ശാരീരിക അകലവും സാമൂഹിക പ്രതിബദ്ധതയും

ട്ടേറെ പുതിയ അനുഭവങ്ങൾ സമ്മാനിച്ചാണ് ഈ റമദാൻ കടന്നുപോകുന്നത്. പള്ളിയിൽ കൂട്ടായ പ്രാർഥനകളില്ല; ഇഫ്താർ പാർട്ടികളില്ല; ആൾക്കൂട്ടങ്ങൾ ഒരുമിച്ചുകൂടുന്ന പ്രഭാഷണ പരിപാടികളില്ല. ഇത്തരമൊരു നോമ്പുകാലം ഒരു തലമുറയും അനുഭവിച്ചിട്ടുണ്ടാവില്ല. ഇനി അനുഭവിക്കുമെന്നും കരുതാനാവില്ല. ആരും അത് ആഗ്രഹിക്കുന്നുമില്ല. പള്ളിയിൽനിന്നും സമൂഹത്തിൽനിന്നും അകന്നുനിൽക്കേണ്ടിവരുന്നത്​ വിശ്വാസികൾക്ക് സഹിക്കാവുന്നതിലപ്പുറമാണ്.


 പല രാജ്യങ്ങളും ഇപ്പോഴും പൂർണമായ ലോക്​ഡൗണിലാണ്. ഈ മഹാമാരിയുടെ തുടക്കത്തിൽ സാമൂഹിക അകലം (social distancing) പാലിക്കണമെന്നായിരുന്നു ലോകാരോഗ്യ സംഘടന നിർദേശിച്ചത്. എന്നാൽ, മാർച്ച് മാസത്തോടെ ശാരീരിക അകലത്തെ (physical distancing) ക്കുറിച്ച് സംസാരിച്ചു തുടങ്ങി. രോഗവ്യാപനം തടയാൻ ശാരീരിക അകലം പാലിച്ചാൽ മതിയെന്നിരിക്കെ സാമൂഹികബന്ധങ്ങളെ എന്തിന് തടയണം എന്ന ചിന്തയാണ് ഈ മാറ്റത്തിന് പ്രേരകം. മനുഷ്യരാശി തന്നെ ഇത്ര വലിയ പ്രതിസന്ധി നേരിടുമ്പോൾ സാമൂഹികപ്രതിബദ്ധത വർധിപ്പിക്കുകയാണ്​ വേണ്ടതെന്നും അവർ മനസ്സിലാക്കി.

 സമൂഹവുമായി ബന്ധം വിച്ഛേദിക്കുന്നത് വ്യക്തികൾക്ക് വിഷാദവും മനോവിഭ്രാന്തിയുമുണ്ടാക്കും. ശാരീരിക അകലം പാലിച്ചുതന്നെ സമൂഹവുമായി ബന്ധപ്പെടാൻ ഇന്ന് ധാരാളം വഴികളുണ്ടല്ലോ. ലോക്​ഡൗൺ കാലത്തെ നോമ്പുകാരന് സാമൂഹികബന്ധങ്ങളും സൗഹാർദവും പച്ചപിടിപ്പിച്ച് നിർത്താൻ പണിയെടുക്കുന്നത് വലിയ പുണ്യകർമമാകും. മഹാമാരിയുടെയും പട്ടിണിയുടെയും കാലത്ത് അശരണർക്ക് അന്നപാനീയങ്ങളായും സാന്ത്വനമായും സഹായമെത്തിക്കാൻ കഴിഞ്ഞില്ലേൽ നമ്മുടെ ആരാധനകൾക്ക്​ എന്തർഥം?
‘‘തന്നാൽ കരേറേണ്ടവരെത്ര പേരോ
താഴത്തു പാഴ്ചേറിലമർന്നിരിക്കെ
താനൊറ്റയിൽ ബ്രഹ്മപദം കൊതിക്കും
തപോനിധിക്കെന്തൊരു ചാരിതാർഥ്യം’’?

Tags:    
News Summary - dharmapatha by t arif ali-MALAYALAM ARTICLE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.