വെസ്റ്റ്മിനിസ്റ്റർ പാലസിന് മുന്നിൽ പ്ലക്കാഡ് ഉയർത്തുന്ന പ്രതിഷേധക്കാരൻ

ബ്രിട്ടീഷ് ജനത വിളിച്ചുപറയുന്നു; രാജവാഴ്ച തുലയട്ടെ

20ാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ, ലോക ഭൂവിസ്തൃതിയുടെ നാലിലൊന്ന് നിയന്ത്രണത്തിൽവെച്ചിരുന്നത് 'സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം എന്നറിയപ്പെട്ട ബ്രിട്ടീഷ് ഭരണകൂടമായിരുന്നു. ലോകയുദ്ധങ്ങളുടെ ഫലമായി മേൽക്കൈ നഷ്ടപ്പെടുകയും പുതുശക്തികൾ ആവിർഭവിക്കുകയും ചെയ്തതോടെ പ്രഭ മങ്ങിയെങ്കിലും സാമ്പത്തിക, സൈനിക രംഗങ്ങളിൽ നിർണായക സ്വാധീനം ചെലുത്താവുന്ന രാഷ്ട്രമായി അവർ നിലകൊള്ളുന്നു. സകല സ്വാതന്ത്ര്യങ്ങളും ഹനിച്ച് അടിമക്കോളനികളാക്കി വെച്ചിരുന്ന രാജ്യങ്ങളിൽ നിന്നുപോലും സാമ്രാജ്യത്തിന്റെ തറവാട്ടമ്മയായിരുന്ന രാജ്ഞിയുടെ വിയോഗത്തെ തുടർന്നുയർന്ന വിലാപഗാനങ്ങളും ഈ സ്വാധീനത്തിന്റെ തെളിവു തന്നെ. എന്നാൽ ഏഴ് പതിറ്റാണ്ടുകാലത്തെ നീണ്ട ഭരണത്തിനുശേഷം എലിസബത്ത് രാജ്ഞി മരണപ്പെട്ട വേളയിൽ രാജവാഴ്ചയുടെ തന്നെ ഖബറടക്കം നടത്താനായിരിക്കുന്നുവെന്ന് ആ രാജ്യത്തെ ഉൽപതിഷ്ണുക്കൾ കൂട്ടത്തോടെ വിളിച്ചുപറയുന്നു.

പൗരാവകാശങ്ങളും, ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കുന്നതിന് പതിനായിരങ്ങൾ പങ്കെടുത്ത വലിയ പ്രക്ഷോഭങ്ങളും സായുധകലാപങ്ങളും നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ ബ്രിട്ടനിൽ നടന്നിട്ടുണ്ട്. അവയുടെ ഫലമായാണ് ജനാധിപത്യവും പാർലമെന്റുമെല്ലാം നിലവിൽ വന്നതുപോലും. രാജഭരണം അവസാനിപ്പിക്കണമെന്നുള്ള ആവശ്യം ഇവിടെ നേരത്തേതന്നെ ഉയർന്നു തുടങ്ങിയതാണ്. രാജ്ഞിയുടെ അന്ത്യകർമങ്ങൾക്കുള്ള തയാറെടുപ്പുകൾ പൂർത്തിയാകുന്നതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലുതും ചെറുതുമായ പ്രതിഷേധങ്ങൾ വ്യാപകമായി. രാജ്ഞി മരിച്ചതോടെ മകൻ ചാൾസിനെ രാജാവായി പ്രഖ്യാപിച്ചത് എന്ത് അടിസ്ഥാനത്തിലാണ്? അദ്ദേഹം ജനസമ്മതിയില്ലാത്ത രാജാവല്ലേ എന്നെല്ലാം പ്രക്ഷോഭകർ ചോദിക്കുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. രാജഭരണം അവസാനിപ്പിക്കണമെന്നും, മറ്റ് ജനാധിപത്യ രാജ്യങ്ങളിലെന്നപോലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് രാഷ്ട്രത്തലവനാകുന്ന സംവിധാനം കൊണ്ടുവരണമെന്നുമാവശ്യപ്പെടുന്ന കാമ്പയിനും ശക്തിപ്പെടുന്നു.

എന്നുവെച്ച് പൊലീസിന്റെ രാജഭക്തിക്ക് ഒട്ടും കുറവില്ല. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെയും, കൈയേറ്റം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്കോട്ട്ലൻഡിലെ എഡിൻബറയിൽ ആൻഡ്രൂ രാജകുമാരനെ തടയാൻ ശ്രമിച്ച 22 വയസ്സുകാരനെ അറസ്റ്റ്ചെയ്ത് നീക്കിയിരുന്നു. ഈ അറസ്റ്റ് പ്രതിഷേധവും ശക്തിപ്പെടുത്തുന്നതിനാണ് വഴിതെളിച്ചത്. ചാൾസ് എന്റെ രാജാവല്ല എന്ന പ്ലക്കാർഡ് ഉയർത്തി പ്രതിഷേധം നടത്തിയ യുവതിയുടെ ദൃശ്യങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു.

ബ്രിട്ടീഷ് രാജ്ഞി/രാജാവ് രാഷ്ട്രമേധാവിയായ മറ്റ് രാഷ്ട്രങ്ങളിലും ഈ സംവിധാനം അവസാനിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ആസ്ട്രേലിയൻ പാർലമെന്റിലും ഇക്കാര്യം ചർച്ചയായിരുന്നു.

എലിസബത്ത് രാജ്ഞി മരിച്ചവേളയിൽ ബ്രിട്ടനിലെ പ്രമുഖപത്രമായ 'ഗാഡിയൻ' എഴുതിയ മുഖപ്രസംഗത്തിൽ ഇങ്ങനെ രേഖപ്പെടുത്തി-''പരമ്പരാഗതമായി ലഭിച്ച വിശേഷ അധികാരങ്ങളുടെ ബലത്തിൽ നിർമിക്കപ്പെട്ട രാജവാഴ്ച ആധുനിക യുഗത്തിന് യോജിച്ചതല്ല. അതിനാൽ മാറിയ, മാറിക്കൊണ്ടിരിക്കുന്ന രാജ്യമായ ബ്രിട്ടനിൽ രാജവാഴ്ചയും മാറണമെന്ന കാര്യം അംഗീകരിച്ചേ മതിയാവൂ''.

സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകാരും ലേബർപാർട്ടിയിലെ ഇടതുപക്ഷവും രാജഭരണം അവസാനിപ്പിക്കണമെന്ന ആവശ്യം നേരത്തേതന്നെ ഉന്നയിച്ചിരുന്നതാണ്. രാജവാഴ്ചക്ക് അന്ത്യമിടുകയെന്ന ലക്ഷ്യത്തോടെയുള്ള റിപ്പബ്ളിക്കൻ പ്രസ്ഥാനവും ബ്രിട്ടനിൽ ശകതിപ്രാപിച്ചുവരുകയാണ്. ദുഷ് പ്രഭുത്വത്തിന്റെ അവശിഷ്ടമാണ് രാജവാഴ്ചയെന്നും, അധികാര ക്രമത്തിന്റെയും കൊള്ളയുടെയും വിശിഷ്ടസ്മാരകം കൂടിയാണിതെന്നുമുള്ള ഐറിഷ് സോഷ്യലിസ്റ്റും, ട്രേഡ് യൂനിയൻ നേതാവുമായ ജെയിംസ് കൊണോലിയുടെ 1911ൽ പുറത്തുവന്ന നിരീക്ഷണം ഇന്ന് ഏറെ ചർച്ചയാകുന്നുണ്ട്.

ബ്രിട്ടനിൽ ഏറ്റവും കൂടുതൽ സ്വകാര്യ സ്വത്തുള്ള വ്യക്തിയാണ് പുതുതായി രാജാവായി കിരീടധാരണം ചെയ്ത ചാൾസ് മൂന്നാമൻ. 23 രാജ്യങ്ങളിലായി 1,35,000 ഏക്കർ ഭൂമിയാണ് ചാൾസിന്റെ പേരിലുള്ളത്. എലിസബത്ത് രാജ്ഞിയുടെ വ്യക്തിപരമായ സമ്പാദ്യം 340 ദശലക്ഷം പൗണ്ടാണത്രേ. ബ്രിട്ടീഷ് രാജാവും കുടുംബാംഗങ്ങളും നടത്തുന്ന കോർപറേറ്റ് സ്ഥാപനങ്ങളെ സംബന്ധിച്ചും വൻ നിക്ഷേപങ്ങളെ സംബന്ധിച്ചുമുള്ള വിവരങ്ങൾ ''പാരഡൈസ് പേപ്പേഴ്സ്'' പുറത്തുവന്നിരുന്നു. ആപ്പിൾ, നൈക് എന്നീ കോർപറേറ്റ് സ്ഥാപനങ്ങൾ കായമൻ ദ്വീപിൽ വ്യാജ കമ്പനികളുടെ മേൽവിലാസത്തിൽ വൻ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിൽ ബ്രിട്ടീഷ് രാജകുടുംബം നടത്തിയ വൻനിക്ഷേപങ്ങളെ സംബന്ധിച്ച വിവരങ്ങളുമുണ്ടായിരുന്നു.

ആഗോള ബാങ്കുകളും, പ്രഫഷനൽ സംഘടനകളും, പബ്ലിക്റിലേഷൻസ് ഏജൻസിയുമൊക്കെ ചേർന്ന് പ്രവർത്തിക്കുന്ന മാനേജീരിയൽ സംവിധാനം ബ്രിട്ടീഷ് രാജകുടുംബത്തിനുണ്ട്. 17ാം നൂറ്റാണ്ടുമുതൽ അടിമക്കച്ചവടത്തിലൂടെയും, അധിനിവേശ അതിക്രമത്തിലൂടെയും കുന്നുകൂട്ടിയ സമ്പത്താണ് രാജാധികാരത്തിന്റെ മൂലധനശേഷിപ്പ്. വലിയ നിക്ഷേപങ്ങളുള്ള വലിയൊരു കോർപറേറ്റ് സ്ഥാപനമാണിത്. കോഹിനൂർ രത്നമടക്കമുള്ള വൻ സ്വർണശേഖരം രാജകുടുംബത്തിനുണ്ട്.

ബ്രിട്ടീഷ് ജനത പൊതുവെ രാഷ്ട്രീയ പ്രബുദ്ധരും ഉൽപതിഷ്ണുക്കളുമാണ്. അതുകൊണ്ട് തന്നെ നീതീകരണമില്ലാതെ യു.കെ യിൽ തുടരുന്ന രാജവാഴ്ചക്കെതിരായ പ്രതിഷേധത്തെ ഭരണാധികാരികൾക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയുകയില്ല. ബ്രിട്ടനിലെ കൺസർവേറ്റിവ് പാർട്ടി (ടോറി) ഒഴികെയുള്ള എല്ലാ പാർട്ടികളും രാജഭരണത്തിന് തത്ത്വത്തിലെതിരും റിപ്പബ്ലിക്കൻ ഭരണഘടന വേണമെന്ന അഭിപ്രായമുള്ളവരുമാണ്. അതുകൊണ്ടുതന്നെ ഇന്നല്ലെങ്കിൽ നാളെ രാജഭരണത്തിനെതിരായ ജനകീയ പ്രക്ഷോഭം വിജയം കാണുകതന്നെ ചെയ്യും.

Tags:    
News Summary - British people say Let the monarchy end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.