പെൺവേട്ടക്കാർ പാർട്ടിയെ നയിച്ചാൽ

സി.പി.എമ്മിന് എന്തുപറ്റി എന്ന് കണ്ണും കാതുമുള്ള മനുഷ്യരെല്ലാം ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും. പാലക്കാട് എം.എൽ.എ പി.കെ. ശശിക്കെതിരെ ജില്ലയിലെ ഡി.വൈ.എഫ്.ഐ വനിതനേതാവ് ഉയർത്തിയ പീഡനപരാതി പുറത്തുവന്നതോടെ സി.പി.എം നേതൃത്വത്തിൽനിന്നുള്ള പ്രതികരണങ്ങൾ ആ നിലയിലാണ്. കുരങ്ങി​​െൻറ കൈയിൽ പൂമാല കിട്ടിയതുപോലെ സ്​ത്രീപീഡന പരാതി സി.പി.എമ്മിനെപ്പോലെ ഒരു ഇടതുപക്ഷ പാർട്ടി കൈകാര്യംചെയ്യുന്നതാണ് ആ നില സൃഷ്​ടിച്ചിട്ടുള്ളത്. ചികിത്സക്കായി പി.ബി അംഗമായ മുഖ്യമന്ത്രി വിദേശത്തായിരിക്കെ സംസ്​ഥാന സെക്രട്ടറിയും പി.ബി അംഗങ്ങളും ആരോപണവിധേയനായ പാർട്ടി എം.എൽ.എയും നിലപാടുകൾ മാറ്റിമാറ്റി ഈ നാറ്റക്കേസി​െൻറ കുരുക്ക് സി.പി.എമ്മി​െൻറ കഴുത്തിൽ കൂടുതൽ മുറുക്കാൻ മത്സരിക്കുന്നു.

യുവ വനിതനേതാവും കരുത്തനായ എം.എൽ.എയുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായതും പരാതിയുയർന്നതും കഴിഞ്ഞമാസമാണ്. അത് സ്​ഥിരീകരിച്ചത് ഏറ്റവും ഒടുവിൽ യുവ വനിതനേതാവിൽനിന്ന് പരാതി ലഭിച്ച കാര്യം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വെളിപ്പെടുത്തിയതോടെയും. തുടർന്ന് സംസ്​ഥാന സെക്രട്ടറി കോടിയേരിയുടെ വിശദീകരണം, ജനറൽ സെക്രട്ടറി അറിയാതെയോ അറിഞ്ഞോ പി.ബിയുടെ വിശദീകരണക്കുറിപ്പ്, മുതിർന്ന പി.ബി അംഗം എസ്​. രാമചന്ദ്രൻ പിള്ളയുടെ പരാതി സംബന്ധിച്ച പ്രതിദിന തത്സമയ പ്രതികരണങ്ങൾ, ആരോപണ വിധേയനായ എം.എൽ.എയുടെ സർവ പുച്ഛത്തോടും അഹങ്കാരത്തോടുമുള്ള വെല്ലുവിളികൾ, ദേശീയ വനിതാകമീഷ​​െൻറ ഇടപെടൽ, പൊലീസിൽ പരാതിപ്പെടാത്തതെന്തെന്ന് പരാതിക്കാരിയോടുള്ള സി.പി.എം നേതാക്കളുടെയും സംസ്​ഥാന വനിത കമീഷൻ അധ്യക്ഷയുടെയും ആവർത്തിച്ചുള്ള ചോദ്യങ്ങൾ -വിവാദത്തി​െൻറ അമിട്ടുകൾ നിരന്തരം പൊട്ടുകയാണ്.

പരാതി സ്​ഥിരീകരിച്ചതോടെ രംഗത്തുനിന്ന് അദൃശ്യനായ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയൊഴിച്ച് പി.ബിയിലെയും സി.സിയിലെയും പ്രതികരിക്കുന്ന നേതാക്കളെല്ലാം സ്​ഥാപിക്കാൻ ശ്രമിക്കുന്നത് ഒറ്റക്കാര്യം. സ്​ത്രീപീഡന പരാതി സംസ്​ഥാന കമ്മിറ്റിയോ കേന്ദ്രനേതൃത്വമോ പൂഴ്ത്തിവെച്ചിട്ടില്ല. പരാതി സംസ്​ഥാന കമ്മിറ്റിക്ക് മുന്നിലാണ്. കഴിയും വേഗം നടപടിയുണ്ടാകും. കാര്യം അതുമാത്രമാണെങ്കിൽ പത്രക്കുറിപ്പിറക്കി പി.ബിക്കോ പരോക്ഷമായി ജനറൽ സെക്രട്ടറിയെ തള്ളിപ്പറഞ്ഞ് കോടിയേരിക്കോ കത്തിവേഷമാടി പാർട്ടി എം.എൽ.എക്കോ നിലപാടുകൾ മാറ്റിമാറ്റി മറ്റു നേതാക്കൾക്കോ പാർട്ടിയുടെ മുഖത്ത് താറൊഴിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.

പക്ഷേ, ഈ പരാതിയെ തുടർന്ന് സി.പി.എമ്മിൽ സംഭവിച്ചതിനെ മാർക്സിസ്​റ്റ്​-ലെനിനിസ്​റ്റ്​ പാർട്ടികൾ പേരിട്ടുവിളിക്കുന്നത് ഉൾപ്പാർട്ടി സമരമെന്നാണ്. അതും വിഭാഗീയതയുമായി ബന്ധപ്പെട്ട് കത്തിയാളുന്ന ഉൾപ്പാർട്ടി സമരമെന്ന്. തിരുവനന്തപുരത്തെ കോൺഗ്രസ്​ എം.എൽ.എയുടെയും യു.പിയിലെ ബി.ജെ.പി എം.എൽ.എയുടെയും കാര്യത്തിലും അതുപോലുള്ള മറ്റു സ്​ത്രീപീഡന കേസുകളിലും പരാതി ഉയർന്നപ്പോൾ അതി​െൻറ മുന്നിൽനിന്ന് പ്രതികരിച്ചവരും പരാതിക്കാരിക്ക് താങ്ങും തണലുമായി നിന്നവരുമാണ് സി.പി.എം നേതാക്കൾ. അതിൽനിന്ന് വ്യത്യസ്​തവും വിരുദ്ധവുമായ നിലപാട് പാർട്ടി എം.എൽ.എക്കെതിരായ പരാതിയിൽ എന്തുകൊണ്ടു സംഭവിക്കുന്നു?
ആശയപരമായും സംഘടനാപരമായും ഒരുപോലെ ബന്ധപ്പെട്ടതാണ് പാർട്ടി അംഗംകൂടിയായ ഡി.വൈ.എഫ്.ഐ വനിത നേതാവി​െൻറ പരാതി. അത് അർഹിച്ച ഗൗരവത്തിൽ പാർട്ടി ഏറ്റെടുത്ത് നടപടി സ്വീകരിക്കുമെന്നു വിശ്വസിച്ചാണ് യുവതി ജില്ലാ കമ്മിറ്റിക്ക് ആദ്യം പരാതി നൽകിയത്.

സംഘടന ചലിച്ചില്ലെന്നു കണ്ടാണ് സംസ്​ഥാന കമ്മിറ്റിക്ക് പരാതി നൽകിയത്. അതുകൊണ്ടും ഫലംകിട്ടാതെ വന്നപ്പോൾ പോാളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിൽ പ്രതീക്ഷയർപ്പിച്ച് പരാതി അയച്ചു. അതും പാഴായെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ഒടുവിൽ ജനറൽ സെക്രട്ടറിക്ക് ഇ-മെയിൽ പരാതി നൽകിയത്. നടപടി ആവശ്യപ്പെട്ട് സംസ്​ഥാന കമ്മിറ്റിക്ക് പരാതി അയച്ചെന്നു യെച്ചൂരി വെളിപ്പെടുത്തി. അതോടെയാണ് യെച്ചൂരി ഇടപെടുംമുമ്പ് കേരളത്തിൽ നടപടി തുടങ്ങിയിട്ടുണ്ടെന്ന വിശദീകരണമുണ്ടായത്. പരാതി പൂഴ്ത്തിയതല്ലെന്നും അന്വേഷണത്തിന് രണ്ട് കേന്ദ്രകമ്മിറ്റി അംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും വിശദീകരണം വന്നത്.

പാർട്ടി അംഗത്തിൽനിന്നോ ഘടകത്തിൽ നിന്നോ പരാതി ലഭിച്ചാൽ ബന്ധപ്പെട്ട ഘടകം അടിയന്തരമായി മറുപടി നൽകണമെന്ന് സി.പി.എം പാർട്ടി കോൺഗ്രസ്​തന്നെ നേരത്തേ വ്യവസ്​ഥചെയ്ത കാര്യം പി.ബി മെംബർമാർക്കെങ്കിലും അറിയാതിരിക്കാൻ വയ്യ. അങ്ങനെ ഒരു പ്രതികരണം പരാതി കിട്ടിയപ്പോൾ ബന്ധപ്പെട്ടവരിൽനിന്ന് ഉണ്ടായിരുന്നെങ്കിൽ വിഷയം ഒന്നരമാസം നീളുകയും ജനറൽ സെക്രട്ടറിവരെയുള്ളവർക്ക് പരാതി നൽകേണ്ട ഗതികേട് പീഡിപ്പിക്കപ്പെട്ട വനിത നേതാവിന് ഉണ്ടാവുകയും ചെയ്യുമായിരുന്നില്ല. ഇത്തരം പരാതി ഉയരുമ്പോൾ അത് കൈകാര്യം ചെയ്യാൻ പാർട്ടിയിൽ സംവിധാനമുണ്ടെന്നും അതു പുറത്തു ചർച്ചചെയ്യാനുള്ളതല്ലെന്നും സംസ്​ഥാന സെക്രട്ടറിക്കു പറയേണ്ടിവരുമായിരുന്നില്ല. എന്നാൽ, ആ സംവിധാനം യെച്ചൂരിയുടെ സ്​ഥിരീകരണം വരും വരെ പ്രവർത്തിക്കാതിരുന്നത് എന്താണെന്നും നടപടിയെടുക്കുന്നുണ്ടെന്ന മറുപടി പരാതിക്കാരിക്ക് നൽകാതിരുന്നത് എന്താണെന്നും നേതൃത്വം വിശദീകരിക്കേണ്ടതുണ്ട്.

തിരുവനന്തപുരത്ത്​ എം.എൽ.എ ഹോസ്​റ്റലിൽവെച്ച് തന്നെ നാട്ടുകാരനായ ഡി.വൈ.എഫ്.ഐ നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി ഇരിങ്ങാലക്കുട പാർട്ടിക്കു നൽകിയത് മെഡിക്കൽ പ്രവേശ പരീക്ഷക്ക്​ ഒരുങ്ങുന്ന മറ്റൊരു ഡി.വൈ.എഫ്.ഐ പ്രവർത്തകയാണ്. കാത്തിരുന്നിട്ടും പ്രതികരണമില്ലാതെ വന്നപ്പോൾ പൊലീസിൽ പരാതിനൽകി. പൊലീസ്​ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തപ്പോഴാണ് ഇരിങ്ങാലക്കുടയിലെ പാർട്ടി സംവിധാനം ചലിച്ചതും പീഡിപ്പിക്കാൻ ശ്രമിച്ച യുവനേതാവിനെ പാർട്ടിയംഗത്വത്തിൽനിന്നും ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽനിന്നും മറ്റും കഴിഞ്ഞദിവസം പുറത്താക്കിയതും.

കേന്ദ്ര നേതൃത്വവും സംസ്​ഥാന സെക്രട്ടറിയും പരാതി സംസ്​ഥാന സമിതിയുടെ പരിഗണനയിലാണെന്ന് അവകാശപ്പെടുമ്പോൾ ആരോപണവിധേയനായ പി.കെ. ശശിതന്നെ പാലക്കാട് ജില്ല കമ്മിറ്റി-സെക്രട്ടേറിയറ്റ് യോഗങ്ങളിൽ അധ്യക്ഷത വഹിച്ചതാണ് ആശ്ചര്യകരം. തുടർന്ന്​, പരാതിയെക്കുറിച്ച് അറിയി​െല്ലന്നും പാർട്ടി പറഞ്ഞി​െല്ലന്നും ഒരുപാട് രാഷ്​​ട്രീയ പരീക്ഷണങ്ങളെ അതിജീവിച്ച താൻ ഇതിനെയും കമ്യൂണിസ്​റ്റ്​ ആരോഗ്യത്തോടെ നേരിടുമെന്നു​െമാക്കെയുള്ള അദ്ദേഹത്തി​​െൻറ പ്രതികരണവും.

സാധാരണനിലയിൽ ക്രിമിനൽ കുറ്റങ്ങളിൽ പങ്കാളികളായവരെ പാർട്ടി സമ്മേളനങ്ങളിൽ തുറന്നുകാട്ടുകയും ഇരുത്തേണ്ടിടത്ത് ഇരുത്തുകയോ പുറത്തു കളയുകയോ ആയിരുന്നു കമ്യൂണിസ്​റ്റ്​ പാർട്ടികളിലെ പതിവ്​. ഇപ്പോൾ ഇത്തരം കുറ്റവാളികളാണ് സി.പി.എമ്മി​െൻറ ശക്തരായ നേതാക്കളെന്ന സ്​ഥിതി വന്നതി​െൻറ ഉദാഹരണങ്ങളാണ് ശശിമാരും കോട്ടമുറിക്കലുമാരും സമീപകാലങ്ങളിൽ തെളിയിച്ചുകൊണ്ടിരിക്കുന്നത്. തെറ്റുതിരുത്തൽ രേഖകളും എം.എൽ.എ ശശിയെപ്പോലുള്ളവർ പൊക്കിപ്പിടിച്ചു നടക്കുന്ന സി.പി.എം കേന്ദ്ര പ്ലീനംരേഖയുമൊക്കെ പുല്ലുതിന്നാത്ത ഏട്ടിലെ പശുക്കളാണ്. പീഡനത്തിനിരയാകുന്നവർ വിദ്യാസമ്പന്നരും പോരാളികളുമാ​ണെങ്കിലും കുറ്റവാളികൾ പാർട്ടിയിൽ പ്രബലരാകുമ്പോൾ സമ്മർദത്തിലാകുന്നു. ഭീഷണി നേരിടുന്നു. പ്രലോഭനങ്ങളുടെ മുറിവേൽക്കുന്നു. കുറ്റവാളികൾക്കെതിരെ പൊലീസിലോ വനിത കമീഷനിലോ പരാതിനൽകാൻ ഭയപ്പെടുന്നു. ഈ അവസ്​ഥ രക്ഷാകവചമായി കുറ്റവാളികളായ നേതാക്കൾ ഉപയോഗപ്പെടുത്തുന്നു.

എങ്കിലും, അതിനെതിരെയും ഇരകൾ പോരാടാൻ തുടങ്ങി എന്നതാണ് മെഡിക്കൽ പ്രവേശനത്തിന് ശ്രമിച്ച ഇരിങ്ങാലക്കുടയിലെ വനിത ഡി.വൈ.എഫ്.ഐ നേതാവി​െൻറയും ഏതു നിമിഷത്തിലും പാർട്ടി ഏരിയ കമ്മിറ്റിയിൽ എം.എൽ.എ വന്നേക്കാമെന്ന ഭീതിയിൽ പാർട്ടി നേതൃത്വത്തിന് സ്വരക്ഷക്കു കത്തെഴുതിയ പാലക്കാട്ടെ ഡി.വൈ.എഫ്.ഐ ജില്ല വനിത നേതാവി​െൻറയും ധീരമായ നിലപാടുകൾ. അതിന്​ സി.പി.എമ്മിന്​ അകത്തും പുറത്തും നിന്നു നീതിബോധമുള്ളവർ ശക്തമായ പിന്തുണ നൽകേണ്ടതുണ്ട്.

സി.പി.എമ്മിൽ ഈ പുതിയ വനിത യുവതലമുറ നേരിടുന്ന മാനസിക-ശാരീരിക പീഡനങ്ങൾതന്നെയാണ് കുറവിലങ്ങാട്ടെ മഠത്തിൽനിന്ന് ജലന്ധർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്​ത്രീയും അവരുടെ കുടുംബവും അവർക്കൊപ്പം നിൽക്കുന്ന കന്യാസ്​ത്രീകളും നേരിടുന്നത്. സി.പി.എമ്മി​െൻറ പി.ബി നേതാക്കളെന്നു പറയുന്നവർ സ്​ത്രീകൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ പൊതുവേദികളിൽ ആഞ്ഞടിക്കുന്നവരായിട്ടും ആ പാർട്ടിയിലും ഇതുതന്നെ സംഭവിക്കുന്നു. ഒരുവശത്ത് വിശ്വാസത്തി​െൻറയും മറുവശത്ത് അച്ചടക്കത്തി​െൻറയും കാവൽഭിത്തികൾ ഇവർക്കെതിരാണെങ്കിലും. ഇതെല്ലാം നേരിൽ കാണുന്ന ജനങ്ങൾ സി.പി.എമ്മിനെ എങ്ങനെ വിലയിരുത്തുമെന്നത് അതി​െൻറ നേതാക്കൾ ഒരുവേള ചിന്തിക്കണം.

Tags:    
News Summary - cpim-article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.