എഴുപത്തഞ്ചിന്‍െറ നിറവില്‍ ഫാറൂഖ് റൗദത്തുല്‍ ഉലൂം

മൗലാന അബുസ്സബാഹ് അഹ്മദ് അലി ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ പത്തുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയശേഷം മൈസൂരുവില്‍ ഒരു മലയിലെ ഗുഹയില്‍ അധ്യാത്മചിന്തയില്‍ മുഴുകി ഏതാനുംനാള്‍ കഴിച്ചു. യാദൃച്ഛികവും വിസ്മയജന്യവുമായ ചില സംഭവങ്ങള്‍ക്കുശേഷം മലപ്പുറത്തിനടുത്ത ആനക്കയത്ത് കുഞ്ഞാലിക്കുട്ടി ഹാജി എന്ന ഉദാരമനസ്കന്‍െറ അതിഥിയായത്തെി. ‘പ്രഭാതത്തിന്‍െറ വിധാതാവ്’ എന്ന സ്വന്തം പേരിനെ അന്വര്‍ഥമാക്കുംവിധം അദ്ദേഹം കേരളത്തില്‍ ഒരു പുതിയ പ്രഭാതത്തിന് ഉദയംകുറിച്ചു. 1942ല്‍ അറബി ഭാഷ പണ്ഡിതന്മാര്‍ക്ക് ഉപരിപഠനത്തിനായി ഒരു അറബിക് കോളജ് സ്ഥാപിച്ചു. അതിന്‍െറ  നടത്തിപ്പിനായി ഒരു അസോസിയേഷനും. രണ്ടിനും ‘വിജ്ഞാനങ്ങളുടെ മലര്‍വാടി’ എന്നര്‍ഥമുള്ള റൗദത്തുല്‍ ഉലൂം എന്ന് നാമകരണം ചെയ്തു.

1944ല്‍ റൗദത്തുല്‍ ഉലൂം അറബിക് കോളജ് കൂടുതല്‍ സൗകര്യാര്‍ഥം മഞ്ചേരിയിലേക്ക് മാറ്റി. 1945ല്‍ അതിന് മദ്രാസ് യൂനിവേഴ്സിറ്റിയുടെ അഫിലിയേഷന്‍ ലഭിച്ചു. 1946ല്‍ റൗദത്തുല്‍ ഉലൂം അസോസിയേഷന്‍ വികസിപ്പിച്ചു. കെ.എം. സീതി സാഹിബ്, കെ.എം. മൗലവി, രാജ അബ്ദുല്‍ഖാദര്‍ ഹാജി, അഡ്വ. എം. ഹൈദ്രോസ്, എം. കുഞ്ഞോയി വൈദ്യര്‍, ഹാജി അബ്ദുസ്സത്താര്‍ ഇസ്ഹാഖ് സേട്ട്, പുനത്തില്‍ അബൂബക്കര്‍ തുടങ്ങിയ പ്രമുഖര്‍ അംഗങ്ങളായി. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു. 1947ല്‍ ഫറോക്കില്‍ പുളിയാളി അബ്ദുല്ലക്കുട്ടി ഹാജി അറബിക് കോളജിന് 28 ഏക്കര്‍ ഭൂമി വഖഫ് ചെയ്തു. ഇവിടെ കോളജ് കെട്ടിടത്തിന്‍െറ പണിനടക്കുമ്പോഴാണ് അബുസ്സബാഹിന്‍െറ ഉള്ളില്‍ ഒരു പുതിയ ചിന്ത ഉദിച്ചത്. മുസ്ലിം സമുദായത്തിന്‍െറ പുരോഗതിക്ക് അറബി-മത വിദ്യാഭ്യാസം മാത്രം പോര, ആധുനിക വിദ്യാഭ്യാസവും അനിവാര്യമാണ്. അങ്ങനെ 1948ല്‍ അറബിക് കോളജിന് തൊട്ടടുത്ത് ഫറോക്കില്‍ ഫാറൂഖ് കോളജും സ്ഥാപിതമായി. രണ്ടിനും വ്യത്യസ്ത മാനേജിങ് കമ്മിറ്റികള്‍. ഉപരിസഭ മൗലാന അബുസ്സബാഹ് പ്രസിഡന്‍റായ റൗദത്തുല്‍ ഉലൂം അസോസിയേഷനും.

ഇന്ന് അസോസിയേഷന്‍െറ കീഴില്‍ ഫാറൂഖ് കോളജിനും അറബിക് കോളജിനും പുറമെ ട്രെയ്നിങ് കോളജ്, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സി.ബി.എസ്.ഇ ഇംഗ്ളീഷ് മീഡിയം സ്കൂള്‍, എം.ബി.എ കോഴ്സിനുള്ള മാനേജ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയടക്കം പത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഇവയുടെ മധ്യത്തില്‍ 1948 ല്‍ കെ. അവറാന്‍ കുട്ടി ഹാജി സ്വന്തമായി നിര്‍മിച്ചുനല്‍കിയ മസ്ജിദുല്‍ അസ്ഹറും. ഈ സ്ഥാപനങ്ങളെല്ലാം കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയില്‍ പൊതുവിലും മുസ്ലിം പിന്നാക്ക ന്യൂനപക്ഷത്തിന്‍െറ മുന്നേറ്റത്തില്‍ വിശേഷിച്ചും നിര്‍ണായകമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.

ഫാറൂഖ് കോളജ് ഇന്ന് നാകിന്‍െറ അംഗീകാരമുള്ള അര്‍ധ യൂനിവേഴ്സിറ്റിയായി ഉയര്‍ന്നിരിക്കുന്നു. 20 യു.ജി കോഴ്സുകളും 15 പി.ജി കോഴ്സുകളുമുള്ള കോളജില്‍ എട്ട് റിസര്‍ച്ച് സെന്‍ററുകളുമുണ്ട്. കോളജ് മാനേജിങ് കമ്മിറ്റി പ്രസിഡന്‍റ് പി.കെ. അഹ്മദും സെക്രട്ടറി കെ.വി. കുഞ്ഞമ്മദ് കോയയും മാനേജര്‍ അഡ്വ. എം. മുഹമ്മദും ട്രഷറര്‍ സി.പി. കുഞ്ഞിമുഹമ്മദുമാണ്. ഫാറൂഖ് കോളജിന്‍െറ ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയയാണ്.

അസോസിയേഷന്‍െറ പ്രഥമ സ്ഥാപനമായ റൗദത്തുല്‍ ഉലൂം അറബിക് കോളജ് ഇതിനകം നിരവധി അറബി ഭാഷ വിദഗ്ധരെയും പണ്ഡിതന്മാരെയും വാര്‍ത്തെടുത്തിട്ടുണ്ട്. മണ്‍മറഞ്ഞവരില്‍ പ്രസിദ്ധ വാഗ്മിയായിരുന്ന സി.പി. അബൂബക്കര്‍ മൗലവി, ചിന്തകനും എഴുത്തുകാരനുമായിരുന്ന ടി. മുഹമ്മദ് കൊടിഞ്ഞി, പ്രഫ. മങ്കട അബ്ദുല്‍ അസീസ്, എ.പി. അബ്ദുല്‍ ഖാദര്‍ മൗലവി എന്നിവര്‍ ഉള്‍പ്പെടുന്നു. ഡോ. ഹുസൈന്‍ മടവൂര്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവരെല്ലാം ഈ സ്ഥാപനത്തിന്‍െറ സന്തതികളാണ്. ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ഡോ. മുസ്തഫ ഫാറൂഖിയും മാനേജിങ് കമ്മിറ്റി പ്രസിഡന്‍റ് പി.കെ. അഹ്മദും സെക്രട്ടറി മുഹമ്മദ് യൂനസുമാണ്. അഫ്ദലുല്‍ ഉലമ അറബിക് ഡിഗ്രി കോഴ്സിനു പുറമെ അതിന്‍െറ പി.ജിയും ഫിനാന്‍സ്, ഫങ്ഷനല്‍ അറബിക് എന്നീ ഡിഗ്രി കോഴ്സുകളും സ്ഥാപനം നടത്തുന്നു.
മൗലാന അബുസ്സബാഹ്, രാജ അബ്ദുല്‍ ഖാദര്‍ ഹാജി, എം. കുഞ്ഞോയി വൈദ്യര്‍ എന്നിവര്‍ക്കുശേഷം റൗദത്തുല്‍ ഉലൂം അസോസിയേഷന്‍െറ ഇപ്പോഴത്തെ പ്രസിഡന്‍റ് കെ.വി. കുഞ്ഞഹമ്മദ് കോയയാണ്. എം.എ. യൂസുഫലി, പി.വി. അബ്ദുല്‍ വഹാബ്, ഗള്‍ഫാര്‍ മുഹമ്മദലി, ആസാദ് മൂപ്പന്‍ തുടങ്ങിയവരുള്‍പ്പെടെ 70 അംഗങ്ങളുള്‍പ്പെട്ട ഒരു വലിയ പ്രസ്ഥാനമാണ് ഇന്ന് റൗദത്തുല്‍ ഉലൂം അസോസിയേഷന്‍.

ഒരു വര്‍ഷം നീളുന്നതും പല വികസന പ്രവര്‍ത്തനങ്ങളും സാംസ്കാരിക പരിപാടികളും ഉള്‍ക്കൊള്ളുന്നതുമായ റൗദത്തുല്‍ ഉലൂം അസോസിയേഷന്‍ അറബിക് കോളജ് പ്ളാറ്റിനം ജൂബിലിയുടെ ഉദ്ഘാടനം ഇന്ന് (തിങ്കള്‍) 10ന് ഫാറൂഖ് കോളജ് ഓഡിറ്റോറിയത്തില്‍ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ വൈസ് ചാന്‍സലര്‍ ഡോ. തലാത്ത് അഹ്മദ് നിര്‍വഹിക്കുന്നു.

 

Tags:    
News Summary - farook ravdhuthal ulam college completing silver jubile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.