ഇരുവട്ടപ്പോരാട്ടം അഥവാ അമ്മമാരോടാണോ കളി?

പ്രായപൂര്‍ത്തിയാകും മുമ്പ് കാമുകനോടൊപ്പം വീടുവിട്ട് ഒളിച്ചോടിയ മകളുടെ വയറ്റിലെ ഭ്രൂണം അവളുടെ സമ്മതമില്ലാതെ നശിപ്പിക്കണമെന്നാവശ്യപ്പെടാന്‍ പിതാവിന് അവകാശമുണ്ടോ? ഇല്ളെന്നാണ് സമീപകാല കോടതിവിധി സൂചിപ്പിക്കുന്നത്. ഗര്‍ഭാവസ്ഥ നിലനിര്‍ത്തി പൂര്‍ണതയില്‍ ഒരു കുഞ്ഞിനു ജന്മംനല്‍കാന്‍ ഗര്‍ഭിണിയായ യുവതി ആഗ്രഹിക്കുന്നപക്ഷം പിതാവിന്‍െറ ആഗ്രഹം നടക്കില്ളെന്നാണ് മദ്രാസ് ഹൈകോടതി മധുര ബെഞ്ചിന്‍െറ വിധി വ്യക്തമാക്കുന്നത്.

തമിഴ്നാട്ടിലെ ദിണ്ടിഗല്‍ ജില്ലയില്‍ ആയക്കുടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 18 വയസ്സ് തികയാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെ മാരിമുത്തു-ശെല്‍വറാണി ദമ്പതികളുടെ മകള്‍ മാരിയമ്മാള്‍ എന്ന പെണ്‍കുട്ടിയെ കാണാതായി. രണ്ടു മാസത്തെ പൊലീസ് അന്വേഷണത്തിനൊടുവില്‍ സീതാനാഥന്‍ എന്ന മൈനര്‍ യുവാവാണ് സംഭവത്തിനു പിന്നിലെന്നു പൊലീസിനു പിടികിട്ടി. വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ അയാളോടൊടൊപ്പം കണ്ടത്തെി.

സീതാനാഥനെതിരെ പൊലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പതിനേഴുകാരനായ പ്രതിയെ അറസ്റ്റ്ചെയ്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. പരിശോധന റിപ്പോര്‍ട്ട് പ്രകാരം പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചു. ഭ്രൂണത്തിന്‍െറ വളര്‍ച്ച 14 ആഴ്ച പിന്നിട്ടിരുന്നു.

മകളുടെ ഗര്‍ഭത്തിനുത്തരവാദിയായ സീതാനാഥന്‍െറ ചെയ്തിക്കെതിരെ പിതാവായ മാരിമുത്തു ഹൈകോടതിയെ സമീപിച്ചു. മൈനറായ മകള്‍ ഗര്‍ഭിണിയായത് തട്ടിക്കൊണ്ടുപോയ സന്ദര്‍ഭത്തില്‍ പ്രതിയുടെ ബലാത്സംഗത്തിനു വിധേയയായിട്ടാണെന്നും ഹരജിക്കാരനായ പിതാവ് ആരോപിച്ചു. ഹരജി പരിഗണിച്ച വേളയില്‍ കോടതിയില്‍ നേരിട്ട് ഹാജരായ മാതാപിതാക്കള്‍, മകളുടെ ഗര്‍ഭം അലസിപ്പിക്കാത്തപക്ഷം അവളുടെ ആരോഗ്യത്തിന് അത് ഹാനികരമായേക്കാം എന്നും അതിനാല്‍ ആവശ്യമായ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി മകളുടെ ഉദരത്തില്‍ വളരുന്ന ഭ്രൂണത്തെ ഹനിക്കാന്‍ ആവശ്യമായ ഉത്തരവുകള്‍ നല്‍കണമെന്നും കോടതിയോട് അപേക്ഷിച്ചു.

ഹരജി വിശദമായി പരിഗണിച്ച കോടതി പെണ്‍കുട്ടിയെ വിദഗ്ധ വൈദ്യപരിശോധനക്കായി മധുരയിലെ രാജാജി ഗവ. മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളജ് ഡീനിനോട് മൂന്നില്‍ കുറയാത്ത ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി പെണ്‍കുട്ടിയുടെ ഗര്‍ഭധാരണത്തിന്‍െറ പൂര്‍ത്തീകരിച്ച കാലപരിധി, നിലവിലുള്ള അവസ്ഥയില്‍ ഗര്‍ഭം അലസിപ്പിക്കുന്നതില്‍ അപാകതയുണ്ടെങ്കില്‍ അതുസംബന്ധിച്ച വിവരം, ഗര്‍ഭാവസ്ഥ തുടരുന്നത് ഗര്‍ഭിണിയുടെ ശാരീരിക-മാനസികാരോഗ്യത്തെ എത്രമാത്രം പ്രതികൂലമായി ബാധിക്കും എന്നീ കാര്യങ്ങള്‍ പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയുണ്ടായി.

വൈദ്യപരിശോധനക്ക് മുന്നോടിയായി പെണ്‍കുട്ടിയുടെ സമ്മതം ആരാഞ്ഞ മെഡിക്കല്‍ ടീം മുമ്പാകെ ഗര്‍ഭം അലസിപ്പിക്കുന്നതിനു സമ്മതമല്ളെന്ന് അവള്‍ വ്യക്തമാക്കുകയുണ്ടായി. ബലാത്സംഗം മൂലമാണ് തന്‍െറ മകളുടെ ഗര്‍ഭധാരണമെന്നാരോപിച്ച പിതാവിന്‍െറ വാദം തള്ളിയ പെണ്‍കുട്ടി താന്‍ ഗര്‍ഭിണിയായത് ഒരുവിധ ബലപ്രയോഗത്തിനും വിധേയയായിട്ടല്ളെന്നും സ്വമേധയായുള്ള ലൈംഗികബന്ധത്തിലൂടെയാണു താന്‍ ഗര്‍ഭിണിയായതെന്നും അതില്‍ താന്‍ പൂര്‍ണസന്തോഷവതിയാണെന്നും ആയതിനാല്‍ തന്‍െറ ഭ്രൂണഹത്യക്കുള്ള ഒരുവിധ ഉത്തരവും കോടതി പാസാക്കരുതെന്നും കോടതിയോട് അപേക്ഷിക്കുകയുണ്ടായി. കോടതി നിര്‍ദേശാനുസരണം മെഡിക്കല്‍ ടീം സമയബന്ധിതമായിത്തന്നെ തങ്ങള്‍ പരിശോധനയില്‍ കണ്ടത്തെിയ കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ച് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഹരജിയില്‍ വിവിധ വാദമുഖങ്ങള്‍ സവിസ്തരം കേട്ട ഹൈകോടതി, ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട 1971ലെ ‘മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട്’, അനുബന്ധ ചട്ടങ്ങള്‍, മറ്റ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ എന്നിവ വിശദമായി വിലയിരുത്തുകയും വിവിധ കക്ഷികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരുടെ ഭാഗം വിശദമായി പരിശോധിക്കുകയും ചെയ്തശേഷം, പെണ്‍കുട്ടിയുടെ ഗര്‍ഭധാരണം പതിനെട്ട് വയസ്സ് തികയുന്നതിനു മുമ്പാണെങ്കില്‍പോലും കേസ് പരിഗണനക്ക് വന്നസമയത്ത് പെണ്‍കുട്ടിക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തീകരിച്ചതിനാലും ഗര്‍ഭധാരണം ബലപ്രയോഗത്തിനു വിധേയമോ അനാവശ്യമോ അല്ലായെന്നു വ്യക്തമായതിനാലും ഗര്‍ഭാവസ്ഥ നിലനിര്‍ത്തുന്നതാണു അഭികാമ്യമായിട്ടുള്ളതെന്ന പെണ്‍കുട്ടിയുടെ താല്‍പര്യം പരിഗണിച്ചും മകളുടെ ഭ്രൂണഹത്യ ആവശ്യപ്പെട്ട് പിതാവ് നല്‍കിയ റിട്ട് ഹരജി നിരാകരിക്കുകയാണ് ഹൈകോടതി ചെയ്തത്.

നിലവിലുള്ള നിയമപ്രകാരം അനിവാര്യഘട്ടങ്ങളില്‍ മാതാവിന്‍െറ ജീവന്‍ രക്ഷിക്കാനും മറ്റും ഭ്രൂണഹത്യ ആകാമെന്ന് പറയുന്നുണ്ടെങ്കിലും അതിനു നിയമം നിഷ്കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ വളരെ കര്‍ശനംതന്നെയാണ്. ശാരീരികവും മാനസികവുമായ ആഘാതങ്ങള്‍, സാമൂഹിക സ്വീകാര്യത, മാനുഷികമായ പരിഗണനകള്‍, ബലപ്രയോഗത്തിനു വിധേയമായി സംഭവിക്കുന്ന അഹിതകരമായ അവസ്ഥയിലുള്ള ഗര്‍ഭധാരണം എന്നിവക്കുള്ള പ്രതിവിധിയായി സമൂഹം ഭ്രൂണഹത്യയെ നോക്കിക്കാണുന്നുണ്ടെങ്കിലും പലപ്പോഴും വ്യക്തിഗതങ്ങളായ പരിഗണനകളാണ് ഈ വിഷയത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

കാമുകനോടൊപ്പം ഒളിച്ചോടിയ മകളുടെ ഭ്രൂണഹത്യ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച പിതാവിന്‍െറ മാനസികാവസ്ഥ അത്തരത്തില്‍ ഒന്നാണ്. ആദ്യം കാമുകനോടൊപ്പം കടന്നുകളയാനുള്ള പോരാട്ടത്തില്‍ വിജയിച്ച പെണ്‍കുട്ടി തന്‍െറ ഉദരത്തിലൂറിയ ഭ്രൂണത്തെ നിലനിര്‍ത്താന്‍ കോടതികയറിയത് ഒരു മനുഷ്യജീവനെ നിലനിര്‍ത്താനുള്ള രണ്ടാംവട്ട പോരാട്ടം തന്നെയാണെന്നു പറയാം.

Tags:    
News Summary - do the with moms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.