ഡോ. കെ.കെ.എൻ. കുറുപ്പ്
തന്‍റെ കർമമണ്ഡലമായിരുന്ന കാലിക്കറ്റ് സർവകലാശാല സ്ഥിതിചെയ്യുന്ന മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിലാണ് മത്സരിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിനായി തന്‍റെ വികസന ആശയങ്ങൾ ഉൾപ്പെടുന്ന പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. മലപ്പുറം ജില്ലാ വിഭജനം ഇതിൽ പ്രധാനമായിരുന്നു. തിരൂർ ആസ്ഥാനമായി പുതിയ ജില്ല, കാലിക്കറ്റ് സർവകലാശാല ഇന്ത്യയിലെ നമ്പർ വൺ ആക്കുക, കാസർകോട്, വയനാട് ജില്ലകളുടെയും തെക്കൻ ജില്ലകളുടെയും പുരോഗതി, ജനാധിപത്യ ഭരണഘടന ശക്തിപ്പെടുത്തുക തുടങ്ങി 24 ആശയങ്ങളാണ് പ്രകടന പത്രികയിലൂടെ മുന്നോട്ടുവെച്ചത്. അനാരോഗ്യവും താൻ ഉന്നയിച്ച വിഷയം ജനങ്ങൾക്കിടയിലെത്തി എന്ന വിശ്വാസത്തിന്‍റെയും അടിസ്ഥാനത്തിലാണ് മത്സരരംഗത്തുനിന്ന് പിന്മാറിയത് -കെ.കെ.എൻ. കുറുപ്പ് പറയുന്നു.
1939 ഫെബ്രുവരി 13ന് കോഴിക്കോട് വടകരയിലെ കുട്ടമത്ത് കുന്നിയൂര്‍ കുടുംബത്തിലാണ് കുറുപ്പ് ജനിച്ചത്. 60കളില്‍ കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരില്‍ പട്ടേലായാണ് (വില്ലേജ് ഓഫിസര്‍) ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. ഒപ്പം ചരിത്ര പഠനം തുടര്‍ന്നു. അങ്ങനെ, കാലിക്കറ്റ് സര്‍വകലാശാലയുടെ വി.സി പദവിവരെയെത്തി. പ്രായത്തെക്കുറിച്ച് ചിന്തിക്കാതെ, ഇപ്പോഴും പഠനരംഗത്ത് സജീവമായി നിലകൊള്ളുകയാണ്. മലബാറിന്റെ ചരിത്രവും കര്‍ഷക പോരാട്ടങ്ങളും പഠനവിധേയമാക്കി മലയാളിക്ക് സമ്മാനിച്ചു. ഇതിനകം 40ലേറെ പുസ്തകങ്ങള്‍ രചിച്ചു. സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ ഉപദേശക സമിതി ചെയര്‍മാന്‍, വിവിധ യൂനിവേഴ്സിറ്റികളുടെ സെനറ്റര്‍, മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഡയറക്ടര്‍ എന്നീ പദവികളുടെ ഭാഗമായി. 86ന്‍റെ ചെറുപ്പത്തിലാണ് കുറുപ്പ്. വിവിധ പരിപാടികളുടെ ഭാഗമായി സജീവമാണിപ്പോഴും. നിലവിലെ സാഹചര്യത്തിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ വഴിവിട്ട സഞ്ചാരത്തിൽ കുറുപ്പ് അമർഷത്തിലാണ്...
ഇന്ന് ഇന്ത്യയിൽ നടന്നുവരുന്ന ജനാധിപത്യം ജനങ്ങളുടെ യഥാർഥമായ ഇച്ഛാശക്തികളെ കണ്ടറിയുന്നില്ല. സാധാരണക്കാരന്‍റെ ആശയങ്ങളെ പ്രതിനിധീകരിക്കാൻ, പണച്ചാക്കുകളും മറ്റുമായ ജനപ്രതിനിധികൾക്ക് കഴിയുന്നില്ല. 1950 മുതൽ ഒരു വിദ്യാർഥിയെന്ന നിലയിലും പിന്നീട് ചരിത്രകാരൻ എന്ന നിലയിലും നമ്മുടെ ജനാധിപത്യ പ്രക്രിയയെ വീക്ഷിച്ചിരുന്നു. ഒരു വിമർശകനെന്ന നിലയിൽ വിലയിരുത്തുന്നത്, വിദേശരാജ്യങ്ങളിലെ ആശയങ്ങൾ വെച്ചുകൊണ്ടുള്ള പ്രവർത്തനമല്ല ഇന്ത്യയിൽ നടക്കുന്നത് എന്നാണ്. ഈ തെരഞ്ഞെടുപ്പ് വേളയിലെ ഒരു പരസ്യം ശ്രദ്ധയിൽപ്പെട്ടു. തങ്ങൾ ഭരണത്തിൽ വരുകയാണെങ്കിൽ കേരളത്തിൽ എയിംസ് നൽകുമെന്നായിരുന്നു അത്. ഏറെ വേദനിപ്പിച്ച ഒന്നാണത്. ഒരു കേന്ദ്ര സർക്കാർ, എയിംസ് തങ്ങൾക്ക് ഭരണം കിട്ടിയാലേ നൽകുവെന്ന് പറയുേമ്പാൾ, അവർ ജനാധിപത്യത്തിന്‍റെ ശത്രുക്കളാവുകയാണ്. പഴയ ജന്മിത്വത്തിന്‍റെ ഭാഗമായിത്തീരുകയാണ്. ഓരോ ജനപ്രതിനിധിയും തങ്ങളുടെ പ്രദേശത്തിന്‍റെയോ തങ്ങളുടെ സ്റ്റേറ്റിന്‍റെയോ എന്ന തർക്കം ബ്രിട്ടീഷ് രാഷ്ട്ര മീംമാസയിൽ പണ്ടുതന്നെ ഉടലെടുത്തിരുന്നു. ജവഹർലാൽ നെഹ്റു വികസനം ഇല്ലാത്ത പ്രദേശങ്ങളെപ്പറ്റി ഏറെ ചിന്തിച്ചിരുന്നു. വികസിത ഭാരതത്തെ കെട്ടിപ്പടുക്കാൻ മറ്റു പ്രദേശത്ത് നിന്നുള്ള വിഭവങ്ങളെ സമാഹരിക്കുമെന്ന ചിന്താഗതിയാണ് മുന്നോട്ടുവെച്ചത്. എന്നാൽ, ഇന്ന് നിർഭാഗ്യവശാൽ കേന്ദ്രവും ഫെഡറൽ സ്റ്റേറ്റുകളും ഏറ്റുമുട്ടുന്ന സാഹചര്യമാണുള്ളത്. വയനാടിന്‍റെ ദുരിതബാധിത ഘട്ടം ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. എല്ലാ സ്റ്റേറ്റുകളുടെയും ഒരേ പോലുള്ള പുരോഗതിയായിരിക്കണം കേന്ദ്ര ഗവൺമെന്‍റിന്‍റെ ലക്ഷ്യം. അതിനുപകരം, തങ്ങളെ അനുകൂലിക്കുന്ന ഭരണമുള്ള സംസ്ഥാനങ്ങൾ ജനസംഖ്യയുടെ അനുപാതമോ, ആവശ്യമോ പരിഗണിക്കാതെയുള്ള പ്രവർത്തനം എന്നിവ ജനാധിപത്യത്തിന്‍റെ ശിഥിലീകരണത്തിന് കാരണമാകുന്നു. സോവിയറ്റ് റഷ്യയുടെ പതനത്തിന് കാരണമായി പല പണ്ഡിതന്മാരും കാണുന്നത് ഈ പ്രവണതയാണ്. വയനാട് പോലുള്ള പ്രദേശം ഇന്ന് ഇന്ത്യയിലെ നൂറാമത്തെ പിന്നാക്ക ജില്ലകളിലൊന്നായി മാറിയിട്ടുണ്ടെങ്കിൽ അതിന്‍റെ കാരണം കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളാണ്. ഈ പ്രദേശത്തെ തൊഴിലാളികളുടെ ജീവിതം ദുരിത പൂർണമാണ്. എന്നാൽ, വയനാടിന്‍റെ വിഭവങ്ങൾ മുഴുവൻ അവിടെ നിന്നും വിവിധ ദേശങ്ങളിലേക്ക് കൊണ്ടുപോയി. അസമിലെ ചായത്തോട്ടങ്ങളിൽ നിന്നും മുഴുവൻ ഊറ്റിയെടുത്ത് കൽക്കത്ത തടിച്ചുകൊഴുത്തപ്പോൾ, ബൊഹാട്ടിയിൽ നിന്നും ഷില്ലോങ് വരെയുള്ള യാത്രയിൽ എനിക്ക് കാണാൻ കഴിഞ്ഞത്, സമ്പന്നന്‍റെ പശുത്തൊഴുത്തുകളേക്കാൾ മോശമായ തൊഴിലാളികളുടെ കുടിലുകളായിരുന്നു. ഇവരുടെ ജീവരക്തം കൽക്കത്ത ഊറ്റിക്കുടിച്ചു.
അതുപോലെ വയനാടിന്‍റെ ജീവരക്തം ഊറ്റിക്കുടിച്ചവർ ലണ്ടനിലും ന്യൂയോർക്കിലും മറ്റിടങ്ങളിലും ജീവിക്കുന്നു. ആ തൊഴിലാളികളുടെ വിദ്യാഭ്യാസ കേന്ദ്രം, ചികിത്സാ കേന്ദ്രം, അവരുടെ ജീവിത വേതനം ഇവയൊന്നിനെ കുറിച്ചും നമ്മൾ ചിന്തിക്കുന്നില്ല. വയനാടിൽനിന്ന് ഒരു ഗുണം കിട്ടിയത് അത്, ഒരു കുടുംബത്തിന്‍റെ നിയോജക മണ്ഡലമായി മാറിയെന്നത് മാത്രമാണ്. ഓരോ നിയോജക മണ്ഡലത്തിലും സ്ഥാനാർഥികൾ അവരുടെ പങ്കാളിത്തം കൊണ്ട് ജനജീവിതവുമായി ബന്ധപ്പെടണമെന്ന ആശയം തന്നെ ഇവിടെ തുരങ്കംവെക്കപ്പെട്ടു. ഈ പ്രതിനിധികൾക്ക് ജീവരക്ഷാ സക്വാഡുകളുമായി മാത്രമേ ജനങ്ങൾക്കിടയിലേക്ക് എത്താൻ കഴിയുകയുള്ളൂവെന്ന് വരുേമ്പാൾ അത്, നമ്മെ വേദനിപ്പിക്കുന്നു. ഒരമ്മയുടെ ദുരന്തത്തിൽ സമാശ്വാസ വാക്കുകൾ പൊഴിയാൻ കഴിയാത്തവരാണ് അധികാരത്തിലുള്ളത്. അശോക ചക്രവർത്തിയുടെ 13ാം നമ്പർ ഓർക്കുകയാണ്, ‘ഞാൻ ഭക്ഷണ മുറിയിലാകട്ടെ, കുളിമുറിയിലാകട്ടെ, അന്തപ്പുരത്തിലാകട്ടെ എന്‍റെ പ്രജകളെ എന്നെ കാണാൻ അനുവദിക്കൂ’, എന്ന തീരുമാനം ജനാധിപത്യത്തിലും വേണ്ടതല്ലേ. ആരുണ്ടിവിടെ ഇതൊക്കെ ചിന്തിക്കാൻ. യൂറോപ്പിലേക്കുള്ള യാത്രയിൽ, തൊട്ടടുത്തിരുന്ന് ഫയൽ വായിക്കുന്ന മന്ത്രിയെ കണ്ടു. ഇന്ത്യയിൽ വന്നുചേർന്നത് കൊളോണിയൽ ജനാധിപത്യത്തിന്‍റെ നല്ല വശങ്ങളല്ല, ചീത്ത വശങ്ങളാണ്. ഇന്നും നമ്മുടെ ബ്യൂറോക്രസി കൊളോണിയൽ ഘടനയിൽ അഭിരമിക്കുന്നവരാണ്. ഈ ശൈലി പാടേ പൊളിച്ചെഴുതേണ്ടതാണ്.
തികച്ചും യാദൃച്ഛികമായാണ് ചരിത്രവഴിയിലെത്തിിയത്. കാസര്‍കോട് ജില്ലയിലെ തെയ്യവും കര്‍ഷക പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനങ്ങളുമാണ് ചരിത്ര പഠനവഴിയിലെത്തിച്ചതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തൃക്കരിപ്പൂരിലെ പട്ടേലായി 1960ല്‍ നിയോഗിച്ചിരുന്നു. കയ്യൂര്‍ സമരത്തിന്റെ ഭാഗമായി അമ്മാവനെ പുറത്താക്കിയതിനെ തുടര്‍ന്ന് കുറുപ്പ് പട്ടേലായി നിയമിതനായി. അക്കാലത്താണ്, കടത്തനാട്ടിലെ (ഇന്നത്തെ വടകര) ജീവിതരീതിയില്‍ നിന്നും പാടേ മാറിയ പലതും പരിചയപ്പെടുന്നത്. അതെക്കുറിച്ചുള്ള അന്വേഷണമാണ് ചരിത്രകാരനാക്കിയതെന്നുപറയാം. അന്ന് തൊഴിലിനോടൊപ്പം പഠനവും തുടര്‍ന്നിരുന്നു. എം.എ ചരിത്രം പഠിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലയിലെത്തി. ടി.കെ. രവീന്ദ്രന്‍, എം.ജി.എസ്, എം.ബി. ശ്രീകുമാരന്‍ നായര്‍ എന്നീ ചരിത്രകാരന്മാരാണ് അധ്യാപകരായി ഉണ്ടായിരുന്നത്. ഈ പ്രശസ്ത ചരിത്രകാരന്മാരുടെ കീഴില്‍ എം.എ കഴിഞ്ഞ ഉടനെ തന്നെ, അവിടെ, ലെക്ചററായി നിയമനം കിട്ടി. പിഎച്ച്.ഡി ചെയ്തു. അങ്ങനെയാണ്, കാലിക്കറ്റ് സര്‍വകലാശാലയുടെ വി.സി വരെയാവുന്നത്.
തിരിഞ്ഞുനോക്കുമ്പോള്‍ സന്തോഷം മാത്രമാണുള്ളത്. ഏറ്റവും വലിയ സന്തോഷം മലബാറിന്‍റെ ചരിത്രത്തെ ഇന്ത്യാചരിത്രവുമായി കണ്ണിചേര്‍ക്കാന്‍ കഴിഞ്ഞുവെന്നതാണ്. അമേരിക്കന്‍ പണ്ഡിതന്മാര്‍ മുമ്പ് തഞ്ചാവൂരിന്റെ ചരിത്രം തേടിയതുപോലെ, ഒരു പഠന മേഖലയായി മലബാറിനെ മാറ്റാന്‍ കഴിഞ്ഞു. അതില്‍ പ്രധാനം തെയ്യമാണ്. തെയ്യത്തിന് ഗോത്ര കൾചർ എന്ന നിലയില്‍ അന്താരാഷ്ട്ര പ്രസക്തിയുണ്ടാക്കാന്‍ 1973ലെ ‘ദ കള്‍ട്ട് ഓഫ് തെയ്യം ആന്‍ഡ് ഹീറോ വെര്‍ഷിപ് ഇന്‍ കേരള’ (the cult of theyyam and hero worship in kerala) പുസ്തകത്തിന് കഴിഞ്ഞു. ഇതിലൂടെ കേരളത്തിന്‍റെ വിശിഷ്ട ഗോത്രകലയെ അന്താരാഷ്ട്ര തലത്തില്‍ പരിചയപ്പെടുത്താന്‍ സാധിച്ചു. അതിനുവേണ്ടി കലാനികേതന്‍ എന്ന സ്ഥാപനം തന്നെ വന്നു. കലാനികേതന്‍ ഈ രംഗത്ത് ചില അവാര്‍ഡ് നല്‍കിവരുന്നു.
ഇന്ന്, തെയ്യം കലാകാരന്മാര്‍ക്കെല്ലാം പെന്‍ഷനും മറ്റും ലഭിക്കുന്നതിലേക്ക് കാര്യങ്ങളെത്തി. തെയ്യത്തെ വാനിഷിങ് ആര്‍ട്ടിന്റെ റീജനാക്കി മാറ്റാന്‍ കഴിഞ്ഞില്ലെന്ന പ്രയാസമുണ്ടിപ്പോഴും. യുനസ്കോയെക്കൊണ്ട് അത്തരം പ്രഖ്യാപനം നടത്താന്‍ കഴിഞ്ഞെങ്കില്‍ നേട്ടമായിരുന്നു. അതിനായി ശ്രമം നടത്തി. ഇന്ത്യാ ഗവണ്‍മെന്‍റ് വേണ്ടത്ര പരിഗണിച്ചില്ല. വാനിഷിങ് ആര്‍ട്ടിന്‍റെ പ്രശ്നം, പുതിയ തെയ്യം ഉണ്ടെങ്കിലും പഠിക്കാന്‍ പുതിയ തലമുറ വരുന്നില്ല എന്നതാണ്. കഥകളിക്കും യക്ഷഗാനത്തിനും കിട്ടിയ പ്രാധാന്യം തെയ്യത്തിന് ലഭിച്ചില്ല. അടിസ്ഥാനവര്‍ഗത്തിലും പിന്നാക്ക ജാതിയിലും പെട്ടവരാണ് തെയ്യം കലാകാരന്മാരായി വരുന്നുവെന്നതിനാലാണ് പൊതു പരിഗണന ലഭിക്കാതെ പോയത്. കഥകളിയിലും മറ്റും നമ്പൂതിരിമാരും മറ്റുമാണ് വരുന്നത്. ഈയൊരു വൈരുധ്യമുള്ളതുകൊണ്ടാണ് ഈ കലാരൂപം അവഗണിക്കപ്പെട്ടത്.
തെയ്യത്തിന്റെ തന്നെ ഭാഗമാണ് പൂരക്കളി. പൂരക്കളി എന്നാല്‍, പുരുഷ നൃത്തമാണ്. വസന്തോത്സവമാണത്. അതിനെ കൃഷ്ണഗീതിയെന്ന പേരില്‍ സൗത്ത് ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമം നടക്കുകയാണ്. പൂമാലിക എന്ന അവാര്‍ഡ് പൂരക്കളിയിലെ ഗുരുക്കന്മാര്‍ക്കുവേണ്ടി മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച് ആന്‍ഡ് ഡവലപ്മെന്‍റ് നല്‍കി വരുന്നുണ്ട്. നേരത്തെ ചരിത്ര പഠനത്തില്‍ കമ്യൂണിസ്റ്റ് കര്‍ഷക സമരങ്ങളെല്ലാം അവഗണിക്കപ്പെട്ട് കിടക്കുകയായിരുന്നു. ഇവയെല്ലാം ദേശീയ പ്രസ്ഥാനത്തിന്‍റെ ഭാഗമാക്കി മാറ്റാന്‍ കഴിഞ്ഞു. കയ്യൂര്‍ പോലുള്ള സമരം പോലും ദേശീയ പ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്നില്ലെന്ന് ഓര്‍ക്കണം. ഇത്തരം സമരസേനാനികള്‍ക്ക് പെന്‍ഷന്‍ നിഷേധിക്കപ്പെട്ടിരുന്നു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക്, നല്‍കണമെന്നാദ്യം ആവശ്യപ്പെട്ട ചരിത്രകാരനാവാൻ അവസരം ലഭിച്ചു.
പഴയ നാലാം ക്ലാസ് വിദ്യാഭ്യാസമാണ് അമ്മയുടേത്. 12 വയസ്സായ പെണ്‍കുട്ടി. അന്നാണ് അമ്മ നമ്പൂതിരിമാരുടെ സംബന്ധ സമ്പ്രദായത്തെ എതിര്‍ക്കുന്നത്. ഒരിക്കല്‍ ഫ്രഞ്ച് ആന്ത്രോപോളജിസ്റ്റിനുവേണ്ടി ഇേതക്കുറിച്ച് ചോദിച്ചപ്പോള്‍ രണ്ട് കാര്യങ്ങളാണ് അമ്മ പറഞ്ഞത്. ഒന്ന്, നമ്പൂതിരിക്ക് കുട്ടികളുണ്ടായാല്‍ സംരക്ഷണത്തിന് വക നാം കണ്ടെത്തണം. പിന്നെ, അവരുടെ അടുക്കളയില്‍ പ്രവേശനവും ഉണ്ടാവില്ല. അതായത്, സ്റ്റാറ്റസും റിസോഴ്സും നിഷേധിക്കപ്പെടുന്നുവെന്നതാണ്. വ്യക്തിത്വം പണയം വെക്കാന്‍ അമ്മ തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് നമ്പൂതിരിയുടെ കൂടെ പോകുന്നില്ലെന്ന് തീരുമാനിക്കുന്നത്. അമ്മയുടെ അച്ഛന്‍ നമ്പൂതിരിയായിരുന്നു. ഒരു പക്ഷേ, അമ്മയുടെ അമ്മ അനുഭവിച്ച പീഡനങ്ങളുമായിരിക്കാം ഇത്തരമൊരു തീരുമാനത്തിലെത്താനിടയാക്കിയത്. നമ്പൂതിരി സംബന്ധത്തെ എതിര്‍ത്തുകൊണ്ടുള്ള പ്രസ്ഥാനങ്ങളും മറ്റും അക്കാലത്ത് സജീവമായിരുന്നു. ഇത്, രേഖപ്പെടുത്തണമെന്നുള്ള ചിന്തയില്‍ നിന്നാണ് ‘ജാനകി എന്ന പെണ്‍കുട്ടിയുടെ തീര്‍ത്ഥയാത്ര’ എന്ന പുസ്തകം ഒരുക്കിയത്. ഞങ്ങളുടെ കുട്ടമത്ത് കുടുംബം പല മേഖലയില്‍ പ്രശസ്തരായിരുന്നു. ഡോ. സുകുമാര്‍ അഴീക്കോട് പലപ്പോഴും കുട്ടമത്ത് കുടുംബത്തെ ഡീംഡ് യൂനിവേഴ്സിറ്റിയെന്നാണ് വിശേഷിപ്പിച്ചത്.
ഇതൊരു വസ്തുതയാണ്. രണ്ടേക്കറില്‍ കൃഷി ചെയ്യുന്ന കര്‍ഷകന് ഒരു പ്യൂണിന് കിട്ടുന്ന വരുമാനം പോലുമില്ലെന്നതാണ് യാഥാർഥ്യം. ഭൂമിയെ കമേഴ്സ്യല്‍ പ്രോപ്പര്‍ട്ടിയാക്കി മാറ്റിയിരിക്കുകയാണ്. നമ്മുടെ രാജ്യത്ത് ഭൂപരിഷ്കരണം പൂര്‍ണമായും നടന്നില്ല. കേരളത്തില്‍ ഭൂപരിഷ്കരണം, ഫ്യൂഡല്‍ കൾചർ അവസാനിപ്പിക്കുക മാത്രമാണ് ചെയ്തത്. കര്‍ഷകര്‍ക്ക് കുറെക്കൂടി മാന്യത ലഭിക്കുന്ന അന്തരീക്ഷം ലഭിക്കണം. ഇടതുപക്ഷത്തിനാണ് ഇത് ചെയ്യാന്‍ കഴിയുക. സ്വാതന്ത്ര്യംകിട്ടി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇപ്പോഴും ഇത്തരം ധർമസങ്കടങ്ങൾ പങ്കുവെക്കേണ്ടിവരുന്നത് ലജ്ജാകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.