‘ബി.ജെ.പിയുടെ ബി ടീമിനെ കേരളത്തിൽ ആവശ്യമില്ല, സി.പി.എം തെറ്റുതിരുത്തണം’

കേരളത്തിന്റെ മതേതര മനസ്സ് ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത മാറാട് സംഭവങ്ങളെ എ.കെ. ബാലൻ വീണ്ടും ചർച്ചക്കിട്ടിരിക്കുകയാണ്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമി കൈകാര്യം ചെയ്യുമെന്നും, മാറാടുകൾ ആവർത്തിക്കപ്പെടുമെന്ന തന്റെ പ്രസ്താവന തിരുത്താനോ, മാപ്പു പറയാനോ തയാറല്ലെന്ന് ജമാഅത്തെ ഇസ്‌ലാമി അയച്ച വക്കീൽ നോട്ടീസിന് മറുപടിയായി ഇന്ന് വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. മറിച്ചൊരു വാക്ക് ബാലനിൽനിന്ന് കേരളം പ്രതീക്ഷിച്ചതുമല്ല. ബാലന്റെ വാർത്തസമ്മേളനത്തെ രണ്ടു ഭാഗങ്ങളായി തിരിക്കാം. ഒന്ന് കാരണഭൂതന്റെ ബ്രണ്ണൻ തള്ളു പോലെ, “ഞാൻ മാപ്പു പറയില്ല”, “കേസ് പുത്തരിയല്ല”, തുടങ്ങി സൈബർ ക്യാപ്സൂൾ വിതരണക്കാർക്ക് മാസ്സ് ഡാ എന്ന് പറയാനും ബി.ജി.എം ഇട്ട് സ്റ്റാറ്റസ് ഇടാനും പറ്റുന്ന ആദ്യ ഭാഗം. രണ്ട് താൻ മതേതര വാദിയാണ് എന്ന് സ്ഥാപിക്കാൻ പാടുപെടുന്ന രണ്ടാം ഭാഗം. കൂട്ടത്തിൽ "ജമാഅത്തെ എന്നാണ് താൻ പറഞ്ഞത്, ജമാഅത്ത് കുറേയുണ്ട്, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഇപ്പോൾ യാത്ര നടത്തുന്നതും ഒരു ജമാഅത്തിന്റെ പേരിലാണ്, കശ്മീരിലും ബംഗ്ലാദേശിലും ജമാഅത്ത് ഉണ്ട്, അതിനാൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അയച്ച വക്കീൽ നോട്ടീസ് തന്നെ ബാധിക്കില്ല" എന്ന സംഘപരിവാർ മോഡൽ ന്യായീകരണവും. അപ്പോൾ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കാന്തപുരം വിഭാഗം ആഭ്യന്തരം ഭരിക്കുമെന്നാണോ ബാലൻ നേരത്തെ ഉദ്ദേശിച്ചത്, അതോ ബംഗ്ലാദേശികൾ കേരളം ഭരിക്കുമെന്നോ?

ബാലൻ തന്റെ വർഗീയ പ്രസ്താവന തിരുത്താൻ തയാറാവാത്തിടത്തോളം കാലം പത്രസമ്മേളനത്തിന്റെ രണ്ടാം ഭാഗം കേവലം നാട്യം മാത്രമാണെന്ന് വിലയിരുത്തേണ്ടി വരും. ബാലന്റെ പ്രസ്താവന കേവലം നാക്കുപിഴയല്ല, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം സ്വീകരിക്കാൻ പോകുന്ന അപകടകരമായ അടവുനയത്തിന്റെ സൂചനയാണ് എന്നും ഇതോടെ വ്യക്തമായി. ഹസ്സൻ-കുഞ്ഞാലിക്കുട്ടി-അമീർ കൂട്ടുകെട്ട് എന്ന കഴിഞ്ഞ കാലങ്ങളിലെ പല്ലവി പുതിയ വാക്കുകളിൽ പാടുകയാണ് ബാലന്മാർ. മാറാട് എന്നത് സംഘപരിവാർ കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ഉപയോഗിച്ചിരുന്ന ഒരു പ്രതീകമാണ്. അതേ പ്രതീകം, അതേ അർഥത്തിൽ, അതേ ലക്ഷ്യത്തോടെ ഒരു ഇടതുപക്ഷ നേതാവ് ഉപയോഗിക്കുന്നു എന്നത് കൃത്യമായി പ്ലാൻ ചെയ്ത ഒരു 'സൈക്കോളജിക്കൽ വാർഫെയർ' ആണെന്ന് മനസ്സിലാക്കാം. ഭൂരിപക്ഷ സമുദായത്തിനുള്ളിൽ സുരക്ഷിതത്വമില്ലായ്മ സൃഷ്ടിക്കുക, അതുവഴി അവരുടെ വോട്ടുകൾ ഏകീകരിക്കുക എന്ന ഹീനമായ അജണ്ട ഇതിന് പിന്നിലുണ്ട്. "ഭയം വിൽക്കുക" എന്ന തന്ത്രമാണിത്. മുറിവുകൾ ഉണക്കുന്നതിന് പകരം, അത് മാന്തിപ്പൊളിച്ച് ചോരയൊഴുക്കി ലാഭം കൊയ്യുന്ന ഈ രീതി കേരളത്തിന്റെ മതേതര മനസ്സാക്ഷിക്ക് ചേർന്നതല്ല.

 സംഘപരിവാർ കാലങ്ങളായി പയറ്റുന്ന ഇസ്ലാമോഫോബിയ എന്ന രാഷ്ട്രീയ ആയുധം, ഇടതുപക്ഷം എത്രത്തോളം തന്ത്രപരമായി ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ തെളിവാണിത്. ജമാഅത്തെ ഇസ്‌ലാമി കേരള മുസ്ലിംകളിലെ ഒരു ശതമാനത്തെ പോലും പ്രതിനിധീകരിക്കുന്നില്ല എന്ന് പറയുന്നവർ നിരന്തരം ജമാഅത്തെ ഇസ്‌ലാമി വിരുദ്ധ പ്രസ്താവനകൾ നടത്തുന്നതിൽനിന്നു തന്നെ ലക്ഷ്യം വ്യക്തമാണ്. ഉന്നം ജമാഅത്തെ ഇസ്‌ലാമിയെന്ന സംഘടനയല്ല, മറിച്ച് മുസ്ലിം ഉമ്മത്ത് മുഴുവനാണ്. മുസ്ലിം അപരവത്കരണത്തിലൂടെ ഭൂരിപക്ഷ വോട്ടുകൾ സമാഹരിക്കുക എന്ന അപകടകരമായ അജണ്ടയാണ് ഇതിന് പിന്നിലുള്ളത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് കാലത്ത് സ്ഥിരമായി ഉപയോഗിക്കുന്ന വർഗീയ കാർഡിന്റെ മലയാള പതിപ്പാണ് എ.കെ. ബാലന്റെ പ്രസ്താവന. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി ബന്ധത്തിൽ മുന്നണിക്കുള്ളിൽ തന്നെ തിരുത്തൽ വാദങ്ങൾ ഉയർന്നു. എന്നാൽ തെറ്റുകളിൽ നിന്ന് പാഠം പഠിക്കുന്നതിന് പകരം, കൂടുതൽ തീവ്രമായ വർഗീയ ധ്രുവീകരണത്തിനാണ് സി.പി.എം ഇപ്പോൾ കോപ്പുകൂട്ടുന്നത്.

1960കളിൽ അമേരിക്കൻ രാഷ്ട്രീയത്തിൽ റിപ്പബ്ലിക്കൻ പാർട്ടി പയറ്റിയ കുപ്രസിദ്ധമായ 'സതേൺ സ്ട്രാറ്റജി'യുടെ കേരള പതിപ്പാണ് സി.പി.എം ഇപ്പോൾ നടപ്പാക്കുന്നത്. അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളിലെ വെള്ളക്കാരുടെ വോട്ടുകൾ മൊത്തമായി പെട്ടിയിലാക്കാൻ, കറുത്ത വർഗക്കാരെക്കുറിച്ച് ഭീതി പരത്തുകയും വംശീയ ധ്രുവീകരണം നടത്തുകയുമായിരുന്നു റിപ്പബ്ലിക്കൻ പാർട്ടി ചെയ്തത്. നേരിട്ട് വംശീയത പറയാതെ, "ക്രമസമാധാനം", "സ്റ്റേറ്റ്സ് റൈറ്റ്സ്” തുടങ്ങിയ കോഡുകളിലൂടെ അവർ ഭൂരിപക്ഷത്തെ പേടിപ്പിച്ച് കൂടെ നിർത്തി. ഇവിടെ സി.പി.എം ചെയ്യുന്നതും ഇതേ തന്ത്രമാണ്. ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകൾ ഏകീകരിക്കാൻ അവർ 'പൊതുശത്രു'വിനെ സൃഷ്ടിച്ചിരിക്കുന്നു. "മാറാടുകൾ ആവർത്തിക്കും", "ജമാഅത്ത് പൊലീസ് ഭരിക്കും" എന്നീ പ്രസ്താവനകൾ സതേൺ സ്ട്രാറ്റജിയുടെ ആവർത്തനമാണ്.

വികസനമോ, ഭരണനേട്ടങ്ങളോ ചർച്ചയാക്കുന്നതിന് പകരം, വൈകാരികമായ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത് ഫാഷിസ്റ്റ് രീതിയാണ്. കേരളത്തിലെ ഭരണപരാജയങ്ങളും സാമ്പത്തിക പ്രതിസന്ധിയും ചർച്ചയാകാതിരിക്കാൻ 'ജമാഅത്ത് ഭൂതത്തെ' തുറന്നുവിടുകയാണ് സി.പി.എം. എന്നു മുതലാണ് ജമാഅത്തെ ഇസ്‌ലാമി ഇടതുപക്ഷത്തിന് തൊട്ടു കൂടാൻ പറ്റാത്തവരായത്. വർഷങ്ങളോളം ജമാഅത്ത് വോട്ടു പെട്ടിയിലാക്കിയവർക്ക് പെട്ടെന്ന് ഒരു നാൾ എന്തു വെളിപാടാണ് ലഭിച്ചത്. 1996ലെ തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം-ജമാഅത്തെ ഇസ്‌ലാമി കൂടിക്കാഴ്ച നടന്നത് എന്റെ തറവാട്ടു വീട്ടിലായിരുന്നു. അന്ന് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്ന എന്റെ പിതാവ് അബൂബക്കർ മാസ്റ്ററായിരുന്നു ഇതിന് വേദിയൊരുക്കിയത്. സി.പി.എമ്മിൽ നിന്ന് കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ്‌ കുട്ടി, സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ഉമ്മർ മാസ്റ്റർ ഉൾപ്പെടെയുള്ളവരും ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഗത്ത് നിന്ന് കേന്ദ്ര ശൂറ അംഗമായിരുന്ന ടി.കെ. അബ്ദുല്ല സാഹിബ്, സംസ്ഥാന സെക്രട്ടറി ആയിരുന്ന ഹക്കീം സാഹിബ്, ഒ. അബ്ദുറഹിമാൻ (പ്രബോധനം വാരികയിൽ ഒരു ലേഖനത്തിൽ എ.ആർ ഈ യോഗം പരാമർശിച്ചിരുന്നു) തുടങ്ങിയവരും ചർച്ചയിൽ ഭാഗമായി. അതുവരെ മണ്ഡലാടിസ്ഥാനത്തിൽ മൂല്യാധിഷ്ഠിതമായി വോട്ട് ചെയ്തിരുന്ന ജമാഅത്തെ ഇസ്‌ലാമിയോട് സംസ്ഥാന വ്യാപകമായി ഇടതുപക്ഷത്തിന് പിന്തുണ തേടാനായിരുന്നു ഈ ചർച്ച. ആ തെരഞ്ഞെടുപ്പ് കാലം മുതൽ തുടങ്ങിയ ജമാഅത്തെ ഇസ്‌ലാമി-സി.പി.എം കൂട്ടുകെട്ട് പതിറ്റാണ്ടുകൾ നീണ്ടു.

ജമാഅത്തെ ഇസ്‌ലാമിയോടുള്ള രാഷ്ട്രീയ വിയോജിപ്പുകൾ ജനാധിപത്യപരമായി നേരിടുന്നതിന് പകരം, അവരെ രാക്ഷസവത്കരിച്ച് അതിലൂടെ ഒരു സമുദായത്തെ ഒന്നാകെ സംശയത്തിന്റെ മുനയിൽ നിർത്തുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയലാണ്. ബാലന്റെ പ്രസ്താവനകൾ സംഘ പരിവാർ ഹാൻഡിലുകൾ ഏറ്റെടുത്തു കഴിഞ്ഞു. ബി.ജെ.പി പറയുന്ന അതേ കാര്യങ്ങൾ സി.പി.എം പറയുമ്പോൾ, അണികൾ എന്തിനു ഡ്യൂപ്ലിക്കേറ്റിനെ പിന്തുണക്കണം? അവർ ഒറിജിനൽ ബി.ജെ.പിയെ തേടി പോയി തുടങ്ങി, അതിന്റെ ഒടുവിലെ ഉദാഹരണമാണ് ടെലിവിഷൻ ചർച്ചകളിൽ സി.പി.എമ്മിന് വേണ്ടി തൊണ്ട കീറിയിരുന്ന റെജി ലൂക്കോസ് കഴിഞ്ഞ ദിവസം ബി.ജെ.പി അംഗത്വമെടുത്തത്. തെറ്റു തിരുത്താൻ സി.പി.എം തയാറാവണം. ബി.ജെ.പിയുടെ ബി ടീമിനെ കേരളത്തിൽ ആവശ്യമില്ല. ഇടതുപക്ഷം സ്വന്തം ഇടം നഷ്ടപ്പെടുത്തരുത്.

(എം.എ എം.ഒ കൊളജ് അധ്യാപകനാണ്)

Tags:    
News Summary - 'BJP's B team is not needed in Kerala, CPM should correct its mistake'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.