അസമിലെ ദേശീയ പൗരത്വപ്പട്ടികയിൽ പേരുൾപ്പെടുത്താൻ അപേക്ഷ നൽകിയ 3.29 കോടി ജനങ്ങൾക്ക് ജൂലൈ 30 നിർണായക ദിനമായിരുന്നു. അസമിലെ ജനങ്ങളുടെ പൗരത്വം സ്ഥിരീകരിക്കുന്നതു സംബന്ധിച്ച ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി)യുടെ അന്തിമ കരട് പ്രസിദ്ധീകരിച്ചിരിക്കുകയാണല്ലോ. 3.29 കോടി അപേക്ഷകരിൽ 40 ലക്ഷത്തിലേറെ പേരെ പുറത്തുനിർത്തിക്കൊണ്ടാണ് പട്ടിക പുറത്തുവന്നത്. ഇത്രയുംപേർ സംശയത്തിെൻറ നിഴലിലായി എന്നർഥം. പട്ടിക പുറത്തുവിട്ടയുടൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വാർത്തസമ്മേളനം വിളിച്ചു. ബംഗാളികളെയും ബിഹാരികളെയും അസമിൽനിന്ന് പുറത്താക്കാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണിതെന്ന് അവർ തുറന്നടിച്ചു. കൃത്യമായ ആധാർ രേഖകൾ സമർപ്പിച്ചവർ ഉൾപ്പെടെ നിരവധി പേർ അഭയാർഥികളായി മാറിയിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസിെൻറ എം.പിമാരുടെ സംഘം അസം സന്ദർശിക്കുമെന്നും വേണമെങ്കിൽ താനും അവിടെ പോകുമെന്നും അവർ അറിയിച്ചു.
അസമിലെ ദേശീയ പൗരത്വപ്പട്ടികയിലെ ചതിക്കുഴികളെ വളരെ മുമ്പുതന്നെ മമത പരസ്യമായി വിമർശിച്ചിരുന്നു. ബി.ജെ.പിയുടെ വോട്ടുബാങ്ക് രാഷ്ട്രീയവുമായി ഇതിനെ യഥാവിധം ബന്ധപ്പെടുത്താൻ അവർക്ക് കഴിഞ്ഞിരുന്നു. മുസ്ലിമെന്നോ ഹിന്ദുവെന്നോ ഭേദമില്ലാതെ ബംഗാളികളെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിെൻറ ഭാഗമായാണ് 40 ലക്ഷം പേരെ പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്ന മുൻനിലപാട് തൃണമൂൽ നേതാവ് ആവർത്തിച്ചു. അസമിൽനിന്ന് പുറത്തായവരെ ബംഗാൾ സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, ഇക്കാര്യം പരിഗണിക്കാമെന്നാണ് അവർ മറുപടി നൽകിയത്. എന്നാൽ, ഇത്തരം കീഴ്വഴക്കങ്ങളുടെ പ്രായോഗികതയെ ചോദ്യംചെയ്യാൻ അവർ മറന്നില്ല.
എൻ.ആർ.സിയെ മമത രൂക്ഷമായി വിമർശിക്കുന്നതിൽ പുതുമയില്ല. അസമിലെ ബംഗാളി സംസാരിക്കുന്നവർക്കെതിരെ സംസ്ഥാന സർക്കാർ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് മമത ഇക്കൊല്ലം ആദ്യത്തിൽ ആരോപിച്ചിരുന്നു. അതിെൻറ പേരിൽ അവർക്കെതിരെ അസം പൊലീസ് എഫ്.െഎ.ആർ സമർപ്പിക്കുകയും ചെയ്തു. എൻ.ആർ.സിക്കും ബി.ജെ.പിക്കും എതിരെയുള്ള തൃണമൂൽ നേതാവിെൻറ നേരിട്ടുള്ള ആക്രമണം മോദി സർക്കാറിന് വെല്ലുവിളി ഉയർത്തുമെന്ന് തീർച്ച. പ്രത്യേകിച്ചും രാജ്യത്ത് പൊതുതെരഞ്ഞെടുപ്പിന് കാഹളമുയരുന്ന ഘട്ടത്തിൽ.
മമതയുടെ പ്രതികരണം വന്നയുടൻ തെന്ന എൻ.ആർ.സിയെ ന്യായീകരിക്കാൻ ബംഗാളിലെ ബി.ജെ.പി നേതാക്കൾ രംഗത്തുവന്നു. എൻ.ആർ.സിയുടെ പട്ടിക ബിഹാരി-ബംഗാളി തർക്കത്തിെൻറ ദിശയിലേക്ക് മാറ്റാനാണ് മമത ശ്രമിക്കുന്നതെന്നാണ് അവരുടെ പക്ഷം. പശ്ചിമ ബംഗാളിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ അവിടെയും എൻ.ആർ.സി നടപ്പാക്കുമെന്നും പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറ് ദിലീപ്ഘോഷ് ഉൾപ്പെടെയുള്ള നേതാക്കൾ സൂചന നൽകിയിട്ടുണ്ട്. ബി.ജെ.പി നേതാക്കളുടെ ഇത്തരം പ്രസ്താവനകൾ ബംഗാളിൽ സംഘ്പരിവാറിന് പ്രഹരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ദിലീപ്ഘോഷിെൻറ പ്രസ്താവന ബംഗാളിലെ ബി.ജെ.പിയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുകയും മമത ബാനർജിയുടെ ഉറച്ച നിലപാട് ബംഗാളിന് അകത്തും ദേശീയതലത്തിലും അവർക്ക് മെച്ചപ്പെട്ട പ്രതിച്ഛായ സമ്മാനിക്കുകയും ചെയ്യും. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ നിരീക്ഷകൻ ബിശ്വാന്ത് ചക്രവർത്തി ഇൗ അഭിപ്രായക്കാരനാണ്. പൊതുതെരഞ്ഞെടുപ്പ് വരാനിരിക്കെ മമത മികവുറ്റ കളിയിലേർപ്പെട്ടിരിക്കുകയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ മൊത്തം 42 സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് വിജയിച്ചാൽ അതിശയിക്കാനില്ലെന്നും അദ്ദേഹം പറയുന്നു.
(കൊൽക്കത്തയിൽ മാധ്യമ പ്രവർത്തകയാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.