ചാനൽ മുറിയോ വെറുപ്പിന്റെ ഹാച്ചറിയോ?

സമൂഹത്തിന്റെ നിലവാരത്തകർച്ചയുടെ അടയാളമായി ടി.വി സീരിയലുകളെ ചൂണ്ടിപ്പറയാറുണ്ട്. പൈങ്കിളിയെന്നും കണ്ണീർക്കഥകളെന്നും അവയെ ആക്ഷേപിക്കുകയും ഞങ്ങളാ സാധനം വെക്കാറില്ല, കാണാറുമില്ല എന്ന് അഭിമാനം കൊള്ളുകയും ചെയ്യാറുണ്ട് (പ്രബുദ്ധ?) മലയാളി. സീരിയലുകൾ അത്ര മോശമാണോ, അഥവാ ടി.വി ചാനലുകളിൽ നിന്ന് പ്രസരിക്കുന്ന ഏറ്റവും മോശം ഉൽപന്നമാണോ സീരിയലുകൾ? സാമൂഹിക-സാമ്പത്തിക കാരണങ്ങളാൽ നിയന്ത്രിതരായ സമൂഹത്തിലെ വലിയ ഒരു വിഭാഗം സ്​ത്രീപുരുഷന്മാർക്ക് ഏറ്റവും എളുപ്പത്തിൽ, ഏറ്റവും കുറഞ്ഞ ചെലവിൽ പ്രാപ്യമായ വിനോദമാണ് ടി.വി സീരിയലുകൾ. സീരിയലുകളിലെ കരച്ചിൽ കണ്ട് അവർ സ്വന്തം സങ്കടങ്ങൾ മറക്കുന്നു, സീരിയലുകളിലെ സന്തോഷവും ആഘോഷവും കണ്ടും പ്രേക്ഷകർ അൽപനേരം സ്വയം മറന്നിരിക്കുന്നു. സീരിയലുകൾ കുറ്റങ്ങളിലേക്കും സാമൂഹികത്തകർച്ചയിലേക്കും മാനസികത്തളർച്ചയിലേക്കുമെല്ലാം നയിക്കുന്നുവെന്ന് വാദിക്കുന്നവരുണ്ട്. സീരിയലുകൾ അതിനിശിതമായ വിമർശനത്തിനും ഓഡിറ്റിങ്ങിനും വിധേയമാകുമ്പോൾ അതേ ചാനലുകളിൽ നിന്ന് പുറത്തുവരുന്ന വിദ്വേഷ ചർച്ചകളും അതിലെ സ്വയം പ്രഖ്യാപിത ജഡ്ജിമാരും വിചാരണയേതുമില്ലാതെ തുടരുന്നു.

ഈയിടെ ഏറെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന, ലോകത്തിനു മുന്നിൽ ഇന്ത്യ പ്രതിരോധത്തിലായ പ്രവാചകനിന്ദ വിഷയം തന്നെയെടുക്കുക. മുസ്‍ലിംകളും ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും രാജ്യത്തിന്റെ ശത്രുക്കളാണ് എന്നെഴുതിയ പുസ്തകത്തെ വിശുദ്ധമായി കൊണ്ടു നടക്കുന്ന പ്രസ്ഥാനത്തിന്റെ ദേശീയവക്താക്കളിലൊരാൾ പതിവുപോലെ നടത്തിയ അഭിപ്രായപ്രകടനം പതിവിന് വിപരീതമായി സമൂഹമാധ്യമങ്ങളിലൂടെ ചർച്ചയാവുകയും പുറംലോകത്തെത്തുകയും ചെയ്തതോടെ വിവാദമായിരിക്കുന്നു. ദിവസങ്ങൾക്ക് ശേഷം ഇന്ത്യയുടെ സുഹൃദ്‍രാജ്യങ്ങൾ അതൃപ്തിയും അമർഷവും പ്രകടിപ്പിച്ചതിനെ തുടർന്ന് അവരെ പുറത്താക്കിയതായി പ്രഖ്യാപിച്ച് മുഖം രക്ഷിക്കാൻ ശ്രമിച്ചു ബി.ജെ.പി. നൂപുർ ശർമ മാത്രമാണോ ഈ സംഭവത്തിൽ തെറ്റുകാരി? പതിനായിരക്കണക്കിനാളുകൾ കാണുന്നുവെന്ന് പറയപ്പെടുന്ന ചർച്ചകളിൽ കയറിയിരുന്ന് തത്ത്വദീക്ഷയേതുമില്ലാതെ വിദ്വേഷം പറയാൻ, രാജ്യത്തെ സഹജീവികളെക്കുറിച്ച് വേണ്ടാതീനം പുലമ്പാൻ സൗകര്യമൊരുക്കിക്കൊടുക്കുന്ന ചാനലുകൾക്കും അവതാരകർക്കും അതിൽ ഒരു പങ്കില്ലേ? പ്രസ്തുത ചർച്ച നയിച്ച 'ടൈംസ് നൗ' ചാനലിന്റെ ഗ്രൂപ് എഡിറ്റർ നവിക കുമാർ ഒരു ഹൈസ്കൂൾക്ലാസ് മോണിറ്ററുടെ ഉത്തരവാദിത്തബോധമെങ്കിലും പുലർത്തിയിരുന്നുവെങ്കിൽ അനാശാസ്യകരമായ പദപ്രയോഗങ്ങളിലേക്കും വിവാദങ്ങളിലേക്കും കാര്യങ്ങൾ നീങ്ങുമായിരുന്നില്ല. ഡൽഹി ജഹാംഗീർപുരിയിലെ ദരിദ്രമുസ്​ലിംകളുടെ വീടുകൾ കടപുഴക്കാൻ ബുൾഡോസറുകൾ നീങ്ങുന്നതു കണ്ട് 'ബുൾഡോസറുകൾക്ക് വൻ ഡിമാൻഡ്, ലഭ്യത ഉറപ്പാക്കാൻ ഉൽപാദനം വർധിപ്പിക്കുമോ ഇറക്കുമതി ​ ചെയ്യുമോ' എന്ന് ട്വീറ്റ് ചെയ്ത ആ മാധ്യമ പ്രവർത്തകയിൽ നിന്ന് അത്തരമൊരു പക്വത പ്രതീക്ഷിക്കാമോ എന്നത് വേറെ കാര്യം. എന്തു തന്നെയായാലും വിദ്വേഷത്തിന്റെ അണുപ്രസരണത്തിൽ നവികയെപ്പോലുള്ള മാധ്യമ പ്രവർത്തകർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

രാജ്യത്ത് കോവിഡ് പരത്തുന്നത് തബ്‍ലീഗുകാരാണ് എന്ന ​വാദം തുടങ്ങിവെച്ചത് സംഘ്പരിവാറിന്റെ സമൂഹമാധ്യമപ്പടയാണെങ്കിൽ അതേറ്റുപിടിച്ച് പ്രചരിപ്പിച്ചത് ദേശീയ ചാനലുകളായിരുന്നു. തുപ്പൽ ജിഹാദ് നടത്തുന്നുവെന്നതു മുതൽ ഇന്ത്യൻ സിവിൽ സർവിസിലേക്ക് അന്യായമായി കടന്നുകൂടുന്നുവെന്നുവരെ മുസ്‍ലിംകൾക്കെതിരെ ഒരു അടിസ്ഥാനവുമില്ലാത്ത ആർക്കും എന്തും വിളിച്ചുപറയാവുന്ന വേദിയായി മാറുന്നുണ്ട് ചാനൽ ചർച്ചകൾ. മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച തിരക്കഥയെന്ന പോലെ ചർച്ചയിലെ പാനൽ അംഗങ്ങളും അവതാരകനും ചേർന്ന് ഇത്തരം ആരോപണങ്ങളും അപസർപ്പക കഥകളും വിളമ്പും. മതവിഭാഗങ്ങളെക്കുറിച്ച് പൊതുബോധം സൃഷ്ടിച്ച് ഇന്ത്യൻ ജനതയുടെ മനസ്സിൽ വിഭാഗീയതയും മതവിഭാഗങ്ങൾക്കിടയിൽ ധ്രുവീകരണവും വർധിപ്പിക്കുന്നതിൽ വർഗീയശക്തികളുടെ പി.ആർ ഉപകരണമായി പ്രവർത്തിക്കുന്നുണ്ട് ചാനൽ ചർച്ചകൾ. ആക്രോശത്തിലും മുൻവിധിയോടെയുള്ള മാധ്യമവിചാരണയിലുമൂന്നി അർണബ് ഗോസ്വാമി തുടങ്ങിവെച്ച ചർച്ച രീതി മറ്റ് ഇംഗ്ലീഷ്- ഹിന്ദി ചാനലുകൾക്ക് പുറമെ മലയാളത്തിലേതുൾപ്പെടെ പ്രാദേശിക ചാനലുകളും അതേപടി പകർത്തി.

മുസ്‍ലിംകൾക്കെതിരെ മാത്ര​മാണോ ചാനലുകളിൽ വിദ്വേഷവും വിചാരണയും നടക്കുന്നത്? അല്ലേയല്ല. ഹിജാബ്, ഹലാൽ പോലുള്ള വിഷയങ്ങളിൽ മുസ്‍ലിംസമുദായത്തിനെതിരെയായിരുന്നു ഏകപക്ഷീയ അക്രമമെങ്കിൽ ഹിന്ദി രാജ്യവ്യാപകമാക്കുന്ന ചർച്ചയിൽ ബി.ജെ.പി തിട്ടൂരങ്ങൾക്ക് വഴങ്ങാത്ത കേരളം, തമിഴ്നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്കെതിരെയാവും വിഷം ചീറ്റൽ. അതുമല്ലെങ്കിൽ രാജ്യത്തെ മധ്യവർഗത്തിന്റെ ജീവിതം ദുസ്സഹമാക്കുന്ന ദരിദ്രർക്കെതിരെയാവും. ഹിന്ദു-ദേവി ദേവന്മാരെക്കുറിച്ചും ആരാധനാരീതികളെക്കുറിച്ചും നിന്ദാഭാഷണം നടത്തുന്ന ഇല്യാസ് ഷറഫുദ്ദീൻ എന്നൊരു സ്വയം പ്രഖ്യാപിത 'പണ്ഡിത'ൻ ദേശീയ ചാനലുകളിലെ വിശിഷ്യ ഹിന്ദി ചാനലുകളിലെ ചർച്ചകളിൽ സ്ഥിരം മുഖമാണ്. ഹിന്ദി ചാനൽ ചർച്ചകൾ കാണാൻ സമയം മെനക്കെടുത്താമെന്നുണ്ടെങ്കിൽ അത്തരം കുറെ വേഷങ്ങളെ കാണാനാവും. താടിവെച്ച തണ്ണിമത്തൻ കച്ചവടക്കാരെപ്പോലും തല്ലിയോടിക്കുന്ന സംഘ്പരിവാർ ഇതുപോലുള്ളവരെക്കുറിച്ച് എതിർത്ത് ഒരുവാക്ക് ഉരിയാടുന്നത് കേട്ടിട്ടുണ്ടോ? മുസ്‍ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ചർച്ചകളിൽപോലും അവരുടെ പ്രതിനിധിയെ പ​ങ്കെടുപ്പിക്കുന്നതിൽ വൈമുഖ്യം കാണിക്കുന്ന ചാനലുകൾ ഹിന്ദു ആരാധനമൂർത്തികളെക്കുറിച്ച് വിദ്വേഷം വമിപ്പിക്കുന്ന വർത്തമാനം മാത്രം പറയുന്ന ഇത്തരക്കാരെ ചർച്ചകളിലേക്ക് പതിവായി ക്ഷണിക്കുന്നത് എന്തു കൊണ്ടാണ്? ഉത്തരം ക്രൂരമാണെങ്കിലും ലളിതമാണ്: മറ്റു വിശ്വാസങ്ങളെ അവഹേളിക്കുന്ന, നിന്ദിക്കുന്നവരാണ് മുസ്‍ലിംകൾ എന്ന ചിന്ത ചർച്ച കാണുന്നവരുടെ മനസ്സിൽ മുളപ്പിക്കണം, വൈരം മൂർഛിപ്പിക്കണം.

നൂപുർ ശർമയുടെ വിദ്വേഷ പ്രസ്താവന പുറംലോകത്തെത്തിച്ച ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ തന്നെയാണ് മടിത്തട്ടുമാധ്യമങ്ങളുടെ ഓമനകളായ മൗലാനമാരെക്കുറിച്ചും അതിനു പിന്നിലെ ചതിക്കുഴികളെക്കുറിച്ചുള്ള വിവരങ്ങളും വെളിപ്പെടുത്തിയത്. ഇത്തരം വൈറസ് ബാധയേറ്റിട്ടില്ലാത്ത ടി.വി വാർത്ത പരിപാടിയെന്ന് പറയാവുന്ന പ്രൈംടൈം വിത്ത് രവീഷിൽ എൻ.ഡി.ടി.വി സീനിയർ എക്സിക്യൂട്ടിവ് എഡിറ്റർ രവിഷ് കുമാർ ഇക്കാര്യം കഴിഞ്ഞ ദിവസം ചർച്ചയാക്കുകയും ചെയ്തു.

കോവിഡ് കാലത്ത് വാർത്ത വായിക്കുമ്പോൾ മാസ്ക് അണിഞ്ഞ് മാതൃക കാണിച്ചെങ്കിലും മലയാള ചാനലുകളും ഈ അണുബാധയിൽ നിന്ന് മുക്തമല്ല. വർഗീയ സംഘടന പ്രതിനിധികൾക്ക് ആവോളം ഇടം അനുവദിച്ചും വിദ്വേഷപ്രസംഗകരെ അതിഥികളായി ആനയിച്ചും ദേശീയമാധ്യമങ്ങളുടെ മാതൃകപറ്റി പൊതുബോധ നിർമിതിക്കും ദലിത്-മുസ്‍ലിം അപരവത്കരണത്തിനും ആക്കം കൂട്ടുകയാണ് അവരും.

ഈ കുറിപ്പിന്റെ തുടക്കത്തിൽ പറഞ്ഞ വിഷയത്തിലേക്ക് വരാം. കണ്ണീർ സീരിയലുകൾ പ്രശ്നകാരികളായിരിക്കാം, പക്ഷേ, സഹജീവികൾ രാജ്യത്തുനിന്ന് പുറത്താക്കപ്പെടേണ്ടവരും ഭൂമുഖത്തു നിന്ന് ഉന്മൂലനം ചെയ്യപ്പെടേണ്ടവരുമാണെന്ന ചിന്ത വളർത്തുന്ന കാര്യത്തിൽ ചാനൽ ചർച്ചകളോളം അപകടകാരികളല്ല അവയൊന്നും.

Tags:    
News Summary - Channel room or hate hatchery?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.