അപരമതപ്പേടി ജാതിപ്പൊടിയിൽ കുഴച്ച്, മതനിരപേക്ഷ വിരുദ്ധതയിൽ വേവിച്ചെടുത്ത് ആവശ്യത്തിന് മുളകും ചേർത്ത സ്വാദിഷ്ഠമായ ആശയങ്ങളാണ് നവഫാഷിസം വെടിപ്പുള്ള വാഴയിലയിൽ വെച്ചുവിളമ്പുന്നത്. നന്നായി പാക്ക്ചെയ്ത ജാതിപ്പൊടി ‘ഭാരത’മാർക്കറ്റിൽ മാത്രം ലഭ്യമാവുന്ന വിശുദ്ധവസ്തുവാണ്
ഈ കുറിപ്പിന്റെ തലക്കെട്ട് ആദരണീയനായ സുപ്രീംകോടതി ജസ്റ്റിസ് ബി.ആർ. ഗവായി, ജാതിവാദി അഡ്വക്കറ്റ് രാകേഷ് കിഷോറിനെതിരെ നടത്തിയ പ്രതികരണത്തിൽനിന്നും എടുത്തുചേർത്തതാണ്. ജസ്റ്റ് ഇഗ്നോർ-ഇതൊരു ഖരമാലിന്യം, ചുമ്മാ മാറിനിന്നാൽ മാത്രം മതി എന്ന് വിവക്ഷ!
ഒടുവിൽ അതും സംഭവിച്ചിരിക്കുന്നു എന്നെഴുതിയപ്പോൾ ഉള്ളിന്റെ ഉള്ളിൽനിന്ന്, ഇത് ഒടുവിലത്തേതാണെന്ന് നിന്നോടാര് പറഞ്ഞു എന്നൊരു ചോദ്യത്തിന് മുന്നിലാണ് എനിക്ക് വന്നുനിൽക്കേണ്ടി വന്നത്. ഓരോ തവണയും സംഭവിക്കാൻ പാടില്ലാത്ത ഓരോരോ കാര്യങ്ങൾ സംഭവിക്കുമ്പോൾ, ഇതൊടുവിലത്തേത് ആവണേ എന്ന് മനസ്സ് ആഗ്രഹിക്കും. പക്ഷേ, തുടർന്നെത്തുന്ന ഓരോരോ വാർത്തയും ആ ആഗ്രഹത്തിന് പരിക്കേൽപിക്കും. അതുകൊണ്ടിപ്പോൾ നവഫാഷിസ്റ്റ് പശ്ചാത്തലത്തിൽ ഏതും ഒടുവിലത്തേത് ആയിരിക്കണമെന്ന് ആഗ്രഹിച്ച് ആവിധം എഴുതുമ്പോഴും, ഒരു ഒടുക്കത്തെ ഒടുവിൽ എന്ന് എഴുതുന്നതാവും പ്രസക്തം. അതായത് ഒടുവിലാവണമെന്നത് ജനായത്ത ആഗ്രഹവും, സംഭവങ്ങൾ അതിനെ പൊളിക്കുംവിധമുള്ള ഫാഷിസ്റ്റ് തുടർച്ചയുടെ ഭാഗമാണെന്ന സത്യവും ആയിത്തീർന്ന ഒന്നായാണ് ഇപ്പോഴത്തെ, ഒരു ഒടുക്കത്തെ ഒടുവിൽ പ്രയോഗമെന്ന് ചുരുക്കം. കോടതിയെയെങ്കിലും വെറുതെവിടുമെന്ന് വ്യാമോഹിച്ചവർക്ക് തെറ്റി. നവഫാഷിസത്തിന്റെ സാംസ്കാരിക ശക്തിയായ ജാതിമേൽക്കോയ്മക്ക് കോടതിയെന്നും തെരുവെന്നും സർവകലാശാലയെന്നുമുള്ള പരിഗണനയില്ല. ഒരിടവും ബാക്കിവെക്കാതെ എല്ലായിടത്തുമത് ഇടപെടും! ഒടുവിലെന്ന് പറഞ്ഞവസാനിപ്പിക്കാനാവാത്ത തുടക്കങ്ങൾ മാത്രമായി!
പല രൂപങ്ങളിലായിരിക്കും വരവ്! സൗഹൃദമായി, കുശലാന്വേഷണമായി, നിരുപദ്രവകരമായ സ്നേഹപ്രകടനമായി, മറ്റ് ചിലപ്പോൾ കുത്തും കൊലയും ചവിട്ടും ചെരിപ്പേറും അങ്ങനെ ഇങ്ങനെ പല മട്ടിൽ. രാമായണവും മഹാഭാരതവുമൊക്കെ കമ്പോടുകമ്പ് വായിച്ച് ഹൃദിസ്ഥമാക്കാതെ, മോനേ, മോളേ, എങ്ങിനെ നിങ്ങൾക്ക് സാഹിത്യമെഴുതാൻ കഴിയുമെന്നാവും സാഹിത്യക്യാമ്പിൽ ചോദ്യം? ഇറച്ചിയും മീനും കഴിച്ചിട്ടല്ലേ രോഗം വന്നത് എന്നാവും ആരോഗ്യ ക്യാമ്പിൽ കുറ്റപ്പെടുത്തൽ! കണ്ട അണ്ടന്റെയും അടകോടന്റെയും കൂടെ നടന്നിട്ടല്ലേ കുട്ടികൾ ചീത്തയാവുന്നത് എന്നതാവും രക്ഷിതാക്കളുടെ കൂട്ടായ്മയിൽ അൽപം സ്വകാര്യമായി പറയുന്നത്. മാപ്ലമാർക്കും ക്രിസ്ത്യാനികൾക്കും പോകാൻ വേറെ വേറെ രാജ്യങ്ങളുണ്ട്, ഇമ്പക്ക് ഇന്ത്യ മാത്രമല്ലേയുള്ളൂ, നമ്മുടെ പുണ്യസ്ഥലങ്ങളെല്ലാം ഇവടെയല്ലേ എന്നാവും വിശ്വാസി സംഗമത്തിൽ. പെട്ടെന്ന് കേട്ടാൽ എളുപ്പം മനസ്സിലാവും വിധവും, രണ്ടുവട്ടം ആലോചിച്ചില്ലെങ്കിൽ വിശ്വസിച്ച് പോവുംവിധവുമായിരിക്കും അവതരണം. നെറ്റിയിലെ കൊമ്പും, പിറകിലെ വാലും മറച്ചുകൊണ്ടാവും കടന്നുവരൽ. ഫൂക്കോ ദറിദ എന്ന് പോയിട്ട് സവർക്കർ, ഗോൾവാൾക്കർ എന്നുപോലും പറയില്ല. ഇമ്പളെ സ്വന്തം കാര്യം എന്ന രീതിയിലായിരിക്കും അവതരണം.
അപരമതപ്പേടി ജാതിപ്പൊടിയിൽ കുഴച്ച്, മതനിരപേക്ഷ വിരുദ്ധതയിൽ വേവിച്ചെടുത്ത് ആവശ്യത്തിന് മുളകും ചേർത്ത സ്വാദിഷ്ഠമായ ആശയങ്ങളാണ് നവഫാഷിസം വെടിപ്പുള്ള വാഴയിലയിൽ വെച്ചുവിളമ്പുന്നത്. അപരവിദ്വേഷവും മതനിരപേക്ഷ വിരുദ്ധതയും ഇന്ത്യക്ക് വെളിയിലും കാണാൻ പറ്റും. എന്നാൽ, നന്നായി പാക്ക്ചെയ്ത ജാതിപ്പൊടി ഭാരതമാർക്കറ്റിൽ മാത്രം ലഭ്യമാവുന്ന വിശുദ്ധവസ്തുവാണ്. ഭക്തിപ്രസ്ഥാനം നവോത്ഥാന പ്രസ്ഥാനം തുടങ്ങി തൊഴിലാളി ജനകീയപ്രസ്ഥാനങ്ങൾ വരെ ആവുംവിധം ശ്രമിച്ചിട്ടും ജാതി ഖര ദ്രാവക വാതക രൂപങ്ങളിൽ സർവത്ര സജീവമാണ്. ജാതിപ്പൊടി ഖരവകുപ്പിൽപെട്ട അതിലൊരു സ്പെഷൽ ഐറ്റം മാത്രം. ഗോതമ്പുപൊടി, അരിപ്പൊടി, മുളകുപൊടി തുടങ്ങിയ പൊടികൾ ഉപയോഗിച്ചാൽ തീരും. ജാതിപ്പൊടി പക്ഷേ ഉപയോഗിക്കുന്തോറും വർധിച്ചുവരും. മുമ്പ് കുമാരനാശാൻ പ്രശസ്തമായ ‘ദുരവസ്ഥ’യിലാണെന്നാണ് ഓർമ, ഒരു ഗമണ്ടൻ ചോദ്യം ജാതിമേൽക്കോയ്മയുടെ മുന്നിലുയർത്തിയിരുന്നു. വിണ്ണിലുള്ളോരുടെ/ വാർമിഴി മൂടുമോ/ മണ്ണിലെ ജാതിപ്പൊടിയെറിഞ്ഞാൽ എന്നായിരുന്നു അത്. കാര്യങ്ങളുടെ കിടപ്പുവശം ഇന്ന് പരിഗണിക്കുമ്പോൾ, മണ്ണിലെ ജാതിപ്പൊടി വിണ്ണിലും പരക്കുന്നത് കാണാനാവും. ജാതിവിരുദ്ധത കൊടിയടയാളമായ നവോത്ഥാനത്തിന്റെ കരുത്തിലാണ് അന്ന് ആശാൻ ആ ചോദ്യം ഉയർത്തിയത്!
‘ദൈവാധീനം ജഗൽസർവം/ മന്ത്രാധീനംതു ദൈവതം/ തൻമന്ത്രം ബ്രാഹ്മണാധീനം/ ബ്രാഹ്മണോ മമദൈവതം’ എന്ന ബ്രാഹ്മണസ്തുതിക്കെതിരെയാണ് നവോത്ഥാനം മുമ്പും സമരം നയിച്ചത്. പ്രപഞ്ചം ദൈവത്തിന്നധീനം, ദൈവം മന്ത്രത്തിനുവിധേയം, ആ മന്ത്രം ബ്രാഹ്മണന് അധീനമായതിനാൽ ബ്രാഹ്മണർ ദൈവം എന്ന അർഥം വരുന്ന ഈ ശ്ലോകം ആരോ ചൊല്ലിക്കേൾപ്പിച്ചപ്പോൾ പതിറ്റാണ്ടുകൾക്കുമുമ്പ് വി.ടി. ഭട്ടതിരിപ്പാട് പറഞ്ഞത്, ഒരു മനയ്ക്കലെ കാര്യസ്ഥന്റെ വായ്നാറ്റം വമിപ്പിക്കുന്നുണ്ട് ആ ശ്ലോകം എന്നായിരുന്നു. ഇപ്പോൾ പക്ഷേ കാര്യങ്ങൾ അടപടലം കീഴ്മേൽമറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്ത് അടുത്ത ജന്മത്തിലെങ്കിലും ഒരു ബ്രാഹ്മണനായി ജനിക്കാൻ മോഹിക്കുന്നവർ! മറുഭാഗത്ത് നിശ്ശബ്ദവും പ്രച്ഛന്നവുമാം വിധം വൻതോതിൽ ബ്രാഹ്മണിക് മൂല്യവ്യവസ്ഥയിലേക്കുള്ള മതപരിവർത്തനത്തിന് വിധേയരാവുന്നവർ! ഇത് രണ്ടിനുമിടയിലാണ് കൊല മുതൽ ചെരിപ്പേറുവരെയുള്ള ശബ്ദായമാനമായ പ്രകടനങ്ങളിലൂടെ ചാതുർവർണ്യ കാഴ്ചപ്പാട് ആഘോഷപൂർവം അരങ്ങേറുന്നത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ, ചെരിപ്പെറിയാൻ ശ്രമിച്ചത് ഏതോ ഒരു വട്ട് പിടിച്ച അഡ്വക്കറ്റ് രാകേഷ് കിഷോർ മാത്രമല്ല. ബ്രാഹ്മണരാണ് സർവ വിജ്ഞാനത്തിന്റെയും േസ്രാതസ്സ് എന്നും അവരെ സംരക്ഷിക്കുകയാണ് സർക്കാറുകളുടെ ലക്ഷ്യമായിരിക്കേണ്ടത് എന്നും പരസ്യമായി പ്രഖ്യാപിച്ചത് ഡൽഹി മുഖ്യമന്ത്രി രേഖാഗുപ്തയാണെങ്കിലും അതവരുടെമാത്രം അജണ്ടയല്ല. വേദങ്ങൾകൊണ്ടും ആയുധങ്ങൾകൊണ്ടും ബ്രാഹ്മണരാണ് സമൂഹത്തെയും രാഷ്ട്രത്തെയും സംരക്ഷിക്കുന്നതെന്നും, സർക്കാർ ഉദ്യോഗസ്ഥർ ഹനുമാനെപ്പോലെ ശക്തിയുള്ളവരാവണമെന്നും മറ്റുമുള്ള രേഖാഗുപ്തയുടെ വിശുദ്ധ പ്രസ്താവനകൾ അത്ര നിരുപദ്രവകരവുമല്ല.
അഡ്വക്കറ്റ് രാകേഷ് കിഷോറിന്റെ മനുസ്മൃതി ഷൂ ഉന്നംവെച്ചത്, ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സെക്കുലറിസത്തിനു നേരെയാണ്. ഇന്ത്യൻ പ്രധാനമന്ത്രി അതിനെതിരെ തൽസമയം പ്രതികരിച്ചത് സ്വാഗതാർഹമാണ്. അത്രതന്നെ വേഗത്തിൽ പ്രതികരിക്കേണ്ടതുണ്ടായിരുന്ന പലതിലും കുറ്റകരമായ മൗനമാണ് അദ്ദേഹം പുലർത്തിയിരുന്നതെങ്കിലും!
‘ഗാത്രത്തിനോ/ തീണ്ടൽ ആത്മാവിനോ/ തീണ്ടൽ ധിക്കാരമല്ലയോ’ എന്ന് കുമാരനാശാനും മുമ്പ് ചോദിച്ചത് പണ്ഡിറ്റ് കറുപ്പനാണ്. അഡ്വക്കറ്റ് രാകേഷ് കിഷോറിന്റെ കുത്സിത പ്രവൃത്തിയെപ്പറ്റി രോഷാകുലനായ ഒരു സുഹൃത്ത് ചോദിച്ചത് ഇയാൾക്കൊന്നും അര കഴഞ്ച് വിവരമില്ലേ എന്നായിരുന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞത് ചുരുങ്ങിത് ദിവസം ഒരുനേരമെങ്കിലും സഹോദരൻ അയ്യപ്പന്റെ, ജാതിചികിത്സാ സംഗ്രഹം എന്ന ശ്രദ്ധേയമായ കാവ്യം പുലർച്ചെ പാരായണം ചെയ്യാനാണ്. അതിങ്ങനെ; ‘ജാതിവിശ്വാസശീലങ്ങൾ മാറുമ്പോൾ/ നമ്മളാദ്യമായ്/ മനുഷ്യനെ മനുഷ്യനായ്/ കാണുമാരോഗ്യമാർന്നിടും/ നരന്റെ ഗുണദോഷങ്ങൾ/ മഹത്വമൽപത്തരങ്ങളും/ അവന്റെ ജാതിനോക്കാതെ/ കണ്ടിടും ജാതിപോയവർ/ എത്ര ബുദ്ധിവളർന്നാലും/ എത്ര വിദ്യ പഠിക്കിലും/ ജാതിപോകാതെയാസിദ്ധി/ കൈവന്നീടില്ലൊരുത്തനും.’ അതെ, പ്രശ്നം ഷൂസല്ല, വിവരക്കുറവുമല്ല, എന്തിന് വെകിളിപിടിച്ച രാകേഷ് കിഷോർ മാത്രവുമല്ല, അദൃശ്യപ്രതി ആ ജാതിമേൽക്കോയ്മാ പ്രത്യയശാസ്ത്രമാണ്. സനാതന ധർമത്തെ അവഹേളിച്ചാൽ പൊറുക്കില്ല എന്നാണ് രാകേഷ് കിഷോർ ആേക്രാശിച്ചത്. ദൈവമാണ് ഇത് തന്നെക്കൊണ്ട് ചെയ്യിപ്പിച്ചത് എന്നും ഒട്ടും കുറ്റബോധമില്ല ഇതിലെന്നുമാണയാൾ വിളിച്ചുകൂവിയത്.
ദലിത് സമൂഹത്തിൽനിന്ന് ബുദ്ധമതം സ്വീകരിച്ച് സനാതനധർമത്തെ പ്രകോപിപ്പിച്ച മഹാപ്രതിഭകളിലൊരാളാണ് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ബി.ആർ. ഗവായി എന്നുള്ളത് മറക്കരുത്. മാനവികതക്കു നേരെ ചെരിപ്പെറിയുന്ന ചാതുർവർണ്യം എന്ന് ചീഫ്ജസ്റ്റിസിന് നേരെയുള്ള ചെരിപ്പേറിനെക്കുറിച്ച് കൃത്യതയോടെ ദേശാഭിമാനി മുഖപ്രസംഗം. പ്രശസ്ത മാർക്സിസ്റ്റ് സാംസ്കാരിക വിമർശകനായ റെയ്മണ്ട് വില്യംസ്, വ്യവസായം, ജനായത്തം, വർഗം, കല, സംസ്കാരം എന്നിങ്ങനെ അഞ്ച് താക്കോൽ വാക്കുകളെക്കുറിച്ച് പറയുന്നുണ്ട്. ഇന്ത്യയിൽ ആറാമത്തേതായി, ഒന്നാമത് ചേർക്കേണ്ടത് ജാതി എന്നാണ്! ‘Let your dreams be bigger than your fears’ എന്ന് പീനാബൗച്ച്.
രാകേഷ് കിഷോറിന് ഭാരതരത്നം നൽകണമെന്ന് പറയാൻപോലും മടിയില്ലാത്ത ഗോദ്സെ ശിഷ്യർ ശിരസ്സുയർത്തുമ്പോൾ, ഷൂവല്ല തോക്കാണ് അവന് വേണ്ടതെന്ന ഫാഷിസ്റ്റ് കൊലവിളികൾ രക്തദാഹിയായ ഡ്രാക്കുളയെപ്പോലെ തേറ്റകൾ പുറത്തുകാട്ടി അലറുന്നു. ചീഫ് ജസ്റ്റിസിനെ ആക്രമിക്കാനുള്ള ആഹ്വാനം മുതൽ മുഖത്ത് തുപ്പാനുള്ള സദുപദേശം വരെ മാധ്യമങ്ങളിൽ ചത്ത എലി കണക്ക് ദുർഗന്ധം പരത്തുന്നു. സർക്കാറും സിസ്റ്റവും ഞങ്ങളുടേത്, കരുതിക്കോ എന്ന താക്കീതിൽനിന്ന് പരമോന്നത നീതിപീഠത്തെയെങ്കിലും ഒഴിവാക്കുമെന്നുള്ള പ്രതീക്ഷക്കാണ് പരിക്കേൽക്കുന്നത്. അപ്പോഴും നീതിക്കൊപ്പം നിൽക്കുന്ന ജീവിതത്തിന്റെ സർവതുറകളിലുമുള്ള മനുഷ്യർ അഭിവാദ്യം അർഹിക്കുന്നു. ഒരു സമൂഹത്തിന്റെ പരിമിതമായ ജനായത്ത ആശയലോകംപോലും മലിനമായാൽ അതിന്റെ പ്രതിരോധശേഷി കുറഞ്ഞാൽ, വെറുപ്പിന്റെ വൈറസിന്റെ ഇളകിയാട്ടങ്ങൾ ആശുപത്രിയിലും കോടതിയിലും ക്ലാസ് മുറികളിലും കളിക്കളങ്ങളിലും കണ്ടുതുടങ്ങും. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഭാഗമായ ഖജുരാഹോ ക്ഷേത്രത്തിലെ വിഷ്ണുപ്രതിമയെ രൗദ്രഭക്തി, രാഷ്ട്രീയ പ്രചാരണത്തിനുള്ള ഉപാധിയാക്കാനുള്ള ശ്രമത്തെ നിയമപരമായി തള്ളുകയും പരിഹസിക്കുകയും ചെയ്തതാണ്, ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കെതിരെയുള്ള നവഫാഷിസ്റ്റ് പ്രകോപനത്തിന്റെ പ്രത്യക്ഷ കാരണമായി പറയപ്പെടുന്നത്. എന്നാൽ, അംബേദ്കറിസ്റ്റായ, ബി.ആർ. ഗവായിയുടെ അമ്മ കമൽതായി ഗവായിയെ എങ്ങനെയെങ്കിലും ആർ.എസ്.എസിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി അമരാവതിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയിൽ ഉണ്ടായ വെറുപ്പും കാരണമായി കണ്ടെത്തപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ജനായത്ത കശാപ്പിന്റെ ഭാഗമായ ബുൾഡോസർ രാജിനെതിരെ നിശിത നിലപാട് ബി.ആർ. ഗവായി പുലർത്തിയതിലും ജാതിമേൽക്കോയ്മാ ശക്തികൾ അസ്വസ്ഥരാണ്.
രാകേഷ് കിഷോർ എറിയാൻ ശ്രമിച്ച ഷൂ അയാളുടെ മാത്രം കാലിനും ചിലപ്പോൾ മുഖത്തിനും പാകമായേക്കും. എന്നാൽ, എനിക്കത് പാകമല്ലെന്നാണ് സൗമ്യമായി, എന്നാൽ ധീരമായി ആദരണീയനായ ന്യായാധിപൻ ബി.ആർ. ഗവായി പറയാതെ പറഞ്ഞത്. പണ്ടത്തെ വിരട്ടലൊന്നും പുറത്തെടുക്കണ്ട, അതൊക്കെ അങ്ങ് പൂട്ടി ആ ജാതിപ്പെട്ടിയിൽ വെച്ചേക്ക് എന്നുതന്നെയാവും അവിടെ കൂടിയ മനുഷ്യരൊക്കയും അപ്പോൾ ജാതിമേൽക്കോയ്മാവാദികളോട് പറയാതെ പറഞ്ഞത്! എന്നാലിപ്പോഴും രാകേഷ് കിഷോറിന്റെ അളിഞ്ഞ ചെരിപ്പിനെ അവമാനപ്പെടുത്തുന്ന, സ്വാതന്ത്ര്യമോഹികളെ ഉന്മത്തമാക്കിയ മറ്റൊരു ഷൂസ് ഉണ്ട്. അത് 2008ൽ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിന്റെ മുഖത്തിനുനേരെ, ‘This is a farewell kiss from the Iraqi people, you dog’ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് മുംതസിർ അൽസൈദ് എന്ന ഇറാഖി പത്രപ്രവർത്തകൻ എറിഞ്ഞ സമരഷൂവാണ്. അന്നദ്ദേഹം വിളിച്ചു, അല്ലയോ ശുനകേശ്രഷ്ഠാ, ഇത് നിനക്കുള്ള ഇറാഖി ജനതയുടെ വിടവാങ്ങൽ മുത്തം എന്നതിനോളം തിളക്കമുള്ളൊരു തീവാക്യം ഉച്ചരിക്കാൻ ജാതിമേൽക്കോയ്മയുടെ ചളിയിൽ അടിമുടി ആഴ്ന്നുനിൽക്കുന്ന അഡ്വക്കറ്റ് രാകേഷ് കിഷോറിനാവില്ല. പരമാവധി, ചോരയിറ്റുന്ന ഒരു താമര ചളിയിൽ ആഴ്ന്ന ആ ഷൂവിൽനിന്നും വിടരുമായിരിക്കും!
ഏപ്രിലാണേറ്റവും ക്രൂരമാസം എന്ന് ആംഗലേയ കവി എലിയറ്റ്. എന്നാൽ, ഇന്ത്യയിൽ പലയിടത്തും പ്രത്യേകിച്ച് ഉത്തർപ്രദേശിൽ എല്ലാ മാസവും ക്രൂരമാണ്! കഴിഞ്ഞ സെപ്റ്റംബറിലാണ് ബിരിബാരി ഗ്രാമത്തിലെ ഷാമാ പർവീർ എന്ന ഗർഭിണി, ജോൺപൂർ ജില്ല വിമൻസ് ഹോസ്പിറ്റലിൽ പ്രസവാവശ്യാർഥം ചെന്നത്. ഡ്യൂട്ടി ഡോക്ടർ പ്രസവാവശ്യാർഥം വന്നവൾ മുസ്ലിമായതിനാൽ താൻ ചികിത്സിക്കുകയില്ലെന്ന് പറഞ്ഞുവെത്ര! നിങ്ങൾക്കിപ്പോൾ ഇത്രയും വായിക്കുമ്പോൾ ഗുജറാത്ത് വംശഹത്യാകുപ്രശസ്ത ആ മായാകൊട്നാനിയെ ഓർമവരുന്നുണ്ടോ? ഉണ്ടെങ്കിലും ശരി ഇല്ലെങ്കിലും ശരി ഈ വാർത്ത പുറത്തുവിട്ട പത്രപ്രവർത്തകർ അറസ്റ്റിലായെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്! ഇങ്ങനെയൊക്കെ സംഭവിക്കുമോ? ഉണ്ടാവില്ലെന്നുതന്നെയാണ് മനസ്സ് ആശ്വസിപ്പിക്കുന്നത്. മനസ്സിലാക്കിയത് തെറ്റാവട്ടെ എന്നുതന്നെയാണ് മനസ്സ് മോഹിക്കുന്നത്!
ഉത്തർപ്രദേശിൽനിന്നുള്ള ഇതുപോലുള്ള ജാതിപ്പൊടി വാർത്തകളിൽ മനസ്സ് കുഴഞ്ഞ് മറിയുമ്പോഴാണ്, മലപ്പുറത്തുനിന്ന് എഴുത്തുകാരനും പ്രഭാഷകനും പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ല സെക്രട്ടറിയുമായ അസീസ് തുവ്വൂരിന്റെ ഫോൺ വന്നത്. അതുണ്ടാക്കിയ ഊർജം പങ്കുവെക്കാതിരുന്നുകൂടാ. പ്രത്യേകിച്ച് നവോത്ഥാനം ഉഴുതുമറിച്ച മലയാള മണ്ണിലും ജാതിയുടെ വിഷവിത്തുകൾ തഴച്ചുവളരുന്നത് കാണുമ്പോൾ!
ലോകം ശ്രദ്ധിച്ച ഇന്ത്യൻ സമരം എന്ന് വിശേഷിപ്പിക്കപ്പെട്ട 1921ലെ മഹാസമരത്തിന്റെ കേന്ദ്രങ്ങളിലൊന്നായ കരുവാരക്കുണ്ടിൽനിന്നുള്ള വാർത്തയാണ്, ആശങ്കയോടും അതോടൊപ്പം ആവേശത്തോടെയും അസീസ് തൂവ്വൂർ ഫോൺവഴി അവതരിപ്പിച്ചത്. അവിടത്തെ ഒരു കുടുംബശ്രീ ഹോട്ടൽ ഇരുപത് രൂപക്ക് സാമാന്യം നല്ല ഭക്ഷണം നൽകി മൂന്നുനാല് വർഷങ്ങളായി നല്ലനിലയിൽ നടന്നുപോരുകയാണ്. ഹോട്ടലിൽ ജോലിചെയ്യുന്ന അടിസ്ഥാന ജനവിഭാഗത്തിൽപെട്ട ഒരു സ്ത്രീയെ ചൂണ്ടി ചിലർ, അവർ ഭക്ഷണം പാകം ചെയ്യുകയും വിളമ്പുകയും ചെയ്യുന്നതിലുള്ള അതൃപ്തി പ്രകടിപ്പിച്ചുവെത്ര! ആവിധം അതൃപ്തി പ്രകടിപ്പിച്ചവരിൽ സവർണർ മാത്രമല്ല, മുസ്ലിംകളടക്കമുള്ള പലരും പെടും! അവരോട് രാധ എന്നുപേരുള്ള നായർ വിഭാഗത്തിൽപെട്ട ആത്മബോധമുള്ള സ്ത്രീ പറഞ്ഞുവെത്ര. നിങ്ങൾക്ക് സൗകര്യമുണ്ടെങ്കിൽ ഇവിടെ വന്ന് ഭക്ഷണം കഴിച്ചാൽ മതി. ഹോട്ടൽ പൂട്ടേണ്ടിവന്നാലും ഞങ്ങളൊരുമിച്ച് നിൽക്കും. കോേമ്രഡ്, ഗംഭീരമായി! വെറും കവിതയും കഥയും മാത്രമല്ല, ഇതുപോലുള്ള മാനവിക നിലപാടുകൂടിയാണ് ആവിഷ്കാരം. ജാതിമേൽക്കോയ്മയുടെ എരിയുന്ന മഹാവനങ്ങൾ തന്നരികിൽ ഇതുപോലുള്ള ശീതളനീർത്തടാകങ്ങൾ ഒന്നല്ല, ഒരായിരമുണ്ടല്ലോ നമുക്ക് എന്നത് പകരുന്ന നിർവൃതി അത്ര ചെറുതല്ല.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.