കറന്‍സി റദ്ദാക്കല്‍ മുന്‍കരുതല്‍ ഇല്ലാത്ത നടപടി

നവംബര്‍ എട്ടിനു രാത്രി എട്ടു മണിയോടുകൂടി രാജ്യത്തുള്ള അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും കറന്‍സി നോട്ടുകള്‍ നാലു മണിക്കൂറിനുള്ളില്‍ പിന്‍വലിക്കുമെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ മോദി വാര്‍ത്ത ചാനല്‍ വഴി പൊതുജനങ്ങളെ അറിയിച്ചു. അതനുസരിച്ച് അന്ന് രാത്രി 12 മണി മുതല്‍ അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും നോട്ടുകള്‍ക്ക് കറന്‍സികളുടെ വില നഷ്ടപ്പെട്ട് വെറും കൂപ്പണ്‍ മാത്രമായി. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 12 ശതമാനവും കാഷ് ആയിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ കാഷില്‍ 87 ശതമാനവും അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും കറന്‍സികള്‍ ആയിട്ടാണ് സൂക്ഷിക്കപ്പെടുന്നത്.

സാധാരണഗതിയില്‍ മിക്കവാറും രാജ്യങ്ങളിലെ കറന്‍സികളില്‍ ബഹുഭൂരിപക്ഷവും ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളായിരിക്കും. ഉദാഹരണമായി അമേരിക്കയിലെ കറന്‍സിയിലെ ബഹുഭൂരിപക്ഷവും 100 ഡോളര്‍ നോട്ടുകളാണ്. അസാധുവാക്കപ്പെട്ട നോട്ടുകള്‍ ബാങ്കുകളില്‍നിന്ന് പ്രതിവാരം 4500 രൂപ വീതം ഐ.ഡി. പ്രൂഫ് മുഖാന്തരം മാറി ലഭിക്കുമായിരുന്നു. എന്നാല്‍, പണത്തിന്‍െറ ലഭ്യതക്കുറവുമൂലം 17-11-2016 മുതല്‍ ഈ തുക 2000 രൂപയായി കുറക്കാനും തീരുമാനിച്ചു. കര്‍ഷകര്‍ക്ക് പ്രതിവാരം 25,000 രൂപ വീതവും വിവാഹാവശ്യങ്ങള്‍ക്ക് 2,50,000 രൂപ വരെയും പിന്‍വലിക്കാന്‍ സാധിക്കുമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി വാര്‍ത്താ സമേമളനത്തില്‍ അറിയിച്ചിട്ടുണ്ട്.

എ.ടി.എമ്മില്‍ നിന്നും ഉള്ള പിന്‍വലിക്കലും 2500 രൂപയില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. കറന്‍റ് അക്കൗണ്ടില്‍ നിന്നും ലൈസന്‍സുള്ള വ്യാപാരികള്‍ക്ക് ആഴ്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാനുള്ള അനുവാദവും നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ ജനസംഖ്യയിലെ പകുതിയോളം വരുന്ന സാധാരണ ജനങ്ങള്‍ക്ക് ബാങ്കിങ് സൗകര്യങ്ങള്‍ ഇല്ല. 30 കോടി ജനങ്ങള്‍ക്ക് ശരിയായിട്ടുള്ള ഐ.ഡി. പ്രൂഫുകളും ലഭ്യമല്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഇവരുടെ കൈവശം സൂക്ഷിച്ചിരിക്കുന്ന പണം മാറിയെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് നിസ്സാരമല്ല.

സമ്പന്നര്‍ കള്ളപ്പണം കാഷായി സൂക്ഷിക്കുമെന്ന് ചിന്തിക്കാന്‍ പ്രയാസമാണ്. സ്വര്‍ണത്തിലും റിയല്‍ എസ്റ്റേറ്റിലും മറ്റുമായി കൈവശമുള്ള കള്ളപ്പണം അവര്‍ നിക്ഷേപിച്ച് കഴിഞ്ഞിട്ടുണ്ടാകും. 30 ലക്ഷം കോടി രൂപയുടെ കള്ളപ്പണം ഇന്ത്യയില്‍ ഒരു വര്‍ഷത്തില്‍ ഉണ്ടാകുന്നതായി കണക്കാക്കപ്പെടുന്നു. ഇതില്‍ വെറും ആറു ശതമാനം മാത്രം ആണ് കാഷായി സൂക്ഷിക്കുന്നത്.

മിന്നല്‍ നടപടി
ഇപ്പോഴത്തെ കറന്‍സി പിന്‍വലിക്കലിന് സമാനമായി 1978 ലും 1946 ലും ഉയര്‍ന്ന  മൂല്യത്തിലുള്ള കറന്‍സികള്‍ പിന്‍വലിച്ചിരുന്നു. 1000ത്തിന്‍െറയും 5,000ത്തിന്‍െറയും 10,000 ത്തിന്‍െറയും മൂല്യമുള്ള കറന്‍സികളാണ് അന്ന് പിന്‍വലിച്ചത്. എന്നാല്‍, ധൃതിയിലായിരുന്നില്ല അപ്പോഴെല്ലാം തീരുമാനം എടുത്തിരുന്നത്.

ഓര്‍ഡിനന്‍സ് പാസാക്കിയതിനുശേഷം പ്രസിഡന്‍റിന്‍െറ അനുവാദത്തോടുകൂടി നിയമം ആക്കിയതിനുശേഷമാണ് അന്ന് പിന്‍വലിക്കല്‍ നടത്തിയത്. അന്ന് പ്രസ്തുത കറന്‍സികള്‍ സാധാരണ ജനങ്ങള്‍ കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. ആ കറന്‍സി പിന്‍വലിക്കല്‍കൊണ്ട് ചുരുക്കം ചില വ്യക്തികളൊഴികെ ആര്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നില്ല. ഇപ്പോഴത്തെ മിന്നല്‍ കറന്‍സി പിന്‍വലിക്കല്‍ രാജ്യത്തുള്ള ഭൂരിപക്ഷം വരുന്ന ജനത്തെയും ബുദ്ധിമുട്ടിലാക്കി. നിത്യച്ചെലവിനായും മറ്റും മണിക്കൂറുകള്‍ ബാങ്കിന് മുന്നില്‍ ക്യൂനില്‍ക്കേണ്ട സാഹചര്യം സൃഷ്ടിക്കപ്പെട്ടു. മിക്കവാറും എ.ടി.എമ്മുകളും പണമില്ലാതെ അടഞ്ഞുകിടന്നു. എല്ലാ ബാങ്കുകളിലും ആവശ്യത്തിന് പണം എത്തിച്ചതിനുശേഷം വേണമായിരുന്നു പ്രസ്തുത വിളംബരം നടത്തേണ്ടിയിരുന്നത്. അമ്പതോളം ആള്‍ക്കാര്‍ ഇന്ത്യയില്‍ ഇതുമൂലം മരണപ്പെട്ടിട്ടുണ്ട്.

കാര്‍ഷിക മേഖല മൊത്തം താളംതെറ്റി. നിര്‍മാണ മേഖല നിശ്ചലമായി. തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി, കൃഷികള്‍ മുടങ്ങി. അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും കറന്‍സി നോട്ട് പിന്‍വലിക്കുന്നതിന് പ്രധാനമന്ത്രി പറഞ്ഞ കാരണങ്ങള്‍ കള്ളനോട്ടിന്‍െറയും കള്ളപ്പണത്തിന്‍െറയും അതിപ്രസരം ഇന്ത്യയിലെ സാമ്പത്തികരംഗത്ത് ഉള്ളതുകൊണ്ടാണ് എന്നാണ്, പക്ഷേ, യഥാര്‍ഥത്തില്‍ 17.77 ലക്ഷം കോടി രൂപയുടെ കാഷ് ആണ് നിലവില്‍ ഇന്ത്യയിലാകെ പ്രചാരത്തില്‍ ഉള്ളത്. അവയില്‍ കള്ളനോട്ടുകള്‍ വെറും 400 കോടി രൂപ മാത്രമാണ്. കാഷായിട്ടുള്ള കള്ളപ്പണവും മൊത്തം കള്ളപ്പണത്തിന്‍െറ ആറു ശതമാനം മാത്രമേ ഉള്ളൂ. അവയെ പ്രതി രാജ്യത്തുള്ള ഭൂരിപക്ഷം ജനങ്ങളെയും ബുദ്ധിമുട്ടിലേക്ക് നയിച്ചത് ശരിയായ നടപടി ആണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

യഥാര്‍ഥത്തില്‍ കാഷായുള്ള കള്ളപ്പണം വരുന്നത് അധോലോക ബിസിനസിലും കൊള്ളപ്പലിശക്കാരിലും ഹവാല ഇടപാടുകാരിലും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരിലും ആണ്. ഈ മേഖലകളെ ഒരു പരിധിവരെ സ്തംഭിപ്പിക്കാന്‍ ഈ കറന്‍സി പിന്‍വലിക്കല്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. പുതിയ കറന്‍സി നോട്ടുകള്‍ അച്ചടിച്ച് എടുക്കുന്നതിനുമാത്രം ഉദ്ദേശം 12,000 കോടി രൂപയുടെ ചെലവുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇവ ബാങ്കുകളില്‍ എത്തിക്കുന്നതിനുള്ള ട്രാന്‍സ്പോര്‍ട്ടിങ് ചെലവ് കൂടാതെ ആണ് ഇത്. ഈ ഭാരിച്ച ചെലവുകളും ഇതില്‍ നിന്ന് ലഭിക്കുന്ന പ്രയോജനവും താരതമ്യം ചെയ്ത് നോക്കേണ്ടതാണ്.

രാജ്യത്തുള്ള ഭൂരിഭാഗം ജനങ്ങളും നോട്ട് പിന്‍വലിക്കലിനെ നടുക്കത്തോടെയാണ് ശ്രവിച്ചത്. എന്നാല്‍, 2016 ഏപ്രില്‍ മാസത്തില്‍തന്നെ ഗുജറാത്തില്‍നിന്നുള്ള ഒരു പത്രത്തില്‍ ഈ വാര്‍ത്ത വന്നിരുന്നതായും പിന്നീട് ഒക്ടോബര്‍ മാസം 27ാം തീയതി കാണ്‍പുരില്‍ നിന്നിറങ്ങുന്ന ദൈനിക് ജാഗരണ്‍ എന്ന പത്രത്തിലും ഈ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതായും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇതില്‍ നിന്നും നവംബര്‍ എട്ടിന് മുമ്പുതന്നെ നോട്ട് പിന്‍വലിക്കുന്നതിനുള്ള തീരുമാനങ്ങള്‍ ചിലരുടെ പക്കല്‍ എത്തിയിരുന്നുവെന്നുവേണം അനുമാനിക്കാന്‍.

നവംബര്‍ എട്ടിനുശേഷം 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ പണം പിന്‍വലിക്കപ്പെട്ട കറന്‍സിയായി ബാങ്കില്‍ നിക്ഷേപിച്ചാല്‍ ആദായ നികുതി നിയമപ്രകാരം നികുതി ഈടാക്കുന്നതിന് പുറമെ 200 ശതമാനം പിഴയും ചുമത്തുമെന്ന് ആദായനികുതി വകുപ്പില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു (കൃഷിക്കാര്‍ക്ക് ബാധകമല്ല). കൂടാതെ, പ്രധാനമന്ത്രിയുടെ ഒരു സന്ദേശത്തില്‍ സ്വാതന്ത്ര്യദിനത്തിന് ശേഷമുള്ള എല്ലാ ഇടപാടുകളും പരിശോധിക്കുമെന്നും കള്ളപ്പണക്കാരെ ആരെയും വെറുതെ വിടില്ളെന്നും സൂചിപ്പിച്ചിരുന്നു. സ്വരൂപിക്കപ്പെട്ട പ്രസ്തുത പണം ബാങ്കില്‍ നിക്ഷേപിക്കുകയും അതിന് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുകയും നിര്‍ദേശിക്കപ്പെട്ട നിരക്കില്‍ നികുതി അടക്കുകയും ചെയ്താല്‍ നിലവിലുള്ള ആദായ നികുതി നിയമം അനുസരിച്ച് അവയുടെ മേല്‍ അധിക പിഴ ചുമത്താന്‍ സാധിക്കുകയില്ല.

ആദായ നികുതി നിയമത്തിലെ 68ാം വകുപ്പ് അനുസരിച്ചുള്ള ‘ഉറവിടം വിശദീകരിക്കുവാന്‍ സാധിക്കാത്ത വരുമാനം’ ആയോ 69ാം വകുപ്പ് അനുസരിച്ച് ‘വിശദീകരിക്കാന്‍ സാധിക്കാത്ത നിക്ഷേപം’ ആയോ കണക്കിലെടുക്കാവുന്നതാണ്. അവക്ക് നിലവിലെ നിയമം അനുസരിച്ചുള്ള പരമാവധി നിരക്കില്‍ നികുതിയും സെസും ആവശ്യമെങ്കില്‍ സര്‍ചാര്‍ജും ഉള്‍പ്പെടെ അടക്കേണ്ടി വരും. ഇവയില്‍നിന്ന് നികുതിദായകന് ഒരുവിധ കിഴിവുകളും അവകാശപ്പെടാന്‍ സാധിക്കുന്നതല്ല. ഇവയുടെ നികുതി മുന്‍കൂറായി നിര്‍ദേശിക്കപ്പെട്ട നിരക്കില്‍ അടക്കുകയും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുകയും  ചെയ്താല്‍ ഇവയുടെ മേല്‍ പിഴ ചുമത്താന്‍ സാധിക്കുകയില്ല എന്നാണ് നിലവിലെ നിയമം അനുശാസിക്കുന്നത്.

പിഴചുമത്തുന്നതിന് 270 എ വകുപ്പ് അനുസരിച്ച് വരുമാനം കുറച്ചുകാണിക്കുകയോ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യണം. ഇവിടെ ബാങ്കില്‍ അടച്ച മുഴുവന്‍ തുകയും വെളിപ്പെടുത്തുന്നതിനാലും പരമാവധി നിരക്കില്‍ നികുതി അടക്കുന്നതിനാലും വരുമാനം കുറച്ച് കാണിക്കുകയോ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യുന്നില്ല. മറിച്ച്, പ്രസ്തുത തുക ഈ വര്‍ഷത്തെ ആദായ നികുതി റിട്ടേണില്‍ വരുമാനം ആയി കാണിക്കുക മാത്രം ആണ് ചെയ്യുന്നത്. പരമാവധി നിരക്കില്‍ നികുതി ചുമത്താന്‍ ആദായ നികുതി നിയമം വകുപ്പ് 115 ബി.ബി.ഇ.യില്‍ ആണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.

പ്രസ്തുത തുകയിന്മേല്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രീതിയില്‍ പിഴ ചുമത്തണമെങ്കില്‍ ആദായ നികുതി നിയമത്തില്‍ മുന്‍കാല പ്രാബല്യത്തോടുകൂടി മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. നിലവിലുള്ള ആദായ നികുതി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താതെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് 100 ശതമാനം നികുതിയും 200 ശതമാനം പിഴയും ചുമത്താന്‍ നിയമം അനുവദിക്കുന്നില്ല. അല്ലാതെ പിഴ ഈടാക്കുന്നതിന് തുനിഞ്ഞാല്‍ അനാവശ്യമായ വ്യവഹാരങ്ങളിലായിരിക്കും അത് അവസാനിക്കുക.

 

Tags:    
News Summary - currency demonetization is a thoughtless work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.