‘പ്രിയദർശിനി’യുടെ നൂറുനാൾ സ്ത്രീമുന്നേറ്റത്തിന്റെ പുതിയ അധ്യായം

കേരളത്തിലെ സ്ത്രീസമൂഹത്തിന്റെ സഞ്ചാരസ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച ‘പ്രിയദർശിനി’ സൗജന്യ ബസ് യാത്രാപദ്ധതി നൂറുനാൾ പൂർത്തിയാക്കുകയാണിന്ന്. അധികാരത്തിലേറിയ ഉടൻ യു.ഡി.എഫ്. സർക്കാർ നടപ്പാക്കിയ ഈ പദ്ധതി സാധാരണക്കാരായ സ്ത്രീകളുടെ ദൈനംദിനജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ജൂൺ 15 മുതൽ സെപ്റ്റംബർ 19 വരെയുള്ള 97 ദിവസങ്ങളിൽ പദ്ധതിയിലൂടെ 12.54 കോടി (12,54,03,152) സൗജന്യയാത്രകളാണ് നടന്നത്. പ്രതിദിനം ശരാശരി 12.93 ലക്ഷം പേർ ഈ സേവനം ഉപയോഗപ്പെടുത്തുന്നു.

പദ്ധതി പ്രയോജനപ്പെടുത്തുന്നവരുടെ അനുഭവങ്ങൾ ഏറെ ചാരിതാർഥ്യം പകരുന്നതാണ്. യാത്രാച്ചെലവ് ഇല്ലാതായതോടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് അവർ സാക്ഷ്യപ്പെടുത്തുമ്പോൾ ഒരു ജനപ്രതിനിധി എന്ന നിലയിൽ എനിക്ക് ഏറെ സന്തോഷമുണ്ട്.

അന്നന്നത്തെ അന്നത്തിന് വക കണ്ടെത്തുന്ന പേട്ട സ്വദേശിനിയായ ലോട്ടറി വിൽപനക്കാരി ശാരദാമണിയാണ് ഇതിലെ ആദ്യത്തെ ഉദാഹരണം. കിലോമീറ്ററുകൾ നടന്ന് ലോട്ടറി വിറ്റാലും ദിവസവും കുറഞ്ഞത് 60 രൂപയെങ്കിലും ബസ് കൂലിയായി നൽകേണ്ടിയിരുന്ന അവർക്ക് ഇന്നീ യാത്രാച്ചെലവ് മിച്ചംപിടിക്കാൻ കഴിയുന്നു. പേട്ടയിൽനിന്ന് കിഴക്കേക്കോട്ടയിലേക്കുള്ള ഓർഡിനറി ബസ് യാത്രയിൽ പൂജ്യം രൂപയുടെ ടിക്കറ്റ് ലഭിച്ചപ്പോഴാണ് അവർക്ക് ഈ പദ്ധതിയുടെ യാഥാർഥ്യം മനസ്സിലായത്. ഇപ്പോൾ വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോൾ, മിച്ചംപിടിക്കുന്ന തുക ഉപയോഗിച്ച് കുട്ടികൾക്ക് പലഹാരങ്ങളോ കറിയോ വാങ്ങാൻ കഴിയുന്നുണ്ടെന്ന് അവർ പറയുന്നത് കേൾക്കുമ്പോൾ നാം ഓരോരുത്തരുടെയും മനസ്സിൽ പുഞ്ചിരി വിരിയുന്നു.

നെടുമങ്ങാട്ടുനിന്ന് നഗരത്തിലെ കോളജിൽ വന്നുപഠിക്കുന്ന ഒരു വിദ്യാർഥിനിയുടെ വാക്കുകളും ഞാൻ കേട്ടു. കൂലിപ്പണിക്കാരനായ അച്ഛനോട് ദിവസവും വലിയൊരു തുക ബസ് കൂലി ചോദിക്കാൻ മടിച്ചിരുന്ന അവർക്ക് പലപ്പോഴും ക്ലാസുകൾ ഒഴിവാക്കേണ്ടിവന്നിട്ടുണ്ട്. കോളജ് ഫീസിനേക്കാൾ ആ കുട്ടിയെ അലട്ടിയിരുന്നത് യാത്രാച്ചെലവായിരുന്നു. സൗജന്യയാത്രാപദ്ധതി ആ വലിയ ഭാരം ഇല്ലാതാക്കി.

നഗരത്തിലെ മൂന്നു വീടുകളിൽ ജോലിചെയ്യുന്ന സുലേഖയ്ക്കും പറയാനുണ്ടായിരുന്നത് സമാനമായ അനുഭവമാണ്. രാവിലെയും ഉച്ചയ്ക്കുമായി ദിവസവും മൂന്നോ നാലോ തവണ ബസിൽ യാത്രചെയ്യേണ്ടിവരുമ്പോൾ വരുമാനത്തിന്റെ വലിയൊരു പങ്ക് അതിനായി ചെലവാകുമായിരുന്നു. എന്നാൽ ഇപ്പോൾ കെ.എസ്.ആർ.ടി.സി.യിൽ പണം ലാഭിച്ച് യാത്രചെയ്യാമെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. ബസുകളിൽ സ്ത്രീകളുടെ എണ്ണം വർധിച്ചത് സുരക്ഷാബോധം വർധിപ്പിച്ചുവെന്നും, രാത്രിയാത്രകളിലെ ഭയം ഒഴിവാക്കാൻ ഇത് സഹായിച്ചതായും സുലേഖ പറഞ്ഞു.

സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾ

യാത്രാച്ചെലവിനത്തിൽ ലാഭിക്കുന്ന തുക ഓരോ കുടുംബത്തിന്റെയും കൈയിലെത്തുന്ന നേരിട്ടുള്ള വരുമാനമായി മാറി എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും പ്രധാന സാമൂഹിക–സാമ്പത്തിക നേട്ടം. ദിവസവും ജോലിക്കും പഠനത്തിനും ചികിത്സയ്ക്കും വിപണിയിലേക്കും യാത്രചെയ്യുന്ന ലക്ഷക്കണക്കിന് സ്ത്രീകൾക്ക് പ്രതിമാസം ഗണ്യമായ തുക കുടുംബബജറ്റിൽ മിച്ചംവയ്ക്കാനായി. യാത്രാച്ചെലവെന്ന ബാധ്യത നീങ്ങിയപ്പോൾ സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം വർധിച്ചു. കെ.എസ്.ആർ.ടി.സി.യാത്രക്കാരിൽ മൂന്നിൽ രണ്ടുപേരും സ്ത്രീകളാണ് എന്നതിനാൽ പദ്ധതിയുടെ ഗുണഫലം സംസ്ഥാനത്തെ ഓരോ വീട്ടിലും നേരിട്ടെത്തിയെന്നതാണ് വസ്തുത. വിദ്യാഭ്യാസത്തിനും നൈപുണ്യപരിശീലനത്തിനും സംരംഭകപ്രവർത്തനങ്ങൾക്കും കൂടുതൽ സ്ത്രീകൾ മുന്നോട്ടുവന്നു.

ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും പൊതുഇടങ്ങളിലേക്ക് ഇറങ്ങാനുള്ള സ്വാതന്ത്ര്യംകൂടിയായി പ്രിയദർശിനി പദ്ധതി മാറി. സ്ത്രീകൾ ലാഭിക്കുന്ന യാത്രാച്ചെലവ് പ്രാദേശികവിപണികളിലേക്കും ചെറുകിടവ്യാപാരങ്ങളിലേക്കും ഒഴുകുമ്പോൾ അത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉണർവാണ് നൽകുന്നത്. അവരുടെ തൊഴിൽപങ്കാളിത്തം വർധിക്കുന്നത് കുടുംബവരുമാനത്തെയും അതുവഴി സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തികവളർച്ചയെയും ശക്തിപ്പെടുത്തുന്നു. സ്വകാര്യവാഹനങ്ങളിൽനിന്ന് പൊതുഗതാഗതത്തിലേക്കുള്ള മാറ്റം ഇന്ധനഉപഭോഗവും കാർബൺ ബഹിർഗമനവും ഗതാഗതക്കുരുക്കും ഗണ്യമായി കുറച്ചിട്ടുണ്ട്. ചുരുക്കത്തിൽ, കേരളത്തിന്റെ ഹരിതലക്ഷ്യങ്ങളിലേക്കും സാമ്പത്തികവളർച്ചയിലേക്കുമുള്ള സുപ്രധാന ചുവടുവെപ്പായി പ്രിയദർശിനി പദ്ധതി മാറിയിരിക്കുന്നു എന്ന് അഭിമാനത്തോടെ പറയാം.

Tags:    
News Summary - 'Priyadarshini' Launches New Chapter in 100-Day Women's Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.