ജോൺ ബോൾട്ടൻ എന്ന അനുഭവ സമ്പത്തുള്ള സൈനിക ഉദ്യോഗസ്ഥനെ അമേരിക്കയുടെ രാജ്യസുരക്ഷ ഉപദേശകപദവിയിൽനിന്നു നീക്കിയ ഡോണൾഡ് ട്രംപ് അപ്രതീക്ഷിതമായൊരു നീക്കമാണ് നട ത്തിയത്. വിസ്തരിച്ച മീശയും ശൗര്യമുണർത്തുന്ന മുഖഭാവവും കാരണം കൂട്ടത്തിൽ ശ്രദ്ധപി ടിച്ചുപറ്റിയ ബോൾട്ടൻ പുറത്തെന്നപോലെ അകത്തും തീവ്രനിലപാടുകാരനായിരുന്നു. 2003ൽ അമേ രിക്കയുടെ ഇറാഖ് യുദ്ധത്തിന് കാർമികത്വം വഹിച്ചത് ജോൺ ബോൾട്ടനായിരുന്നു.
സദ്ദാം ഹുസൈെൻറ വശം ‘കൂട്ട നശീകരണായുധങ്ങൾ’ ഉണ്ടായിരുന്നുവെന്ന വാദം തെറ്റായിരുന്നുവെന ്നും തികച്ചും അനാവശ്യമായിരുന്ന യുദ്ധത്തിലൂടെ ലക്ഷക്കണക്കിന് മനുഷ്യർ-വൃദ്ധരും കു ഞ്ഞുങ്ങളും സ്ത്രീകളും–മരിക്കുകയും ബാക്കിയുള്ളവർ ഇന്നും നരകതുല്യമായ ജീവിതം നയിക ്കുകയാണെന്നും ഇന്ന് ലോകം പരക്കെ അംഗീകരിച്ചിട്ടുണ്ട്. ജോർജ് ബുഷിന് നിരുപാധികം പിന്തുണ നൽകിയ ടോണി ബ്ലയർ ഗത്യന്തരമില്ലാതെ ലോകത്തോട് മാപ്പുപറയേണ്ടി വന്നു! ഇതൊക്കെയും വസ്തുതകളായിരിക്കെ തന്നെ, ഇറാഖിനെതിരെ യുദ്ധം നയിച്ചത് താനായിരുന്നുവെന്ന ഹുങ്ക് ഇപ്പോഴും വെച്ചുപുലർത്തുന്ന വ്യക്തിയാണ് ജോൺ ബോൾട്ടൻ. ആൾ ചില്ലറക്കാരനായിരുന്നില്ലെന്നു ചുരുക്കം.
ബോൾട്ടൻ വിടവാങ്ങിയതിൽ വാഷിങ്ടണ് ആഘോഷിക്കാൻ വകയില്ലാതെയില്ല. ട്രഷറി ബെഞ്ചിൽ തീവ്രവാദങ്ങളാൽ, വിദേശ രംഗത്ത് അമേരിക്കയെ എടുത്തുചാട്ടങ്ങൾക്ക് പ്രേരിപ്പിച്ചിരുന്ന വ്യക്തി എന്ന നിലക്ക് അദ്ദേഹത്തിെൻറ അഭാവം തൽക്കാലത്തേക്കെങ്കിലും സമചിത്തതയുള്ളവർക്ക് സമാധാനം നൽകും. പല വിഷയങ്ങളിലും ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു ഡോണൾഡ് ട്രംപ് തന്നെ അദ്ദേഹത്തോട് രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഒരുപക്ഷേ, ഇതിൽ ഏറെ കുണ്ഠിതപ്പെടുന്ന വ്യക്തി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു മാത്രമായിരിക്കും. കൂടെ, സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോവും ഉണ്ടാകാം. എന്നാൽ, ട്രഷറി സെക്രട്ടറി സ്റ്റീവ് നൂഷിനെപ്പോലുള്ള സമാധാനകാംക്ഷികൾക്ക് അവരുടെ സ്വതന്ത്രമായ പ്രവർത്തനങ്ങൾക്ക് വലിയ തടസ്സങ്ങൾ ഉണ്ടാകുകയില്ലെങ്കിൽ അതിൽ സന്തോഷിക്കുന്നവർ അമേരിക്കക്കാർ മാത്രമായിരിക്കില്ല.
വൈറ്റ്ഹൗസിൽ നിന്നു ബോൾട്ടൻ പടിയിറങ്ങുന്നത് ഏറെ നിരാശയോടെയാണ്. ഇത് തീവ്ര വലതുപക്ഷ റിപ്പബ്ലിക്കൻ അംഗങ്ങളുടെയും സയണിസ്റ്റുകളുടെയും കൂടി അസ്വസ്ഥതയാണ്. കഴിഞ്ഞ വർഷം പാരിസിൽ, ഇറാനിലെ പ്രതിപക്ഷ നേതാക്കളെ വിളിച്ചുവരുത്തി ബോൾട്ടൻ അവർക്കൊരു വാക്ക് കൊടുത്തിരുന്നു. മറ്റൊന്നുമല്ല, ഇറാനിൽ ഭരണമാറ്റം ആസന്നമാണെന്ന്. ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്ന ഗൾഫ് ഭരണാധികാരികൾക്കും ഇത് ആവേശം പകർന്നു. പക്ഷേ, നോമ്പുനോറ്റു കാത്തിരുന്നതല്ലാതെ, ഇറാനുമായി സംഘട്ടനത്തിനുള്ള സാധ്യതകൾ അകന്നു പോകുകയാണുണ്ടായത്.
കഴിഞ്ഞവർഷം ജനുവരിയിൽ, നിയമവിധേയമായി തെരഞ്ഞെടുക്കപ്പെട്ട നികളസ് മദൂറോ അധികാരത്തിൽ വന്നപ്പോൾ തന്നെ, അദ്ദേഹത്തെ താഴെയിറക്കാനായുള്ള ശ്രമങ്ങളും ആരംഭിച്ചു. തലസ്ഥാനമായ കറാക്കസിൽ നിന്നും പ്രതിപക്ഷ നേതാവ് യുവാൻ ഗൊയ്ദോ അധികാരത്തിൽ ഉപവിഷ്ടനാവുകയും ഏപ്രിൽ 30ന് സൈനികരെ സംബോധന ചെയ്ത് അവരോട് കൂറുമാറാൻ ആവശ്യപ്പെടുകയും ചെയ്തു. ഇൗ ജനാധിപത്യലംഘനത്തെ മുന്നിൽനിന്നു തുണച്ചത് അമേരിക്കയും കാനഡയുമായിരുന്നു. കൂടെ, യൂറോപ്യൻരാഷ്ട്രങ്ങളും. ജോൺ ബോൾട്ടൻ യുവാൻ ഗൊയ്ദോവിെൻറ വിജയം പ്രവചിച്ചു. എന്നാൽ, നികളസ് മദൂറോ പൂർവാധികം പിന്തുണയോടെ ഭരണത്തിൽ തുടരുന്നതിനു ട്രംപ് ഭരണകൂടം സാക്ഷിയാകേണ്ടി വന്നിരിക്കുന്നു.
അഫ്ഗാനിസ്താൻ, ഇറാഖ് എന്നിവിടങ്ങളിൽനിന്നു അമേരിക്കൻ സേന പിൻവാങ്ങുന്നതിൽ ജോൺ ബോൾട്ടൻ അസന്തുഷ്ടനായിരുന്നു. ഇതു തന്നെയാണോ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനുള്ള അവസാന കാരണമെന്നും സംശയിക്കുന്നവരുണ്ട്. അഫ്ഗാനിലേത് കഴിഞ്ഞ പതിനെട്ടു വർഷങ്ങളായി തുടരുന്ന യുദ്ധമാണ്. അമേരിക്കയുടെ കണക്കനുസരിച്ച് 2400 ലേറെ യു.എസ് പടയാളികൾ അവിടെ മൃത്യുവരിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോഴും 14000ത്തോളം അമേരിക്കൻ സൈനികർ അഫ്ഗാൻ മലമടക്കുകളിൽ മരണവും കാത്തുകഴിയുകയാണ്. ഇതു മനസ്സിലാക്കി തന്നെയാണ് ക്യാമ്പ് ഡേവിഡിൽ വെച്ച് താലിബാൻ പ്രതിനിധികളും അഫ്ഗാൻ പ്രസിഡൻറ് അശ്റഫ് ഗനിയും യു.എസ് പ്രസിഡൻറ് ട്രംപും സന്ധിക്കാമെന്നു തീരുമാനിച്ചത്. പക്ഷേ, കാബൂളിൽ നടന്ന ഒരു സ്ഫോടനത്തെത്തുടർന്നു അത് ഉപേക്ഷിക്കപ്പെട്ടു. എന്നാൽ, ജോൺ ബോൾട്ടൻ വഴി പിരിഞ്ഞശേഷം, സെപ്റ്റംബർ അവസാനത്തോടെ ഈ ഒത്തുചേരൽ സംഭവിക്കുമെന്നാണ് ‘വാഷിങ്ടൺ പോസ്റ്റ്’ പ്രസ്താവിക്കുന്നത്. ഈ നീക്കം അഫ്ഗാനിസ്താനെ സമാധാനത്തിലേക്ക് നയിക്കുവാൻ സഹായകമാകട്ടെ എന്ന് പ്രാർഥിക്കാം.
ഇറാനായിരുന്നു ജോൺ ബോൾട്ടെൻറ കണ്ണിലെ കരട്. യുദ്ധസന്നാഹങ്ങളുടെ മുന്നോടിയായി ‘ഗ്ലോബൽ ഹോക്’ ഹുർമുസിലേക്ക് പുറപ്പെട്ടപ്പോൾ അത് ഔദ്ധത്യത്തോടെ പ്രഖ്യാപിക്കാൻ മുന്നിൽനിന്നത് ബോൾട്ടനായിരുന്നു. എന്നാൽ, അത് ഇറാെൻറ വിപ്ലവഗാർഡുകൾ വെടിെവച്ചു വീഴ്ത്തിയതിനാൽ അദ്ദേഹത്തിെൻറയും നെതന്യാഹു ഉൾപ്പെടെയുള്ളവരുടെയും സ്വപ്നങ്ങൾ തകർന്നു. ഇറാനെ സിറിയയിൽ ഇടപെടുന്നതിൽനിന്നു തടഞ്ഞുനിർത്താനുള്ള ഇസ്രായേലിെൻറ ശ്രമങ്ങൾക്ക് ബോൾട്ടെൻറ പിന്തുണയുണ്ടായിരുന്നു. ഇപ്പോൾ, ലബനാെൻറ ദക്ഷിണഭാഗത്ത് യുദ്ധം നടന്നുകൊണ്ടിരിക്കുന്നത് ഇറാനെ വരുതിയിൽ നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഇറാെൻറയും ഹിസ്ബുല്ലയുടെയും കേന്ദ്രങ്ങളിലേക്ക് ഇസ്രായേൽ ആഗസ്റ്റ് അവസാനവാരം ഡ്രോൺ അയച്ചത് ഒരു യുദ്ധത്തിന് കോപ്പുകൂട്ടാനുള്ള തന്ത്രമായിരുന്നുവെന്നറിയുന്നു. എന്നാൽ, ഇസ്രായേലിെൻറ ശക്തിപ്രകടനങ്ങൾ മിഥ്യയാണെന്ന് പ്രഖ്യാപിച്ചു ഹിസ്ബുല്ലയുടെ യുവാക്കൾ നെതന്യാഹു അയച്ച ആളില്ലാ വിമാനം വെടിവെച്ചു വീഴ്ത്തി ആ ശ്രമം പരാജയപ്പെടുത്തി.
മധ്യധരണ്യാഴിയിലും ഗൾഫിലും ഹുർമുസ് കടലിടുക്കിലും ഒരേസമയത്ത് വ്യോമാക്രമണങ്ങൾ അഴിച്ചുവിട്ട് ഇറാനെ വരുതിയിൽ ആക്കാമെന്ന സയണിസ്റ്റ് തന്ത്രം ചീറ്റിപ്പോയിരിക്കുന്നു. സിറിയയിൽ അമേരിക്കൻഭീഷണി വിലപ്പോവില്ലെന്നുവന്നത് ഇറാെൻറയും ഇറാെൻറ പിന്തുണയുള്ള ഹിസ്ബുല്ലയുടെയും സാന്നിധ്യംകൊണ്ടാണ്. യമനിലും അമേരിക്കൻപിന്തുണയുള്ള സഖ്യസേന ഹൂതികളോടു പരാജയപ്പെടുകയാണ്. ഒരു യുദ്ധമുണ്ടാകുന്ന പക്ഷം ഹൂതികളെയും ‘അൻസാറുല്ല’യെയും ഹമാസിനെയും ലബനാനിലെ ഹിസ്ബുല്ലയെയുമെല്ലാം ഒന്നിച്ച് നേരിടേണ്ടിവരുന്ന അവസ്ഥ അത്ര സുഖകരമായിരിക്കില്ലെന്നുതന്നെയാണ് ഡോണൾഡ് ട്രംപ് കണക്കുകൂട്ടുന്നതെന്ന് മനസ്സിലാവുന്നു. അനുഭവങ്ങളിൽനിന്നുള്ള ഈ പാഠമായിരിക്കണം ജോൺ ബോൾട്ടനെ പടിയിറക്കാൻ ഡോണൾഡ് ട്രംപിനെ പ്രേരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.