ഇറാനിലെ യു.എസ് ഓപറേഷൻ പാളിയോ ? ചോദ്യങ്ങളുയരുന്നു

ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിച്ചുവെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സാമൂഹ്യമാധ്യമത്തിൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും ഫോക്സ് ന്യൂസ് അവതാരകനുമായ ഷോൺ ഹാന്നിറ്റി ചാനലിൽ പ്രത്യക്ഷപ്പെട്ടു. അൽപം മുമ്പ് ട്രംപുമായി സംസാരിച്ചുവെന്ന് അവകാശപ്പെട്ട ഹാന്നിറ്റി, ട്രംപോ യു.എസ്, ഇസ്രയേൽ മാധ്യമങ്ങളോ അതുവരെ പറയാത്ത ചില വിശദാംശങ്ങൾ പുറത്തുവിട്ടു. ചരിത്രപരമായ വ്യോമാക്രമണം വഴി ഇറാന്‍റെ ആണവമോഹങ്ങൾ ഔദ്യോഗികമായി അവസാനിപ്പിക്കപ്പെട്ടുവെന്ന് അത്യാവേശത്തോടെ റിപ്പോർട്ട് ചെയ്ത അദ്ദേഹം ആറു പടുകൂറ്റൻ ബങ്കർ ബസ്റ്റർ ബോംബുകളാണ് ഫോർദോയിൽ ഇട്ടതെന്ന്...

ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിച്ചുവെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സാമൂഹ്യമാധ്യമത്തിൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും ഫോക്സ് ന്യൂസ് അവതാരകനുമായ ഷോൺ ഹാന്നിറ്റി ചാനലിൽ പ്രത്യക്ഷപ്പെട്ടു. അൽപം മുമ്പ് ട്രംപുമായി സംസാരിച്ചുവെന്ന് അവകാശപ്പെട്ട ഹാന്നിറ്റി, ട്രംപോ യു.എസ്, ഇസ്രയേൽ മാധ്യമങ്ങളോ അതുവരെ പറയാത്ത ചില വിശദാംശങ്ങൾ പുറത്തുവിട്ടു. ചരിത്രപരമായ വ്യോമാക്രമണം വഴി ഇറാന്‍റെ ആണവമോഹങ്ങൾ ഔദ്യോഗികമായി അവസാനിപ്പിക്കപ്പെട്ടുവെന്ന് അത്യാവേശത്തോടെ റിപ്പോർട്ട് ചെയ്ത അദ്ദേഹം ആറു പടുകൂറ്റൻ ബങ്കർ ബസ്റ്റർ ബോംബുകളാണ് ഫോർദോയിൽ ഇട്ടതെന്ന് അവകാശപ്പെട്ടു.

അത്തരത്തിലുള്ള രണ്ട് ബോംബുകളുടെ ആവശ്യം മാത്രമേ ഉള്ളുവെങ്കിലും ബി-2 ബോംബറുകളിൽ നിന്ന് അഞ്ചോ ആറോ ബോംബുകൾ ഉപയോഗിക്കുകയായിരുന്നുവത്രെ. 400 മൈൽ അകലെയുള്ള അന്തർവാഹിനിയിൽ നിന്ന് 30 ലേറെ ടോമഹാക് മിസൈലുകൾ തൊടുത്ത് നതൻസ്, ഇസ്ഫഹാൻ പ്ലാന്‍റുകൾ തകർക്കുകയും ചെയ്തു. ഹാന്നിറ്റിയുടെ ഈ റിപ്പോർട്ടിങ്ങിന് ശേഷം പിന്നെയും ചില മണിക്കൂറുകൾ കഴിഞ്ഞാണ് ട്രംപ് ഔദ്യോഗികമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് വിവരങ്ങൾ വ്യക്തമാക്കിയത്.

ജൂ​ൺ 19 ന്​ ​ഫോ​ർ​ദോ എ​ൻ​ട്ര​ൻ​സ്​ ട​ണ​ലി​ന്​ മു​ന്നി​ൽ കി​ട​ക്കു​ന്ന ട്ര​ക്കു​ക​ൾ

ട്രംപ് മാധ്യമങ്ങൾക്ക് മുമ്പിലെത്തുന്നതിന് തൊട്ടുമുമ്പ് തെൽഅവീവിൽ നിന്ന് ഇസ്രയേലി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ലൈവിലെത്തി. ‘‘അഭിനന്ദനങ്ങൾ, പ്രസിഡന്‍റ് ട്രംപ്. യു.എസിന്‍റെ അതിഗംഭീരവും നീതിപൂർവകവുമായ കരുത്തുപയോഗിച്ച് ഇറാന്‍റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാനുള്ള താങ്കളുടെ ധീരമായ തീരുമാനം ചരിത്രത്തെ മാറ്റി മറിക്കും. ലോകത്തെ ഏറ്റവും അപകടകാരമായ ആയുധം ഏറ്റവും അപകടകാരിയായ ഭരണകൂടത്തിന് നിഷേധിച്ചയാളെന്ന് പ്രസിഡന്‍റ് ട്രംപിനെ ചരിത്രം വിലയിരുത്തും’’. - നെതന്യാഹു വാക്കുകളിൽ ഉദാരനായി.

ഇസ്രയേൽ പ്രസിഡന്‍റിന്‍റെ ഈ പുകഴ്ത്തലിന് പിന്നാലെ വൈറ്റ്ഹൗസിൽ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ട്രംപ് 3.33 മിനിറ്റ് നീണ്ട പ്രസ്താവനയിൽ ഇറാനെ ഭർത്സിച്ചു. ഇടക്ക് നെതന്യാഹുവിനെ അഭിനന്ദിക്കാനും സമയം കണ്ടെത്തി. ‘‘പ്രധാനമന്ത്രി ബിബി നെതന്യാഹുവിന് നന്ദിയും അഭിനന്ദനവും അറിയിക്കുകയാണ്. നമ്മൾ ഒരു ടീമായി പ്രവർത്തിച്ചു; മറ്റൊരു ടീമിനും ഇതിന് മുമ്പ് കഴിയാത്ത നിലയിൽ. ഇസ്രയേലിന് മേലുള്ള ഭയാനകമായ ഭീഷണിയെ തുടച്ചുനീക്കുന്നതിൽ നമ്മളേറെ ദൂരം സഞ്ചരിച്ചിരിക്കുന്നു’’. ട്രംപ് ആവേശം കൊള്ളുമ്പോൾ തൊട്ടുപിന്നിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും ഉണ്ടായിരുന്നു.

ജൂൺ 13 ന് ഇസ്രയേൽ ഇറാനെതിരെ ഏകപക്ഷീയമായി യുദ്ധം പ്രഖ്യാപിച്ച ദിവസം ‘‘ഞങ്ങൾക്ക് ഇതിൽ പങ്കില്ലെന്നും മേഖലയിലെ യു.എസ് സൈനികരുടെ സുരക്ഷക്കാണ് മുൻഗണന നൽകുന്നതെ’’ന്നും പ്രസ്താവിച്ച അതേ മാർകോ റൂബിയോ. കേവലം പത്തുദിവസം കൊണ്ട് തങ്ങളുടെ ലക്ഷ്യം യു.എസിന്‍റേതു കൂടിയാക്കി മാറ്റുന്നതിൽ ഇസ്രയേൽ വിജയിച്ചിരിക്കുന്നു.

ആണവസംവിധാനങ്ങൾ ഇറാൻ മാറ്റിയോ?

ഇറാന്‍റെ ആണവ സംവിധാനങ്ങളുടെ അടിത്തറ മാന്തിയെന്ന യു.എസിന്‍റെയും ഇസ്രയേലിന്‍റെയും അവകാശവാദത്തിന് മേൽ സംശയത്തിന്‍റെ നിഴൽ വീഴ്ത്തുന്നതായിരുന്നു ഇറാൻ പാർലമെന്‍റ് ചെയർമാന്‍റെ ഉപദേഷ്ടാവ് മഹ്ദി മുഹമ്മദിയുടെ പ്രതികരണം. ‘‘ഫോർദോ പ്ലാന്‍റിന് മേൽ ആക്രമണമുണ്ടാകുമെന്ന് കുറേ ദിവസങ്ങളായി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ഈ ആണവ നിലയം ഞങ്ങൾ ഒഴിപ്പിച്ചിരുന്നു. ഇന്നത്തെ ആക്രമണം കൊണ്ട് അപരിഹാര്യമായ ഒരു നാശവും ഉണ്ടായിട്ടില്ല’’-എക്സ് പോസ്റ്റിൽ മഹ്ദി മുഹമ്മദി അവകാശപ്പെട്ടു.

ആക്രമണത്തിന് ശേഷം പ്രദേശത്ത് യാതൊരു തരത്തിലുള്ള ആണവവികിരണവും റെക്കോഡ് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇറാന്‍ ആറ്റമിക് എനർജി ഓർഗനൈസേഷനും (എ.ഇ.ഒ.ഐ) പ്രസ്താവിച്ചു. യു.എസ് ആക്രമിച്ച മൂന്നു പ്ലാന്‍റുകൾക്കും സമീപത്ത് താമസിക്കുന്നവർക്ക് അപകട സാധ്യത ഇല്ലെന്നും എല്ലാം സുരക്ഷിതമാണെന്നും അവർ കൂട്ടിച്ചേർത്തു. ആക്രമണത്തിന് ശേഷവും തങ്ങളുടെ പ്രവർത്തനം തുടരുകയാണെന്ന സൂചനയും ഇറാൻ ആണവ പദ്ധതിയുടെ ചുമതല കൈയാളുന്ന എ.ഇ.ഒ.ഐ നൽകുന്നു. അന്താരാഷ്ട്ര ആണവോർജ നിരീക്ഷണ സംവിധാനമായ ഐ.എ.ഇ.എയും ആക്രമണം നടന്ന പ്രദേശത്ത് ആണവ വികിരണം ഉണ്ടായതായി റിപ്പോർട്ട് ചെയ്യുന്നില്ല. ആക്രമണത്തിന് തൊട്ടുടനെ ഇറാന്‍റെ ആണവശേഷി സമ്പൂർണമായി നശിപ്പിച്ചുവെന്നാണ് ട്രംപ് പറഞ്ഞതെങ്കിൽ വൈകീട്ട് മാധ്യമങ്ങളെ കണ്ട യു.എസ് ജോയിന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ സൂചിപ്പിച്ചത് ‘കനത്ത നാശം’ എന്നുമാത്രമാണ്. അന്തിമ ഫലസൂചനക്ക് സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്‍റെ അവകാശ വാദങ്ങളെ ഭാഗികമായി ശരിവെക്കുന്ന റിപ്പോർട്ടുകൾ മണിക്കൂറുകൾ കഴിഞ്ഞപ്പോൾ പ്രമുഖ യു.എസ് മാധ്യമങ്ങളിലും വന്നുതുടങ്ങി. ആക്രമണത്തിന് മുമ്പ് ഫോർദോ ഒഴിപ്പിച്ചുവെന്ന സൂചനയാണ് ന്യൂയോർക് ടൈംസ് നൽകുന്നത്. സാറ്റലൈറ്റ് ടെക്നോളജി കമ്പനിയായ മാക്സർ ടെക്നോളജീസിന്‍റെ സാറ്റലൈറ്റ് ഇമേജുകളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ഇതുപ്രകാരം യു.എസ് ആക്രമണത്തിന് മൂന്നുദിവസം മുമ്പ്, അതായത് ജൂൺ 19 ന് ഫോർദോയുടെ എൻട്രൻസ് ടണലിന് സമീപം അസ്വാഭാവികമായ നീക്കങ്ങൾ നടന്നിരിക്കുന്നു. 16 കാർഗോ ട്രക്കുകൾ ടണലിന് മുന്നിൽ നിരനിരയായി കിടക്കുന്നത് ചിത്രത്തിൽ വ്യക്തമാണ്. തൊട്ടടുത്ത ദിവസം ഈ ട്രക്കുകൾ ഫോർദോയിൽ നിന്ന് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചിരിക്കുന്നു. ഇവ കൂടാതെ സാധാരണ ട്രക്കുകളും ബുൾഡോസറുകളും ടണലിന് മുന്നിൽ കാണാം. ലണ്ടനിലെ ഓപൺ സോഴ്സ് സെന്‍ററിന്‍റെ അനുമാനപ്രകാരം ആക്രമണം മുൻകൂട്ടി കണ്ട് ഇറാൻ എന്തൊക്കെയോ ഒരുക്കങ്ങൾ ഫോർദോയിൽ നടത്തിയിട്ടുണ്ടത്രെ.

മറ്റൊരു രഹസ്യകേന്ദ്രം

ഇപ്പോൾ അറിയപ്പെടുന്നത് കൂടാതെ മറ്റൊരു രഹസ്യ ആണവകേന്ദ്രം കൂടി ഇറാനുണ്ടാകാനിടയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ജൂൺ 12ന് എ.ഇ.ഒ.ഐ മേധാവി മുഹമ്മദ് ഇസ്ലാമി നടത്തിയ പരാമർശങ്ങളാണ് ഇതിലേക്ക് വെളിച്ചം വീശുന്നത്. കൂടുതൽ സുരക്ഷിതവും അപകടരഹിതവുമായ മറ്റൊരു ആണവ സമ്പുഷ്ടീകരണ കേന്ദ്രം ഉണ്ടെന്നാണ് ഇസ്ലാമി അവകാശപ്പെട്ടത്. ‘‘ഇതൊരു പുതിയ സൈറ്റാണ്. സമ്പൂർണ സുരക്ഷിതമായൊരിടത്ത് നിർമിച്ചത്. സെൻട്രിഫ്യൂജുകളുടെ സ്ഥാപനവും മറ്റും കഴിഞ്ഞാലുടൻ സമ്പുഷ്ടീകരണം ഇവിടെ തുടങ്ങും’’. അന്ന് ഈ പ്രസ്താവനയിൽ പലരും അത്ഭുതപ്പെട്ടെങ്കിലും കാര്യമായെടുത്തിരുന്നില്ല. പാശ്ചാത്യ ഇന്‍റലിജൻസ് ഏജൻസികളാകട്ടെ ഈ അവകാശവാദത്തിന്‍റെ വിശ്വാസ്യത പരിശോധിച്ചിട്ടുമില്ല. ഇത്തരമൊരു കേന്ദ്രം ഏറെ വർഷങ്ങളായി നിർമാണത്തിലുണ്ടെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം ഇറാനിൽ നിരന്തരം പരിശോധനക്ക് എത്തിയിരുന്ന ഐ.എ.ഇ.എ മേധാവി റഫേൽ എം. ഗ്രോസി കഴിഞ്ഞ ഏപ്രിലിൽ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

ഫോർദോയെപ്പോലെ ഭൂഗർഭ കേന്ദ്രമായിരിക്കും പുതിയ പ്ലാന്‍റ് എന്നാണ് കരുതപ്പെടുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ഇന്‍റർനാഷനൽ സെക്യൂരിറ്റിയിലെ ശാസ്ത്ര ഗവേഷകനായ ഡേവിഡ് ഓൾബ്രൈറ്റ് 2022ൽ ഇത്തരമൊരു കേന്ദ്രം സംബന്ധിച്ച സൂചനകൾ പ്രസിദ്ധീകരിച്ചിരുന്നു. അതുപ്രകാരം നതൻസിന് തെക്കുള്ള കുഹെ കോലാങ് ഗസ്ലാ മലനിരകൾക്ക് കീഴിലാകാം ഈ കേന്ദ്രം. സമുദ്രനിരപ്പിൽ നിന്ന് 1,600 മീറ്റർ ഉയരമുണ്ട് ഈ മലനിരക്ക്. ഫോർദോയെക്കാളും കുറഞ്ഞത് 750 മീറ്ററെങ്കിലും ആഴത്തിലാകും കേന്ദ്രം.

ചുരുക്കത്തിൽ, ബോംബിങിൽ ഇറാന്‍റെ ആണവശേഷിയെ ഇല്ലാതാക്കിയെന്ന ട്രംപിന്‍റെ അവകാശവാദം എത്രത്തോളം ശരിയാണെന്ന് ഇനിയും അറിയാനിരിക്കുന്നതേയുള്ളു. ഭാഗികമായെങ്കിലും ആണവസംവിധാനം രക്ഷപ്പെടുത്തിയെടുക്കാൻ ഇറാന് കഴിഞ്ഞിട്ടുണ്ടെങ്കിൽ ആണവ നിരായുധീകരണ ഉടമ്പടിയിൽ നിന്ന് പിൻമാറാനും ഉത്തരകൊറിയയെ പോലെ സമീപമോ വിദൂരമോ ആയ ഭാവിയിൽ ആണവായുധം നിർമിക്കാനും ഇറാന് അവസരമൊരുങ്ങുകയാണ്. അതിന് മുമ്പ് ഇപ്പോൾ നടക്കുന്ന യുദ്ധത്തിന്‍റെ ഭാവി എന്താകുമെന്ന് കണ്ടറിയുകയും വേണം.

Tags:    
News Summary - Did the US operation midnight hammer in Iran fail? Questions are being raised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.