ഹോ, റാം!

 അ​​യോ​​ധ്യ രാ​​മ​​ക്ഷേ​​ത്ര​​ത്തി​​ലേ​​ക്ക് ഭ​​ക്ത​​ർ ന​​ൽ​​കി​​യ കാ​​ണി​​ക്ക​​പ്പ​​ണ​​വും സം​​ഭാ​​വ​​ന​​ക​​ളാ​​യി ല​​ഭി​​ച്ച കോ​​ടി​​ക​​ൾ വി​​ല​​മ​​തി​​ക്കു​​ന്ന വ​​സ്തു​​ക്ക​​ളും കൊ​​ള്ള​​യ​​ടി​​ച്ച സം​​ഭ​​വ​​ത്തി​​ൽ യു.പി രാഷ്​്ട്രീയം ക​​ല​​ങ്ങി​​മ​​റി​​യു​കയാണ്. ക്ഷേത്ര ട്രസ്റ്റിനെതിരെ പ്രതിപക്ഷ പാർട്ടികളും സന്യാസി സമൂഹവുമെല്ലാം അണിനിരന്നതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അന്വേഷണം പ്രഖ്യാപിക്കാതെ തരമില്ലെന്നായി. ട്രസ്റ്റ് സെക്രട്ടറിയുടെ രാജിയിലും എട്ടുപേരുടെ അറസ്റ്റിലും എത്തിനിൽക്കുന്ന അന്വേഷണത്തിൽ ഞെട്ടിക്കുന്ന കൊള്ളക്കഥകളാണ് പുറത്തുവന്നിരിക്കുന്നത്. 

ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഏകദേശം 34 വർഷങ്ങൾ കടന്നുപോയി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടന്നിട്ട് രണ്ടുവർഷവും കഴിഞ്ഞു. അതിനിടയിലാണ് മുൻ കർസേവകൻ സന്തോഷ് ദുബെ, ഈ രാജ്യത്ത് ഭഗവാൻ രാമൻ ‘സുരക്ഷിതനാണോ’ എന്ന ആശങ്കയുമായി രംഗത്തെത്തിയത്.

രാമക്ഷേത്ര ട്രസ്റ്റിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഫണ്ട് തട്ടിപ്പിൽ ഉൾപ്പെട്ടവർക്കെതിരെ സംസാരിക്കുമ്പോൾ അദ്ദേഹം വാക്കുകൾ ഒട്ടും മയപ്പെടുത്തുന്നില്ല. സംഘ്പരിവാറും ബി.ജെ.പിയും സാധാരണയായി വിദേശ അധിനിവേശകരായി ചിത്രീകരിക്കാറുള്ള ബാബർ, ഗസ്നിയിലെ മഹ്മൂദ് ഗസ്നി തുടങ്ങിയവരുമായാണ് അദ്ദേഹം ട്രസ്റ്റ് ഭാരവാഹികളെ താരതമ്യം ചെയ്യുന്നത്.

‘‘ബാബറും ഗസ്നിയും ഗോറിയും ഇവിടത്തെ ക്ഷേത്രങ്ങൾ കൊള്ളയടിച്ച് കടന്നുപോയി. എന്നാൽ, ഇവന്മാർ ക്ഷേത്രത്തിന്റെ ഖജനാവ് തന്നെയാണ് കൊള്ളയടിക്കുന്നത്. ജനങ്ങളുടെ വിശ്വാസത്തെയും പ്രതീക്ഷകളെയുമാണ് വഞ്ചിക്കുന്നത്’’. ഈ രാജ്യത്ത് രാമൻ പോലും സുരക്ഷിതനല്ലേ എന്നാണ് സന്തോഷ് ദുബെ ഉയർത്തുന്ന ചോദ്യം.

ലാൽ കൃഷ്ണ അദ്വാനി ഉൾപ്പെടെയുള്ള 30 പേർക്കൊപ്പം ബാബരി മസ്ജിദ് തകർത്ത കേസിൽ സി.ബി.ഐ പ്രതിചേർത്തയാളാണ് ദുബെ. അയാളുടെ തന്നെ വാക്കുകൾ കടമെടുത്താൽ ‘‘കട്ടപ്പാരയും ചുറ്റികയും ത്രിശൂലവും വാളുകളും ഉപയോഗിച്ച് ആസൂത്രിതമായ രീതിയിൽ ബാബരി മസ്ജിദ് തകർത്ത്’’ ക്ഷേത്ര നിർമാണത്തിന് വഴിതുറന്നവരിൽ ഒരാൾ. മസ്ജിദ് തകർത്തതിൽ യാതൊരു പശ്ചാത്താപവുമില്ലാത്ത ദുബെയെ അലട്ടുന്നത് രാമക്ഷേത്രം ഇപ്പോൾ ‘കള്ളന്മാരുടെ കൈകളിലാണ്’ എന്ന കാര്യമാണ്.

2003-04 കാലം മുതൽ രാമക്ഷേത്രത്തിലേക്ക് ലഭിച്ച പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയും അഴിമതിയും നടന്നിട്ടുണ്ടെന്ന് ഇപ്പോൾ ധരംസേന ഭാരത് എന്ന സംഘടനയുടെ നടത്തിപ്പുകാരനായ ഇദ്ദേഹം ആരോപിക്കുന്നു. ജൂൺ 16നാണ് ദുബെ പരാതിയുമായി ഉത്തർപ്രദേശ് പൊലീസിനെ സമീപിച്ചത്. അന്നുതന്നെ അയോധ്യയിലെ യൂത്ത് കോൺഗ്രസ് നേതാവ് ശരദ് ശുക്ലയും രാമജന്മഭൂമി പൊലീസ് സ്റ്റേഷനിൽ, ട്രസ്റ്റ് ഫണ്ട് തട്ടിപ്പിനെതിരെ പരാതി നൽകി. ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ്ങിനുവേണ്ടി ജൂൺ 18ന് മൂന്നാമത്തെ പരാതി സമർപ്പിച്ചു.

ഹിന്ദു സമൂഹത്തെ വേദനിപ്പിച്ച ദുഷ്പ്രവൃത്തി

ദുബെയുടെ പരാതിയിൽ, ക്ഷേത്ര ഫണ്ടുകൾ വകമാറ്റി തട്ടിയെടുത്തതിന് ഉത്തരവാദികളായി ട്രസ്റ്റുമായി ബന്ധപ്പെട്ട നാല് ആളുകളുടെ പേരുകൾ എടുത്തുപറയുന്നു. പരാതിയുടെ പകർപ്പിൽനിന്ന്: ‘‘രാമഭക്തർ നൽകുന്ന സംഭാവനകളിൽ നിന്ന് (പണമായും, സ്വർണ-വെള്ളി നാണയങ്ങളായും, ആഭരണങ്ങളായും) പ്രതിദിനം ഒരു കോടിയിലധികം രൂപ കാണിക്ക വഞ്ചികളിൽ ലഭിക്കുന്നുണ്ട്. ഇത് കൈകാര്യം ചെയ്യുന്നത് രാമജന്മഭൂമി ട്രസ്റ്റ് അംഗങ്ങളാണ്. പ്രധാനമായും ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് ബൻസാൽ, അനിൽ മിശ്ര, ഗോപാൽ റാവു, ചമ്പത് റായുടെ ഡ്രൈവർ രാമശങ്കർ യാദവ് (ടിന്നു യാദവ്) എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തി, ജീവനക്കാരുമായി ഒത്തുകളിച്ച് 200 കോടിയിലധികം രൂപയുടെ സംഭാവനകൾ തട്ടിയെടുത്തു.’’

‘‘മതത്തിന്റെ താൽപര്യം മുൻനിർത്തി, ഈ പണവും ആഭരണങ്ങളും തിരിച്ചുപിടിക്കുന്നതിനായി ബന്ധപ്പെട്ടവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ നുണപരിശോധനക്ക് വിധേയമാക്കണം. ഈ ദുഷ്പ്രവൃത്തി എന്നെയും മുഴുവൻ ഹിന്ദു സമൂഹത്തെയും അങ്ങേയറ്റം വേദനിപ്പിച്ചിരിക്കുന്നു.’’

ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ആദ്യമായി പൊതുമണ്ഡലത്തിൽ ഉയർന്നത് ജൂൺ ഏഴിനാണ്. സംഭാവനപ്പണം കാണാതാകുന്നതിനെക്കുറിച്ച് എക്സിൽ എഴുതിയ, സമാജ്‌വാദി പാർട്ടി അധ്യക്ഷനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, കോടതികൾ വിഷയത്തിൽ സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് മറ്റ് ആരോപണങ്ങൾ പുറത്തുവന്നത്.

ദൈനിക് ഭാസ്കർ റിപ്പോർട്ട് ചെയ്തതനുസരിച്ച്, കാണിക്ക എണ്ണുന്ന സംഘത്തിലെ ജീവനക്കാരനായ ലവ്കുഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ ഉണങ്ങിയ ചാണക വരളികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 10 ലക്ഷം രൂപ കണ്ടെടുത്തു. ടോപ് സീക്രട്ട് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, ട്രസ്റ്റിന്റെ മുൻ അക്കൗണ്ട്സ് ഓഫിസർ മഹിപാൽ സിങ് മുതിർന്ന മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായയോട് വെളിപ്പെടുത്തിയത്, ക്ഷേത്രത്തിലേക്ക് ഭക്തർ നൽകുന്ന സ്വർണാഭരണങ്ങളുടെ കൃത്യമായ റെക്കോഡുകൾ സൂക്ഷിച്ചിരുന്നില്ല എന്നാണ്. ഒരു ഘട്ടത്തിൽ ക്ഷേത്ര ജീവനക്കാർ എട്ടുമാസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായും അദ്ദേഹം ആരോപിച്ചു.

രാമശിലകളും കാണാതായി

‘‘എന്തുകൊണ്ടാണ് ബുൾഡോസർ ബാബ (യോഗി ആദിത്യനാഥ്) ഈ കേസിൽ യാതൊരു നടപടിയുമെടുക്കാത്തത്? ഇത് മോദിയുടെ ഇ.ഡിയെക്കുറിച്ചും സംശയങ്ങൾ ഉയർത്തുന്നു. രാമന്റെ പണം കൊള്ളയടിച്ചവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത്’’ എന്ന് ചോദിക്കുന്ന ദുബെ 2002-2003 കാലഘട്ടത്തിൽ ക്ഷേത്ര നിർമാണത്തിനായി കൊണ്ടുവന്ന ശിലകൾ കാണാതാകുന്നതിനെക്കുറിച്ച് അയോധ്യയിലെ കോട് വാലി പൊലീസ് സ്റ്റേഷനിൽ താൻ പരാതി നൽകിയിരുന്നുവെന്നും അവകാശപ്പെടുന്നു.

1989ൽ ‘മന്ദിർ വഹിൻ ബനായേംഗെ’ (ക്ഷേത്രം അവിടെത്തന്നെ നിർമിക്കും) എന്ന കാമ്പയിന്റെ ഭാഗമായി വിവിധ ഗ്രാമങ്ങളിൽനിന്ന് രാമശിലകൾ കൊണ്ടുവന്ന് പൂജിച്ചിരുന്നു. സ്വർണവും വെള്ളിയും കൊണ്ട് നിർമിച്ചതും വജ്രങ്ങൾ പതിച്ചതുമായ ഇത്തരം 1,250 രാമശിലകൾ 2002നുശേഷം കാണാതായി -ദുബെ പറഞ്ഞു. അന്ന് ഫൈസാബാദ് എസ്.എസ്.പിയായിരുന്ന പ്രശാന്ത് കുമാറിന് പരാതി അയച്ചെങ്കിലും നടപടിയുണ്ടായില്ല. അയോധ്യ പ്രസ്ഥാന നേതാവും വി.എച്ച്.പി നിയന്ത്രിക്കുന്ന രാമജന്മഭൂമി ന്യാസിന്റെ അധ്യക്ഷനുമായിരുന്ന മഹന്ത് രാമചന്ദ്ര ദാസ് പരമഹംസും ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നുവെന്ന് അദ്ദേഹം പറയുന്നുവെങ്കിലും ഇത് സ്ഥിരീകരിക്കാനായിട്ടില്ല.

രണ്ടുവർഷമായി ഓഡിറ്റ് റിപ്പോർട്ടുകളില്ല

ഈ ലേഖികയുമായി ഫോണിലൂടെ സംസാരിച്ച യൂത്ത് കോൺഗ്രസ് നേതാവ് ശുക്ല പറഞ്ഞത്: ‘‘ഇതേക്കുറിച്ച് കുറച്ചുകാലമായി പല സംസാരങ്ങളും നടക്കുന്നുണ്ടായിരുന്നു. എന്നാൽ, ക്ഷേത്രം ഒരു സിൻഡിക്കേറ്റ് പോലെ പ്രവർത്തിച്ച് അത് പുറത്തുവരാതെ ഒതുക്കി. തെളിവുകളില്ലാതെ ഞങ്ങൾക്ക് പരസ്യമായി ഒന്നും പറയാൻ കഴിയുമായിരുന്നില്ല, കാരണം ഞങ്ങൾ കോൺഗ്രസുകാരായതുകൊണ്ട് അവർ ഞങ്ങളെ ‘പാകിസ്താനികൾ’ എന്ന് മുദ്രകുത്തുമായിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി ട്രസ്റ്റിന്റെ ഓഡിറ്റ് റിപ്പോർട്ടുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല. കേന്ദ്ര സർക്കാർ രൂപവത്കരിച്ച ട്രസ്റ്റായിരുന്നിട്ടും എന്തുകൊണ്ടാണ് കേന്ദ്ര സർക്കാറിൽ നിന്നുള്ള ഒരു അക്കൗണ്ടന്റോ ഓഡിറ്ററോ ഇതിൽ ഇല്ലാത്തത്?’’

ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, ക്ഷേത്ര സമുച്ചയത്തിൽ 35ഓളം കാണിക്ക വഞ്ചികളുണ്ട്. പ്രതിദിന കലക്ഷൻ എട്ടുമുതൽ 13 ലക്ഷം രൂപ വരെയാണ്. ക്ഷേത്രത്തിനുള്ളിലെ കാണിക്ക വഞ്ചികളിൽനിന്നുള്ള പണം ആദ്യം ഒരു ഹാളിലേക്ക് മാറ്റും. അവിടെ വെച്ച് നോട്ടുകൾ മൂല്യമനുസരിച്ച് തരംതിരിക്കും.

2020 മാർച്ചിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അയോധ്യ ബ്രാഞ്ചിൽ ട്രസ്റ്റിന്റെ പേരിൽ ഔദ്യോഗിക അക്കൗണ്ട് തുറന്നു. മുമ്പ് ഡ്യൂട്ടി മജിസ്‌ട്രേറ്റ്, റവന്യൂ ഉദ്യോഗസ്ഥർ, ട്രഷറി അസിസ്റ്റന്റ് അക്കൗണ്ട് ഓഫിസർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പണം എണ്ണിയിരുന്നതെങ്കിൽ, പിന്നീട് അത് ട്രസ്റ്റിമാരുടെയും എസ്.ബി.ഐ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായി.

സ്വർണ, വെള്ളി ആഭരണങ്ങളുടെ മൂല്യനിർണയത്തിനും അവ ഉരുക്കി സൂക്ഷിക്കുന്നതിനുമായി ഇന്ത്യാ സർക്കാറിന്റെ മിന്റുമായി ട്രസ്റ്റ് ധാരണപത്രം ഒപ്പിട്ടിരുന്നു. മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, നോയ്ഡ എന്നിവിടങ്ങളിലാണ് ആർ.ബി.ഐക്ക് നാണയങ്ങൾ നൽകുന്ന ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഈ മിന്റുകൾ സ്ഥിതി ചെയ്യുന്നത്.

‘‘പണം എണ്ണി നയാഘട്ട് ബ്രാഞ്ചിൽ നിക്ഷേപിക്കാൻ ബാങ്ക് ചില ജീവനക്കാരെ നിയോഗിച്ചിരുന്നു. ഇവരിൽ ചിലരും തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഉദാഹരണത്തിന് 12 കെട്ട് പണമുണ്ടെങ്കിൽ അവർ 10 കെട്ട് മാത്രമേ കണക്കിൽ കാണിക്കൂ. അങ്ങനെ ഒരു സംഘടിത കൊള്ളയാണ് അവിടെ നടന്നത്’’-ശുക്ല വിശദീകരിച്ചു.

പണം എണ്ണാൻ ട്രസ്റ്റ് രണ്ടു ഷിഫ്റ്റുകളിലായി ആളെ വെച്ചതിന് പുറമെ, എസ്.ബി.ഐ നാല് നോട്ടെണ്ണൽ മെഷീനുകളും അവിടെ സ്ഥാപിച്ചിരുന്നു.

‘‘നിങ്ങൾ ഒരാളുടെ വീട് കൊള്ളയടിച്ചാൽ അതൊരു കുറ്റമാണ്, എന്നാൽ, ആരെങ്കിലും ദൈവത്തെ കൊള്ളയടിക്കുകയാണെങ്കിൽ അത് മഹാപരാധമാണ്’’-കാര്യങ്ങളുടെ നടത്തിപ്പിൽ മനംമടുത്ത് കുറെക്കാലമായി ക്ഷേത്രം സന്ദർശിക്കുന്നതുപോലും നിർത്തിയ ശുക്ല പറയുന്നു.

ദുരൂഹമായ ഭൂമി ഇടപാടുകൾ

ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് നടത്തിയ ഭൂമി ഇടപാടുകളാണ് ഈ വിവാദത്തിന്റെ മറ്റൊരു പ്രധാന ഭാഗം. ‘‘കോട്ട് രാമചന്ദ്ര ഗ്രാമത്തിലെ പ്ലോട്ട് നമ്പർ 247 മഹന്ത് മുരളി ദാസ്, ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്ക്ക് വിറ്റു. ഈ ഭൂമിയുടെ യഥാർഥ സർക്കാർ മൂല്യം ഏകദേശം 2.92 കോടി രൂപ മാത്രമാണെന്നിരിക്കെ ചമ്പത് റായ് അത് വാങ്ങിയത് 23 കോടി 61 ലക്ഷത്തിനാണ്. ഇത് വ്യക്തമായ ഫണ്ട് തട്ടിപ്പാണ്’’- ആപ് നേതാവ് സഞ്ജയ് സിങ് ആരോപിക്കുന്നു.

2024 ഏപ്രിൽ രണ്ടിനാണ് മഹന്ത് മുരളി ദാസും ചമ്പത് റായുമായുള്ള ഈ ഭൂമി ഇടപാട് നടക്കുന്നത്. 6,450 ചതുരശ്ര മീറ്റർ ഭൂമിയുടെ ആധാരത്തിൽ സർക്കാറിന്റെ സർക്കിൾ റേറ്റ് പ്രകാരം വില 2,92,86,000 രൂപയാണ്. എന്നാൽ, ട്രസ്റ്റ് നൽകിയ വില 23,61,00,000 രൂപയാണെന്ന് ആധാരത്തിൽ വ്യക്തമായി എഴുതിയിട്ടുണ്ട്.

അലഹബാദ് ഹൈകോടതിയിലെ അഭിഭാഷകനും ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ സെക്രട്ടറിയുമായ അഷുതോഷ് കുമാർ തിവാരി പറഞ്ഞത്: ‘‘ഭൂമി വാങ്ങിയത് രാമജന്മഭൂമി ട്രസ്റ്റായതുകൊണ്ട് നഷ്ടം സംഭവിച്ചിരിക്കുന്നത് ട്രസ്റ്റിനാണ്. വിപണി വിലയേക്കാൾ ഇത്രയും ഉയർന്ന തുകക്ക് ഭൂമി വാങ്ങിയതിൽ വ്യക്തമായ അഴിമതിയുണ്ട്. ഇന്ത്യൻ ട്രസ്റ്റ് ആക്ട് (1882) സെക്ഷൻ 92 പ്രകാരം ഒരു പൊതു മതവിശ്വാസ ട്രസ്റ്റിന് നഷ്ടമുണ്ടാക്കിയതിന് ഇവർക്കെതിരെ നടപടിയെടുക്കാം’’ എന്നാണ്. 2021ലും സഞ്ജയ് സിങ്ങും സമാജ്‌വാദി പാർട്ടി നേതാവ് പവൻ പാണ്ഡെയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.

അദ്വാനിയുടെ വഴിയേ

ബാബരി മസ്ജിദ് ധ്വംസനവും അനുബന്ധ സംഭവങ്ങളും അന്വേഷിച്ച ലിബർഹാൻ കമീഷന് മുന്നിൽ ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയുടെ മരുമകൾ ഗൗരി അദ്വാനി നൽകിയ മൊഴിയുടെ ഭാഗം

ബാബരി മസ്ജിദ് പൊളിച്ചുനീക്കപ്പെട്ടതിനുശേഷം വീട്ടിലെത്തിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് ഞാൻ ചോദിച്ചപ്പോൾ, എൽ.കെ. അദ്വാനി അത്യന്തം ആഹ്ലാദത്തോടെ “ജോ കർനെ ഗയേ തേ, വോ കർ ആയേ” (ചെയ്യാൻ പോയത് ചെയ്തുതന്നെ തിരിച്ചുവന്നു) എന്ന് പറഞ്ഞു; മസ്ജിദ് തകർത്തതിലുള്ള തന്റെ സന്തോഷം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. 1990ലെ സോമനാഥ് യാത്രക്ക് പിന്നാലെയും, ബാബരി മസ്ജിദ് പൊളിച്ചുനീക്കപ്പെട്ട കാലഘട്ടത്തിലും അതിനുശേഷവും, വിവിധ ഹിന്ദു വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നുമായി ഹിന്ദു ദേവദേവതകളുടെ രൂപങ്ങളിലുള്ള വെള്ളി സമ്മാനങ്ങൾ, വാളുകൾ, വെള്ളിക്കട്ടകൾ (ബ്രിക്കുകൾ) എന്നിവ എൽ.കെ. അദ്വാനിക്ക് ലഭിച്ചിരുന്നു.

എന്നാൽ, എൽ.കെ. അദ്വാനിയും കുടുംബാംഗങ്ങളും ഹിന്ദുമതം പിന്തുടരുന്നവരല്ലാത്തതിനാൽ, ഈ വെള്ളി സമ്മാനങ്ങളൊക്കെയും ബോംബെയിൽ (കമല അദ്വാനിയുടെ സഹോദരിയും ബോംബെയിൽ താമസിക്കുന്നയാളുമായ സരള അദ്വാനിയുടെ സഹായത്തോടെ) ഉരുക്കി വെള്ളി പാത്രങ്ങളും കട്ട്ലറി സാമഗ്രികളും നിർമിച്ചു. ഹിന്ദു ദേവ-ദേവതകളിൽ തനിക്ക് വിശ്വാസമില്ലെന്നും അവയുടെ രൂപങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നതിൽ യാതൊരു പ്രയോജനവുമില്ലെന്നും എൽ.കെ. അദ്വാനി വീട്ടിൽ പറയാറുണ്ടായിരുന്നു. അതിനാൽ, ആ സമ്മാനങ്ങൾ ഉരുക്കി അതിലെ വെള്ളി ഉപയോഗിച്ച് പാത്രങ്ങളും കട്ട്ലറി സാമഗ്രികളും നിർമിക്കാൻ അദ്ദേഹം തീരുമാനിച്ചു.

ഹിന്ദുമതവുമായി ബന്ധപ്പെട്ട ആ വെള്ളി സമ്മാനങ്ങൾ ബാഗുകളിലാക്കി പൊതിയാൻ ഞാൻ പലവട്ടം കമല അദ്വാനിയെ (അദ്വാനിയുടെ ഭാര്യ) സഹായിച്ചിട്ടുണ്ടെന്നും, പിന്നീട് സരള അദ്വാനി (കമല അദ്വാനിയുടെ സഹോദരി)അവ ട്രെയിനിൽ ബോംബെയിലേക്ക് കൊണ്ടുപോകാറുണ്ടായിരുന്നു. വിമാനയാത്രയിലെപോലെ ബാഗേജുകൾ പരിശോധിക്കപ്പെടാത്തതിനാലാണ് അവർ എപ്പോഴും ട്രെയിനിൽ യാത്ര ചെയ്തിരുന്നത്. ഇങ്ങനെ നിർമിച്ച വെള്ളി പാത്രങ്ങളും കട്ട്ലറി സാമഗ്രികളും എൽ.കെ. അദ്വാനിയുടെ വീട്ടിൽ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

എൽ.കെ. അദ്വാനി ഈ മഹത്തായ രാഷ്ട്രത്തെയും ഹിന്ദു ജനസമൂഹത്തെയും ഈ ബഹുമാനപ്പെട്ട കമീഷനെയും വഞ്ചിച്ചിരിക്കുകയാണ്. എൽ.കെ. അദ്വാനിയും കുടുംബവും ഹിന്ദുമതം പിന്തുടരുന്നവരല്ല, വീട്ടിൽ പൂജ നടത്താൻ എന്നെ അനുവദിച്ചിരുന്നുമില്ല. എൽ.കെ. അദ്വാനിയുടെ വീടിന്റെ സ്വകാര്യ അന്തരീക്ഷത്തിൽ ഹിന്ദുമതത്തെ പരിഹസിക്കുകയും അവഹേളിക്കുകയും കളിയാക്കുകയും ചെയ്തിരുന്നു; എന്നാൽ, പൊതുവേദികളിൽ അദ്ദേഹം സ്വയം ഹിന്ദുമതത്തിന്റെ സംരക്ഷകനും പ്രതീകവുമായാണ് അവതരിപ്പിച്ചിരുന്നത്. രാമരഥത്തിന്റെ മുകളിൽ ശ്രീരാമന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടതും അതിന്റെ ഭാഗമായിരുന്നു.

മറ്റൊരു കൊള്ളക്കഥ

 അയോധ്യ ക്ഷേത്ര നിർമാണത്തിനായി കേരളത്തിൽനിന്ന് മുറിച്ച ചന്ദന മരങ്ങൾ സംഘ്പരിവാർ നേതാക്കളുടെ ഒത്താശയോടെ മംഗളൂരുവിലേക്ക് കടത്തിയ കഥ മുൻ ആർ.എസ്.എസ് പ്രവർത്തകൻ സുധീഷ് മിന്നി നടത്തിയ വെളിപ്പെടുത്തൽ

കണ്ണൂർ ജില്ലയിലെ ഇരിട്ടിയുടെ കാലാവസ്ഥയിൽ ചന്ദനമരങ്ങൾ ധാരാളമായി വളരുന്നു. സർക്കാർ ഭൂമികളിലും സ്വകാര്യ സ്ഥലങ്ങളിലുമെല്ലാം അവ കാണാം. ഉത്തരേന്ത്യയിൽ വിശേഷിച്ച് അയോധ്യയിലെ രാമക്ഷേത്രത്തിനടക്കമുള്ളവയുടെ നിർമാണത്തിനായി ചന്ദനം ആവശ്യമുള്ളതായി സംഘ്പരിവാർ നേതാക്കൾ പറഞ്ഞു.

“ഗ്രാമവാസികളെ ചന്ദനമരങ്ങൾ കണ്ടെത്താൻ പ്രേരിപ്പിക്കാനും അവ നമ്മുടെ ക്ഷേത്രത്തിനായി വേണ്ടതാണെന്ന് അവരെ ബോധ്യപ്പെടുത്താനും എന്നെയാണ് നിയോഗിച്ചിരുന്നത്”- സുധീഷ് പറഞ്ഞു. “എന്നെ സംബന്ധിച്ചിടത്തോളം അത് വിശ്വാസത്തിന്റെ കാര്യമായിരുന്നു. ഞാൻ മസ്തിഷ്കപ്രക്ഷാളനത്തിന് വിധേയനായിരുന്നു; ദൈവികമായ ഒരു പ്രവർത്തനമാണ് ചെയ്യുന്നതെന്ന് പൂർണമായി വിശ്വസിച്ചിരുന്നു. ഉപേക്ഷിക്കപ്പെട്ട പ്രദേശങ്ങളിലും കാടുകളിലും ചന്ദനമരങ്ങൾ കണ്ടെത്തി വെട്ടിമാറ്റി. ക്ഷേത്ര നിർമാണത്തിനുള്ള തൂണുകളായോ അലങ്കാര ആവശ്യങ്ങൾക്കായോ ഉപയോഗിക്കാവുന്ന രീതിയിൽ അവ ശരിപ്പെടുത്തുകയും ചെയ്തു. അധികാരികളുടെ ശ്രദ്ധയിൽപെടാതിരിക്കാൻ മരങ്ങൾക്ക് കറുത്ത പെയിന്റ് പൂശുകയും ചെയ്തിരുന്നു.”

അവർക്ക് മരങ്ങൾ എവിടെയെന്ന് കണ്ടെത്താൻ സഹായിച്ചതിനുശേഷം, ചന്ദനമരങ്ങൾ ട്രക്കിൽ കയറ്റി കൊണ്ടുപോകുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. ക്ഷേത്രനിർമാണത്തിനായതിനാൽ ഇത് ചെയ്യുന്നത് ശരിയാണെന്നു പറഞ്ഞ്, ഈ പ്രവൃത്തിയെ അവർ ന്യായീകരിക്കുമായിരുന്നു. രഹസ്യമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും നിർദേശം ലഭിച്ചു. ചിലപ്പോൾ ശാഖയിലെ അംഗങ്ങൾ എങ്ങനെ മരം വെട്ടാമെന്നതിനെക്കുറിച്ചും അദ്ദേഹത്തോട് നിർദേശങ്ങൾ തേടുമായിരുന്നു. ഇത്തരം ഒരു യാത്രക്കിടെയാണ് സുധീഷ് മിന്നിക്ക് തന്റെ പ്രവൃത്തിയിലേക്കുള്ള വിശ്വാസം ആദ്യമായി നഷ്ടപ്പെട്ടത്. “ആ പുതിയ ഡ്രൈവർമാരോട് ഞാൻ ഒരിക്കലും സംസാരിക്കരുതെന്ന് പറഞ്ഞിരുന്നു. അവർ ഈ പ്രത്യേക ചന്ദനച്ചരക്ക് കൊണ്ടുപോകാനെത്തിയതായിരുന്നു. (യാത്രക്കിടെ) ഞങ്ങളുടെ ലോറി തകരാറിലായപ്പോൾ, ഞാൻ ഡ്രൈവറുമായി സാധാരണയായി സംസാരിക്കാൻ തുടങ്ങി. എല്ലാ ചന്ദനവും മംഗളൂരുവിലെ ഒരു മില്ലിലാണ് ഇറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്ര നവീകരണത്തിനായി ഒരു കഷണം പോലും മറ്റൊരിടത്തേക്കു പോയിട്ടില്ല. ആ മിൽ ഉടമ മുസ്‍ലിം സംഘടന നേതാവാണെന്നും പറഞ്ഞു.” തന്റെ യഥാർഥ സംഘ്ബോധത്തെ ആ അനുഭവം മാറ്റിമറിച്ചുവെന്ന് അയാൾ പറയുന്നു.

(2024ൽ ‘കാരവൻ’ മാഗസിനിൽ പ്രസിദ്ധീകരിച്ചത് )

കടപ്പാട്: thewire.in

Tags:    
News Summary - Ayodhya Ram Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.