എ.ജി. നൂറാനി എന്ന വിജ്ഞാനകോശം
സുഹൃത്തുക്കൾക്കിടയിൽ ‘ഗഫൂർ ഭായ്’ എന്നറിയപ്പെട്ടിരുന്ന അബ്ദുൽ ഗഫൂർ നൂറാനി ഒരു ബഹുമുഖ പ്രതിഭയായിരുന്നു. പ്രഭാത് പട്നായിക് കുറിച്ചതുപോലെ, സമകാലിക ഇന്ത്യയെക്കുറിച്ചുള്ള ബൗദ്ധിക സംവാദങ്ങൾക്കേറ്റ കനത്ത പ്രഹരമായിരുന്നു ഗഫൂർ നൂറാനിയുടെ വിയോഗം. പൗരസ്വാതന്ത്ര്യം, ന്യൂനപക്ഷാവകാശങ്ങൾ, ഭരണഘടനാപരമായ ഭരണം എന്നിവയുടെ ശക്തനായ കാവലാളായിരുന്ന അദ്ദേഹം ഭരണകൂടത്തിന്റെ അതിരുവിട്ട ഇടപെടലുകൾ, ജമ്മു കശ്മീർ, മതേതരത്വം എന്നീ വിഷയങ്ങളിലാണ് സവിശേഷ ശ്രദ്ധ ചെലുത്തിയത്.
അടിച്ചമർത്തൽ നിയമങ്ങൾക്കും അനീതിക്കുമെതിരെ മൗലികാവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വരച്ചുകാട്ടുന്ന അദ്ദേഹത്തിന്റെ രചനകൾ ‘ദി ട്രയൽ ഓഫ് ഭഗത് സിങ്ങ്: പൊളിറ്റിക്സ് ഓഫ് ജസ്റ്റിസ്’ എന്ന പുസ്തകത്തിലൂടെ പ്രകാശിതമായി. ഭഗത് സിങ്ങും സഖാക്കളും നീതിയുടെ കൊലപാതകത്തിന് തുല്യമായ പ്രഹസനത്തിനിരയായവരാണെന്ന് അദ്ദേഹം വാദിച്ചു.
1846 മുതൽ 1947 വരെയുള്ള കാലഘട്ടത്തിലെ ഇന്ത്യാ-ചൈന അതിർത്തിപ്രശ്നത്തിന്റെ പശ്ചാത്തലം വിശദീകരിക്കുന്ന ഗ്രന്ഥമാണ് മറ്റൊന്ന്. ഇന്ന് പ്രധാന വെല്ലുവിളിയായി മാറിയ ആ തർക്കത്തിന്റെ വേരുകളിലേക്ക് പുസ്തകം ആഴ്ന്നിറങ്ങുന്നു. അതിർത്തിതർക്കത്തെ ‘‘ചരിത്രത്തിന്റെയും നിയമത്തിന്റെയും ധാർമികതയുടെയും അവസരവാദപരമായ പ്രായോഗികതയുടെയും ഒരു തീവ്രമിശ്രിതം’’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
2013-ൽ പുറത്തിറങ്ങിയ ‘ദി ഡിസ്ട്രക്ഷൻ ഓഫ് ഹൈദരാബാദ്’ റിപ്പബ്ലിക്കിന്റെ ആദ്യകാലത്തുണ്ടായ നിർണായകസംഭവമായ ഓപ്പറേഷൻ പോളോയെക്കുറിച്ചാണ് പറയുന്നത്.
ഗഫൂർ ഭായ് ഇടതുപക്ഷചായ്‌വുള്ള, തികഞ്ഞൊരു ഭരണഘടനാവാദിയായിരുന്നു. 1958-ൽ കശ്മീർ ഗൂഢാലോചനക്കേസിൽ ശൈഖ് അബ്ദുല്ലയ്ക്ക് വേണ്ടി വാദിക്കുന്നതിനായി ഇന്ത്യൻ കോടതിയിൽ ഹാജരാകാൻ ഒരു വിദേശ അഭിഭാഷകന് അനുമതി നിഷേധിക്കപ്പെട്ടപ്പോൾ, കേസ് വാദിക്കാനായി യുവ അഭിഭാഷകനായ നൂറാനിയെ മൃദുല സാരാഭായ് ക്ഷണിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവ്.
2013-ൽ പ്രസിദ്ധീകരിച്ച ‘ദി കശ്മീർ ഡിസ്പ്യൂട്ട് 1947-2012’ എന്ന രണ്ടു വാല്യങ്ങളുള്ള കൃതിയാണ് ഗഫൂർ നൂറാനിയുടെ മാസ്റ്റർപീസ്. 1952 ജനുവരി 26-ന് ജവഹർലാൽ നെഹ്റു ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം രണ്ടു വാല്യങ്ങളും തുടങ്ങിയത്. വർഷങ്ങൾക്കുശേഷം, മാറിയ യാഥാർഥ്യങ്ങൾ മനസ്സിലാക്കിയ നൂറാനി, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ സമാനമായ പ്രശ്നങ്ങളുണ്ടായപ്പോഴത്തെ പരിഹാരമാതൃകകൾ ചൂണ്ടിക്കാട്ടി കശ്മീർ പ്രശ്നത്തിന് മറ്റു പോംവഴികൾ അന്വേഷിക്കുകയുണ്ടായി. ഭരണഘടനയുടെ 370-ാം വകുപ്പിന്റെ നിയമവശങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃതിയും ഏറെ പ്രസക്തമാണ്.
2003-ൽ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിൽ, 1857-ന് ശേഷമുള്ള ഇന്ത്യയിലെ മുസ് ലിം ന്യൂനപക്ഷജീവിതത്തിന്റെ വിവിധ വശങ്ങളെയും അവരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ നേതാക്കൾ നടത്തിയ ശ്രമങ്ങളെയും കുറിച്ചുള്ള ചരിത്രരേഖകൾ അദ്ദേഹം സമാഹരിച്ചു. ന്യൂനപക്ഷം നേതൃത്വമില്ലാത്തവരായി മാറിയെന്നും, മുന്നോട്ടുവന്നവർക്ക് രാഷ്ട്രീയനേതൃത്വത്തിനോ സംഘാടനത്തിനോ ഉള്ള പ്രാപ്തിയില്ലായിരുന്നുവെന്നും അദ്ദേഹം എഴുതി. ശരിയായ നേതൃത്വമില്ലാതെ, 1948-49 കാലത്ത് ആ സമുദായം തെറ്റായ വഴിയിലേക്ക് തിരിയുകയും ആശയക്കുഴപ്പത്തിലാവുകയും ‘‘വർഗീയ ചേരിതിരിവിന്റെ നിഷ്ഫലമായ വഴിയിലേക്ക് വഴുതിവീഴുകയും ചെയ്തു’’ എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നാൽ ഹൈദരാബാദിനെക്കുറിച്ചുള്ള പുസ്തകത്തിൽ, ദക്ഷിണേന്ത്യയിലെ മുസ് ലിംകളെക്കുറിച്ച് വളരെ പ്രതീക്ഷയോടെയാണ് അദ്ദേഹം സംസാരിക്കുന്നത്. വിദ്യാഭ്യാസത്തിന് അവർ നൽകിയ പ്രാധാന്യത്തെയും ആത്മവിശ്വാസത്തോടെയുള്ള ദേശീയരാഷ്ട്രീയത്തിലെ പങ്കാളിത്തത്തെയും അദ്ദേഹം പ്രശംസിച്ചു.
വർഗീയതയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ നൂറാനി തുറന്നെഴുതി. അതൊരു യാഥാർഥ്യമായി നിലനിൽക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം കുറിച്ചു:
‘‘വിവേചനത്തിനെതിരായ പ്രക്ഷോഭങ്ങൾ പലപ്പോഴും വിവേചനത്തെത്തന്നെ ആളിക്കത്തിക്കുന്ന വികാരങ്ങളെ ഉണർത്തിയേക്കാം. പഴയ മുറിവുകൾ ഉണക്കുന്നതും പുതിയവ ഉണ്ടാക്കാത്തതുമായ ഒരു സമരരീതിയും രൂപവും കണ്ടെത്തിക്കൊണ്ട് ഈ പ്രതിസന്ധി പരിഹരിക്കുക എന്നതാണ് മുസ് ലിം പ്രശ്നത്തിനുള്ള പോംവഴി. വിവേചനത്തെ അതിന്റെ യഥാർഥ അർഥത്തിൽ കാണാൻ കഴിഞ്ഞാൽ ഈ പരിഹാരം സാധ്യമാകും; ദേശീയോദ്ഗ്രഥനത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് പരിഹരിക്കപ്പെടേണ്ട ഇന്ത്യൻ ജനാധിപത്യത്തിന്റെ തന്നെ ഒരു പ്രശ്നമായി അതിനെ കാണണം.’’ അദ്ദേഹം തുടർന്നു:
‘‘വർഗീയ ചേരിതിരിവിലൂടെയല്ല മുസ് ലിം ശാക്തീകരണം സാധ്യമാകുന്നത്; മറിച്ച്, മുസ് ലിംകൾ രാജ്യത്തിന്റെ പൊതുജീവിതത്തിൽ സജീവമായി പങ്കെടുക്കുകയും ദേശീയവിഷയങ്ങളിൽ പൂർണമായി ഇടപെടുകയും ഇന്ത്യൻ സമൂഹത്തെ വേട്ടയാടുന്ന അനീതികളുടെ ഭാഗമായിത്തന്നെ തങ്ങളുടെ പരാതികളെ പൊതുവേദിയിൽ കൊണ്ടുവരികയും ചെയ്യുന്ന പ്രക്രിയയിലൂടെയാണ്. വലിയ ക്ഷമയും ശക്തമായ യാഥാർഥ്യബോധവും ഈ ശ്രമത്തിന് അനിവാര്യമാണ്. മുസ് ലിം സംരക്ഷക ലേബലൊട്ടിച്ച് ഒരു രാഷ്ട്രീയക്കാരനും തന്റെ ജനപ്രീതി പണയം വെക്കില്ല. അതുകൊണ്ട് വിപുലമായ ഒരു ബോധവൽക്കരണമാണ് ആവശ്യം.’’
ഇത് വളരെ പ്രായോഗികമായ ഉപദേശമായിരുന്നു, എന്നാൽ സമുദായത്തിന്റെ വലുപ്പവും ഉള്ളിലുള്ള വൈവിധ്യമാർന്ന അഭിപ്രായങ്ങളും കണക്കിലെടുക്കുമ്പോൾ ഇത് പൂർണമായി നടപ്പിലാക്കുക എളുപ്പമല്ലായിരുന്നു. സമുദായത്തെ അലട്ടുന്ന പ്രശ്നങ്ങളിൽ നൂറാനി നിസ്സംഗനായിരുന്നില്ല, എങ്കിലും വൈകാരികമായി അകന്നുനിന്നാണ് അദ്ദേഹം അവയെ സമീപിച്ചത്.
ബാബറി മസ്ജിദിന്റെ ചരിത്രം എണ്ണമറ്റ പുസ്തകങ്ങളിലായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിലേക്ക് മൂന്നു വാല്യങ്ങളുള്ള ഒരു ബൃഹദ്ഗ്രന്ഥമാണ് നൂറാനിയുടെ സംഭാവന. ഏറെ തർക്കത്തിനിടയാക്കിയ ആ വിധിയുടെ നിയമസൂക്ഷ്മതകളിലേക്ക് കടക്കാൻ ഞാൻ മുതിരുന്നില്ല; എങ്കിലും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ ഒരു വാക്ക് ഓർത്തുപോകുന്നു: ‘‘ഈ നാടകത്തിലെ വില്ലനായി ജുഡീഷ്യറി അടയാളപ്പെടുത്തപ്പെടും.’’
‘ദി ആർ.എസ്.എസ്: എ മെനസ് ടു ഇന്ത്യ’ 2019-ന്റെ തുടക്കത്തിലാണ് പ്രസിദ്ധീകരിച്ചത്. ഒരുപക്ഷേ അദ്ദേഹത്തിന്റെ അവസാനത്തെ പ്രധാന പുസ്തകവും അതായിരുന്നു. ഉള്ളടക്കത്തിലും വിവരശേഖരണത്തിലും അത് അതീവ സമ്പന്നമാണ്; പുസ്തകത്തിന്റെ രാഷ്ട്രീയലക്ഷ്യം ഒളിച്ചുവെക്കാനും അദ്ദേഹം ശ്രമിച്ചില്ല. നൂറാനിയുടെ പതിവുശൈലിയിൽ ഈരടികളിലൂടെയാണ് അദ്ദേഹം അത് വ്യക്തമാക്കിയത്. അതിലൊന്ന് ഇങ്ങനെയായിരുന്നു:
ജബ് ഗുലിസ്താൻ കോ ലഹൂ കി സരൂരത്ത് പഡീ, സബ് സേ പഹ്‌ലേ ഹമാരീ ഹീ ഗർദൻ കഠീ
ഫിർ ഭീ കഹ്തേ ഹൈം ഹം സേ യേ അഹ് ലെ-ചമൻ, യേ ചമൻ ഹൈ ഹമാരാ തുമാരാ നഹീ
(ഈ പൂന്തോട്ടത്തിന് ചോര ആവശ്യമുള്ളപ്പോഴൊക്കെ ആദ്യം അറുത്തുമാറ്റപ്പെട്ടത് നമ്മുടെ കഴുത്തുകളായിരുന്നു; എന്നിട്ടും ഇവിടുത്തെ അവകാശികൾ നമ്മോട് പറയുന്നു, ഇത് ഞങ്ങളുടെ തോട്ടമാണ്, നിങ്ങളുടേതല്ല എന്ന്.) ഈ വരികൾ ‘‘ഇന്നത്തെ ഇന്ത്യൻ മുസ് ലിംകളുടെ വികാരത്തെ കൃത്യമായി വരച്ചുകാട്ടുന്നു’’ എന്നാണ് പുസ്തകത്തിന്റെ ആമുഖത്തിൽ എഴുതിയത്. ‘‘ഓർത്തുവെക്കുക, ഇന്ത്യ നേരിടുന്ന പ്രധാന ഭീഷണി കമ്യൂണിസമല്ല, അത് ഹിന്ദു തീവ്രവലതുപക്ഷ വർഗീയതയാണ്’’ എന്ന് വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരുടെ യോഗത്തിൽ നെഹ്റു നടത്തിയ മുന്നറിയിപ്പും (അന്നത്തെ വിദേശകാര്യസെക്രട്ടറി ഗുണ്ടേവിയ രേഖപ്പെടുത്തിവെച്ചത്) അദ്ദേഹം ആമുഖത്തിൽ ഉദ്ധരിക്കുന്നുണ്ട്.
ഗഫൂർ നൂറാനിയെ നാം എങ്ങനെയാണ് ഓർത്തെടുക്കുക?
മനുഷ്യാവകാശങ്ങൾക്കും മതേതരത്വത്തിനും വേണ്ടിയും മതപരിവർത്തന നിരോധന നിയമങ്ങൾക്കെതിരെയും നിലകൊണ്ട ധീരനും സ്വതന്ത്രനുമായിരുന്നു അദ്ദേഹം. ഒരു വിജ്ഞാനകോശം തന്നെയായിരുന്നു എ.ജി. നൂറാനി. എത്രയും മനോഹരമായ മനുഷ്യൻ! പ്രപഞ്ചനാഥൻ അദ്ദേഹത്തിന് നിത്യശാന്തിയേകട്ടെ.
ജയ് ഹിന്ദ്
(സെപ്റ്റംബർ 14ന് ഡൽഹിയിലെ ഇന്ത്യാ ഇസ്‍ലാമിക് കൾച്ചറൽ സെന്ററിൽ മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി നടത്തിയ മൂന്നാമത് എ.ജി. നൂറാനി അനുസ്മരണ പ്രഭാഷണത്തിൽ നിന്ന്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.