വര: കിഴക്കൂട്ട് ഗോപിക ബാബു

ബാ​ബ​രി മ​സ്ജി​ദ് കി അമർ ക​ഹാ​നി -4

മസ്ജിദിനുള്ളിലേക്ക് കടത്തിവെച്ച വിഗ്രഹങ്ങളിൽ പൂജ ചെയ്യാൻ അനുമതി തേടി രാജസ്ഥാൻ ​സ്വദേശി ഗോപാൽ സിങ് വിശാരദ് 1950 ജനുവരിയിൽ കോടതിയെ സമീപിച്ചു. പിന്നാലെ രാംചന്ദ്ര പരമഹംസും നിർമോഹി അഖാഡയും കേസുകൾ നൽകി. 1961ൽ വിഗ്രഹങ്ങൾ നീക്കി പള്ളി വീണ്ടെടുക്കാൻ സുന്നി വഖഫ് ബോർഡ് കേസ് നൽകി. വ്യവഹാരങ്ങൾ ആരംഭിച്ചെങ്കിലും അയോധ്യയിലെ ജനങ്ങൾക്കിടയിൽ വർഗീയ വേർതിരിവ് കുറഞ്ഞിരുന്നു. പലപ്പോഴും നിർമോഹി അഖാഡയുടെ ഹരജിക്കാരൻ മഹന്ത് ഭാസ്കർദാസും മുസ്‍ലിം പക്ഷത്തെ ഹരജിക്കാരൻ ഹാഷിം അൻസാരിയും ഒരേ റിക്ഷയിലാണ് കോടതിയിലേക്ക് പോയിരുന്നത്. 


യു.പിയിൽ ഒതുങ്ങി നിന്ന ബാബറി മസ്ജിദ് വിഷയം ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിക്കാൻ 1984ൽ സംഘ്പരിവാർ സംഘടനകൾ രാമജന്മഭൂമി പ്രസ്ഥാനം ആരംഭിച്ചു. മുസ്‍ലിം പ്രീണനമെന്ന ആരോപണത്തെ മറികടക്കാൻ മൃദുഹിന്ദുത്വം സ്വീകരിച്ച കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ 1986ൽ ബാബറി മസ്ജിദ് പൂജകൾക്കായി തുറന്നു​കൊടുത്തു. പള്ളിയുടെ വീണ്ടെടുപ്പിന് അഖിലേന്ത്യാ മുസ്‍ലിം വ്യക്തിനിയമ ബോർഡിന്റെ മുൻകൈയിൽ ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. വോട്ട്മോഹത്തിൽ ബാബറി മസ്ജിദ് ഭൂമിയിൽ ശിലാന്യാസം നടത്താൻ 1989ൽ രാജീവ്ഗാന്ധി സർക്കാർ വി.എച്ച്.പിയെ അനുവദിക്കുന്നു.


എട്ടാം ലോക്സഭയിൽ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി 1989ൽ നടന്ന അടുത്ത പൊതുതെരഞ്ഞെടുപ്പിൽ 85 സീറ്റിലേക്കുയരാൻ രാമക്ഷേത്രപ്രക്ഷോഭം സഹായിച്ചു.കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടു. ബി.ജെ.പി പിന്തുണയോടെ വി.പി.സിങ് സർക്കാർ അധികാരത്തിലേറി. സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് രാമക്ഷേ​ത്ര രഥയാത്ര നയിച്ച എൽ.കെ. അദ്വാനിയെ ബിഹാറിലെ സമസ്തിപൂരിൽ ലാലുപ്രസാദ് യാദവ് സർക്കാർ അറസ്റ്റു ചെയ്തു. വി.പി.സിങിനുള്ള പിന്തുണ ബി.ജെ.പി പിൻവലിച്ചു. 1991ലെ പൊതുതെരഞ്ഞെടുപ്പിൽ നരസിംഹറാവുവിന്റെ നേതൃത്വത്തിൽ കോൺ​ഗ്രസ് അധികാരത്തിൽ.121 സീറ്റുമായി ബി.ജെ.പി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി.


ബാബരി മസ്ജിദ് വളപ്പിൽ പ്രതീകാത്മക പൂജക്കായി ഒത്തുചേരുമെന്ന വി.എച്ച്.പി പ്രഖ്യാപനത്തിൽ ആശങ്കയറിയിച്ച് മുസ്‍ലിംനേതാക്കൾ പ്രധാനമന്ത്രി നരസിംഹറാവുവിനെ കാണുന്നു. ഒന്നും ഭയക്കേണ്ടെന്നും അ​രു​താ​ത്ത​ത് സം​ഭ​വി​ച്ചാ​ൽ അ​യോ​ധ്യയിലേക്ക് പട്ടാളത്തെ അയക്കുമെന്നും റാവുവിന്റെ ഗ്യാരണ്ടി. അനിഷ്ട സംഭവങ്ങളുണ്ടാവില്ലെന്ന് സുപ്രിംകോടതി മുമ്പാകെ യു.പിയിലെ കല്യാൺ സിങ് സർക്കാർ.


ഡിസംബർ 6, 1992 ബാബറി മസ്ജിദ് വളപ്പിൽ കടന്നുകയറിയ പതിനായിരക്കണക്കിന് സംഘ്പരിവാർ പ്രവർത്തകർ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയ നേതാക്കളുടെ ​വിദ്വേഷ പ്രസംഗത്തിന് ശേഷം പള്ളി തകർക്കുന്നു. പള്ളി പൊളിച്ച കർസേവകർ മാധ്യമ പ്രവർത്തകരെ മർദിക്കുന്നു, അയോധ്യയിലെമ്പാടും അക്രമം അഴിച്ചുവിട്ടു. ഇന്ത്യയെമ്പാടും വർഗീയ കലാപങ്ങൾ. സമാധാനത്തുരുത്തായി കേരളം 

Tags:    
News Summary - Babri Masjid Ki Amar Kahani -4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT