മൃതദേഹവും മയ്യിത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍

നവംബര്‍ 24ന് നിലമ്പൂര്‍ കാടുകളില്‍ പ്രമുഖ മാവോവാദി നേതാവ് കുപ്പു ദേവരാജും സഹപ്രവര്‍ത്തക അജിതയും കൊല്ലപ്പെട്ടത് പല മാനങ്ങളുള്ള രാഷ്ട്രീയ സംവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പതിവുള്ള വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണ് നിലമ്പൂരില്‍ നടന്നതെന്ന് മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ ആരോപിക്കുന്നു. പൊലീസ് നിലപാടിനെതിരെ അവര്‍ പ്രത്യക്ഷ സമരത്തിലാണ്. ഒരു കമ്യൂണിസ്റ്റുകാരന്‍ മുഖ്യമന്ത്രിയായിരിക്കെ ഇങ്ങനെ സംഭവിക്കരുതായിരുന്നു എന്ന് പറയുന്നവരുമുണ്ട്. ഇക്കാര്യത്തില്‍ ഒരു മുഴം മുമ്പേ എറിഞ്ഞു അഭിപ്രായം പറഞ്ഞത് ഭരണമുന്നണിയിലെ പ്രബല ഘടകകക്ഷി കൂടിയായ സി.പി.ഐ ആണ്. 1978ല്‍ നക്സലൈറ്റ് നേതാവ് വര്‍ഗീസിനെ വെടിവെച്ചു കൊന്നതാണ് കേരളത്തിലെ ആദ്യത്തെ അറിയപ്പെടുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊല.

സി.പി.ഐക്കാരനായ സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് ആ കൊല നടപ്പാക്കിയത്. ‘അച്യുതമേനോന്‍ മഹച്ചരിതമാല’യാണ് കേരളത്തിലെ സി.പി.ഐയുടെ പ്രധാനപ്പെട്ടൊരു സൈദ്ധാന്തിക ഉരുപ്പടി. വ്യാജ ഏറ്റുമുട്ടല്‍ കൊലക്ക് അധ്യക്ഷത വഹിച്ച, അടിയന്തരാവസ്ഥയുടെ കരാളതകള്‍ നാട്ടില്‍ നടപ്പാക്കിയ ഒരാളെ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി എന്നു പറഞ്ഞു വാഴ്ത്തി നടക്കുന്നതില്‍ അവര്‍ക്ക് പ്രത്യേകിച്ച് ചമ്മലൊന്നും കാണാറുമില്ല. ഇപ്പോള്‍ വിഷയം അതല്ല. വ്യാജ ഏറ്റുമുട്ടല്‍ കൊല മലയാളികളെ പരിചയപ്പെടുത്തിയ ഭരണകൂടത്തിന് നേതൃത്വം കൊടുത്ത പാര്‍ട്ടി, തലക്ക് ഇനാം പ്രഖ്യാപിച്ച് സര്‍ക്കാര്‍ നോട്ടമിട്ടിരിക്കുന്ന ഒരു മാവോവാദി നേതാവ് കൊല്ലപ്പെട്ടപ്പോള്‍ അസാധാരണമായ ആവേശത്തോടെ അതിനെതിരെ രംഗത്തുവരുന്നത് കൗതുകകരമാണ്.

പൊലീസ് പറയുന്നത് അപ്പടി വിശ്വസിക്കാത്ത, വ്യത്യസ്തമായി ആലോചിക്കുന്ന ആളുകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതായിരുന്നു കാനം രാജേന്ദ്രന്‍െറയും സി.പി.ഐയുടെയും നിലപാടുകള്‍. ‘മാവോവാദികളും കമ്യൂണിസ്റ്റുകളാണ്’എന്ന കാനത്തിന്‍െറ പ്രസ്താവന ഒരു ഇടതുപക്ഷ നേതാവിന്‍െറ ഉയര്‍ന്ന വര്‍ഗ സമീപനത്തിന്‍െറ നിദര്‍ശനമാണ്.  സര്‍ക്കാര്‍, പൊലീസ്ഭാഷ്യത്തെ നിരന്തരം ചോദ്യം ചെയ്ത പാര്‍ട്ടിയുടെ യുവജനവിഭാഗം നിലമ്പൂരില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം കുപ്പു ദേവരാജിന്‍െറ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. ആകെ മൊത്തം വ്യത്യസ്തമായൊരു സി.പി.ഐയെ കേരളം കാണുകയായിരുന്നു.
സി.പി.ഐയില്‍ മാത്രമല്ല, പരമ്പരാഗത ഇടതു ക്യാമ്പില്‍ നിലമ്പൂര്‍ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് വ്യത്യസ്ത സ്വരങ്ങള്‍ വേറെയും ധാരാളം കേള്‍ക്കാനായി.

ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയില്‍ സര്‍ക്കാര്‍ നിലപാടിനെതിരായ അഭിപ്രായങ്ങള്‍ വന്നു. ഡി.വൈ.എഫ്.ഐ നേതാവും നിയമസഭാംഗവുമായ എം. സ്വരാജ് ഫേസ്ബുക്കില്‍ തന്‍െറ അഭിപ്രായം കുറിച്ചു. അങ്ങനെ ഏറ്റുമുട്ടല്‍ കൊലക്കെതിരായ പൊതുവികാരം വളര്‍ത്തുന്നതില്‍ ഈ ഇടപെടലുകളെല്ലാം സഹായിച്ചു എന്നു പറയാം. കുപ്പു ദേവരാജിന്‍െറയും അജിതയുടെയും മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും ഇങ്ങനെ ഉയര്‍ന്നു വന്ന പൊതുവികാരം വലിയ പങ്കുവഹിച്ചിട്ടുണ്ട്. പൊലീസ് ഭാഷ്യം അപ്പടി പ്രസിദ്ധീകരിക്കുന്നതിന് പകരം വ്യത്യസ്തവീക്ഷണങ്ങളെയും നിലപാടുകളെയും പ്രതിഫലിപ്പിക്കുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങളും ശ്രദ്ധിച്ചു. അത്രയും നല്ല കാര്യം.

അതേസമയം, ഏറ്റുമുട്ടല്‍ കൊലകളുമായി ബന്ധപ്പെട്ട മറ്റു ചില അപ്രിയസത്യങ്ങള്‍ പങ്കുവെക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന നിരോധിത സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗമാണ് കുപ്പു ദേവരാജ്. കേരളത്തിന് പുറത്ത് നിരവധി കേസുകളില്‍ അദ്ദേഹം പ്രതിയാണ്. അദ്ദേഹത്തിന്‍െറ തലക്ക് സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചിട്ടുമുണ്ട്.

മുന്‍കൂര്‍ അനുവാദമില്ലാതെ പ്രവേശിക്കാനും താമസിക്കാനും പാടില്ലാത്ത നിക്ഷിപ്ത വനഭൂമിയില്‍ വെച്ചാണ് അദ്ദേഹവും സഹപ്രവര്‍ത്തകയും കൊല്ലപ്പെടുന്നത്. ഇപ്പറഞ്ഞ കാരണങ്ങളാല്‍ കുപ്പുവും കൂട്ടരും കൊല്ലപ്പെടാന്‍ അര്‍ഹരാണെന്നല്ല പറഞ്ഞുവന്നത്. ഹിംസ നടപ്പാക്കാനുള്ള ഭരണകൂട യുക്തികള്‍ അവരുടെ കാര്യത്തില്‍ ഒത്തുവന്നിട്ടുണ്ട്  എന്ന് സൂചിപ്പിക്കാന്‍ മാത്രം പറഞ്ഞതാണ്. എന്നിട്ടും കുപ്പുവിന് വേണ്ടി സംസാരിക്കാനും ഭരണകൂട ചെയ്തിയെ വിമര്‍ശിക്കാനും നമുക്ക് സാധിക്കുന്നുണ്ട്. ഭരണമുന്നണിയെ പ്രതിരോധത്തിലാക്കും വിധം അതുമായി ബന്ധപ്പെട്ട ഗൗരവപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതില്‍ പുരോഗമന സമൂഹം വിജയിച്ചിട്ടുണ്ട്. കുപ്പുവിന്‍െറ മൃതദേഹം ഏറ്റുവാങ്ങാനും വീരോചിതമായ അഭിവാദനങ്ങളോടെ അത് സംസ്കരിക്കാനും ആളുകളുണ്ടായി.

ഇനിയൊരല്‍പം ഫ്ളാഷ്ബാക്ക്.  2008 ഒക്ടോബര്‍ മാസം സംഭ്രമജനകമായ ഒരു ഏറ്റുമുട്ടല്‍ കഥയുടെ വാര്‍ത്തയിലൂടെ മലയാളി കടന്നുപോയിട്ടുണ്ട്. മുസ്ലിം പേരുകാരായ നാല് മലയാളി യുവാക്കള്‍ കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നതായിരുന്നു  നാടാകെ നടുങ്ങിയ ആ വാര്‍ത്ത. ന്യൂസ്റൂമുകളിലും ടെലിവിഷന്‍ സ്റ്റുഡിയോകളിലും സര്‍വലോക മിതവാദികളും കയറിനിരങ്ങിയ നാളുകള്‍. മലയാളി മുസ്ലിംകള്‍ക്കിതെന്തു പറ്റി എന്ന ആര്‍ത്തനാദങ്ങള്‍ എങ്ങും മുഴങ്ങി. തീവ്രവാദക്കെണിയില്‍നിന്ന് മലയാളി മുസ്ലിംകളെ രക്ഷിക്കാന്‍ മാവൂര്‍ റോഡിലെ ചില പുസ്തകക്കടകള്‍ അടച്ചുപൂട്ടണമെന്നും അവ നടത്തുന്നവരെ പൂട്ടിയിടണമെന്നും അല്ളെങ്കില്‍ നാടാകെ കശ്മീരാവുമെന്നും റിട്ടയര്‍ ചെയ്ത മതേതര മാഷന്മാര്‍ കട്ടായം പറഞ്ഞു. അവര്‍ പറയുന്നത് അഖിലാണ്ഡ സത്യം എന്നു വിചാരിക്കുന്ന അവശ ബുദ്ധിജീവികള്‍ സര്‍വരാജ്യ മിതവാദ മുന്നണിയുണ്ടാക്കാന്‍ വേണ്ടി ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ച് രംഗത്തുവന്നു.

നാടാകെ കോരിത്തരിച്ചു. മിതവാദ പ്രസ്താവനകളും മാനവിക സന്ദേശയാത്രകളും തീവ്രവാദവിരുദ്ധ ജുഗല്‍ബന്ദികളും കൊണ്ട് നാടാകെ ഇളകിമറിഞ്ഞ കാലം. കഥയായി, കവിതയായി, പോസ്റ്ററായി, മുദ്രാവാക്യങ്ങളായി, പത്രപ്രസ്താവനകളായി തീവ്രവാദ വിരുദ്ധ സാഹിത്യമിങ്ങനെ പൊട്ടിയൊലിച്ചു കൊണ്ടിരുന്നു.  ആ വകയില്‍ ശ്രദ്ധേയമായ ഒരു ഉരുപ്പടിയായിരുന്നു ഡി.വൈ.എഫ്.ഐ സംസ്ഥാനത്തൊട്ടാകെ ഒട്ടിച്ച ഒരു പോസ്റ്റര്‍. കശ്മീരില്‍ കൊല്ലപ്പെട്ടു എന്നു പറയപ്പെടുന്ന ഫായിസിന്‍െറ ഉമ്മയുടേതായി എഴുതിപ്പിടിപ്പിച്ച ഒരു വാചകം; തീവ്രവാദിയാണെങ്കില്‍ അവന്‍െറ മയ്യിത്ത് എനിക്ക് കാണണ്ട എന്നെഴുതിയ പോസ്റ്റര്‍.

മുസ്ലിം തീവ്രവാദത്തിനെതിരായ പോസ്റ്റര്‍ ഗേള്‍ ആയി ഫായിസിന്‍െറ ഉമ്മയെ പ്രതീകവത്കരിക്കുകയായിരുന്നു കേരളത്തിലെ ഇടതുയുവത്വം. ആരും ചോദിക്കാതിരുന്ന ഒരു ചോദ്യം അപ്പോഴും അന്തരീക്ഷത്തിലുണ്ടായിരുന്നു. കൊല്ലപ്പെട്ടുവെന്ന് നിങ്ങള്‍ പറയുന്ന ആ നാല് ചെറുപ്പക്കാരുടെ മയ്യിത്തെവിടെ സഖാവേ എന്നതായിരുന്നു അത്.  മയ്യിത്ത് പോട്ടെ, അവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, മരണ സര്‍ട്ടിഫിക്കറ്റ് ഇവയൊന്നും ആരും ചോദിച്ചില്ല. ആരും ഹാജരാക്കിയുമില്ല.  പക്ഷേ, ലവന്മാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് നാം വിശ്വസിക്കണം. കുപ്പു ദേവരാജും അജിതയും എത്ര ഭാഗ്യവാന്മാര്‍. അവരുടെതായ മൃതദേഹങ്ങള്‍ ബാക്കിവെക്കാന്‍, അവരുടെ പേരിലുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഡോക്യുമെന്‍റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അത് മൃതദേഹങ്ങള്‍ക്കുള്ള അവകാശമാണ്. പക്ഷേ, മയ്യിത്തുകള്‍ക്ക് നമ്മുടെ നാട്ടില്‍ അത്തരമൊരു അവകാശം പോലുമില്ളെന്ന് അറിയുക.

ഫായിസും കൂട്ടരും കശ്മീരില്‍ പോയിരുന്നോ, അവര്‍ സൈന്യവുമായി ഏറ്റുമുട്ടിയിരുന്നോ, എങ്കില്‍ എവിടെ, എപ്പോള്‍, എവിടെ മയ്യിത്ത്, എവിടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്തം തന്നെയായിരുന്നു. പക്ഷേ, അത്തരം ചോദ്യങ്ങള്‍ പാടില്ലാത്തവിധം ‘മിതവാദ ഭീകരത’ നമ്മുടെ പൊതുബോധത്തെ അടക്കിവാഴുകയായിരുന്നു. തീവ്രവാദികളായ നാല് മുസ്ലിം ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടിരിക്കുന്നുവെന്ന് അധികാരികള്‍ പറഞ്ഞാല്‍ പിന്നെ തിരിഞ്ഞും മറിഞ്ഞും നോക്കേണ്ടതില്ല, തുടങ്ങുക കാമ്പയിന്‍. അതില്‍ സംഘികളെ എങ്ങനെ തോല്‍പിക്കാന്‍ പറ്റും എന്നത് മാത്രമാണ് ആലോചന. കൊല്ലം ഇപ്പോള്‍ എട്ട് കഴിഞ്ഞു. ഫായിസിന്‍േറത് മാത്രമല്ല, ആ നാല് ‘തീവ്രവാദി’കളുടെയും മയ്യിത്ത് നമ്മളാരും ഇതുവരെ കണ്ടിട്ടില്ല. അവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, മരണ സര്‍ട്ടിഫിക്കറ്റ് അങ്ങനെയൊന്നിനെക്കുറിച്ചും കേട്ടിട്ടില്ല. മയ്യിത്തിന്‍െറ ഫോട്ടോ പോലും ഹാജരാക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് നിങ്ങള്‍ പറയുന്നവന്‍െറ മയ്യിത്തെവിടെ എന്ന് ചോദിക്കുന്നതുപോലും രാജ്യദ്രോഹമാവുന്ന മട്ടില്‍ ‘ഉന്മാദ മിതവാദം’ വളര്‍ത്തുന്നതില്‍  സംഘ്പരിവാറും ഇടതുപക്ഷവും മുസ്ലിം ഗ്രൂപ്പുകളും പരസ്പരം മത്സരിക്കുകയായിരുന്നു. സംഘ്പരിവാറിനെയും അവര്‍ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്ന മതേതര/ലിബറല്‍ ബുദ്ധിജീവികളെയും വിട്ടേക്കൂ. ഭരണകൂട ഹിംസയെക്കുറിച്ചും അതിന്‍െറ മര്‍ദനോപാധികളെക്കുറിച്ചും സൈദ്ധാന്തിക നിലപാടുള്ള ഇടതുപക്ഷം, അവന്‍െറ മയ്യിത്ത് ഞമ്മക്ക് കാണണ്ട എന്ന പോസ്റ്റര്‍ കാമ്പയിന്‍ നടത്തുകയായിരുന്നുവല്ളോ. മുഖ്യധാരാ മുസ്ലിം ഗ്രൂപ്പുകളുടെ കാര്യമാണ് അതേക്കാള്‍ കഷ്ടം. തീവ്രവാദത്തിന്‍െറ പേരില്‍ ഭരണകൂടം നടത്തുന്ന ഏത് ഹിംസയുമായി ബന്ധപ്പെട്ടും മുസ്ലിം ഗ്രൂപ്പുകള്‍ സ്വീകരിക്കുന്ന നിലപാട് ‘അത് ഞങ്ങളല്ല, അവരാണ്’ എന്ന ലഘുതമ സാധാരണ ഗുണിതമാണ്. കുപ്പു ദേവരാജിനെക്കുറിച്ച് ‘മാവോവാദിയാണെങ്കിലും അവനൊരു കമ്യൂണിസ്റ്റാണ്’ എന്നു പറഞ്ഞ കാനം രാജേന്ദ്രന്‍െറ നിലപാടില്‍ മുസ്ലിം നേതാക്കള്‍ക്ക് ഒരുപാട് പഠിക്കാനുണ്ട്.

വെടിയേറ്റു വീഴുന്നവന്‍െറ മയ്യിത്ത് പോലും ചോദിക്കാന്‍ സാധിക്കാത്തവിധം നിസ്സഹായരാക്കപ്പെട്ട ഒരു സമുദായത്തിന്‍െറ ചിത്രമാണ് 2008 ഒക്ടോബറിലെ സംഭവം പ്രതിനിധീകരിക്കുന്നത്. ആ നിസ്സഹായാവസ്ഥയിലേക്ക് സമുദായത്തെ തള്ളിവിടുന്നതില്‍ മതനേതാക്കള്‍ക്കും മതേതര രാഷ്ട്രീയക്കാര്‍ക്കുമുള്ള പങ്ക് ഒരുപോലെയാണ്. എന്നാല്‍, സ്വന്തം സഖാവിന്‍െറ മൃതദേഹം ചോദിച്ചുവാങ്ങാനും വീരവണക്കം എന്ന അന്ത്യാഭിവാദ്യം ചെയ്ത് സംസ്കരിക്കാനുമുള്ള കരുത്ത് ഇപ്പോഴും മാവോവാദികള്‍ക്കുണ്ട്. അത് ആ രണ്ട് കൂട്ടരും തമ്മിലുള്ള കരുത്തിന്‍െറ വ്യത്യാസം മാത്രമല്ല. മയ്യിത്തും മൃതദേഹവും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം കൂടിയാണത്.

Tags:    
News Summary - difference between dead bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.