?????? ????????

പാളിയ ‘ക്രാന്തി’ദര്‍ശനമോ നോട്ട് അസാധുവാക്കല്‍

അനില്‍ ബൊകില്‍ എന്ന   ഒൗറംഗാബാദ് സ്വദേശിയായ മെക്കാനിക്കല്‍ എന്‍ജിനീയറിന് ചില്ലറ പ്രേമം ഉണ്ടെങ്കിലും  ആളത്ര  ചില്ലറക്കാരനല്ല. പുണെ ആസ്ഥാനമാക്കി പന്ത്രണ്ടു വര്‍ഷംമുമ്പ് ബൊകില്‍ ആരംഭിച്ച ‘അര്‍ഥക്രാന്തി  സംസ്ഥാന്‍ ‘എന്ന സംഘടനയുടെ അഞ്ചിന നിര്‍ദേശങ്ങളാണ് മോദിയുടെ നോട്ടസാധുവാക്കല്‍ തീരുമാനത്തിന്‍െറ പ്രേരണയെന്ന് ചില മാധ്യമങ്ങള്‍ സംശയിക്കുന്നുണ്ട്. മൂന്നു വര്‍ഷത്തിനുമുമ്പ് മോദിയുമായി നടത്തിയ ഒന്നര മണിക്കൂര്‍ കൂടിക്കാഴ്ച മുതല്‍ ഇങ്ങോട്ട് ഒടുവില്‍ ജൂലൈയില്‍ നടന്ന കൂടിക്കാഴ്ച വരെ ഇത്തരം തീരുമാനത്തിന്‍െറ മുന്നൊരുക്കങ്ങളായിരുന്നു എന്നാണ് സംസാരം.

അര്‍ഥക്രാന്തി  മുന്നോട്ടുവെച്ച ആ അഞ്ചു നിര്‍ദേശങ്ങള്‍ ഇവയാണ്:
1. കസ്റ്റംസ് -ഇറക്കുമതി ചുങ്കം ഒഴികെ ബാക്കി എല്ലാ അമ്പത്തിയാറിനം  യൂനിയന്‍ -സംസ്ഥാന- പ്രാദേശിക നികുതികള്‍,  പ്രത്യക്ഷ-പരോക്ഷ നികുതികള്‍ ഉള്‍പ്പടെ  പൂര്‍ണമായും  പിന്‍വലിക്കുക.
2. പകരം ബാങ്കിടപാട് നികുതി   (Bank Transaction Tax BTT)  ഏര്‍പ്പെടുത്തുക. അതായത് ഓരോ ബാങ്കിടപാടിനും രണ്ട് ശതമാനം നികുതി ചുമത്തുക. ഇവയില്‍നിന്ന് നിശ്ചിത ശതമാനം യൂനിയന്‍, സ്റ്റേറ്റ്, പ്രാദേശിക ഗവണ്‍മെന്‍റുകള്‍ക്ക്  വീതം നല്‍കുക. ബാങ്കിനു ചെറിയ കമീഷനും.
3. അമ്പതു രൂപക്കു മുകളിലുള്ള എല്ലാ കറന്‍സികളും നിരോധിക്കുക.
4. താഴ്ന്ന വരുമാനക്കാരെ ബാധിക്കാതിരിക്കാനായി 2000 രൂപ വരെയുള്ള നോട്ടിടപാടുകള്‍ക്ക് നിയന്ത്രണം ഒഴിവാക്കുക.
5. രണ്ടായിരം രൂപക്കു മുകളിലുള്ള എല്ലാ നോട്ടിടപാടുകളും അസാധുവാക്കുക.

പൂര്‍ണമായും കാഷ്ലെസ് വ്യവസ്ഥയിലേക്കുള്ള ചുവടുമാറ്റത്തിലൂടെ  കള്ളപ്പണം ഒഴിവാക്കുകയും 2000 രൂപക്ക് മുകളിലുള്ള ബാങ്കിതര ഇടപാടുകള്‍ക്ക് നിയമ പരിരക്ഷ പിന്‍വലിക്കുകയും ചെയ്യുക വഴി ഇപ്പോഴുള്ള 80 ശതമാനം ഇടപാടുകളും ബാങ്കിങ് നിയന്ത്രണത്തിന്‍കീഴില്‍ കൊണ്ടുവരുകയും നികുതി ഉറവിടം ബാങ്കുകള്‍ മാത്രമാക്കുകയും ചെയ്യുക എന്നതായിരുന്നു  അര്‍ഥക്രാന്തിയുടെ സ്വപ്നപദ്ധതി. 

നോട്ടുകള്‍ നിരോധിച്ച തുടക്കം ഈ പദ്ധതിയെ ശരിവെച്ചുവെങ്കിലും 86 ശതമാനം  വിനിമയമൂല്യമുള്ള   കറന്‍സികളുടെ അപ്രത്യക്ഷമാകല്‍ വലച്ച പ്രതിസന്ധിയില്‍ കൂടുതല്‍ 500, 2000 നോട്ടുകള്‍ ഇറക്കേണ്ടി വന്നത്   അര്‍ഥക്രാന്തി ആശയങ്ങള്‍ക്ക് തിരിച്ചടിയായി.

ഒപ്പം  ഭൂരിപക്ഷം ഗ്രാമ ജീവിതങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ അസ്വസ്ഥമായതും പാര്‍ലമെന്‍റിലും പുറത്തും ഈ ടെസ്റ്റ് ഡോസ്  പരീക്ഷണം തലവേദനയായതും അര്‍ഥക്രാന്തി ആശയങ്ങളില്‍നിന്നു പിന്‍വാങ്ങാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചു എന്നുവേണം കരുതാന്‍.

 

Tags:    
News Summary - currency demnetization is a wrong desition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.