‍ണമായും നിശ്ശബ്ദരാക്കുന്നതിനുവേണ്ടി വാക്കുകളെ ശ്വാസം മുട്ടിച്ചുകൊല്ലുന്നവർ എതിർശബ്ദങ്ങൾ ഇല്ലെന്നായാൽ ആൾവേട്ടയിലേക്ക് തിരിയുമെന്നതിൽ സംശയം വേണ്ടാ.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന് പുകൾപെറ്റ ഇന്ത്യയില്‍ ബി.ജെ.പി ഭരണത്തിലേറിയ കാലം മുതല്‍ക്കുതന്നെ ജനകീയ സമരങ്ങളെല്ലാം നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തപ്പെടുകയാണ് ചെയ്യുന്നത്. ഇനി വാക്കുകൊണ്ടുപോലും പ്രതികരിക്കരുതെന്നാണ് പുതിയ തീട്ടൂരം. പ്രതികരിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ജാതി-മത-കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒന്നിക്കാത്തപക്ഷം ഇതുപോലൊരു പ്രതിഷേധക്കുറിപ്പുപോലും സാധ്യമാവാത്ത കാലത്തേക്കാവും ഇന്ത്യയുടെ പോക്ക്.

Tags:    
News Summary - Fascist cowardice that binds the word

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.